UDF

2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015