മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും

മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഏകാംഗ കമീഷന്‍ ഡോ.എം.കെ. ജയരാജിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജയരാജ് കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സെപ്ഷല്‍ സ്കൂളുകളില്‍ ഏകീകൃത പാഠ്യപദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തും. അന്ധര്‍, ബധിരര്‍, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ എന്നിവരുടെ വിദ്യാഭ്യാസത്തെപ്പറ്റി പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ബുദ്ധിമാന്ദ്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാങ്ങപ്പാറ എസ്.ഐ.എം.സി യെ(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്) മികവിന്‍െറ കേന്ദ്രമാക്കും.
സ്പെഷല്‍ സ്കൂള്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും എയ്ഡഡ് പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു. ഈ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡോ.എം.കെ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.