UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!


2016, മാർച്ച് 24, വ്യാഴാഴ്‌ച

യുവാവല്ലെന്ന് സ്വയം തോന്നുന്നവർക്ക് പിന്മാറാം


യുവാവല്ല എന്ന് സ്വയം തോന്നുന്നവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പിന്മാറണമെന്നുള്ളവർക്ക് പിന്മാറാം. മത്സരിക്കുന്നവരും പാർട്ടിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഒരാളെ നിർബന്ധിച്ച് മത്സരിപ്പിക്കാനാകില്ല. 

മത്സരിക്കുന്നത് ജനസേവനത്തിലുള്ള ആർത്തി കൊണ്ടുമാകാമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പരിഗണന നൽകാൻ മത്സരരംഗത്ത് നിന്ന് മാറുന്നതായി ടി.എൻ. പ്രതാപൻ അറിയിച്ചതിനെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ' പ്രതാപൻ യുവാവാണല്ലോ' മുഖ്യമന്ത്രി പറഞ്ഞു.

2016, മാർച്ച് 23, ബുധനാഴ്‌ച

ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്


കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന തിരഞ്ഞെടുപ്പാകും കേരള നിയമസഭയിലേക്ക് ഇത്തവണ നടക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്തു വിലക്കയറ്റത്തിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. 

എന്നാൽ, ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇപ്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിനാണ് കേന്ദ്രം തീരുമാനമെടുക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാധാരണക്കാർക്കു കൈമാറാൻ ഇനിയും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിഭാഗീയതയും തമ്മിലടിയും വളർത്തുന്നതിനുമാണ് ഇപ്പോൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തുടർച്ചയ്ക്കും വികസനത്തുടർച്ചയ്ക്കും സമാധാന തുടർച്ചയ്ക്കും വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു പല മണ്ഡലങ്ങളിലും നിർത്താൻ സ്ഥാനാർഥികളെ ലഭിക്കാത്ത സാഹചര്യമാണ്. സ്ഥാനാർഥികളെ കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു. 


യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യം പ്രഖ്യാപിക്കും


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏപ്രിൽ ആദ്യത്തോടെ സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ തിങ്കളാഴ്ച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡൽഹിയിൽ ഹൈക്കമാൻഡ് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. മാർച്ച് 28ന് കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും താനും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിക്ക് പോകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, മാർച്ച് 22, ചൊവ്വാഴ്ച

കുടിവെള്ളം മുട്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ല


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കുടിവെള്ള വിതരണംപോലും തടസപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ കൊല്ലത്ത് കുടിവെള്ള വിതരണംപോലും നിർത്തിവെക്കേണ്ടിവന്നു. ജനങ്ങൾ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള ഇത്തരം പ്രവർത്തനങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഉടൻ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ഇലക്ട്രൽ ഓഫീസർക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശം. ചീഫ് ഇലക്ട്രൽ ഓഫീസർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശമാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സൗജന്യ അരി വിതരണം അടക്കമുള്ളവ തടസപ്പെട്ടുവെന്നാണ് വിമർശം.2016, മാർച്ച് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ വിരോധികളെ സി.പി.എം കൊന്നൊടുക്കുന്നു


ഹരിപ്പാട്: രാഷ്ട്രീയ വിരോധികളെ ഭീകര സംഘടനകൾ ചെയ്യുന്നതു പോലെ സി.പി.എം കൊന്നൊടുക്കുകയാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഏവൂരിൽ കൊല്ലപ്പെട്ട യൂത്ത്  കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയുടെയും അമ്മയുടെയും കണ്മുന്നിലാണ് സുനിൽകുമാറിനെ വെട്ടി നുറുക്കിയത്. എന്തിന് വേണ്ടിയായിരുന്നു. ഭീകര സംഘടനകൾ ഇതേപോലുളള കൊലപാതകങ്ങൾ ചെയ്തതായി കേട്ടിട്ടുണ്ട്. ഏവൂരിൽ അതാണ് ആവർത്തിച്ചത്. ജനങ്ങളുടെ നന്മയ്‌ക്കോ നാടിന്റെ ഉന്നമനത്തിനോ വേണ്ടിയാണോ ഇത് ചെയ്യുന്നത്? അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പൊതു സമൂഹം ഇതൊന്നും അംഗീകരിക്കില്ല. എന്നിട്ടും കൊലപാതക രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാൻ സി.പി.എം തയ്യാറാകുന്നില്ല. ക്രൂരമായ സംഭവങ്ങളുടെ പേരിൽ സി.പി.എം നേതാക്കൾ  നിയമത്തിന് മുന്നിൽ എത്തിയിരിക്കുകായണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്.അസംബ്ലി തെരഞ്ഞടുപ്പിൽ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. സുനിൽകുമാറിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നാടിന്റെ നഷ്ടമാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


2016, മാർച്ച് 20, ഞായറാഴ്‌ച

സിബിഎസ്ഇ പ്ലസ് ടു കണക്ക് പരീക്ഷ വീണ്ടും നടത്തണം


സിബിഎസ്ഇ നടത്തിയ പ്ലസ് ടു കണക്ക് പരീക്ഷ വിദ്യാർഥികൾക്ക് അഗ്നിപരീക്ഷയായി മാറിയതിനാൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര മാനവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി. കഠിന ചോദ്യങ്ങളായതിനാൽ മികച്ച വിദ്യാർഥികൾക്കു പോലും ഉത്തരമെഴുതാൻ കഴിഞ്ഞില്ല. ഇതു കുട്ടികളെ പരിഭ്രാന്തരാക്കുകയും തുടർന്നുള്ള പരീക്ഷകളെ ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങളെന്നു കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്. ചോദ്യങ്ങൾക്കു മാർക്ക് നിശ്ചയിച്ചതിലും പിഴവുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഭരണത്തുടർച്ച ഉറപ്പ്; സി.പി.എമ്മിനും ബി.ജെ.പിക്കും ജനം മറുപടി നൽകും


കാസർകോട്: സ്ഥാനത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇക്കുറി ഭരണ തുടർച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് എം.എൽ.എ മാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവർക്ക് അഞ്ച് വർഷം ഭരണത്തിൽ തുടരാനാകുമോ എന്നായിരുന്നു ആദ്യ നാളുകളിലെ ചർച്ച. ഇപ്പോൾ ഭരണത്തുടർച്ച ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.

മുൻസിപൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ യു.ഡി.എഫ് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 25 വർഷം കൊണ്ട് ചെയ്ത് തീർക്കേണ്ട വികസന പ്രവർത്തനങ്ങളാണ് 225 ആഴ്ചകൾ കൊണ്ട് ഈ സർക്കാർ ചെയ്ത് തീർത്തതെന്ന് മുഖ്യമന്ത്രി അവകാശപെട്ടു. ജനങ്ങളിൽ വിഭാഗീയ്യതയുണ്ടാക്കി തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും നിയമസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൂനെഎക്സ്പ്രസ്സിൽ കാസർകോട്ട് എത്തിയ ഉമ്മൻ ചാണ്ടിക്ക് റെയിൽവെ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി 


2016, മാർച്ച് 19, ശനിയാഴ്‌ച

പ്രവർത്തകർ മനസ്സുവച്ചാൽ എല്ലാസീറ്റും പിടിക്കാം


പ്രവർത്തകർ ആത്മാർത്ഥമായി മനസ്സുവച്ചാൽ എല്ലാ സീറ്റും പിടിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫസ്റ്റ് ക്ലാസിൽ പാസാകുന്ന ഒരു കുട്ടിയുടെ ലക്ഷ്യം നൂറിൽ നൂറ് മാർക്കാണെന്നും നൂറിൽ നൂറും ലഭിക്കുമ്പോഴാണ് യഥാർത്ഥ വിജയം ഉണ്ടാകുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രവർത്തകർ മനസ്സുവച്ചാൽ മലപ്പുറത്ത് എല്ലാ സീറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിക്കും മോദിയ്ക്കും കേരളം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി. ബീഹാറിനുശേഷം ശക്തമായ മറുപടി നൽകുന്ന സംസ്ഥാനമാകും കേരളമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികൾ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി വിസ്മരിച്ചുവെന്നും മുഖ്യമന്ത്രി.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മലപ്പുറം ജില്ല നൽകിയ സംഭാവന വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ അഞ്ചു വർഷത്തെ വികസന പരിപാടികൾ തന്നെയാണ് യുഡിഎഫിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. -

2016, മാർച്ച് 17, വ്യാഴാഴ്‌ച

കരുണ എസ്റ്റേറ്റ്: വാർത്തകൾ തെറ്റിദ്ധാരണാജനകം


കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരം സ്വീകരിക്കാനല്ല സർക്കാർ തീരുമാനിച്ചത്. അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ നാലിന നിർദേശങ്ങളുണ്ടായിരുന്നു. 

നേരത്തെയുണ്ടായിരുന്ന മൂന്നു ഉപാധികൾ കൂടാതെ കോടതിയുടെ അന്തിമ വിധി കൂടി വന്ന ശേഷം മാത്രമേ കരം പിരിക്കൂ എന്ന വ്യവസ്ഥ കൂടി ചേർത്ത് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായേ പ്രവർത്തിക്കാൻ കഴിയൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോബ്സണിന്റെ കൈവശമുള്ള 840 ഏക്കറിൽ വനഭൂമിയോ സർക്കാർ ഭൂമിയോ ഇല്ല എന്നാണ് സർവേ റിപ്പോർട്ട്.

ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് എന്ന് പ്രചരിച്ചത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തയായിരുന്നു. കെ.പി.ബി.എസ്സും സി.ആപ്ടും സമയബന്ധിതമായി ലോട്ടറി ടിക്കറ്റുകൾ അടിക്കുന്നതിൽ ചില വീഴ്ചകൾ വന്നപ്പോൾ വിദഗ്ധ സമിതി ഇത് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ ഇങ്ങനെയൊരു നിർദേശം വരുക മാത്രമാണുണ്ടായത്.

ആഴ്ചയിൽ 3.15 കോടി ടിക്കറ്റാണ് കെ.പി.ബി.എസ്സിൽ ഇപ്പോൾ അടിക്കുന്നത്. സി ആപ്ടിൽ 75 ലക്ഷവും. ഇനി ആഴ്ചയിൽ 40 ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി അച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണമായും കെ.പി.ബി.എസ്സിലാകും അടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


2016, മാർച്ച് 10, വ്യാഴാഴ്‌ച

സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല


മെത്രാൻ കായൽ വിഷയത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടത് സർക്കാരിന്റെ കാലത്തെ പദ്ധതിയായിരുന്നു മെത്രാൻ കായലിലേത്. കുമരകം റിസോർട്ട് പദ്ധതി എന്ന പേരിലായിരുന്നു അത്. നിബന്ധനകൾ ഒന്നുമില്ലാതെയാണ് ഇടത് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.

എന്നാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഉൾപ്പടെയുള്ള പാരിസ്ഥിക നിയമങ്ങൾ പാലിച്ചുമാത്രമെ പദ്ധതി നടപ്പാക്കാവു എന്ന് യു.ഡി.എഫ് സർക്കാർ നിബന്ധന വയ്ക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ല, എല്ലാം സുതാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടി വന്നത്. വിവാദം ഒഴിവാക്കുന്നതിന് മാത്രമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

തീരുമാനം പിൻവലിക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. ഉത്തരവിന്റെ പേരിൽ ആരേയും ആക്ഷേപിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂർണമായും തനിക്കാണ്. ആരെയും നിലം നികത്താൻ അനുവദിച്ചിട്ടില്ലെന്നും ഒരിഞ്ചു ഭൂമി പോലും നികത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2016, മാർച്ച് 9, ബുധനാഴ്‌ച

യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കും


കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.ഡി.യുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇപ്പോള്‍ നടന്നത് ഒന്നാം ഘട്ട ചർച്ചയാണെന്നും ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. 

ജെ.ഡി.യു യു.ഡി.എഫിലേക്ക് വന്നതിന് ശേഷം  മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കോണ്‍ഗ്രസുമായി വളരെ നല്ല ബന്ധമാണ് ജെ.ഡി.യുവിന്. എല്ലാ ഘടക കക്ഷികളേയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളും നന്നായി പോകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പറഞ്ഞു. 

2016, മാർച്ച് 8, ചൊവ്വാഴ്ച

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം


ഈ ഗവണ്മെന്റിന്റെ തുടക്കം മുതൽ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും, വീട് തടയലും എല്ലാം ആയിരുന്നു. ഇപ്പോഴും അത് നടന്നു കൊണ്ടിരിക്കുന്നു. ഈ ഗവണ്മെന്റിന്റെ കാലാവധിക്കുള്ളിൽ ഞാൻ അധികാരത്തിലിരുന്ന ദിവസങ്ങളിൽ കൂടുതൽ ദിവസവും എന്നെ വഴിയിൽ തടയലായിരുന്നു. കണ്ണൂരിൽ വെച്ച് എനിക്ക് പരിക്ക് പറ്റി, എന്നെ കല്ലെറിഞ്ഞു വീഴ്‌ത്തി, പക്ഷെ ഒരു ഹർത്താൽ പോലും നടത്താൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അന്ന് കെ. പി. സി. സി പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തല എന്നെ വിളിച്ചു ആഹ്വാനം ചെയ്യാൻ പറഞ്ഞു. ഞാൻ പറഞ്ഞത് എന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ ചെയ്യരുത് എന്നാണ്. ഇവിടെ ഒരു ചെറിയ സംഭവം ഉണ്ടായാൽ ജനങ്ങളെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു.

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം എന്നാണ് ആഗ്രഹം. എന്റെ അടുത്തേക്ക് വരുന്ന ജനങ്ങളെ തടയാൻ അവർക്ക് സാധിച്ചിരുന്നെങ്കിൽ ഞാൻ തളർന്നു പോയേനെ. പക്ഷെ എന്റെയടുത്തേക്ക് വരുന്നവരുടെ എണ്ണം കൂടി കൂടി വന്നതേയുള്ളൂ. എന്റെ അടുത്തേക്ക് ജനങ്ങൾ വരാത്ത നില വന്നാൽ അവരുടെ ലക്ഷ്യം നേടുമായിരുന്നു, ജയിക്കുമായിരുന്നു, ഞാൻ ഒറ്റപ്പെടുമായിരുന്നു. പക്ഷെ എന്നെ തടയാൻ നടത്തിയ ശ്രമങ്ങൾ ഞാൻ നേരിട്ടു, ജനങ്ങളിലേക്ക് പോയി. ജന സമ്പർക്ക പരിപാടി പോലും തടയാൻ ശ്രമിച്ചു. പക്ഷെ അവരുടെ സ്വന്തം കുടുംബത്തിൽപെട്ടവരെ പോലും എന്നിൽ നിന്ന് അകറ്റി നിറുത്താൻ ആ നേതാക്കൾക്ക് സാധിച്ചില്ല. 

‪#‎OommenChandy‬ 

2016, മാർച്ച് 3, വ്യാഴാഴ്‌ച

വികസനവും കരുതലും, ഗവണ്മെന്റിന്റെ മുഖമുദ്ര


ഞങ്ങൾ എല്ലാവരും അഭിമാനത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ നില്ക്കുന്നത്. ചെറിയ ഭൂരിപക്ഷത്തോടെയായിരുന്നു ഗവണ്മെന്റിന്റെ തുടക്കം. തുടക്കത്തിലെ ചർച്ച കാലാവധിയെ കുറിച്ചായിരുന്നു. പരമാവധി ഞങ്ങൾക്ക് തന്ന കാലാവധി 6 മാസമായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടായ്മയോടെ, പരസ്പര സഹകരണത്തോടെ ജനങ്ങൾക്ക് വേണ്ടി, സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പൂർണ്ണമായ പിന്തുണ ലഭിച്ചു. 

5 വർഷം കൊണ്ട് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ഒരുറച്ച ഗവണ്മെന്റ് ഞങ്ങൾ ജനങ്ങൾക്ക് മുൻപിൽ കാഴ്ച വെച്ചു. അത് യു ഡി എഫിലും മന്ത്രിസഭയിലും ഉള്ള യോജിപ്പും ജനങ്ങൾ നൽകിയ പിന്തുണയും കാരണമാണ്. 

വികസനവും കരുതലും ആയിരുന്നു ഗവണ്മെന്റിന്റെ മുഖമുദ്ര, അത് തന്നെയായിരുന്നു വാഗ്ദാനവും, അത് അക്ഷരാർഥത്തിൽ പ്രായോഗികമാക്കി. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി, മുന്നോട്ടു വെച്ച എല്ലാ പരിപാടികളും യാഥാർത്ഥ്യമാക്കി. 

അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ ഏറ്റവും വലിയ നേട്ടം എന്തെന്ന് ചോദിച്ചാൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയതോ, വൻ തോതിൽ ഉള്ള നേട്ടങ്ങൾ ഉണ്ടാക്കിയതോ അല്ല. അതിലുപരി കേരളത്തിലെ ജനങ്ങളുടെ ഒരു വിജയം, കേരളത്തിലും മറ്റു നാടുകളിലെ പോലെ മനസ്സു വെച്ചാൽ എന്തും നടക്കും എന്ന ചിന്തയാണ്. കേരളം മനസ്സു വെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങൾക്ക്‌ ബോധ്യമായി, കേരളം തെളിയിച്ചു. ‪#‎OommenChandy‬ ‪

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 

കേരളത്തെ പാടേ അവഗണിച്ചു


കേരളത്തെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിഷേധിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകർച്ച നേരിടുന്ന റബർ കർഷകർക്കു 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

റബർ ബോർഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ എയിംസിനായി ഭൂമി കണ്ടെത്തുന്നതിന് ഉൾപ്പെടെ നടപടികൾ സംസ്ഥാന സർക്കാർ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികൾക്കു കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല. വയനാട്ടിലെ ആദിവാസികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ കേന്ദ്ര പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.