UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Saturday, March 31, 2012

ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം

ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം 


ഷുക്കൂര്‍ വധം പൊലീസിന് തീരാകളങ്കം -മുഖ്യമന്ത്രി

തിരുവനന്തപുരം:  മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്‍െറ വധം കേരള പൊലീസിന് തീരാകളങ്കം ചാര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരാളെ വധിക്കുന്നത് തടയാന്‍ പൊലീസിന് സാധിച്ചില്ല എന്നത് അപമാനകരമാണ്. കഴിഞ്ഞവര്‍ഷം കേരള പൊലീസിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച. പൊലീസ് ആസ്ഥാനത്തെ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹികനീതി ഉറപ്പുവരുത്തിയാല്‍ സമുദായിക സംഘര്‍ഷങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ തടയാന്‍ കഴിയും. തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്തെ ലക്ഷ്യമിടുന്നുണ്ട്. സാമുദായിക സംഘര്‍ഷങ്ങളും വളരുന്നു. സമുദായിക സംഘര്‍ഷങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുകയെന്നത് പൊലീസിന്‍െറ മാത്രം ഉത്തരവാദിത്തമായി കാണുന്നില്ല. ഇക്കാര്യത്തില്‍  സര്‍ക്കാറിനും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സമൂഹം ഭയാശങ്കയോടെ കാണുന്ന കുറ്റകൃത്യങ്ങള്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ വിചാരണ ചെയ്ത് ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കുന്നതിനുള്ള നടപടികളെ കുറിച്ച്  ആലോചിച്ചുവരികയാണ്.

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ പൊലീസിനു കഴിഞ്ഞു. നയതന്ത്രപ്രാധാന്യമുള്ള സംഭവത്തില്‍ കേരള പൊലീസിന്‍െറ ഇടപെടല്‍ ദേശീയതലത്തില്‍ തന്നെ പ്രശംസ നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Friday, March 30, 2012

ബാര്‍ ലൈസന്‍സ് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം

ബാര്‍ ലൈസന്‍സ് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം


 


തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകള്‍ ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ മുഖപത്രമായ പ്രൊഹിബിഷന്‍ മാസികയുടെ പ്രകാശന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ മദ്യശാലകള്‍ അനുവദിക്കില്ല. മദ്യനിരോധനാധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ബില്‍ മെയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മദ്യത്തില്‍ നിന്നുള്ള വരുമാനം യഥാര്‍ഥവരുമാനമായി കാണുന്നില്ല. മദ്യ ഉപയോഗത്തിലൂടെ വരുമാനത്തിന്റെ പത്തിരട്ടി സമൂഹത്തിന് നഷ്ടമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രൊഹിബിഷന്‍ മാസികയുടെ ആദ്യപ്രതി കവയിത്രി ബി. സുഗതകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബെസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ അദ്ധ്യക്ഷനായിരുന്നു. 

Thursday, March 29, 2012

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും

തിരുവനന്തപുരം: പി.എസ്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് പി.എസ്.സി സമര്‍പ്പിച്ച അപേക്ഷ ധനവകുപ്പിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുതാര്യത കൈവരിച്ചപോലെ കാര്യക്ഷമതയും നേടണം. അതിന് സര്‍ക്കാറിന്‍െറ  പിന്തുണയുണ്ടാകും. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ആലോചിക്കണം.

പി.എസ്.സിയുടെയും സര്‍ക്കാറിന്‍െറയും ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കാത്തവിധം കാര്യക്ഷമതക്ക് മുന്‍തൂക്കം നല്‍കണം. വികലാംഗര്‍ക്ക് നല്‍കുന്നത് മൂന്നുശതമാനം സംവരണം മാത്രമാണ്. ഇത് എട്ടുവര്‍ഷമായി കൊടുത്തിട്ടില്ല. 2007 വരെയുള്ള വികലാംഗരുടെ ഒഴിവുകള്‍ 1039 എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി റിപ്പോര്‍ട്ട് ചെയ്യാനുള്ളത് 139 എണ്ണമാണ്. ഇതില്‍ 57 എണ്ണം കേസുകളുമായി ബന്ധപ്പെട്ട് തടസ്സമുള്ളതാണ്. പി.എസ്.സി വഴി 25,000നും 40,000നും ഇടയിലുള്ളവര്‍ക്ക് ജോലികിട്ടുമ്പോള്‍ കിട്ടാത്തവരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. പി.എസ്.സിയുടെ കാലതാമസം ജോലിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ലക്ഷങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയര്‍മാന്‍ ട്രെയ്നി തസ്തികയുടെ വിജ്ഞാപനം അപ്ലോഡ് ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക്ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്നതിന്‍െറ ഭാഗമായാണ് വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നത്. പി.എസ്. സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബിനോയ്, അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ മുഹമ്മദലി വാലഞ്ചേരി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും 


വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ പലിശബാധ്യത ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ റവന്യു റിക്കവറി നടപടികളും ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടപടികള്‍ നിര്‍ത്താന്‍ ബാങ്കുകളോടും ആവശ്യപ്പെടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.  2003 മുതല്‍ ’09 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി കെ.എം. മാണി ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കും. പിഴപ്പലിശ ബാങ്കുകള്‍ ഒഴിവാക്കണം. 2009നുശേഷമുള്ള വായ്പകളില്‍ കേന്ദ്രമാണ് പലിശ സബ്സിഡി നല്‍കുന്നത്.

 
മെറിറ്റ് സീറ്റുകളിലേക്ക് മാത്രമേ വായ്പ നല്‍കൂവെന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. കോളജിന് സര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കില്‍ ജാമ്യമില്ലാതെ നാലുലക്ഷം വരെ വായ്പ നല്‍കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് പാലിക്കാത്തതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നു. ചിലര്‍ അമിത പലിശ ഈടാക്കുന്നു. ബാങ്കുകളുടെ ഈ നിലപാടിനോട് യോജിപ്പില്ല. താന്‍ നേരത്തെ യോഗം വിളിച്ച് സര്‍ക്കാര്‍ നിലപാട് ബാങ്കുകളെ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്  നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച്31ന്എത്ര  പേര്‍ വിരമിക്കുമായിരുന്നോ അത്രയും ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്തും. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ചില ഉത്തരവുകള്‍ കൂടി പുറപ്പെടുവിക്കാനുണ്ട്. അത് ഉടനെയുണ്ടാകും. എല്ലാ ദിവസവും ഇതിന്‍െറ പുരോഗതി വിലയിരുത്തും.
നടപ്പുവര്‍ഷത്തെ പദ്ധതി വിനിയോഗം 90 ശതമാനം കടക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഫെബ്രുവരി 28 വരെ 60 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്.
മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്കുള്ള മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനിച്ചു. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.  സഹകരണ റിസ്ക് ഫണ്ട് പ്രകാരമുള്ള ആനുകൂല്യം വായ്പാ തിരിച്ചടവ് സമയപരിധി കഴിഞ്ഞവര്‍ക്കും നല്‍കും. തിരിച്ചടവ് കൃത്യമായി നടത്തുന്നതിനിടെ മരിക്കുകയോ ഗുരുതരമായി രോഗം ബാധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ആനുകൂല്യം നല്‍കിയിരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും.സുസ്ഥിര നഗരവികസന പദ്ധതിയുടെ സമയപരിധി മൂന്നുവര്‍ഷം കൂടി നീട്ടും. 1422.4 കോടിയുടെ പദ്ധതിയാണ്. ടെന്‍ഡറില്‍ വന്ന വര്‍ധനയുടെ തുക നല്‍കാന്‍ മുന്‍സര്‍ക്കാര്‍ തയാറായിരുന്നില്ല. യു.ഡി.എഫ്സര്‍ക്കാര്‍ അത് നല്‍കും.

 
പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ ചെറു ഇലക്ട്രോണിക്സ്പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന്‍െറ 30 ഏക്കര്‍ കെ.എസ്.ഐ.ഡി.സിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.


ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

 ന്യൂഡല്‍ഹി: കാമ്പസുകളില്‍ നിന്ന് കമ്പനികള്‍ എന്ന സ്വപ്നവുമായി ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ അടുത്തമാസം ഉദ്ഘാടനം ചെയ്യും. 'സ്റ്റാര്‍ട്ടപ്പ് വില്ലേജ്' എന്ന പേരില്‍ കൊച്ചിയിലാണ് നൂറു കോടി രൂപ മുടക്കി ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികളുടെ ആയിരത്തിലേറെ സംരംഭങ്ങള്‍ ഇവിടെ തുടങ്ങാനാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യസ്ഥാപനമാകും ഇത്.

കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കില്‍ കേരള സര്‍ക്കാര്‍ ഇതിനായി 15,000 ചതുരശ്ര അടി സ്ഥലം നല്‍കിക്കഴിഞ്ഞു. ഇതില്‍ ആദ്യ 5,000 ചതുരശ്ര അടി സ്ഥലത്ത് അടുത്തമാസം പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമായിക്കഴിഞ്ഞു. പദ്ധതിയുടെ പിന്നീടുള്ള വികസനത്തിനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ നല്‍കും.

സ്റ്റാര്‍ട്ടപ്പ് വില്ലേജിന് 4ജി ശൃംഖലയ്ക്കുപുറമെ ഏറ്റവും ആധുനിക ടെലികോം ലാബുകളുടെ പ്രയോജനവും ലഭ്യമാകും. വീഡിയോ കോണ്‍ഫറന്‍സിങ്, ഓഫീസ് സേവനം എന്നിവയ്ക്കു പുറമെ ബൗദ്ധികാവകാശം, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലും സേവനം നല്‍കും. അമ്പതു ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ സേവന നികുതിയിളവ് ഉള്‍പ്പെടെയുള്ള സൗജന്യങ്ങളും ഇവിടെ നല്‍കും.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര-സാങ്കേതിക സംരംഭക വികസന ബോര്‍ഡ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവ ടെക്‌നോപാര്‍ക്കിലെ തന്നെ മൊബ്മി വയര്‍ലെസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ച മൊബ്മി വയര്‍ലെസ് ഇന്ന് ഈ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നാണ്. ലാഭമുണ്ടാക്കാനല്ല, മറിച്ച് കേരളത്തിലെ യുവാക്കള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണിതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളെ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന ഇന്നവേഷന്‍ സോണും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രത്യേകതയാകും.

2006 ല്‍ ടെക്‌നോപാര്‍ക്കില്‍ തുടങ്ങിയ ഇന്‍കുബേറ്റര്‍ ആറു വര്‍ഷംകൊണ്ട് ഇന്ത്യയിലെ മികച്ചതായി മാറിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചീഫ് മെന്‍റര്‍ എന്ന നിലയില്‍ ഇന്‍കുബേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണനായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി നിയന്ത്രണം വരും

വൈദ്യുതി നിയന്ത്രണം വരും

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതലായി വൈദ്യുതി വിഹിതം കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയേയും കെ.എസ്.ഇ.ബിയേയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിച്ചു. 

പാക് കടലിടുക്ക് നീന്തിക്കടന്ന മുരളീധരനെ അഭിനന്ദിച്ച മന്ത്രിസഭ അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. 

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാര്‍ച്ച് 31 ന് വിരമിക്കുന്ന പി പ്രഭാകരന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ ജയകുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും 


 


ന്യൂഡല്‍ഹി: മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ആവശ്യവും അഞ്ചാം മന്ത്രിക്കായുള്ള ലീഗിന്റെ ആവശ്യവും യു.ഡി.എഫ്. ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കെ.ബി. ഗണേശ്കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണെന്നും എല്ലാവരും സമര്‍ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യു.ഡി.എഫാണ് തീരുമാനം എടുക്കുക. പരസ്​പരം ചര്‍ച്ചചെയ്തും എല്ലാവരുടെയും അഭിപ്രായമാരാഞ്ഞും തീരുമാനം എടുക്കുന്നതാണ് യു.ഡി.എഫിന്റെ ശൈലി. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിനും ഇക്കാര്യങ്ങള്‍ യു.ഡി.എഫ്. തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. പിറവം തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ , നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാവിഷയമായി.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയുമായി മുഖ്യമന്ത്രി ടെലിഫോണില്‍ ബന്ധപ്പെട്ടു.

Tuesday, March 27, 2012

കേന്ദ്ര പാക്കേജ് ഉടന്‍

കേന്ദ്ര പാക്കേജ് ഉടന്‍ 

 

ന്യൂഡല്‍ഹി: കടബാധ്യതാ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേരളത്തിന് കേന്ദ്രം സാമ്പത്തികപാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ 2924 കോടിയുടെ വായ്പ എഴുതിത്തള്ളുന്നതും പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊല്ലം , ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മാണം, എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരവുമായി സംസ്ഥാനത്തെ തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചചെയ്തു. ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് മത്സ്യത്തെഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ലഭിക്കേണ്ട തുക ഉടന്‍ നല്‍കുമെന്ന് മന്ത്രി അറിയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണംകൊണ്ട് തീരദേശത്തുണ്ടാകുന്ന നഷ്ടം, തീപ്പിടിത്തം കൊണ്ടുണ്ടാകുന്ന നഷ്ടം എന്നിവയെ ദുരന്ത ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് എത്രയുംവേഗം അനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കും.

കേന്ദ്ര കപ്പല്‍ഗതാഗതമന്ത്രി ജി.കെ. വാസനുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തന്റെ മന്ത്രാലയം അനുകൂലമാണെന്ന് മന്ത്രി വാസന്‍ അറിയിച്ചു.

അടുത്തകാലത്ത് വിദേശകപ്പലുകളില്‍നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരേയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരമേഖലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രി വാസനോട് അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിവേണം കപ്പലുകള്‍ നീങ്ങേണ്ടതെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി വാസന്‍ അറിയിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വാസനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒമ്പത് മലയാളികള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്നാണ് സര്‍ക്കാറിന് ലഭിച്ചിട്ടുള്ള വിവരം.

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

 

 


ന്യൂഡല്‍ഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെക്കുറിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. 

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രധനസഹായം തേടിയതില്‍ മുന്‍ഗണന കൊച്ചി മെട്രോയ്ക്കാണ്. ഇത്തവണത്തെ പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക നീക്കിവെച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പില്‍ ഇനി തടസ്സങ്ങളൊന്നുമില്ല. ജൈക്ക വായ്പ ലഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. പദ്ധതിയെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. പദ്ധതി ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിനെക്കുറിച്ചുള്ള അവലോകനം ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ആസൂത്രണ കമ്മീഷന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രതിനിധികളും കുട്ടനാട് പാക്കേജിന്റെ സൂത്രധാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനാഥനും യോഗത്തില്‍ പങ്കെടുക്കും. 

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

 

 


 
ന്യൂഡല്‍ഹി: മലയാളം മിഷന്‍ രജിസ്ട്രാറുടെ നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇപ്പോഴുള്ള രജിസ്ട്രാറെ മാറ്റണമെന്ന് ഒ.എന്‍.വി. കുറുപ്പ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡെപ്യൂട്ടി റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ രജിസ്ട്രാറായി നിയമിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തിരുന്നു. ഇത് കണക്കിലെടുക്കാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ കെ.സുധാകരന്‍ പിള്ളയെ മലയാളം മിഷന്‍ രജിസ്ട്രാറാക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ''രജിസ്ട്രാറെ നിയമിച്ചിട്ട് ഏറെക്കാലമായി. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവും നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല'' - മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിശദീകരിച്ചു. 

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

 


കോട്ടയം:അധികാരം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിച്ചറിയണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാനസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പൊതുവിതരണരംഗത്ത്കണ്‍സ്യൂമര്‍ഫെഡ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകാപരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കണ്‍സ്യൂമര്‍ഫെഡിലെ ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. ഇത് പരിഹരിക്കുക ജീവനക്കാരുടെ പ്രശ്‌നങ്ങള്‍കൂടി മനസ്സിലാക്കിക്കൊണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മെമ്പര്‍ഷിപ്പുകള്‍ വിതരണംചെയ്തു. 

Monday, March 26, 2012

നിത്യോപയോഗ സാധനവില കുറക്കും

നിത്യോപയോഗ സാധനവില കുറക്കും 


നിത്യോപയോഗ സാധനവില കുറക്കും -ഉമ്മന്‍ചാണ്ടി

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭക്ഷ്യവിതരണരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഒരു രൂപയുടെ അരി വിതരണം ചെയ്തത്.  

കോട്ടയം എസ്.പി.സി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍സ്യൂമര്‍ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണം. സേവനം ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാറിന്‍െറ കടമ. അധികാരം ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും വേണ്ടിയാണെന്ന സംശയം പാടില്ല. ജനസമ്പര്‍ക്ക പരിപാടി ഒരുദിവസം കൊണ്ട് അവസാനിക്കില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ ജനങ്ങളുമായി അടുക്കേണ്ടതിന്‍െറ സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ വിശ്വസമാര്‍ജിച്ച് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്‍െറ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇവ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ വഴിമാറണം. സംസ്ഥാനത്തെ  പൊതുവിതരണരംഗത്ത് കണ്‍സ്യൂമര്‍ഫെഡിന്‍െറ പ്രവര്‍ത്തനം ഇതരസ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

 കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ റൂബി ജൂബിലി ആഘോഷം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കമ്പനി ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മൊബൈലില്‍ സംസാരിക്കാന്‍ തക്ക ശേഷിയുള്ള ടവറുകളാണ് സ്ഥാപിക്കുന്നത്. തീരദേശ പൊലീസിന്റെ സ്​പീഡ് ബോട്ടുകളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ട്. ഈ ആശങ്കയെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നു. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകും. 

കേരളസമൂഹത്തില്‍ ലത്തീന്‍ സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sunday, March 25, 2012

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 

തിരുവനന്തപുരം: പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച എസ്.പി. മുരളീധരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ മുരളീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

സ്‌കൂള്‍ വിദാര്‍ഥികളുടെ കരിക്കുലത്തില്‍ നീന്തല്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം -മുഖ്യമന്ത്രി

 തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ പഠിച്ച സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെ ലോകം ബഹുമാനിച്ച കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചുപിടിക്കാന്‍ കഴിയണം. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ നേട്ടം കൈവരിച്ചുവെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ഥിതി ആശാവഹമല്ല. ഇതിന്റെ കാരണം അന്വേഷിക്കണം''-മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും ഫലം പ്രഖ്യാപിക്കാത്ത സര്‍വകലാശാലകളുള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. 

Saturday, March 24, 2012

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു
 
(File pic)
 
റാന്നി: വനത്തോടു ചേര്‍ന്നുള്ള ളാഹ വേലന്‍പ്‌ളാവു പട്ടിക വര്‍ഗ കോളനി നിവാസികളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ തയ്യാറാക്കിയ ജൈവവേലി നേരില്‍ കാണാന്‍ സംസ്‌ഥാന മുഖ്യമന്ത്രി കോളനിയിലെത്തി. ജൈവ വേലി കണ്ടതിനൊപ്പം കോളനിവാസികളുടെ ദുരിത ജീവിതം നേരില്‍ മനസ്സിലാക്കിയ മുഖ്യന്‍ അവര്‍ക്കു സഞ്ചാര യോഗ്യമായ റോഡും പ്രതിമാസ മെഡിക്കല്‍ ക്യാമ്പും സമ്മാനിച്ചാണ്‌ മടങ്ങിയത്‌.

ഇന്നു രാവിലെ ഒമ്പതരയോടെയാണ്‌ വേലംപ്‌ളാവു പട്ടികവര്‍ഗ കോളനിയിലേക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്‌. സുതാര്യ കേരളം പദ്ധതിയില്‍ കോളനിവാസികളുടെ ദുരിത ജീവിതം കേട്ടറിഞ്ഞ മുഖ്യന്‍ തന്റെ മന്ത്രി സഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിക്കു ചുറ്റും ജൈവ വേലി സ്‌ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. വനത്തില്‍ നിന്നും ആനയടക്കമുള്ള മൃഗങ്ങള്‍ കോളനിയിലേക്ക്‌ ഇറങ്ങി അവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതായി കോളനിവാസിയായ ഉഷയാണ്‌ സുതാര്യ കേരളത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്‌. സങ്കടം ബോദ്ധ്യപ്പെട്ട മുഖ്യന്‍ കോളനിക്കു ചുറ്റും വനത്തോടു ചേര്‍ന്നു ജൈവ വേലി നട്ടു വളര്‍ത്താന്‍ തുകയും അനുവദിച്ചിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 1,73,000 രൂപ ഇതിനായി വനംവകുപ്പിനെയാണ്‌ ഏല്‍പ്പിച്ചത്‌. ജൈവ വേലി നിര്‍മ്മാണത്തിന്റെ ചുമതല ളാഹ-വേലന്‍പ്‌ളാവു വനസംരക്ഷണ സമിതിക്കായിരുന്നു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും മുള്‍ച്ചെടികളായ അഗൈവ, പതിമുഖം എന്നിവയുടെ 6300 തൈകള്‍ എത്തിച്ചു കോളനിക്കു ചുറ്റുമായുള്ള 2200 മീറ്റര്‍ സ്‌ഥലത്താണ്‌ ഇവ നട്ടത്‌. കഴിഞ്ഞ നവംബര്‍ 4 മുതല്‍ 19 വരെ നട്ട മുള്‍ച്ചെടികള്‍ കിളിര്‍ത്തു തുടങ്ങിയതേയുള്ളു. ഇതുവരെ 58000 രൂപ ചെലവിട്ടു മൂന്നു വരികളിലായി അടുപ്പിച്ചു നട്ട മുള്‍ച്ചെടികള്‍ വളര്‍ന്നു മുള്‍മതില്‍ രൂപപ്പെടുന്നതോടെ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്കു കോളനിയിലേക്കു പ്രവേശിക്കാന്‍ കഴിയാതെ വരും.

വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയില്‍ 23 കുടുംബങ്ങളിലായി നൂറ്റി നാല്‌പതോളം ആളുകളാണ്‌ താമസിക്കുന്നത്‌. ശബരിമല പാതയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ നാലു മലകള്‍ക്കിടയിലായുള്ള കോളനിയിലേക്ക്‌ മണ്‍ റോഡു മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മുഖ്യമന്ത്രിക്കു കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന്‌ അദ്ദേഹം കോളനിയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി ഒരു ലക്ഷം രൂപ അനുവദിച്ചു. ളാഹ എസേ്‌റ്ററ്റില്‍ കൂടിയുള്ള റോഡിന്റെ ആദ്യ രണ്ടര കിലോമീറ്റര്‍ ടാറിംഗും തുടര്‍ന്നു വനത്തിലൂടെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്ത്‌ മെറ്റലിംഗ്‌ നടത്തി സോളിംഗും കോളനിയിലെ അര കിലോമീറ്റര്‍ റോഡ്‌ കോണ്‍ക്രീറ്റിംഗും നടത്താനാണ്‌ ഫണ്ട്‌ അനുവദിച്ചത്‌.വനമേഖലയില്‍ റോഡു പണി നടത്തുന്നതിന്‌ റാന്നി ഡി.എഫ്‌.ഒ വനാവകാശ നിയമപ്രകാരം 0.6 ഹെക്‌ടര്‍ വനഭൂമിയും അനുവദിച്ചിരുന്നു.

ളാഹ - വേലന്‍പ്‌ളാവു കോളനിയില്‍ ജൈവ വേലിക്കു പുറമേ സൗരോര്‍ജ്‌ജ വേലി കൂടി സ്‌ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആതുര ശുശ്രൂഷാ രംഗത്ത്‌ അവശത അനുഭവിക്കുന്ന കോളനിവാസികള്‍ക്കായി എല്ലാ മാസവും കോളനിയില്‍ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പു നടത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാ കളക്‌ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ആദ്യമായി ഒരു മുഖ്യമന്ത്രി കോളനി സന്ദര്‍ശിച്ചതിന്റെ അമ്പരപ്പിലാണ്‌ കോളനിവാസികള്‍. മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയായിരുന്നു ഉമ്മന്‍ചാണ്ടി വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയിലെത്തിയത്‌. സൗകര്യങ്ങള്‍ ഒരുക്കേണ്ട ട്രൈവല്‍-വനം-പോലീസ്‌ വകുപ്പുകള്‍ കാര്യമായി ഒന്നു ചെയ്യാതെ മാറി നിന്നപ്പോള്‍ പെരുനാട്ടിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ സുതാര്യ കേരളം പരിപാടിയിലൂടെ കോളനിയുടെ ദുരിതം മുഖ്യനെ അറിയിച്ച ഉഷയുടെ വീട്ടുമുറ്റത്ത്‌ സേ്‌റ്റജ്‌ ഒരുക്കിയത്‌. ഇന്നു രാവിലെ ചെണ്ടമേളം തുടങ്ങിയപ്പോഴും മുഖ്യന്‍ എത്തുമെന്ന്‌ ഉറപ്പില്ലാതിരുന്ന കോളനിക്കാര്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ ആവേശത്തിലായി. എഴുപതിലധികം നിവേദനങ്ങളാണ്‌ ഇവിടെ നിന്നും മുഖ്യമന്ത്രിക്കു ലഭിച്ചത്‌. കോളനിക്കു സമീപം ളാഹ ഹാരിസണ്‍ എസേ്‌റ്ററ്റിലുള്ള അംഗന്‍വാടി കെട്ടിടത്തിന്റെ ഉത്‌ഘാടനവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം ഫോട്ടോസെഷന്‍ വേണമെന്ന കോളനിക്കാരുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു നല്‍കി.

ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 

ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
 

 

തിരുവനന്തപുരം: മലയാളസിനിമയെ രൂപപ്പെടുത്തുതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്‌ പ്രശസ്‌ത നടന്‍ ജോസ്‌ പ്രകാശ്‌ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

വില്ലന്‍ കഥാപത്രങ്ങള്‍ക്കുപോലും സൗമ്യഭാവം നല്‍കിയ പ്രതിഭയായിരുു അദ്ദേഹം. നന്‍മയുടെ അംശം കലര്‍ത്തി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാടകരംഗത്ത്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. സാംസ്‌കാരിക കേരളം അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്‌മരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  ജോസ് പ്രകാശിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

 

 ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെക്കൂടി ഉള്‍പ്പെടുത്തി സ്വാശ്രയ തര്‍ക്കത്തിനു ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തിലാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പോകുകയാണ്. സ്വാശ്രയ തര്‍ക്കവും വിവാദവും ഇനി ഈ രംഗത്തെ മലിനമാക്കാന്‍ അനുവദിക്കില്ല. മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. 

 

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ ഫീസ് വര്‍ധനയ്ക്കും ചൂഷണത്തിനും വഴിവയ്ക്കുമെന്നാരോപിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവായിരിക്കെ 50% സീറ്റില്‍ ഗവ. ഫീസ് എന്ന ആവശ്യം ഉന്നയിച്ചു നടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പൂര്‍ണമായി മാറിയെന്നു നോട്ടീസ് അവതരിപ്പിച്ച മുന്‍ മന്ത്രി എം.എ. ബേബി ആരോപിച്ചു. 

 

പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണയാണിത്. അവര്‍ക്കു സമ്മാനപ്പൊതികള്‍ നല്‍കുകയാണെന്നും ബേബി ആരോപിച്ചു. ബേബിക്കു മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂവെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. അഞ്ചു കൊല്ലം അധികാരത്തിലിരുന്നു സ്വാശ്രയരംഗം കുളമാക്കിയ മന്ത്രിയാണ് അദ്ദേഹം. പട്ടിക വിഭാഗക്കാരുടെ ഫീസ് കാര്യം അദ്ദേഹം ഇപ്പോള്‍  വേദനയോടെ പറയുന്നു. 

 

അഞ്ചു വര്‍ഷം ഇന്റര്‍ ചര്‍ച്ച്  കോളജുകളില്‍ ഒരു സീറ്റില്‍പ്പോലും പ്രവേശനം വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ഇതുവരെ സര്‍ക്കാരിനോടു സഹകരിക്കാതിരുന്ന അവര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും ധാരണയ്ക്കും തയാറെന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 

 

മൂന്നു കൊല്ലം മുന്‍പ് എല്‍ഡിഎഫ് തീരുമാനിച്ചതും ഹൈക്കോടതി അംഗീകരിച്ചതുമായ മൂന്നര ലക്ഷത്തില്‍ നിന്ന് 25,000 രൂപയുടെ വര്‍ധനയേ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളു. നാലു ലക്ഷം ഫീസ് ആക്കണമെന്നാണ് അവര്‍ പറഞ്ഞത്. 40 ലക്ഷം രൂപ വീതം ആ കോളജുകളില്‍ നിന്നു വാങ്ങി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കും. താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് സൗജന്യമുണ്ടാക്കും. പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ വഹിക്കും. 

 

എന്‍ജിനീയറിങ് കോളജുകളില്‍ 75,000 രൂപ ആയിരിക്കും ഫീസ് എന്നുള്ളപ്പോള്‍ തന്നെ ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്നു സര്‍ക്കാര്‍ ഫീസേ ഈടാക്കൂ. മൂന്നു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ് വാങ്ങി നിര്‍ധനര്‍ക്കു മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ഇതുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും സ്വീകാര്യമായ പാക്കേജാണിത്. സ്വാശ്രയ രംഗത്ത് ഒരുതരത്തിലുമുള്ള ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ല. അതേസമയം നല്ല നിലവാരമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക വിഭവസമാഹരണം ആ കോളജുകള്‍ക്കും സാധ്യമാകണം. 

 

ഇന്നത്തെക്കാലത്ത് ആരാണു സേവനം മാത്രം നടത്തുന്നത്? എന്നുകണ്ടു ചൂഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല. പ്രായോഗികമായിട്ടേ നീങ്ങാന്‍ കഴിയൂ. സ്വപ്നലോകത്തു തുടര്‍ന്നിട്ടു കാര്യമില്ല. അതു പ്രതിപക്ഷവും മനസ്സിലാക്കണം. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാഞ്ഞതാണു യുഡിഎഫ് ചെയ്യുന്നത് എന്നത് അംഗീകരിക്കണം-മുഖ്യമന്ത്രി ഇതു പറഞ്ഞപ്പോള്‍ ബേബിയോ പ്രതിപക്ഷനിരയില്‍ നിന്നു മറ്റാരും തന്നെയോ മറുവാദങ്ങളുമായി ഇറങ്ങിയില്ല എന്നതു ശ്രദ്ധേയമായി. സമയക്കുറവുമൂലം ഒരു ചെറിയ 'വോക്കൗട്ട് നടത്തിയിട്ടു തിരികെ വരാമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണവും അര്‍ഥഗര്‍ഭമായിരുന്നു.  

 

Friday, March 23, 2012

സ്ളീപ്പര്‍ ക്ളാസ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും

സ്ളീപ്പര്‍ ക്ളാസ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും

 റെയില്‍വേ ബജറ്റില്‍ നിര്‍ദേശിക്കുന്ന സ്ളീപ്പര്‍, രണ്ടാം ക്ളാസ് നിരക്കു വര്‍ധന കുറയ്ക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെതിരേ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റെയില്‍വേയിലുടെയുള്ള അരിനീക്കത്തിനു കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. അതിനാല്‍ ചരക്കുകൂലി വര്‍ധന അരിവില കൂടാന്‍ കാരണമാകില്ല. അതേസമയം ബജറ്റ് കേരളത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. പുതുതായി മൂന്നു ട്രെയിനുകളേ സംസ്ഥാനത്തിനു ലഭിച്ചുള്ളൂ. സോണ്‍ വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി

 

പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി
 പിറവം ഉപതെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല യുഡിഎഫ് കൂട്ടായ്മയുടെ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സാമൂഹിക, സാമുദായിക സംഘടനകളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചിരുന്നുവെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ന്നുപ്രവര്‍ത്തിക്കണമെന്ന ജനവിധിയാണ് പിറവത്ത് കണ്ടത്. കാപട്യമില്ലാത്ത സ്നേഹം കൊടുത്താല്‍ ആ സ്നേഹം ജനങ്ങള്‍ തരിച്ചുതരും. ഇത് പുതുപ്പള്ളിക്കാര്‍ തന്നെ പഠിപ്പിച്ച പാഠമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിറവത്ത് മദ്യമൊഴുക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പിറവത്തെ വോട്ടര്‍മാരെ അപമാനിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പേരില്‍ പിറവത്തെ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലീഗിന്റെ അഞ്ചാം മന്ത്രി സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്ന മുഴുവന്‍ പോസ്റുകളിലേക്കും സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13,678 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. അത്രയും പോസ്റുകളിലേക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കും. സ്കൂള്‍ അധ്യാപകരുടെ കാര്യം ഒരു പാക്കേജായി ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58 ആക്കിയിട്ടുണ്ട്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ സമരവുമായി രംഗത്തുവരുന്നത്. വിരമിക്കല്‍ പ്രായം 56 ആക്കിയില്ലെങ്കില്‍ എത്രപേര്‍ക്ക് ഏപ്രില്‍ ഒന്നിന് ജോലി കിട്ടുമായിരുന്നോ അത്രയും പേര്‍ക്ക് ജോലി കിട്ടിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി

ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി


 

തിരുവനന്തപുരം: ദേശീയ ഭീകരവിരുദ്ധകേന്ദ്രം രൂപീകരിക്കാനുള്ള കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഭേദഗതികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അറസ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പോലീസിന്റെ അറിവോടെ മാത്രമേ ഉണ്ടാകാവൂ എന്ന് കേരളം നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ഭീകരവാദം നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാണ് കേന്ദ്രം രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

 


രാഷ്ട്രീയക്കാരെ ഭയമായതിനാലാണ് പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നതെന്ന് ഏജന്റുമാര്‍ തന്നോട് സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിപത്രങ്ങളെ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചതല്ല. പക്ഷേ പാര്‍ട്ടിക്കാരോട് പൊരുതിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുകയാണ്. സമരത്തെക്കുറിച്ച് തന്നോട് സംസാരിക്കാന്‍ വന്ന സംഘടനാ നേതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

പ്രതിപക്ഷ എം.എല്‍.എ. ആയ ചിറ്റയം ഗോപകുമാര്‍ ആണ് സമരക്കാരെ തന്റെ പക്കല്‍ കൊണ്ടുവന്നത്. ഗോപകുമാറിന്റെ സാന്നിധ്യത്തിലാണ് ഏജന്റുമാര്‍ വിവരങ്ങള്‍ പറഞ്ഞത്.

ഇത്തരത്തിലൊരു സമരം അതിശയകരമായി തോന്നി. പാര്‍ട്ടി സ്ഥാപനങ്ങളെയും പത്രങ്ങളെയും മാത്രം ഒഴിവാക്കിയുള്ള സമരം ആദ്യമാണ്. ഏജന്റുമാരുടെ സമരം മൂലം പത്രവിതരണം മുടങ്ങുന്ന സാഹചര്യത്തെക്കുറിച്ച് ജോസഫ് വാഴയ്ക്കന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

സി.ഐ.ടി.യു. അഫിലിയേഷനുള്ള ന്യൂസ് പേപ്പര്‍ അസോസിയേഷനാണ് സമരം നടത്തുന്നത്. സമരം നടത്താനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. എന്നാല്‍ സമരം ചെയ്യാതിരിക്കാനും അവകാശമുണ്ട്. മറ്റുള്ളവരുടെ അവകാശം കവരാന്‍ ആര്‍ക്കും അധികാരമില്ല. ചിലയിടങ്ങളില്‍ പത്രം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. പത്രവിതരണത്തിന് തയ്യാറുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നുവെന്ന പരാമര്‍ശം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഏജന്റുമാരുടെ സംഘടന സി.ഐ.ടി.യുവല്ലെന്ന് എ. കെ ബാലനും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇടപെട്ട് പറഞ്ഞു. എന്നാല്‍ 'ദേശാഭിമാനി'യടക്കമുള്ള പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തന്നെ രാവിലെ കാണാന്‍ വന്ന ഏജന്റുമാര്‍ തന്നെയാണ് പറഞ്ഞത്. അസോസിയേഷന്‍ സി.ഐ.ടി.യു അഫിലിയേഷനുള്ളതാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. 

പ്രശ്‌നത്തിലിടപെടാന്‍ തൊഴില്‍ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത്

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത് 

 


ജനാധിപത്യത്തില്‍ ജയവും തോല്‍വിയുമുണ്ടാകും. എന്നാല്‍ അതിന്റെപേരില്‍ ജനങ്ങളെ അപമാനിക്കരുത്-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തോല്‍വികളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ വലിയ തിരിച്ചടികള്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നുണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പാഠംപഠിച്ചുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് യു.ഡി.എഫ്. പറഞ്ഞത്. അതിന്റെ ഗുണം പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ചു.

എന്നാല്‍ പിറവത്തെ തോല്‍വിക്കുശേഷം വി.എസും പിണറായി വിജയനും നടത്തിയ പ്രതികരണം അമ്പരപ്പിച്ചു. മദ്യമൊഴുക്കിയെന്നാണ് പറയുന്നത്. ഇത് പിറവത്തെ ജനങ്ങളെ അപമാനിക്കലാണ്. ഇടതുമുന്നണിക്ക് പിറവത്തെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

പിറവം ജയത്തിന്റെ പേരില്‍ അഹങ്കരിക്കുന്നില്ല. 'വികസനവും കരുതലും' എന്ന ഈ സര്‍ക്കാരിന്റെ നയത്തിന് കിട്ടിയ ജനകീയാംഗീകാരമായാണ് വിജയത്തെ കാണുന്നത്. ആ നയം ഇനിയും തുടരും. അതുകൊണ്ടാണ് ബധിരരും മൂകരും അന്ധരുമൊക്കെ പഠിക്കുന്ന അണ്‍എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് മേഖലയിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി 

 


 


 
ഇടതുമുന്നണി സര്‍ക്കാര്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷനിലും കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പിലും ചില വിഭാഗത്തിന് വിരമിക്കല്‍ പ്രായം 58 ആക്കി. മുന്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഈ ഉത്തരവുകള്‍ ഇറങ്ങിയത്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പെന്‍ഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലാണ് വിരമിക്കല്‍ പ്രായം 58 ആക്കിയത്. ഇത് നയത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് മന്ത്രിമാരായിരുന്ന എസ്.ശര്‍മയും പി. കെ. ഗുരുദാസനും വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നതെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സമരം ചെയ്ത വരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.സുനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഉയര്‍ത്തുകയായിരുന്നെങ്കില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതിലൂടെ ഉണ്ടായ തെറ്റ് തിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അക്രമം നടത്തിയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

Thursday, March 22, 2012

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും


 
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ തുറന്ന സമീപനം കണക്കിലെടുത്ത്‌ സമരത്തില്‍നിന്നു സംഘടനകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ടി.വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

വിരമിക്കല്‍ എകീകരിച്ചു ഫലത്തില്‍ പെന്‍ഷന്‍പ്രായം 56 ആക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിധി 56 ആയി സ്‌ഥിരീകരിക്കുകയാണു ചെയ്‌തത്‌. ഇതുമൂലം ഒരാളുടെ പോലും തൊഴിലവസരം നഷ്‌ടമാവില്ല. ബജറ്റ്‌ ചര്‍ച്ചയ്‌ക്കുള്ള മറുപടി ഇന്നായതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ടോ രേഖാമൂലമോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ അറിയിക്കാം. ചെറുപ്പക്കാരുടെ ആവശ്യം പരിഗണിച്ചു പ്രത്യേക പാക്കേജ്‌ അംഗീകരിക്കും. 

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 43,084 പേര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. അധികാരത്തിലെത്തി ഒമ്പതുമാസത്തിനകം 29,142 പേരെ പി.എസ്‌.സി വഴി നിയമിച്ചു. കെ.എസ്‌.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതിലൂടെ 3386 പേര്‍ക്കു ജോലി ലഭിച്ചു. അധ്യാപക പാക്കേജ്‌ അംഗീകരിച്ചതിലൂടെ 10,556 പേര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരനിയമനം ലഭിച്ചു. 1036 തസ്‌തികകളില്‍ വികലാംഗരെ നിയമിച്ചു. തസ്‌തിക വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല. നിയമന നിരോധനമെന്നതു പ്രതിപക്ഷം നടത്തുന്ന പ്രചാരണം മാത്രമാണ്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത്‌ പരിശോധിക്കാനാണു പുതിയ കമ്മിറ്റിയെ നിയമിച്ചത്‌. 

മാര്‍ച്ച്‌ 31 നു വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടിതന്നെ പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. പി.എസ്‌.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്‌ക്കു മുഴുവന്‍ പേരെയും നിയമിക്കും. സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമനം നല്‍കുന്നവര്‍ക്കു ഏപ്രില്‍ മുതലുള്ള ശമ്പളം നല്‍കും. അധ്യാപകരുടെ കാര്യത്തില്‍ എന്തുവേണമെന്ന്‌ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും


വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞ് ഗള്‍ഫിലെ ജയിലിലുള്ളവരുടെ മോചനത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെ പ്രവാസികള്‍ക്ക് ഈ സംവിധാനമുണ്ടാക്കിയിരുന്നു. ഇതേ രീതിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചു.
 
്സസാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലെ സഹായം 20,000 രൂപയായി വര്‍ധിപ്പിച്ചതിന് പുറമെ പ്രവാസി പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ്, വിമാനത്താവളങ്ങളുടെ വികസനം, ബിസിനസ് സെന്‍റര്‍ എന്നിവയാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍.
 
തിരുവനന്തപുരത്ത് നടന്ന ഗ്ളോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ അന്തിമ രൂപം നല്‍കിയ ‘സ്വപ്ന സാഫല്യം’ പദ്ധതി പ്രകാരം സൗദിയിലെ ജയിലില്‍നിന്ന് മോചിപ്പിച്ച ആറു പേര്‍ ഫെബ്രുവരി 27ന് നാട്ടിലെത്തി. ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത് ദമ്മാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി.എല്‍ വേള്‍ഡാണ്. ടിക്കറ്റ് നല്‍കുമെന്ന് ഐ.ടി.എല്‍ വേള്‍ഡ് എം.ഡി സിദ്ദീഖ് അഹ്മദ് ഗ്ളോബല്‍ മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
 
യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഇവരുടെ മോചനത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ പ്രമുഖ വ്യക്തികളുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായം തേടും.
സാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ക്ഷേമ ബോര്‍ഡിന് കീഴില്‍ നല്‍കുന്ന ധന സഹായം വര്‍ധിപ്പിച്ചു. പെണ്‍മക്കളുടെ വിവാഹം, ചികില്‍സ, മരണാനന്തര സഹായം തുടങ്ങിയ ഇനങ്ങളില്‍ ഇപ്പോള്‍ 10,000 രൂപയാണ് അനുവദിക്കുന്നത്. ഇത് 20,000 രൂപയാക്കി. ഒന്നര കോടിയാണ് ഈ ആവശ്യത്തിന് വകയിരുത്തിയത്.

പ്രവാസികള്‍ക്ക് നിക്ഷേപം, വ്യവസായം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ തിരുവനന്തപുരത്ത് ബിസിനസ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. ഇതിന് 50 ലക്ഷം അനുവദിച്ചു. പ്രവാസി പങ്കാളിത്തത്തോടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് 2013ല്‍ കൊച്ചിയില്‍ നടക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു.
മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചു. കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് 22 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ വിമാനത്താവളങ്ങള്‍ക്ക് സാധത്യ പഠനം നടത്താന്‍ 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കും. ഭൂമി ലഭ്യമായ കൊല്ലം, കോട്ടയം ജില്ലകളില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. അടിയന്തര സാഹചര്യങ്ങളില്‍ ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാനാണ് ഈ സംവിധാനം.

Wednesday, March 21, 2012

ഇത് കൂട്ടായ്മയുടെ വിജയം

ഇത് കൂട്ടായ്മയുടെ വിജയം

 

തിരുവനന്തപുരം: പിറവത്ത് കണ്ടത് കൂട്ടായ്മയുടെ വിജയമാണെന്നും കാപട്യമില്ലാത്ത സ്‌നേഹം നല്‍കിയാല്‍ ജനം അത് തിരിച്ചറിയുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ യു.ഡി.എഫിന് കിട്ടിയെന്നും ഈ സര്‍ക്കാര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ട്രെന്‍ഡ് ആണ് പിറവത്ത് കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിറവത്ത് മദ്യമൊഴുക്കിയാണ് വിജയം നേടിയതെന്ന ഇടതുമുന്നണിയുടെ പ്രസ്താവന ജനങ്ങളെ അപമാനിക്കലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് താന്‍ പിറവത്തെ ജനങ്ങളോട് ക്ഷമചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കല്‍ ഏകീകരണം റദ്ദാക്കിയതുമൂലം റിട്ടയര്‍മെന്റ് നടക്കുമ്പോള്‍ സംഭവിക്കുന്ന നിയമന ഒഴിവുകള്‍ പരിഹരിക്കാന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം 


 

 
സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായാലും സ്വകാര്യ കരാറുകാരായാലും പാരിതോഷികം ഉണ്ടാകും. ആവശ്യമായ സ്ഥലവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയശേഷമെ ഇനി മുതല്‍ നിര്‍മാണ ജോലികള്‍ തുടങ്ങു. സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണ ജോലികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധക്ഷണിക്കലിലൂടെ തേറമ്പില്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീരാത്തത് കേരളത്തിന്റെ ശാപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം അനന്തമായി നീളുമ്പോള്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന് അധിക ചെലവുണ്ടാകുകയും അതിന്റെ പ്രയോജനം ലഭിക്കാതാകുകയും ചെയ്യുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം തുടങ്ങുന്നതാണ് വിനയാകുന്നത്. പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളുടെ പട്ടികയെടുത്ത് തടസ്സങ്ങള്‍ മാറ്റുന്നതിന് ഉന്നതതല യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Tuesday, March 20, 2012

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല


വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കൊച്ചി: ട്രെയിനുകളിലെ വനിതാ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിലെ 218 പേര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം റെയില്‍വേ അനുവദിച്ചില്ല. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതിനായി സീസണ്‍ ടിക്കറ്റെടുത്ത് പൊലീസിനെ ട്രെയിനുകളില്‍ വിന്യസിക്കുമെന്നും മുഖ്യമന്ത്രി. സൗത് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനുകളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സര്‍ക്കാറും ഡി.ജി.പിയും ഇതുസംബന്ധിച്ച് നല്‍കിയ കത്തില്‍ തീരുമാനം എന്തായെന്ന് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോഴും മാനേജര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 പൊലീസുകാര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി പല തവണ ഈ ആവശ്യം ഉന്നയിച്ച് റെയില്‍വേക്ക് കത്ത് നല്‍കി. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡിവിഷനല്‍ മാനേജര്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലിയെക്കുറിച്ച ചോദ്യത്തിനും മറുപടി ഉണ്ടായില്ല. പിന്നീട്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കി. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലി കാലടി വരെ പൂര്‍ത്തിയായെന്നും കാലടി മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെ രണ്ടുവരി പാത പൂര്‍ത്തിയായെന്നും ഇവിടെനിന്ന് പിറവം റോഡ് വരെ നിര്‍മാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും മന്ത്രി കെ. ബാബുവിന്‍െറയും എം.പി, എം.എല്‍.എമാരുടെയും സാന്നിധ്യത്തിലാണ് കേരളത്തിലെ റെയില്‍വേ വികസനത്തോടുള്ള ഡിവിഷനല്‍ മാനേജരുടെ അതൃപ്തി പുറത്തുവന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല


പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ലെന്നും വിരമിക്കല്‍ തീയ്യതി ഏകീകരണം വേണ്ടെന്ന് വെക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒരു ചെറുപ്പക്കാരന്റെജോലി സാധ്യതയെ പോലും ഇത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബഹളമുയര്‍ത്തിയ പ്രതിപക്ഷ നടപടിയെ മുഖ്യമന്ത്രി  ശക്തമായി വിമര്‍ശിച്ചു.  കേരള നിയമസഭയില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മര്യാദക്കെതിരായ പ്രവര്‍ത്തിയാണ് പ്രതിപക്ഷത്തിന്റേതന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ബജറ്റിനോട് വിയോജിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. ബജറ്റിനോട് പ്രതിപക്ഷത്തിന് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത മൂന്ന് ദിവസം നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറയേണ്ടതെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒട്ടും പിറകിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും കടന്നു ചെന്നിട്ടില്ലാത്തതുമായ മേഖലകള്‍ പുതിയ ബജറ്റിലുണ്ടെന്നും ആധുനി കാര്‍ഷിക സമ്പ്രദായത്തെ ബജറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍  

 


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് ആനുപാതികമായി പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവാക്കള്‍ക്കായി പ്രത്യേക തൊഴില്‍ പാക്കേജുകളും ആവിഷ്‌കരിക്കും.

വിരമിക്കല്‍ പ്രായം ഏകീകരണം നിലവിലുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കുമായിരുന്നോ അവര്‍ക്കെല്ലാം ഈവര്‍ഷം ജോലി ലഭിക്കാനുള്ള പാക്കേജാണ് ബജറ്റിലൂടെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. കൂട്ട വിരമിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. 

റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത് ഇടതുപക്ഷമാണ്. സര്‍ക്കാര്‍ കര്‍ക്കശ നിലപാട് എടുത്തപ്പോഴാണ് പി.എസ്.സി. അതിന് വഴങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് യു.ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ യുവ എം.എല്‍. എ മാര്‍ ചില പാക്കേജുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അതുസംബന്ധിച്ചും തീരുമാനം എടുക്കും. 

യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 40,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 

ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംസ്ഥാനത്തോട് കാണിച്ച ക്രൂരതയാണ്. ബജറ്റ് നിര്‍ദേശങ്ങളോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമസഭയ്ക്ക് കളങ്കമായി. ബജറ്റിലെ നന്മ ജനങ്ങള്‍ അറിയാതിരിക്കാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്. വികസനോന്മുഖവും ജനസൗഹൃദപരവും ഹൈടെക്കുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സംസ്ഥാനം ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലകളിലെ മുന്നേറ്റത്തിനാണ് ധനമന്ത്രി തുടക്കമിട്ടത്. 

ബജറ്റ് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ.എം. മാണി പറഞ്ഞു. നികുതി നിര്‍ദേശങ്ങള്‍ ചോരുകയാണെങ്കില്‍ മാത്രമാണ് ചോര്‍ച്ചയാവുന്നത്. പ്രതിപക്ഷം വെറുതെ ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല. ബജറ്റിന് മുമ്പ് വിവിധ സംഘടനകളുമായി ബജറ്റ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചേക്കാവുന്ന നല്ല നിര്‍ദേശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. 

Monday, March 19, 2012

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി Posted on: 19 Mar 2012 കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം-കൊല്ലം മെമു തീവണ്ടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 60 കോടി അനുവദിച്ചത് പദ്ധതി വേഗത്തില്‍ തീരുമെന്നതിന്റെ സൂചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പ് പദ്ധതിയ്ക്കുള്ള തുക  വകയിരുത്തിയിരിക്കുന്നതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ ഇടനാഴിയെക്കുറിച്ച് കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കുന്നതിനാല്‍ കേന്ദ്രം ഇതിനോട് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സംസ്ഥാനമാണ് തുക ചെലവിടുന്നതെങ്കിലും റെയില്‍വേയുടെ അംഗീകാരം വേണം. തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 218 പോലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ടിക്കറ്റ് എടുത്താണ് ദിവസേന ഡ്യൂട്ടിക്ക് പോകുന്നത്. അതിനാല്‍ ഇവര്‍ക്ക് റെയില്‍വേ പാസ് നല്‍കണമെന്ന് മുഖ്യമന്ത്രി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കലിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലിങ്ടണ്‍ ഐലന്റ് സ്‌റ്റേഷന്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി കെ. വി. തോമസ് പറഞ്ഞു. ഹൈക്കോടതിക്ക് സമീപമുള്ള പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരണം സംബന്ധിച്ച് ഹൈക്കോടതിയും ഒരു പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് കൂടി പഠിച്ചതിനുശേഷമായിരിക്കും അന്തിമ രൂപം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, March 18, 2012

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം


ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

തിരുവനന്തപുരം: ആര്‍. ശെല്‍വരാജ് രാജിവെച്ച സംഭവത്തില്‍ തന്‍െറമേല്‍ കുതിരകയറാനാണ് സി.പി.എമ്മിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എം.എല്‍.എ സ്ഥാനം രാജിവെച്ച ശെല്‍വരാജും ‘ഫ്രീ’യാണ്. ഒരു പഞ്ചായത്ത് അംഗം രാജിവെച്ചാല്‍, വിശദീകരണയോഗം നടത്തുന്ന സി.പി.എം നെയ്യാറ്റിന്‍കരയില്‍ എം.എല്‍.എ രാജിവെച്ചിട്ടും ഒന്നുംചെയ്യുന്നില്ല. ശെല്‍വരാജിനൊപ്പം വലിയൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 
കണ്ണൂരില്‍ പാര്‍ട്ടി ശിക്ഷാവിധി നടപ്പാക്കിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്‍െറ ഓഫിസിനെ കുറ്റപ്പെടുത്തേണ്ട. തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. ഓഫിസിന്‍െറ ഉത്തരവാദിത്തം തനിക്കാണ്. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്നും അറസ്റ്റിലായ രണ്ട് പേര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്നും സി.പി.എം വ്യക്തമാക്കണം. അഞ്ചുപേരെ തടഞ്ഞുവെച്ച് മൊബൈലില്‍ ചിത്രമെടുത്ത് ഏതോ കേന്ദ്രത്തിലേക്ക് അയച്ച് മറുപടി വാങ്ങിയശേഷം മൂന്ന്പേരെ വിട്ടയച്ചതായി നേരത്തെ കണ്ണൂരിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ്. നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും സി.പി.എം നിഷേധിച്ചില്ല. മരിച്ച ഷുക്കൂറിന്‍െറ സഹോദരന്‍ അറസ്റ്റിലായ ഒരാളെക്കണ്ട് ജീവന് വേണ്ടി യാചിച്ചെന്നത് മാത്രമാണ് പുതിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തില്ല. എല്ലാവരും പിറവത്തായിരുന്നതിനാല്‍ ചര്‍ച്ചക്ക് സമയം കിട്ടിയില്ല. ഇക്കാര്യത്തില്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കില്ല.


കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ ആത്മഹത്യ ചെയ്തയാള്‍ ഹോം ഗാര്‍ഡ് ആയിരുന്നില്ല. താല്‍കാലികമായി രണ്ട് മാസത്തേക്ക് നിയമിച്ച 200ഓളം സ്പെഷല്‍ പൊലീസിന്‍െറ ഭാഗമായിരുന്നു. ബജറ്റ് വന്ന ശേഷമാണ് ഇവരെ നിയമിച്ചതെന്നതിനാല്‍, ശമ്പളം നല്‍കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഹോം ഗാര്‍ഡിന്‍െറ ശമ്പള വിതരണത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ചീഫ് വിപ്പ് ഇപ്പോഴും സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ താമസിക്കുന്നത് അനുവദിച്ച വസതി ഏറ്റെടുക്കാത്തതിനാലാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ താമസിച്ച വീട് വേണ്ടെന്നാണ് ജോര്‍ജ് പറയുന്നത്  -മുഖ്യമന്ത്രി പറഞ്ഞു.