UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം !!

 


യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. 

 ഇപ്പോൾ പുറത്തുവരുന്ന "എക്സിറ്റ് പോൾ " ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ.

 തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും . 

നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച ...

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കെ.എം.ചുമ്മാർസാർ: ആദർശ മുഖത്തിന്റെ ആൾരൂപം

 


കോൺഗ്രസ് പ്രസ്ഥാനത്തിലെ ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാർസാർ. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്  വരെ അദ്ദേഹം പാർട്ടിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തക്കുറിച്ചും ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ ഉജ്ജ്വല നേത്യനിരയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇന്നും ഓർക്കുന്നുണ്ട്. പുതിയ തലമുറയ്ക്കും വരും തലമുറകൾക്കും ചരിത്രപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും  കുറിപ്പുകളും.

കെ.എസ്.യു പ്രവർത്തകനായി കോട്ടയത്ത് സജീവമായ കാലയളവിലാണ് ചുമ്മാർ സാറിനെ പരിചയപ്പെടുന്നത്. ഏറ്റവും ആദരവോടെയാണ് അന്ന് അദ്ദേഹത്തെ നോക്കി കണ്ടത്. പിന്നീട് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയപ്പോൾ കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചു. കെ.എ സ് .യു, യൂത്ത്കോൺഗ്രസ് ക്യാമ്പുകളിൽ അക്കാലത്ത് പതിവ് പ്രഭാഷകൻ ആയിരുന്നു ചുമ്മാർ സാർ. ചുമ്മാർ സാറിന്റെ ക്ലാസ്സ് ഇല്ലാതെ കെ.എസ്.യു. യൂത്ത് കോൺഗ്രസ് ക്യാമ്പുകളൊന്നും ആ കാലയളവിൽ ഉണ്ടായിട്ടില്ല. 

എം.എ ജോൺ, വയലാർരവി, എ.കെ.ആന്റണി, എ.സി.ജോസ് തുടങ്ങിയ നേതാക്കൾ  സംസ്ഥാന തലത്തിൽ നയിച്ച കാലഘട്ടത്തിൽ ചുമ്മാർ സാറിന്റെ നേത്യത്വത്തിൽ കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർക്ക് ഒപ്പം കോട്ടയത്ത് പ്രവർത്തിച്ചത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ഒപ്പമുള്ളവർക്ക് വലിയ ആവേശമായിരുന്ന ചുമ്മാർ സാറിന് പാർട്ടിയോടുള്ള സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ല. 

പാർട്ടിയിൽ ഔദ്യോഗികമായി അദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വരെ മാത്രമേ എത്തിയുള്ളൂ എങ്കിലും അതിനും അപ്പുറം കോൺഗ്രസിന്റെ സമുന്നതമായ ഒന്നാം നേതൃനിരയിൽ പോലും ആദരവ് പിടിച്ചു പറ്റിയ ചുമ്മാർ സാർ എല്ലാവരുടെയും ഗുരുസ്ഥാനീയനായ കോൺഗ്രസ് നേതാവ് ആയിരുന്നു. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പോലും ആദരവ് ഏറ്റുവാങ്ങിയ അപൂർവമായ നേതാവായിരുന്ന ചുമ്മാർ സാർ. ഈ ആദരവിന് ഏറ്റവും അധികം അർഹനുമായിരുന്നു.  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.




2021, ഏപ്രിൽ 11, ഞായറാഴ്‌ച

എന്‍എസ്എസിനെതിരേ സിപിഎം കടന്നാക്രമണം അപലപനീയം.

 


എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്.

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല.


#OcSpeaks 

2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കൊലക്കത്തിയെടുത്ത് സിപിഎം വീണ്ടും

 


കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ ക്രൂരമായി വകവരുത്തിയ  സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നു.  

തെരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ    പോലീസ് കര്‍ശന നടപടി എടുക്കണം.  ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. 

#OcSpeaks

2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

നുണകളുടെ ആവര്‍ത്തനം... രേഖകള്‍ സംസാരിക്കട്ടെ

 


നുണകളുടെ ആവര്‍ത്തനം... രേഖകള്‍ സംസാരിക്കട്ടെ

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍  ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്കിയത്.  അതുകൊണ്ട് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടുകയാണ് ഇനി അവ സംസാരിക്കും.


ക്ഷേമപെന്‍ഷന്‍

സാമൂഹിക നീതി വകുപ്പ് ക്ഷേമപെന്‍ഷനുകള്‍ 5 സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്റ്റംബര്‍ 10ലെ ഉത്തരവും  വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപവരെയാക്കിയ 2016 മാര്‍ച്ച് ഒന്നിലെ ഉത്തരവും ഇതോടൊപ്പമുണ്ട്. യുഡിഎഫ് 600 രൂപയാണ് പെന്‍ഷന്‍ നല്കിയതെന്ന പ്രചാരണം ഇനിയെങ്കിലും നിര്‍ത്തുമല്ലോ.


പെന്‍ഷന്‍ മുടക്കി

പെന്‍ഷന്‍ മുടങ്ങിയതു സംബ്‌നധിച്ച് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് 26.4.2017ല്‍ നല്കിയ മറുപടി ഇതോടൊപ്പം.  ഇതനുസരിച്ച് 2014 നവം, ഡിസം, ജനു എന്നീ 3 മാസങ്ങളിലാണ് പെന്‍ഷന്‍ മുടങ്ങിയത്. 2015 ഫെബ്രു മുതല്‍ പെന്‍ഷന്‍ ബാങ്കിലേക്കു മാറ്റി. നേരത്തെ മണിഓര്‍ഡര്‍ വഴി പെന്‍ഷന്‍ വഴി വിതരണം ചെയ്തപ്പോള്‍ വലിയ കമ്മീഷന്‍ തുക വേണ്ടിവന്നതിനാലാണിത്. സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്രി ഇതില്‍ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാള്‍ രാഷ്ട്രീയകാരണങ്ങളായിരുന്നു. സഹ. ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ മനപൂര്‍വം പെന്‍ഷന്‍ തുക വിതരണം ചെയ്തില്ല. 206 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ നല്കാന്‍ 246 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഇതോടൊപ്പം.


സൗജന്യ അരി

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി യുഡിഎഫ് അതുപോലെ ആളുകള്‍ക്കു നല്കിയപ്പോള്‍ എല്‍ഡിഎഫ് ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ്   നിര്‍ത്തലാക്കി.


മെഡിക്കല്‍ കോളജ്

കോവഡ് ബാധിച്ച് 4658 പേരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 16 മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും മരണം  ഉണ്ടാകില്ലായിരുന്നു. യുഡിഎഫ് മെഡിക്കല്‍ കോളജുകളുടെ ബോര്‍ഡ് മാറ്റുക മാത്രമല്ല ചെയ്തത്. തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എല്ലാ ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുകയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് വേണ്ടെന്നു വച്ചത്.  ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്ത് ക്ലാസ് തുടങ്ങിയിട്ടാണു ഉപേക്ഷിച്ചത്.  കോന്നി, കാസര്‍കോഡ്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. ഭരണം തീരാറായപ്പോഴാണ് വയനാട് മെഡിക്കല്‍ കോളജിന് അനക്കംവച്ചത്.  കേരളത്തിന് സര്‍ക്കാര്‍ നിരക്കിലുള്ള  2500 എംബിബിഎസ്  സീറ്റ് നഷ്ടപ്പെട്ടു.  


കാരുണ്യ പദ്ധതി

മാണി സാര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാരുണ്യ പദ്ധതിയ ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫ് അതു പുനരാരംഭിക്കും.


ആശ്വാസകിരണം

ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക്  ഒരു വര്‍ഷത്തിലധികം ധനസഹായം നിലച്ചതിനെക്കുറിച്ചു മിണ്ടാട്ടമില്ല.


രാഷ്ട്രീയകൊലപാതകം

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ഇടതുനിലപാടിനെ സ്വാഗതം ചെയ്യുുന്നു. എന്നാല്‍ അരുംകൊലകള്‍ നടത്തിയെന്നു മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഖജനാവില്‍ നിന്നു ചെലവഴിക്കുകയും ചെയ്തു.


പിഎസ് സി നിയമനം

യുഡിഎഫിന്റെ  പിഎസ് സി നിയമനം 1, 50,353 ആണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ 2021 ജനു 12 ന് നിയമസഭയില്‍ നല്കിയ മറുപടി 1,54,386 ആണ്.  (രേഖ ഇതോടൊപ്പം). എല്‍ഡിഎഫ് പിഎസ്‌സി അഡൈ്വസിനെക്കുറിച്ചാണു പറയുന്നത്. ഒരാള്‍ക്ക് നിരവധി അഡൈ്വസ് കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ അതു നിയമനമായി കൂട്ടാന്‍ പറ്റില്ല.  


റബര്‍ സബ്‌സിഡി

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് യുഡിഎഫ് സര്‍ക്കാര്‍ 2015ലാണ് നടപ്പാക്കിയത്. പദ്ധതി ഇടതുസര്‍ക്കാര്‍ തുടരുകയും ചെയ്തു. സ്വഭാവികമായും കുടുതല്‍ തുക അനുവദിച്ചു. എന്നാല്‍ യുഡിഎഫ് നടപ്പാക്കിയപ്പോള്‍ റബര്‍ വില വെറും 80 രൂപയായിരുന്നു. അതുകൊണ്ട് 70 രൂപ വരെ സബ്‌സിഡി നല്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി.  


വന്‍കിട പദ്ധതികള്‍

വന്‍കിട പദ്ധതികളുടെ നീണ്ട പട്ടികയില്‍ ഒരെണ്ണമെങ്കിലും ഇടതുസര്‍ക്കാരിന്റേതായി ഉണ്ടോ?  യുഡിഎഫ് സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച ഗവണ്മെന്റാണിത്.


ബാറുകള്‍ പൂട്ടി

മദ്യത്തിനെതിരേയുള്ള ശക്തമായ ബോധവത്കരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് 29 ബാറുകള്‍ ഉണ്ടായിന്ന്  605ല്‍ ആയി കുതിച്ചുയര്‍ന്നത്.  ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയതും.  


ശബരിമല

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍ ആയതിനാല്‍ അഭിപ്രായം പറയുന്നത് വിശ്വാസികളുടെ മനസ് ഇളക്കും എന്നാണ് മറുപിടി.  യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. അതുമാത്രം വ്യക്തമാക്കിയാല്‍ മതി.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്

സാമ്പത്തിക വളര്‍ച്ചാ നിരക്ക് യുഡിഎഫ്  6.42 %ഉം എല്‍ഡിഎഫ്  5.28% ഉം ആണെന്നുള്ളതിന് സ്രോതസ് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനം എടുത്തിട്ട് ഓരോ വര്‍ഷത്തെയും  വളര്‍ച്ചാനിരക്ക് കണ്ടെത്തി  5 കൊണ്ട് ഹരിച്ചാല്‍ ഈ കണക്കു കിട്ടും. സിഎജി ഉപയോഗിക്കുന്ന അതേ ഫോര്‍മുല ഉപയോഗിച്ചാണ് ഈ കണക്ക്  കണ്ടെത്തിയത്.  

വിശ്വാസികളെ ചവിട്ടിമെതിച്ചതും യുവതീയുവാക്കള്‍ മുട്ടിലിഴഞ്ഞതും കൊലക്കത്തികള്‍ ഉയര്‍ന്നു താഴ്ന്നതും നീതിനിഷേധിക്കപ്പെട്ട അമ്മമാര്‍ നിലവിളച്ചതുമൊക്കെ കേരളം കണ്ടതാണ്. സത്യമേവ ജയതേ!


2021, ഏപ്രിൽ 4, ഞായറാഴ്‌ച

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.

 


ശരിയുടെ അഞ്ചു വര്‍ഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിച്ചവെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്തു ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിച്ചു.

1.പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാൽ ഇടത് സർക്കാർ പദ്ധതി അട്ടിമറിച്ചു.

2. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകൾ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കൽ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്.

3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സർജറി നടത്തി. എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടത്തിയത് 391സർജറികൾ മാത്രം.

4. പേര് അന്വർഥമാക്കും വിധത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകർന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിർത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

5. കഴിഞ്ഞ യുഡിഎഫ് സർക്കാർ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.

6. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേർക്ക് അവയവ ശസ്ത്രക്രീയ നടത്തി. എൽ ഡി എഫ് സർക്കാരിന് വെറും 269 പേർക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.

7. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.

യുഡിഎഫ് സർക്കാരിന്റെ കാലത്തു ദേശീയ തലത്തിൽ ജനശ്രദ്ധ ആകർഷിച്ച എയർ ആംബുലൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ അട്ടിമറിച്ചു, കോടികൾ മുടക്കി വിലക്കെടുത്ത പി ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.


#നാട്_നന്നാകാൻ_യുഡിഎഫ് #Election2021 #OommenChandy #OcSpeaks

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.

 


അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു.  ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും. 


1  ക്ഷേമപെന്‍ഷന്‍

യുഡിഎഫ്

--------------

800 രൂപ  മുതല്‍ 1500 രൂപ വരെ മുന്‍സര്‍ക്കാര്‍ 14 ലക്ഷം നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.

എല്‍ഡിഎഫ്

----------------

1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം  മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ്  പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്.  അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.


2  സൗജന്യ അരി

യുഡിഎഫ്

-------------

യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ.   ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.

എല്‍ഡിഎഫ്

----------------

സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ്   നിര്‍ത്തലാക്കി.

 

3  മെഡിക്കല്‍ കോളജ്

യുഡിഎഫ്

-------------

40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വർധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സർക്കാർ അവ നിർത്തലാക്കി. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.

എല്‍ഡിഎഫ്

----------------

യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്,  കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു.  കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ്  സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു.  മെഡിക്കല്‍ സ്വാശ്രയഫീസ്  ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.


4  കോക്ലിയര്‍ ഇംപ്ലാന്റേഷന്‍

യുഡിഎഫ് -652

--------------


എല്‍ഡിഎഫ് - 391

-----------------



5  കാരുണ്യ പദ്ധതി

യുഡിഎഫ്

--------------

കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക്  രണ്ട് ലക്ഷം രൂപ വരെ നല്‍കി.

എല്‍ഡിഎഫ്

----------------

എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി.   കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

 

6  ആശ്വാസകിരണം

യുഡിഎഫ്

-------------

ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക്  സാമൂഹിക സുരക്ഷാമിഷന്‍  മുഖേന ധനസഹായം.

എല്‍ഡിഎഫ്

-----------------

ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക്  13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍  കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും  അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍  മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.


7  മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി

യുഡിഎഫ് - 683

എല്‍ഡിഎഫ് - 269


8 വന്‍കിട പദ്ധതികള്‍

യുഡിഎഫ്

--------------

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി  ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു   പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.  

എല്‍ഡിഎഫ്

----------------

യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.

 

9  രാഷ്ട്രീയകൊലപാതകം

യുഡിഎഫ്

--------------

11 രാഷ്ട്രീയ കൊലപാതകങ്ങള്‍.  


എല്‍ഡിഎഫ്

-----------------

38 രാഷ്ട്രീയകൊലപാതകങ്ങള്‍.  6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

 

10  പിഎസ് സി നിയമനം

യുഡിഎഫ്

--------------

1,76,547 നിയമനങ്ങള്‍. ഇതില്‍  പിഎസ് സി നിയമനം മാത്രം 1,58,680.   റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

എല്‍ഡിഎഫ്

----------------

പിഎസ് സി അഡൈ്വസ് - 1,55,544.  ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ്  നീട്ടി.   പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും   നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.


11 റബര്‍ സബ്‌സിഡി

യുഡിഎഫ്

--------------

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക്  300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.

എല്‍ഡിഎഫ്

----------------

2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി.  ഇനി താങ്ങുവില 250 രൂപ.

 

12 ബൈപാസുകള്‍

യുഡിഎഫ്

--------------

കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന്  50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ്

----------------

2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.


13 പാലങ്ങള്‍

യുഡിഎഫ്

--------------

1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

എല്‍ഡിഎഫ്

-----------------

ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി


14 എല്ലാവര്‍ക്കും പാര്‍പ്പിടം

യുഡിഎഫ്

--------------

4,43,449 വീടുകള്‍ നിര്‍മിച്ചു.

എല്‍ഡിഎഫ്

-----------------

രണ്ടരലക്ഷം വീടുകള്‍ നല്കി.

 

15  ജനസമ്പര്‍ക്കം

യുഡിഎഫ്

--------------

മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.

എല്‍ഡിഎഫ്

----------------

ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും  ഉപരോധിച്ചു.  ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.


16  പട്ടയവിതരണം

യുഡിഎഫ്    1.79 ലക്ഷം

എല്‍ഡിഎഫ് 1.76 ലക്ഷം


17  ശബരിമല

യുഡിഎഫ്

---------------

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.  

എല്‍ഡിഎഫ്

----------------

യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.


18 പൊതുമേഖലാ സ്ഥാപനങ്ങള്‍

യുഡിഎഫ്

--------------

യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം

എല്‍ഡിഎഫ്

----------------

പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ.  പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.


19  പ്രവാസകാര്യം

യുഡിഎഫ്

--------------

ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865  മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.

എല്‍ഡിഎഫ്

----------------

കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.


20  പൊതുകടം

യുഡിഎഫ്

--------------

2016ല്‍ കേരളത്തിന്റെ പൊതുകടം 1,57,370  കോടി രൂപ. കടവര്‍ധന 76%

എല്‍ഡിഎഫ്

-----------------

യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85  കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി.  കടവര്‍ധന 108% വര്‍ധന.


21 സാമ്പത്തിക വളര്‍ച്ചാ നിരക്ക്

യുഡിഎഫ് 

--------------

5 വര്‍ഷം 2011-16

ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %

എല്‍ഡിഎഫ് 

----------------

5 വര്‍ഷം 2016- 21

ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ  ഒരു വൻകിട പദ്ധതികൾ പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.


#OcSpeaks | #Elections2021 | #KeralaElections2021

2021, ഏപ്രിൽ 3, ശനിയാഴ്‌ച

കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം


 

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ട്?   മുഖ്യമന്ത്രി മറുപടി പറയണം.

യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. നമ്മുടെ നാടിന്റെ വികസന കുതിപ്പ് ഈ പദ്ധതിയുടെ സാക്ഷാത്കാരവും.

കേരളത്തിലെ വികസന കുതിപ്പ് ലക്ഷ്യംവെച്ചാണ് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ചു ഐക്യജനാധിപത്യമുന്നണി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് UDF സർക്കാർ 2015ൽ  നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടതു സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്.  അൻപത് ശതമാനം പണി പോലും പൂർത്തീകരിക്കാൻ  ഇടതു സർക്കാരിന്റെ അലംഭാവം കൊണ്ട് സാധിച്ചിട്ടില്ല.

കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം


#OCspeaks |   #Election2021 |   #OommenChandy

2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

പ്രളയം മനുഷ്യനിര്‍മിതം! ; യൂ. ഡി. എഫ് നടപടിയെടുക്കും

 


2018ലെ പ്രളയം മനുഷ്യനിര്‍മിതിമാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ഇതു സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തുടര്‍ നടപടി  സ്വീകരിക്കും. 

പ്രളയം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡാമുകളില്‍ ഉണ്ടായിട്ടും അതു പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം അതിരൂക്ഷമാക്കിയത് എന്ന ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍  അതീവ ഗുരുതരമാണ്.

സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേര്‍ ഭവനരഹിതരാകുകയും 433 പേര്‍ മരണമടയുകയും ചെയ്ത ഈ ദുരന്തത്തിന് ഉത്തരം പറയാന്‍  പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളം കണ്ട ഏറ്റവും വലിയ ഈ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍  ഞെട്ടിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളാണ്  റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച്  അക്കൗണ്ടന്റ് ജനറലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ രംഗത്തെ പ്രഗത്ഭരായ പിപി മജുംദാര്‍, ഐഷ ശര്‍മ, ഗൗരി ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും പരമാവധി രേഖകള്‍  സമാഹരിച്ചും തയാറാക്കിയ 148പേജുള്ള റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ എജിക്കു സമര്‍പ്പിച്ചു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം.  

കണ്ടെത്തലുകളില്‍

1.റൂള്‍ കേര്‍വ് ഉപയോഗിച്ചില്ലഃ ഒരു വര്‍ഷത്തെ വിവിധ സമയങ്ങളില്‍ ഏതളവില്‍ ഡാമില്‍ ജലം സംഭരിക്കപ്പെടണം, അല്ലെങ്കില്‍ ഏതളവുവരെ ശൂന്യമായി ഡാമിടണം, എന്ന് വ്യക്തമാകുന്നതാണ്  Rule Curve  . ഇത് ഡാം മാനേജ്‌മെന്റില്‍  വളരെ പ്രധാനമാണ്. മഴമാസങ്ങളില്‍ ജലനിരപ്പ് Full Reservoir Level നേക്കാള്‍ താഴെ നിര്‍ത്തുമ്പോഴാണ് അധിക ജലത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്. എന്നാല്‍ 2018ലെ പ്രളയ കാലത്ത് റിസെര്‍വോയറിന്റെ പ്രവര്‍ത്തനത്തിന് Rule Curve ഉപയോഗിച്ചില്ല.  ഇടുക്കി ഡാമിന് 1983 മുതല്‍ Rule Curve നിലവിലുണ്ടെങ്കിലും അത് പാലിച്ചിട്ടില്ല. Rule Curve പാലിച്ചിരുന്നുവെങ്കില്‍ പ്രളയം രൂക്ഷമായിരുന്ന ഓഗസ്‌റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമില്‍നിന്നു പുറത്തേക്കു വിട്ട വെള്ളത്തിന്റെ അളവ് വളരെ കുറയ്ക്കാന്‍  കഴിയുമായിരുന്നു. 308.13 MCM  (മില്യന്‍ ക്യുബിക് മീറ്റര്‍) വെള്ളത്തിനു പകരം 467.51 MCM വെള്ളമാണ് പുറേത്തക്കു തള്ളിയത്.  ഇതാണ്  പ്രളയത്തിന്റെ ഒരു പ്രധാന കാരണം. റൂള്‍  കര്‍വ് പ്രകാരം ഇടുക്കി ഡാമില്‍ 1387.90 എംസിഎം വെള്ളമാണ് ഉണ്ടാകേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1892.37 എംസിഎം ആണ്.  

ഇടമലയാറില്‍ 751.81 എംസിഎം വെള്ളം ഉണ്ടാകേണ്ടിയിരുന്നിടത്ത് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1081.39 എംസിഎം വെള്ളം ആയിരുന്നു. രണ്ടിടത്തും എത്രയോ അധികമാണിത്.

2. ഫ്‌ളഡ് കുഷിന്‍ വിനിയോഗിച്ചില്ലഃ Full Reservoir Level നും Maximum Water Level നും ഇടക്കുള്ള സ്‌പേസിനെ ഫ്‌ളഡ് കുഷിന്‍ സംവിധാനം എന്നാണ് പറയുന്നത്. മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം ഈ സ്ഥലത്താണ് സംഭരിക്കുന്നത്. എന്നാല്‍ ഇടുക്കി ഡാമില്‍ ഇത് പ്രളയകാലത്ത്  ഉപയോഗിച്ചില്ല.   Flood Cushion  അളവായ 110.42 എംസിഎം ഉപയോഗിച്ചിരുന്നെങ്കില്‍ ഡാമുകളില്‍ നിന്നും തുടക്കത്തില്‍ ജലം ഒഴുക്കിവിടുന്നത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിന്റെ കാര്യത്തിലും ഇത് ഉപയോഗിച്ചില്ല. ഇതും പ്രളയത്തിനു വഴിയൊരുക്കി.

3. മുന്നറിയിപ്പുകള്‍ ഉണ്ടായില്ലഃ മഴ മാസങ്ങളില്‍ കനത്ത മഴയ്ക്കും തുടര്‍ന്ന്  അണക്കെട്ടുകളില്‍ വന്‍തോതില്‍ വെള്ളമെത്താനുള്ള സാധ്യതയുമാണ് ഉള്ളത്.  ഈ സമയത്താണ് റിസെര്‍വോയറുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടതും മുന്നറിയിപ്പുകള്‍ നല്‍കേണ്ടതും. എന്നാല്‍ ഇതിനുള്ള കാര്യമായ ശ്രമം വെള്ളപ്പൊക്കത്തിന് മുന്നോടിയായി ഉണ്ടായില്ല. 2018 ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 19 വരെ സാധാരണ ലഭ്യമാകുന്നതിനേക്കാള്‍ 42% അധികം മഴയാണ് ലഭിച്ചത്. സാധാരണ ലഭിച്ചിരുന്നത് 1649.5 mm മഴയായിരുന്നെങ്കില്‍ അക്കാലയളവില്‍ അത് 2346.6 mm ആയി വര്‍ധിച്ചു.

4. ടണലുകളില്‍ തടസംഃ പ്രളയ സമയത്തു ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസം കാരണം Power House - ലേക്കു വെള്ളം തുറന്നു വിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍  2018 ഓഗസ്‌റ് 16  മുതല്‍ 18 വരെ വൈദ്യതി ഉല്പാദിപ്പിച്ചിരുന്നുമില്ല.

5) പ്രളയ സംവിധാമുണ്ട്ഃ  ഡാമുകള്‍ വൈദ്യുതി ഉല്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതാണെന്നും പ്രളയം നിയന്ത്രിക്കാന്‍ ഡാമുകള്‍ക്ക് സംവിധാനം ഇല്ലെന്നുമുള്ള പച്ചക്കള്ളമാണ് സര്‍ക്കാര്‍ ഇതുവരെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഐഐഎസ് സി സംഘത്തോടും ഇതു തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഇടുക്കി ഡാമിന്റെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖകള്‍ പ്രകാരം ഈ ഡാമിനു പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നേരത്തെ മുതലുണ്ട്. വൈദ്യുതി ഉല്പാദനം കൂടാതെ പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനം പ്രളയ മേഖലയിലെ എല്ലാ ഡാമുകള്‍ക്കും ബാധകമാണ്.

നാശനഷ്ടക്കണക്ക്

2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ജീവനും സ്വത്തിനും ഉണ്ടാക്കിയത്. പ്രളയവും അതിനേ തുടര്‍ന്നുണ്ടായ വിനാശകരമായ മണ്ണിടിച്ചിലും 54 ലക്ഷം കേരളീയരെയാണ് നേരിട്ടുബാധിച്ചത്. 14 ലക്ഷം ആള്‍ക്കാര്‍ സ്ഥലം വിട്ടു പോകേണ്ടതായി വന്നു.  433 ജീവനാണ് പൊലിഞ്ഞത്. വീടുകള്‍, റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, വൈദ്യുതി വിതരണം, വിവരസാങ്കേതിക ശൃംഖല, മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവക്ക് വലിയ നാശത്തിനാണ് പ്രളയവും മണ്ണിടിച്ചിലും ഇടയാക്കിയത്. കാര്‍ഷിക വിളകളും കന്നുകാലികളും ഒലിച്ചു പോകുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്തെ മൊത്തത്തില്‍ പ്രളയം ബാധിച്ചുവെങ്കിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, വയനാട് എന്നീ ഏഴു ജില്ലകളെയാണ് ഏറ്റവും അധികം ബാധിച്ചത്.

5160 ചതുരശ്ര കിലോമീറ്റര് വിസ്തീര്‍ണമുള്ള പെരിയാര്‍ നദീതടത്തെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പെരിയാര്‍ നദീതടത്തില്‍ മുന്ന് പ്രധാന അണക്കെട്ടുകളാണ് - ഇടുക്കി, ഇടമലയാര്‍, മുല്ലപ്പെരിയാര്‍. ഇടുക്കിയും ഇടമലയാറും ഗടഋആ യുടെ നിയന്ത്രണത്തിലും, മുല്ലപ്പെരിയാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്.

Report of Amicus Curie

- ഡാമുകളുടെ മാനേജ്‌മെന്റില്‍ ഉണ്ടായ വീഴ്ചയാണ് 2018 ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായത് എന്നാണ് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍.

- 79 ഡാമുകളുള്ളതില്‍ ഒന്നുപോലും,  വെള്ളപ്പൊക്ക നിയന്ത്രണത്തിനോ, അത് കുറക്കുന്നതിനൊവേണ്ടിയോ  പ്രവര്‍ത്തിച്ചില്ല.

Report of Rajiv Institute of Development Studies

- രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലൊപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ആനയിറങ്കല്‍, തെന്മല ഡാമുകള്‍ ഒഴികെയുള്ള മറ്റു ഡാമുകളെല്ലാം കവിഞ്ഞൊഴുകിയതു ഭരണപരമായ പിടിപ്പുകേടു മൂലമാണ് എന്നാണ്.

- കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ കാലാവസ്ഥ മുന്നറിയിപ്പ് അതിന്റെ ഗൗരവത്തോടെ എടുക്കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാന, ജില്ലാ, തദ്ദേശ ഭരണ സംവിധാനങ്ങള്‍ മുന്നറിയിപ്പിന് അനുസരിച്ചു പ്രവര്‍ത്തി ക്കുന്നതില്‍ പരാജയപ്പെട്ടു.

- മറ്റു വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തമായി 2018 ജൂലൈയില്‍ തന്നെ ഡാമുകള്‍ മിക്കവാറും നിറഞ്ഞ സ്ഥിതിയില്‍ ആയിരുന്നു. ഡാമുകളുടെ സുരക്ഷയെ കരുതിയെങ്കിലും ആ സമയത്തു തന്നെ നിയന്ത്രിതമായ രീതിയില്‍ ഡാമുകളില്‍നിന്നും വെള്ളം വിടേണ്ടതായിരുന്നു. അതുണ്ടായില്ല.

- ഏകോപനമില്ലായ്മയും സമയ ബന്ധിതമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വന്നതും പ്രളയത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തി.



അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം

 


കായംകുളം നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

ഈ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച്, എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് കഠിനാധ്വാനത്തിലൂടെ കടന്നുവന്ന ഊർജ്ജസ്വലയായ പെൺകുട്ടിയാണ് അരിത.

കായംകുളത്ത് അരിതയുടെ വിജയം ഉറപ്പായതോടെയാണ് സിപിഎം അക്രമ പ്രവർത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.



2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യൂ.ഡി.എഫ് കൈവിടില്ല

 


ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്കിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍  സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്കാതെ വഞ്ചിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. പണമില്ലാത്തതിന്റെ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നൽക്കുന്നു.

ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേരാണ്  ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നല്കുന്ന സഹായമാണ് മുടങ്ങിയത്.  സാമൂഹിക സുരക്ഷാമിഷന്‍  മുഖേനയാണ് ധനസഹായം നല്കുന്നത്.

ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാലംബര്‍ക്കു പ്രതിമാസം 600 രൂപയാണ് ധനസഹായം. 1,14,188 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 13 മാസമായി 89 കോടി രൂപയാണു ഈ പദ്ധതിയില്‍ മാത്രം കുടിശിക.

സമാശ്വാസം പദ്ധതികളില്‍  കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്ക്  പ്രതിമാസം 1100 രൂപ വീതം നല്കുന്നത് മാസങ്ങളായി മുടങ്ങി. 8382 രോഗികളാണ് പദ്ധയിലുള്ളത്.

സ്‌നേഹസ്പര്‍ശം- അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ധനസഹായം  11 മാസമായി മുടങ്ങി.  1614 ഗുണഭോക്താക്കള്‍.

സ്‌നേഹപൂര്‍വം- മാതാപിതാക്കളോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ മരിച്ച കുട്ടികള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെ ധനസഹായം 2019- 20 അധ്യയനവര്‍ഷത്തിനുശേഷം നല്കിയില്ല.

വി കെയര്‍- അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന വികെയര്‍ പദ്ധതിയില്‍ 3.60 കോടി രൂപ കെട്ടിക്കിടക്കുന്നു.

ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് മനഃസാക്ഷിയുള്ള കേരളം മാപ്പു നല്കില്ല.

പീയുഷ് ഗോയലിന്റെ നിലപാട് ന്യൂനപക്ഷ വിരുദ്ധം.

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.