UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, നവംബർ 30, തിങ്കളാഴ്‌ച

കര്‍ഷക സമരം കണ്ടില്ലെന്ന് നടിക്കുന്നത് തീക്കളി

 


കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോഡി ഭരണകൂടം തീക്കളിയാണ് നടത്തുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍  തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍കൂടി എത്തുന്നതോടെ 'ഡല്‍ഹി ചലോ മാര്‍ച്ച്' കര്‍ഷകസാഗരമായി മാറും.

കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.  റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. 9 സ്‌റ്റേഡിയങ്ങള്‍  ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്  

ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ്  കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളും എത്തി.  ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലുള്ളത്.

കര്‍ഷകരെ കേള്‍ക്കാന്‍ മോഡി ഭരണകൂടം തയാറാകുന്നില്ല.  കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍  ആവര്‍ത്തിച്ചു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ?  അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടേ?

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പാര്‍ലമെന്റ് പാസാക്കിയ 3 കര്‍ഷക നിയമങ്ങളാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇവ കര്‍ഷകതാത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.

'ജയ്ജവാന്‍ ജയ്കിസാന്‍' എന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ ഇന്ത്യവിളിച്ച മുദ്രാവാക്യമാണ്. എന്നാല്‍, കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.



2020, നവംബർ 29, ഞായറാഴ്‌ച

സിൽവർലൈൻ അനുമതി നിഷേധം: പ്രായോഗികം, യൂ.ഡി.എഫിന്റെ സബർബൻ പദ്ധതി

 


ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണം.  ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കില്‍ അത് ഇതിനോടകം യാഥാര്‍ത്ഥ്യമാകുമായിരുന്നു.

സില്‍വര്‍ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ്  പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്.  മര്‍മപ്രധാനമായ കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല.  സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നനുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം.  കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ   സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

വിഎസ് അച്യുതാനന്ദര്‍  സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച  കേരള ഹൈസ്പീഡ് റെയില്‍  പദ്ധതിയുടെ താങ്ങാനാവാത്ത  ചെലവും (1,27,000 കോടി രൂപ) സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ചാണ് യുഡിഎഫ്   സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.

ഇടതുസര്‍ക്കാര്‍ ഹൈസ്പീഡ് പദ്ധതിയെ പൊടിതട്ടിയെടുത്താണ് അര്‍ധഅതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതി രൂപീകരിച്ചത്. ഇതിന്  തിരുവനന്തപുരം മുതല്‍  തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്.  ഇതിന്റെ ഡിപിആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി  കേരള റെയില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും  പാര്‍ട്ടിക്കാരെ  കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും  സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


2020, നവംബർ 28, ശനിയാഴ്‌ച

ഇടതുപക്ഷത്തിന്റേത് കള്ള പ്രചാരണം; ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍

 


സാമൂഹിക ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണ്.  ഇക്കാര്യത്തില്‍ ഇടതുപക്ഷം അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണ്.

വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു.  ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന  യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും  പെന്‍ഷന്‍കാരുടെ എണ്ണവും കുത്തനെ കൂട്ടി. പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമായി.

ആദ്യവര്‍ഷം 300 രൂപയില്‍ നിന്ന് 400 രൂപയാക്കി (GO (ms) 60/2011, SWD-13/12/2011). 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി.  അഗതി  (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ  700 രൂപയായി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,000 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,100 രൂപയുമായി.

2014ലെ വര്‍ധന ( സാമൂഹികക്ഷേമ വകുപ്പ്: സ.ഉ (സാധാ) നം 571/2014/ സാനീവ, 10.9.2014). പ്രകാരം അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി.

2016ല്‍  75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി  (സ.ഉ.(എംഎസ്) നം 24/2016, സാനീവ, 1.3.2016). ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ളത് ഈ വിഭാഗത്തിലാണ്. 2015ല്‍ 12.21 ലക്ഷം പേര്‍.

യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാം എന്നും തീരുമാനിച്ചു ( GO (ms) 52/2014, 20.6.2014).

ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന  വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വൃദ്ധജനങ്ങള്‍ക്കും  കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു.


2020, നവംബർ 23, തിങ്കളാഴ്‌ച

പോലീസ് നിയമഭേദഗതി: ജനാധിപത്യവിരുദ്ധം, അപകടകരം

 


മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ല. അഴിമതിയുടെയും ആരോപണങ്ങളുടെയും  ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം  പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍  കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും  പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം.  

അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.  എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും.

2020, നവംബർ 18, ബുധനാഴ്‌ച

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: സർക്കാരിന്റെ ജാള്യത മറക്കാൻ

 

സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത്  ജനശ്രദ്ധ തിരിക്കാനാണ്  ശ്രമിക്കുന്നത്.   തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത  നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.  

2017 ഒക്‌ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ്  സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്.  2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍  കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്. പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍  ഒപ്പിടുക മാത്രമാണ്  മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം പലിശയോടെ തിരിച്ചടക്കുകയും ചെയ്തു.

പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ഡിഎസ്  കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍,  20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്കിയത്. പാലത്തിന്റെ ലോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി. മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ലഭിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച  245 പാലങ്ങളും  ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നിലനില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നത്.