UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, നവംബർ 21, വ്യാഴാഴ്‌ച

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുതിയ വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ സൗരോര്‍ജനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വൈദ്യുതി മന്ത്രി 2012 ജൂണ്‍ 29 ന് വിളിച്ച യോഗത്തിലാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന തീരുമാനം എടുത്തത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനെര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്മേലുള്ള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോള്‍ നയത്തിന് അന്തിമരൂപം നല്‍കിയത്. അത് മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

ഇതനുസരിച്ച് എല്ലാ വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്കും സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. അംഗീകൃത സൗരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.

2015 മാര്‍ച്ച് വരെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 0.25 ശതമാനം വൈദ്യുതി സോളാര്‍ ആകണം. 2015 മാര്‍ച്ചിനുശേഷം, വര്‍ഷം പത്ത് ശതമാനംവെച്ച് വര്‍ധിപ്പിക്കണം. 

2017 ല്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉല്പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ട് ആയി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു. 

പഞ്ചായത്തുകള്‍ക്കും മറ്റും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോര്‍ജം ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. നിലവിലെ ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റാനും സഹായം നല്‍കും. 

2000 മുതല്‍ 3000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 100 ലിറ്ററിന്റെ സൗരോര്‍ജ വാട്ടര്‍ ഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിര്‍ബന്ധമാക്കും. 3000 ചതുരശ്രയടിക്ക് മുകളില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും 100 ലിറ്റര്‍ സൗരോര്‍ജ വാട്ടര്‍ഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പൊതുആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണം. 

50 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവയില്‍ സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും. 

20 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള എല്‍.ടി. വ്യവസായ ഉപഭോക്താക്കള്‍, 50 കെ.വി.യില്‍ കൂടുതലുള്ള ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കും.

സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളില്‍ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവര്‍ കമ്മിറ്റി ആയിരിക്കും തീരുമാനമെടുക്കുക. സൗരോര്‍ജ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പാനല്‍ ഉണ്ടാക്കുന്നത് അനെര്‍ട്ടായിരിക്കും. 

കനാലുകള്‍, റിസര്‍വോയറുകള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ ഉല്പാദനത്തിന് സൗകര്യമൊരുക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഇവയ്‌ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നടപടി ഉണ്ടാവും. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് കെല്‍ട്രോണ്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. 

സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, കാന്റീനുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം നിര്‍ബന്ധമാക്കും. 

സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും നയരേഖയില്‍ പറയുന്നു. 

123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകം

പരിസ്ഥിതി ദുര്‍ബല - ലോലപ്രദേശങ്ങള്‍ വ്യത്യസ്തം

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതി ദുര്‍ബലപ്രദേശമായി 123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശവും പരിസ്ഥിതി ലോലപ്രദേശവും രണ്ടാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദുര്‍ബലപ്രദേശം (എക്കോളിജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ഇ.എഫ്.എല്‍. ആക്ടിന്റെ കീഴില്‍ വരുന്നതാണ്. അത് വനംവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വനടത്തിപ്പും എന്ന നിയമം പൂര്‍ണമായും വനംവകുപ്പിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം പരിസ്ഥിതി ലോലപ്രദേശം (എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-ഇ.എസ്.എ.) പരിസ്ഥിതി സംരക്ഷണ ആക്ടിന്റെ പരിധിയിലാണ്. ജില്ലാഭരണകൂടത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനുമാണ് അതിന്റെ ചുമതല. ഇതിന് വനവുമായി ഒരു ബന്ധവുമില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശം പ്രഖ്യാപിച്ചിരിക്കുന്നത് ഇ.എഫ്.എല്‍. ആക്ട് അനുസരിച്ചല്ല. ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് എല്ലാ ഭയാശങ്കകളുടെയും അടിസ്ഥാനം. പരിസ്ഥിതി ലോലപ്രദേശം വനഭൂമിയല്ല. അത് പട്ടയഭൂമിയും പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയുമാണ്. ഇ.എസ്.എ. പ്രദേശത്ത് പട്ടയം കിട്ടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

123 വില്ലേജുകള്‍ നിശ്ചയിക്കാന്‍ സ്വീകരിച്ച നടപടിക്രമത്തില്‍ അപാകമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റിമോട്ട് സെന്‍സിങ് വഴിയാണ് വില്ലേജുകള്‍ നിശ്ചയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന റബ്ബര്‍പ്ലാന്റേഷന്‍ കാടായി വരാം എന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അതിന് പ്രകടമായ ഉദാഹരണം ഉണ്ടാവുകയുംചെയ്തു.

കോട്ടയം ജില്ലയിലെ മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍ തെക്കേക്കര എന്നീ മൂന്നു വില്ലേജുകള്‍ 123-ല്‍ വരും. എന്നാല്‍ അവിടെ ഒരിഞ്ച് വനഭൂമിയില്ല. റബ്ബര്‍തോട്ടമാണ്. റിമോട്ട് സെന്‍സിങ്ങില്‍ അത് തെറ്റായി മാര്‍ക്ക്‌ചെയ്തിരിക്കുന്നു. ഇത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു. ഈ നോട്ടിഫിക്കേഷന്‍ വരുന്നതിന്മുമ്പ് അവിടത്തെ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും പൂര്‍ണമായും അതേ നിലയില്‍ തുടരും.

എന്നാല്‍ ചില പ്രദേശങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്. കരം അടയ്ക്കാന്‍ തടസ്സം, ക്രയവിക്രയത്തിന് തടസ്സം, മരം വെട്ടുന്നതിന് നിയന്ത്രണം, ഭൂമിയുടെമേല്‍ വായ്പയെടുക്കാന്‍ തടസ്സം എന്നിങ്ങനെ ജനങ്ങളില്‍ ഭീതി പരത്തുന്ന നടപടികള്‍ ഉണ്ടായതായി പരാതി വന്നിട്ടുണ്ട്.

അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി രജിസ്‌ട്രേഷന്‍, ടിംബര്‍ പെര്‍മിറ്റ്, കരം സ്വീകരിക്കല്‍, ഭൂമിയുടെമേല്‍ വായ്പയെടുക്കല്‍, സ്വകാര്യഭൂമിയിലെ തടി വെട്ടാനുള്ള അവകാശം, കെട്ടിടനിര്‍മാണം തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ന് നിലവിലുള്ളതുപോലെ തുടരുന്നതിന് ഒരു പ്രശ്‌നവുമില്ല. ഒരാള്‍ക്കും അവിടെ ഒരു ബുദ്ധിമുട്ടും ഇന്നുണ്ടാവില്ല, ഭാവിയിലും ഉണ്ടാവില്ല-മുഖ്യമന്ത്രി പറഞ്ഞു.

റിമോട്ട് സെന്‍സിങ്ങിലെ തെറ്റ് വ്യക്തമായ നിലയ്ക്ക് അത് ബോധ്യപ്പെടുത്തി 123-ല്‍നിന്ന് പല വില്ലേജുകളെയും അടര്‍ത്തിയെടുക്കാം. ശേഷിക്കുന്ന വില്ലേജുകളില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും പരിഗണിച്ചാല്‍ കേരളത്തിന്റെ ആശങ്ക പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനാല്‍, വിദഗ്ധസമിതിയുമായി എല്ലാവരും സഹകരിച്ചാല്‍, അവരുടെ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാം-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാറിന് തടസ്സമില്ല. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവരും പ്രായോഗികമായ സമീപനം സ്വീകരിക്കുന്നവരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദഗ്ധസമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചുവരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ആവശ്യപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ 16 സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. അതിനുശേഷം സമിതി, സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതില്‍ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും-മുഖ്യമന്ത്രി പറഞ്ഞു. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തെ ബാധിക്കുന്നതും പരാമര്‍ശിക്കുന്നതുമായ ഭാഗങ്ങളും ശുപാര്‍ശകളും മലയാളത്തിലാക്കി ഉടനെ വെബ്‌സൈറ്റിലിടും. അതിന്റെ പകര്‍പ്പുകള്‍ പഞ്ചായത്തുതലത്തില്‍വരെ എത്തിച്ചുകൊടുക്കും. എല്ലാ ജനപ്രതിനിധികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കും. താത്പര്യമുള്ളവര്‍ക്ക് ജൈവവൈവിധ്യ ബോര്‍ഡുമായി ബന്ധപ്പെട്ടാലും പകര്‍പ്പ് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2013, നവംബർ 17, ഞായറാഴ്‌ച

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

 ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല -ഉമ്മന്‍ ചാണ്ടി
‘സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ല’
 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്ര തീരുമാനത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. വിജ്ഞാപനപ്രകാരം ആരെയും കുടിയിറക്കില്ളെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


റിപ്പോര്‍ട്ടിലെ പോരായ്മ പരിഹരിക്കുകയോ നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഏകപക്ഷീയമായി വിജ്ഞാപനം ഇറക്കിയതാണ് പ്രതിഷേധ കാരണം. വിഷയം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കും. കേന്ദ്ര വനംമന്ത്രിയുമായി സംസാരിക്കും. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ പോകും. സര്‍വകക്ഷി യോഗവും വിളിക്കും.
ജനങ്ങളെയും കൃഷി ഉള്‍പ്പെടെ ജീവനോപാധികളെയും ബാധിക്കാതെ മാത്രമേ അവസാന രൂപം ഉണ്ടാക്കൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം അഞ്ച് കാര്യങ്ങളിലൊഴികെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. അഞ്ച് കാര്യങ്ങളില്‍ തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥയുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി തുടരും. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുന്നോട്ടുപോകും. കമ്മിറ്റിയോട് ജനങ്ങള്‍ സഹകരിക്കണം. ഇപ്പോഴത്തെ പോലെ കൃഷി തുടരാനും ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സമില്ല. പ്രതിഷേധ സമരങ്ങള്‍ പല ഭാഗത്തും അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം. പ്രതിഷേധിക്കാനും വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ അക്രമത്തിലേക്ക് നീങ്ങരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുത്. റിപ്പോര്‍ട്ടിനെ കുറിച്ച പ്രചാരണങ്ങള്‍ ബോധപൂര്‍വമാണെന്ന് കരുതുന്നില്ല. ഭയത്തിന്‍െറ സാഹചര്യമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്ന് വളരെ മാറ്റങ്ങളോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും ചില വിഷയങ്ങളില്‍ പ്രശ്നമുണ്ട്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കുകയും സംസ്ഥാന തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്.


കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ എതിരല്ല. 

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ദുരിതനിവാരണത്തിന്റെ രാപകലായി നീണ്ടപ്പോള്‍ സഹായധനമായി കൈമാറിയത് 1,94,27,500 രൂപ. നേരത്തേ ലഭിച്ച 10,065 പരാതികള്‍ക്കുപുറമേ, ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി സമര്‍പ്പിച്ചത് 11,185 പേര്‍. മുന്‍കൂട്ടിനല്‍കിയ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതിനുപുറമേ, പുതിയ പരാതികളില്‍ 600 എണ്ണത്തിലും രാത്രി വൈകുവോളമിരുന്ന് മുഖ്യമന്ത്രി തീര്‍പ്പുകല്പിച്ചു.

ദൈന്യതയും വേദനയും നിറഞ്ഞ കണ്ണുകളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ രാവിലെ മുതല്‍ ജനസമ്പര്‍ക്കപരിപാടി നടന്ന ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലെത്തി. രാവിലെ 8.20-ന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഒമ്പതുമണിയോടെ ഔപചാരികതയില്ലാതെ പരിപാടിയിലേക്ക് കടന്നു. 

ദുരിതാശ്വാസനിധി വിതരണമാണ് ജനസമ്പര്‍ക്കപരിപാടിയെന്ന് ആക്ഷേപിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെയാണ് പറയുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ തീരുമാനം എടുക്കുന്നതിലല്ല പ്രസക്തി, തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി തന്റെ മുന്നിലെത്തുമ്പോള്‍, പരാതി ന്യായമാണെന്ന് മനസ്സിലാവുന്നു. അത് അംഗീകരിക്കേണ്ടതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ആഗ്രഹിച്ചാലും ചട്ടം അതിന് അനുവദിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായത് മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. ഇങ്ങനെ ഇതുവരെ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പരിഹരിക്കാന്‍ ചട്ടം അനുവദിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവുകളിറക്കി എന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, ഉമ്മര്‍, കളക്ടര്‍ സി.എ.ലത എന്നിവരുടെ ലഘുഭാഷണം. 

9.20-ഓടെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചുതുടങ്ങി.ഉച്ചയ്ക്ക് ഒന്നേകാല്‍വരെ രോഗികള്‍, വൈകല്യമുള്ളവര്‍, വിധവകള്‍ തുടങ്ങി സഹായത്തിന്റെ ഒരു കൈത്താങ്ങിനായി എത്തിയവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. പ്രയാസങ്ങള്‍ കേട്ടശേഷം 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം അനുവദിച്ചു. ഒന്നേകാലിന് വേദിയില്‍നിന്നിറങ്ങി നേരേ വേദിക്കുപുറത്തായി പുതിയ പരാതി നല്‍കാന്‍ എത്തിയവരുടെ ഇടയിലേക്ക്. ഇവിടെയുള്ളവരില്‍നിന്ന് പരാതി വാങ്ങിയശേഷം ക്രിസ്ത്യന്‍കോളേജിന് എതിര്‍വശമുള്ള സെന്റ്‌ജോസഫ്‌സ് പള്ളിയില്‍ കൂടിനില്‍ക്കുന്നവരില്‍നിന്ന് പരാതി വാങ്ങി. അത് വാങ്ങിത്തീരുമ്പോഴേക്കും മണി നാലരയായി. അതിനുശേഷം വീണ്ടും മുഖ്യവേദിയിലേക്ക്. ഇതിനിടയില്‍ മൂന്നുഗ്ലാസ് വെള്ളം കുടിച്ചതല്ലാതെ ഭക്ഷണമൊന്നുമില്ല.
വൈകുന്നേരം ആറരയോടെ മുന്‍കൂട്ടി നല്‍കിയ പരാതിക്കാരെ മുഴുവന്‍ മുഖ്യമന്ത്രി കണ്ടുകഴിഞ്ഞു. അപ്പോഴേക്കും വേദിക്കുപുറത്ത് വീണ്ടും വന്‍ജനക്കൂട്ടം പുതിയ പരാതികള്‍ നല്‍കാന്‍ കാത്തുനിന്നു. ഇവരുടെ പരാതികള്‍ വാങ്ങിത്തീരുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞു.
 

2013, നവംബർ 14, വ്യാഴാഴ്‌ച

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു -മുഖ്യമന്ത്രി

 

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കാരണം തിരയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും സി.പി.എമ്മും സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കൊല്ലത്ത് നടന്ന കെ.എസ്.യു. സമ്മേളനത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. 1977-ല്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയാണ് അന്ന് കാരണമായി പറഞ്ഞത്. 1989-ല്‍ അഴിമതിയുടെ പേര് പറഞ്ഞ് ഇവര്‍ ഒന്നായി. വി.പി.സിങ്ങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റും നേടില്ല. സി.പി.എമ്മിന്റെ കാര്യത്തിലും ഏറെ മെച്ചമുണ്ടാകില്ല.

ദേശീയതലത്തില്‍, കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്ക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇവിടെ അതുതന്നെയാണ് സി.പി.എമ്മിന്റേയും ലക്ഷ്യം. അതുകൊണ്ടുതന്നെ ഏത് പുതിയ കാരണത്താലാണ് യോജിപ്പിലെത്താന്‍ കഴിയുക എന്നകാര്യം ഇരുപാര്‍ട്ടികളും ആലോചിക്കുന്നുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല - ഉമ്മന്‍ചാണ്ടി

 

പ്രതിയുടെ മൊഴി തിരുത്തലല്ല അഡ്വക്കേറ്റ് ജനറലിന്റെ പണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴി തിരുത്തിയതിന് പിന്നില്‍ എ.ജി.യാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേട്ടിന് തെറ്റു പറ്റിയെന്ന കാര്യവും അതിനെതിരെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തെലുമെല്ലാം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. പത്രങ്ങള്‍ വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്താനാണ് അഡ്വക്കേറ്റ് ജനറലിനെ നിയോഗിച്ചിട്ടുള്ളത്. മൊഴി തിരുത്തലല്ല അദ്ദേഹത്തിന്റെ പണി. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കോടതി സ്വതന്ത്രവും ശക്തവുമാണ്. അത് ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായകമാണ്. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല-മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശിന്റെ സ്വത്തുകള്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കൈവശം വെയ്ക്കാവുന്ന സ്വത്ത് മാത്രമേ അടൂര്‍ പ്രകാശിന്റെ പക്കലുള്ളൂവെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ഒന്നും അദ്ദേഹം ചെയ്യില്ല. ഭൂരഹതരില്ലാത്ത കേരളം, പട്ടയ വിതരണം തുടങ്ങിയ പദ്ധതികള്‍ മികച്ച നിലയില്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നയാളാണ് അടൂര്‍ പ്രകാശ്. അത്തരം പദ്ധതികളെ അട്ടിമറിക്കാനും മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. നല്ലപോലെ കായ്ക്കുന്ന മാവിനേ കല്ലേറ് കൊള്ളൂ-മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന് കെ.എം.മാണിയോട് താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ''ഞാന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടില്ല. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഞാനല്ല ഉത്തരവാദി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയാല്‍ കൊള്ളാം''- മുഖ്യമന്ത്രി പറഞ്ഞു. 

എഴുന്നേല്‍ക്കാന്‍ വയ്യാത്തവരെപ്പോലും ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരണമെന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷയിന്‍മേല്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സഹായം നല്‍കുന്നുണ്ട്. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നേരിട്ടെത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

2013, നവംബർ 11, തിങ്കളാഴ്‌ച

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം -മുഖ്യമന്ത്രി

 

കോട്ടയം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ തെളിവില്ലാത്തതിനാല്‍ തലയൂരാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ഒരു രൂപയുടെപോലും നഷ്ടമോ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്‍െറ എന്തെങ്കിലും സഹായമോ ഇല്ലാത്ത കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണകമീഷന് മുന്നില്‍ ഹാജരാക്കാന്‍ ഇടതുപക്ഷം തന്‍േറടം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുനക്കര മൈതാനത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സോളാര്‍ കേസിന്‍െറ അന്വേഷണ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിനുകൂടി സ്വീകാര്യനായ ജഡ്ജിയെയാണ് കമീഷനായി നിയോഗിച്ചത്. ഇടതുസര്‍ക്കാറിന്‍െറ കാലത്തും തട്ടിപ്പുണ്ടായെങ്കിലും കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ചില സ്വകാര്യ വ്യക്തികളെ കബളിപ്പിച്ചു എന്നത് മാത്രമാണ് കേസിലെ കാതലായ പ്രശ്നം. എന്നാല്‍, ലാവലിന്‍ കേസില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായത്.

കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ഊറ്റംകൊള്ളുന്ന സി.പി.എം ഈ നഷ്ടം ആരു നികത്തുമെന്ന് പറയണം. വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ കോടതിയെ പുകഴ്ത്തുകയും എതിരാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. കോടതിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നയമല്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍െറ തീക്ഷ്ണത തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് കല്ളെറിഞ്ഞതില്‍ പരാതിയില്ല. എന്നാല്‍, നിയമം കൈയിലെടുക്കുന്നത് ആരായലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.

അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിന് പാവങ്ങളോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി അധ്യക്ഷത വഹിച്ചു.

2013, നവംബർ 5, ചൊവ്വാഴ്ച

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

മലപ്പുറം: ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരകനായി മുഖ്യമന്ത്രി ജനക്കൂട്ടത്തില്‍ ഒഴുകി നടന്നപ്പോള്‍ പ്രതിഷേധം പേരിനുമാത്രമായി. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്കപരിപാടിക്കാണ് മലപ്പുറം എം.എസ്.പി. മൈതാനം വേദിയായത്. കണ്ണൂരിലെ കല്ലേറിനുശേഷമുള്ള ആദ്യത്തേതും. കനത്ത സുരക്ഷാവലയത്തിലായിട്ടും ജനങ്ങളുടെ അടുത്തെത്തുന്ന പതിവില്‍ വലിയ വ്യത്യാസമുണ്ടായില്ല. 

'കുറച്ചുപേര്‍ക്ക് ധനസഹായം നല്‍കുന്നുവെന്നതല്ല ജനസമ്പര്‍ക്കപരിപാടിയുടെ മഹത്വം. ജനങ്ങളെ സേവിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഇത് വെളിവാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമപരിഷ്‌കരണത്തിന് കഴിയുന്നുവെന്നതാണ് വലിയ നേട്ടം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ ഫലമായി 45 ഉത്തരവുകള്‍ പുറത്തിറക്കാനായി. ഇതില്‍ 43 എണ്ണം ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞു' -ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്തിന്റെ വേഗത്തിലും പൗരന്റെ അവകാശ സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

മൊത്തം 10,171 അപേക്ഷകളാണ് പരിഗണനക്കെത്തിയത്. ഇതില്‍ 4217 എണ്ണം ജില്ലാ അധികാരികള്‍ പരിഹരിച്ചു. 2609 അപേക്ഷകള്‍ നിരസിച്ചു. മുഖ്യമന്ത്രിയുടെ പരിഗണനക്കായി എത്തിയത് 394 അപേക്ഷകളാണ്. ഇതിനുപുറമെ ആയിരക്കണക്കിന് അപേക്ഷകള്‍ അദ്ദേഹം നേരിട്ട് സ്വീകരിച്ചു. ഇവയുടെ നടപടിക്രമങ്ങള്‍ പിന്നീടാണ് നടക്കുക. ഇതിന്റെ മറുപടി അപേക്ഷകരെ നേരിട്ട് അറിയിക്കും. രാവിലെ എട്ടേമുക്കാലിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണംപോലുമൊഴിവാക്കിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ വേദിയിലെത്തി. മന്ത്രി എ.പി. അനില്‍കുമാറും ഉച്ചഭക്ഷണമുപേക്ഷിച്ച് മുഖ്യമന്ത്രിക്ക് സഹായം നല്‍കി വേദിയിലുണ്ടായിരുന്നു. 

കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരെപ്പോലും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. അപേക്ഷകരായി എത്തിയവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ മൈതാനത്തേക്ക് പ്രവേശിപ്പിച്ചത്. കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിരുന്നു. വേദിയില്‍ കയറുന്നതിനും വിലക്കുകളുണ്ടായിരുന്നു. പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു ചുറ്റും കമാന്‍ഡോകള്‍ വലയം തീര്‍ത്തു. പരാതികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനടുത്തേക്ക് എത്തിയതോടെ അധികസുരക്ഷാവലയം തീര്‍ക്കാന്‍ തണ്ടര്‍ബോള്‍ട്ടും എത്തി. പ്രതിഷേധം നടത്തുമെന്ന് പറഞ്ഞിരുന്ന നിരത്തിലും പ്രധാന പന്തലിലുമെല്ലാം നിരീക്ഷണ ക്യാമറകളും ഒരുക്കിയിരുന്നു. സുരക്ഷാച്ചുമതല നേരിട്ട് വഹിച്ചത് എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢിയും ഐ.ജി.എസ്. ഗോപിനാഥുമായിരുന്നു. ആയിരത്തി മുന്നൂറിലധികം പോലീസുകാരെയാണ് നിയോഗിച്ചത്.