UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 31, വ്യാഴാഴ്‌ച

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍ - മുഖ്യമന്ത്രിതിരുവനന്തപുരം: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളുടെ പട്ടികയുണ്ടാക്കി ഓരോരുത്തരെയായി കൊന്നുവെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പരസ്യമായി പറഞ്ഞത് ചെറുതായി കാണാനാവില്ല. നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ജനങ്ങളോടുള്ള കടമയാണ്-മുഖ്യമന്ത്രി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആരേയും പോലീസ് പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ് പോലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവര്‍ തന്നെ അവരുടെ ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ പോലീസ് പീഡനം നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആര് പീഡിപ്പിച്ചിട്ടാണ് എം.എം.മണി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പാര്‍ട്ടി വ്യക്തമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ കാലതാമസം ഉണ്ടാകില്ലെന്നും ഒരുദിവസംപോലും വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയും സ്മാര്‍ട്ട് സിറ്റി അധികൃതരുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് ആവശ്യമുള്ളത്. ഇത് ഉടനെ ലഭിക്കുമെന്നും പദ്ധതിക്ക് ആവശ്യമായ മറ്റ് അനുമതികള്‍ ലഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി കേരളത്തിന് നഷ്ടമാകില്ല. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു
.

2012, മേയ് 30, ബുധനാഴ്‌ച

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി 


 സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1200 കി.മീ. റോഡുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് തുടക്കമായി. 5100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

1200 കി.മീ റോഡ് പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 1100 കോടിരൂപയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്ന് 1500 കോടിരൂപയോളം വായ്പയെടുക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ നിന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ബാക്കി തുക സമാഹരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേകളേയും പ്രധാന ജില്ലാ റോഡുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് സെക്രട്ടറി പി.എച്ച്. കുര്യന്‍, റോഡ്ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

2012, മേയ് 29, ചൊവ്വാഴ്ച

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മെന്റര്‍ സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം 10 ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്കറ്റ് ഹോട്ടലില്‍ സാം പിത്രോഡ സംഘം നിര്‍ദേശിച്ച പദ്ധതികളുടെ വിശദ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കപ്പല്‍ഗതാഗതം, നോളജ് സിറ്റി, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ-ഗവേണന്‍സ് എന്നീ അഞ്ചു മേഖലകളിലുള്ള ബിസിനസ് പ്ലാനുകളാണ് സമ്പൂര്‍ണ വിശദാംശങ്ങളോടെ അവതരിപ്പിക്കുന്നത്.
നേരത്തെ 10 മേഖലകളാണ് പിത്രോഡ തെരഞ്ഞെടുത്തിരുന്നത്. ഇവയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവികസനവും, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിച്ച ജീവനക്കാരെ വീണ്ടും പ്രയോജനപ്പെടുത്തല്‍, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം, അതിവേഗ റെയില്‍ ഇടനാഴി എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ പദ്ധതികളുടെയും പൊതു ഏകോപനത്തിനു വേണ്ടി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍,ധനകാര്യ സെക്രട്ടറി വി.പി. ജോയി, പ്ലാനിങ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, സാം പിത്രോഡ സംഘാംഗങ്ങള്‍ തുടങ്ങിയവരടങ്ങിയ സമിതി രൂപവത്കരിച്ചു. പൊതുഖജനാവില്‍ നിന്നുള്ള പണം മാത്രം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സാം പിത്രോഡ ചൂണ്ടിക്കാട്ടി.

 എന്നാല്‍ നിലവാരമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 10 ശതമാനം വരുമാനം ഉറപ്പാക്കാമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുതന്നെ സാമ്പത്തികസഹായം ലഭിക്കും. അമേരിക്കയില്‍ രണ്ട് ശതമാനമാണ് പലിശ നിരക്ക്.

ലോകത്ത് എവിടെയും നിക്ഷേപം നടത്താന്‍ അമേരിക്കയില്‍ നിന്നുള്ള സംരംഭകര്‍ സന്നദ്ധരാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പരമാവധി സഹായം തേടിയും പദ്ധതികള്‍ നടപ്പാക്കും.
രാഷ്ട്രീയഇച്ഛാശക്തിയും ഭരണപരമായ പിന്തുണയുമാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൂടാതെ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ തുടങ്ങിയവര്‍ പിട്രോഡയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

2012, മേയ് 27, ഞായറാഴ്‌ച

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല: മുഖ്യമന്ത്രി  

 കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

 തിരൂര്‍ * രാഷ്ട്രീയവിരോധംവച്ച് സര്‍ക്കാര്‍ ആരെയും ദ്രോഹിക്കില്ലെന്നും എന്നാല്‍, നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    

നിയമത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. സമാധാനം നിലനിര്‍ത്തുന്നതിന് പൊലീസ് സേനയുടെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയക്കാര്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടരുതെന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും എത്ര വലിയവനായാലും മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയ്ക്ക് സര്‍ക്കാര്‍ എല്ലാ പരിഗണനയും നല്‍കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിനിധി സമ്മേളനം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.   ജോലി സമയക്രമീകരണം കൂടുതല്‍ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നതും ഉദ്യോഗക്കയറ്റ നടപടികള്‍ ലഘൂകരിക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ വിവിധ മന്ത്രിമാര്‍ പ്രഖ്യാപിച്ചത് ആറായിരം പ്രതിനിധികള്‍ പങ്കെടുത്ത സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

 

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി


നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി

തിരുനാവായ: നിയമവാഴ്ച തകര്‍ക്കുന്നത് സാമൂഹിക വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ 29ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നിയമത്തിന്റെ വഴി എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നതിനാല്‍ നിയമവാഴ്ച നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഇരിക്കുന്ന കൊമ്പ് മുറിക്കലാവും സ്ഥിതി.

 
പൊലീസിന്റെ കാര്യക്ഷമതയും അര്‍പ്പണ ബോധവും സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായതിനാല്‍ സന്തുഷ്ടമായ പൊലീസ് എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പൊലീസില്‍ 1200 പുതിയ പോസ്റ്റുകള്‍ സൃഷ്ടിച്ചെന്നും കാസര്‍കോടിനു വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനത്തോടെ മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കാതിരിക്കാനും സമാധാനം കെടുത്തുന്നവരെ നിലക്കു നിര്‍ത്താനും പൊലീസിനു കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 2500 പേര്‍ക്ക് പ്രമോഷന്‍ നല്‍കും. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്നത് പടിപടിയായി പരമാവധി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 50 വയസ്സ് കഴിഞ്ഞവരെ എച്ച്.സി പരീക്ഷയില്‍ നിന്നൊഴിവാക്കും. വനിതാ പൊലീസില്‍ 500 പേരെക്കൂടിയെടുത്ത് 10 ശതമാനമാക്കും. പൊലീസ് പരിശീലനം പരിഷ്കരിക്കും.

 
സ്റ്റുഡന്റ്സ് പൊലീസിന് റഫറഷ്മെന്റിനാവശ്യമായ തുക നല്‍കും. ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കും. ആരോഗ്യ സുരക്ഷാ പദ്ധതി ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും കെ.എ.പി ഒന്നാം ബറ്റാലിയന്‍ സ്ഥല ലഭ്യതക്കനുസരിച്ച് എറണാകുളത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

2012, മേയ് 25, വെള്ളിയാഴ്‌ച

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

 

അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം അടയ്ക്കാ കര്‍ഷകരെ ദോഷമായി ബാധിക്കുമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. കൃഷിമന്ത്രി കെ.പി. മോഹനന്‍ ഇതു സംബന്ധിച്ചു കര്‍ഷകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരിനെ ഇറക്കുമതിക്കെതിരെയുള്ള പ്രതിധേഷം അറിയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

 

നെല്ലിന്റെ സംഭരണ വില മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഫണ്ട് സഹകരണ മേഖലയില്‍നിന്ന് അഡ്വാന്‍സ് നല്‍കും.

 

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിന് സി.പി.എം സഹകരിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം കണ്ണൂരില്‍ ചിലയിടത്തുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ എന്ത് നടപടി വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം ബ്ലോക്കിന്റെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയം എവിടെയെത്തിയെന്നതിന്റെ അവസാന ഉദാഹരണമാണ് ടി.കെ. ഹംസയുടെ പ്രസംഗം. സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കപ്പുറത്താണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എടുത്ത സമീപനവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞതും ഗൗരവമായി കാണണം. കേരളത്തിലെ മഹാഭൂരിപക്ഷവും സ്വൈരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ഭീതി പരത്തുന്നതാണ് ചന്ദ്രശേഖരന്‍ വധം. ഒരു രാഷ്ട്രീയവുമില്ലാത്ത മോഹന്‍ലാലിന്റെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്. 

 
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അനാവശ്യമായി ദ്രോഹിക്കുമെന്നോ ശിക്ഷിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. കേസ് അട്ടിമറിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഇങ്ങനെയൊരു പരാതി ആര്‍.എം.പിക്കാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയെന്നതിലാണ്.
വി.എ. അരുണ്‍കുമാറിനെതിരെയുള്ള നടപടികളുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. സന്തോഷ് മാധവനുമായി ബന്ധപ്പെട്ട അരുണ്‍കുമാറിനെതിരായ കേസ് പിന്‍വലിച്ചത് തെളിവുകളുടെ അഭാവം മൂലമാണ്. അരുണ്‍കുമാര്‍ കേസ് സംബന്ധിച്ച് സി.പി.എം നേതാവ് എ.കെ.ബാലന് വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ നല്‍കാം. പുതിയ സാഹചര്യത്തില്‍ താങ്കള്‍ വി.എസിന്റെ പക്ഷത്താണോയെന്ന ചോദ്യത്തിന് താന്‍ സി.പി.എമ്മില്‍ അല്ലല്ലോയെന്നായിരുന്നു മറുപടി. സി.പി.എമ്മില്‍ ഇത്തരമൊരു ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ കാണാനാണ് നെയ്യാറ്റിന്‍കരയില്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. ഇനി ലംഘിക്കുകയുമില്ല. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ദുര്‍വിനിയോഗം ചെയ്തിട്ടില്ല. വേറെ ഒന്നും പറയാനാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിക്കുന്നു. പി.ആര്‍.ഡി മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് സംബന്ധിച്ച് തനിക്കെതിരെ ഒരു പരാതി നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.


പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി

പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി - മുഖ്യമന്ത്രി

 

 രാഷ്ട്രീയ ശത്രുക്കളെ വകവരുത്തിയശേഷം സി.പി.എം പറയുന്നവരെ പ്രതികളാക്കി കേസ് ചുമത്തുന്ന സമ്പ്രദായം കേരള പോലീസ് നിര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടന്ന ശേഷം പാര്‍ട്ടി പറയുന്നവരെ പ്രതികളായി ചേര്‍ത്ത് കേസ്സെടുക്കുകയാണ് പതിവ്. ഇനി അത് നടക്കില്ല. ആ സമ്പ്രദായം നിര്‍ത്തി. അതുകൊണ്ടാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് അല്പം വൈകുന്നത്. എന്നാല്‍ എത്ര വൈകിയാലും യഥാര്‍ഥ പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരും. കേസ് നടത്തിപ്പിലും ഇതേ ജാഗ്രത തന്നെ സര്‍ക്കാരിനുണ്ടാകും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏറ്റവും മൃഗീയമായവിധമാണ് അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം പേരെ സാക്ഷിനിര്‍ത്തി വിചാരണ ചെയ്ത് വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. അതില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാന്‍ കാലതാമസമെടുക്കുന്നുണ്ട്. അതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

2012, മേയ് 22, ചൊവ്വാഴ്ച

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും: മുഖ്യമന്ത്രി

 

തിരുവനന്തപുരം* മാനവമൂല്യങ്ങള്‍ക്കും മനുഷ്യജീവനും ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക സൗഹാര്‍ദവും ശാന്തിയും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ തീവ്രവാദ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

നാടിന്റെ പൈതൃകമായ അഹിംസയിലും സഹിഷ്ണുതയിലും ദൃഢവിശ്വാസമുള്ള പൗരന്‍മാരെന്ന നിലയില്‍ എല്ലാത്തരം ഭീകരവാദങ്ങളെയും സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്നു ഭീകരവിരുദ്ധ പ്രതിജ്ഞയില്‍ പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെപിസിസിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു.

 

 

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം-മുഖ്യമന്ത്രി

 

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ വേര്‍പാട് രാജ്യത്തിന് ഇപ്പോഴും നഷ്ടമായിത്തുടരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെറും അഞ്ചുവര്‍ഷം മാത്രം ഭരിച്ച അദ്ദേഹം രാജ്യത്തെ വളരെ വര്‍ഷങ്ങള്‍ മുന്നിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവ്ഗാന്ധിയുടെ 21-ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ രചിച്ച 'രാജീവ്ഗാന്ധി: ഒരുസൂര്യ തേജസ്സിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. 

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല ആദ്ധ്യക്ഷ്യം വഹിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, എം.എം.ഹസ്സന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ ,എന്‍.കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തലേക്കുന്നില്‍ ബഷീര്‍ മറുപടി പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

രാജീവ്ഗാന്ധി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാര്‍, ഏ.പി.അനില്‍കുമാര്‍ ,കെ.ബാബു ,മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ.സി.രാജന്‍, കെ.മോഹന്‍കുമാര്‍, പാലോട് രവി എം.എല്‍.എ, തമ്പാനൂര്‍ രവി, വിജയന്‍ തോമസ്,കെ.സി.രാജന്‍, ലതികാ സുഭാഷ്, പന്തളം സുധാകരന്‍, കെ.പി.നൂറുദ്ദീന്‍ , ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ്, ഡോ.എം.എ.കുട്ടപ്പന്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും: മുഖ്യമന്ത്രി

തൃശൂര്‍* നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുമെന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിന്റെ കത്ത് ഈ സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് പറഞ്ഞ പിണറായി വിജയന്‍ നിലവിലെ സ്ഥിതി വിലയിരുത്തണം. 

നെയ്യാറ്റിന്‍കരയില്‍ മറ്റുളളവരുടെ കുറവ് കാണിച്ചല്ല സ്വന്തം മെറിറ്റില്‍ ജയിക്കാനാണ് യുഡിഎഫിന്റെ താല്‍പര്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണ സംഘത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2012, മേയ് 21, തിങ്കളാഴ്‌ച

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

 

തൃശ്ശൂര്‍: പ്രതിപക്ഷനേതൃസ്ഥാനംപോലും രാജിവെയ്ക്കുമെന്നു പറഞ്ഞ നിലയ്ക്ക് ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വി.എസ്സിന്റെ പ്രസ്താവന പാര്‍ട്ടിക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്ഫലം രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന്, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാത്തിരുന്നവര്‍ക്ക് അതുവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന മറുചോദ്യമായിരുന്നു മറുപടി. ഉന്നത സി.പി.എം. നേതൃത്വത്തെക്കുറിച്ചാണോ അതു പറയുന്നതെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി.എസ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമാണ്. അക്രമത്തിനും കൊലപാതകങ്ങള്‍ക്കും യു.ഡി.എഫ്. എതിരാണ്. വി.എസ്സിന്റെ പ്രസ്താവനകൊണ്ട്, പിണറായി കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞതിനൊക്കെ ഫലമില്ലാതായി. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളെയും കേസില്‍ കുടുക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാകില്ല. അത് പിണറായിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. ആരാണ് കുറ്റക്കാര്‍, അതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചന എന്നിവ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹംതന്നെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പി.യുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡി.ജി.പി.യില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2010-30 വിഷന്‍ കേരളാ പദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാമുഖ്യം നല്‍കുക. പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്ന വ്യക്തികള്‍ക്ക് പദ്ധതിനടത്തിപ്പില്‍ പങ്കാളിത്തവും പ്രചോദനവും ഉണ്ടാകും. 

1,18,000 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന ഹൈസ്​പീഡ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പച്ചക്കൊടി ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി

 

 
ആലപ്പുഴ: അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോയ് വര്‍ഗീസ്, കെ.ഡി.ദയാല്‍ അനുസ്മരണവും മാധ്യമ അവാര്‍ഡുദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ പെന്‍ഷനും ക്ഷേമനിധികാര്യങ്ങളും സര്‍ക്കാര്‍ കാര്യക്ഷമമാക്കും. പത്രരംഗത്ത് അതുല്യ സംഭാവന നല്കിയവരാണ് ജോയ് വര്‍ഗീസും കെ.ഡി. ദയാലുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആലപ്പുഴ പ്രസ്‌ക്ലബ്ബും പത്മനാരായണ പ്രഭു ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ എന്‍.വി. പ്രഭു സ്മാരക അവാര്‍ഡ് കേരളകൗമുദി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍.സുധര്‍മദാസിന് മുഖ്യമന്ത്രി സമ്മാനിച്ചു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

2012, മേയ് 19, ശനിയാഴ്‌ച

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 

 

കൊച്ചി * ടി.പി ചന്ദ്രശേഖരന്റെ കൊലപാതക കേസിലെ അന്വേഷണത്തെ ആരും അട്ടിമറിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച്  അന്വേഷണം നടക്കുന്നതിനു സിപിഎം എന്തിനാണ്  അസ്വസ്ഥരാകുന്നത്. സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തപ്പോള്‍ ഇല്ലാത്ത  വേവലാതിയാണു പാര്‍ട്ടി  ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

2012, മേയ് 18, വെള്ളിയാഴ്‌ച

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
Image
വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്റര്‍, വൈദ്യുതിയുള്ളവര്‍ക്ക് ഒരുലിറ്റര്‍
തിരുവനന്തപുരം: വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും
ഈമാസം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ വിഹിതത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും നേരത്തേ കൊടുത്ത അളവില്‍ തന്നെ അത് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
 
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താനും സിവില്‍ സപ്ലൈസ്മന്ത്രിയും കേന്ദ്രമന്ത്രി ജയ്പാല്‍ റെഡിയുമായി ബന്ധപ്പെട്ടിരുന്നു. സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹത്തിനു മാത്രമായി കൈക്കൊള്ളാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതുവരെ വിപണി വിലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കും. ഇത് സബ്‌സിഡി നിരക്കില്‍ ഈമാസം സംസ്ഥാനം വിതരണം ചെയ്യും. സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പത്തു നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന വികസനത്തിന്റെ മെന്‍ഡര്‍ ആയ സാംപിട്രോഡയും സംഘവും ഈമാസം 28ന് കേരളത്തില്‍ എത്തും. മൂന്നുമാസം മുമ്പ് മന്ത്രിമാരും ആസുത്രണ ബോര്‍ഡ് അംഗങ്ങളും ഉന്നതഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളാവും പരിഗണിക്കുക. ഇവയ്ക്ക് 90 ദിവസത്തിനുള്ളില്‍ പദ്ധതി രേഖ തയ്യാറാക്കി നല്‍കുമെന്ന് അന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് 28ന് യോഗം ചേരുന്നത്.
 
പാലക്കാട് മുതലമടയില്‍ സ്വകാര്യ ഡിസ്റ്റലറിക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പഞ്ചായത്തിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഇതില്‍ സര്‍ക്കാരിന് യാതൊരു നിലപാടും ഇല്ല. പഞ്ചായത്തിന്റെ അനുമതി ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാതെ ഡിസ്റ്റിലറിക്ക് പ്രവര്‍ത്തനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ പത്തേക്കര്‍ സ്ഥലം 8.76 കോടി രൂപയ്ക്ക് സണ്‍ടെക് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ 2011ലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കോഴിക്കോട് സ്വദേശി അന്‍ഷിഫിന് വീട് വയ്ക്കാന്‍ മൂന്നുലക്ഷം രൂപ നല്‍കും. അന്തരിച്ച നാടകകലാകാരന്‍ ചങ്ങനാശ്ശേരി നടരാജന്റെ ഭാര്യ പൊന്നമ്മാളിന് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം:

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം: ഉമ്മന്‍ ചാണ്ടി
Image
തിരുവനന്തപുരം: ചെറിയ പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവനുപോലും വിലയില്ലാതാവുന്ന പ്രശ്‌നങ്ങളില്‍ നിശബ്ദദത പാലിക്കുന്നത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിനു മുമ്പും പല നിശബ്ദദകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം ജനം ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്് സി.പി.എം പറയുന്ന കാര്യങ്ങള്‍ സ്വന്തം നേതാക്കളെയും അണികളെയും പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രതികരിക്കുന്നവര്‍ക്കും പ്രതികരിക്കാത്തവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. പ്രതികരിക്കാതിരിക്കുന്നത് ഭയം കൊണ്ടാണെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ യു.ഡി.എഫിനെ പേടിക്കേണ്ട കാര്യമുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എവിടുന്നാണ് ഭീഷണി വരുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകും. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട സംസ്ഥാനമല്ല കേരളം. കേരളത്തെ ആ രീതിയിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊന്നവരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കുന്ന കാലം മാറി. കൊല്ലിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
 
ജനങ്ങളില്‍ നിന്നും സി.പി.എം ഇത്രയും ഒറ്റപ്പെട്ടകാലഘട്ടം മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊല സാംസ്‌കാരികപാരമ്പര്യത്തിന് നിരക്കുന്നതല്ല. കാസര്‍കോഡ് ജബ്ബാര്‍കേസ്, തലശേരി ഫസല്‍വധം, തളിപ്പറമ്പിലെ ഷുക്കൂര്‍ വധം എന്നിവയിലെല്ലാം സി.പി.എമ്മുകാരുടെ നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നത്. ഒഞ്ചിയത്തെ കഴിഞ്ഞ നാലുവര്‍ഷത്തെ ചരിത്രം പരിശോധിക്കണം. ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍പ്പോലും ചന്ദ്രശേഖരനെതിരെ ഭീഷണി മുഴക്കിയതും മുദ്രാവാക്യം വളിച്ചതും യു.ഡി.എഫുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം -മുഖ്യമന്ത്രി


ചെലവ് മുക്കാല്‍ഭാഗം സര്‍ക്കാര്‍ വഹിക്കും

കോഴിക്കോട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഈ വര്‍ഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വാര്‍ഡുകളിലും 25,000 രൂപ വീതം അനുവദിക്കുമെന്നും ഉറവിടമാലിന്യ സംസ്കരണത്തിന് വ്യക്തികളും സ്ഥാപനങ്ങളും ചെലവാക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് 'മഴയെത്തുംമുമ്പേ' മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

 
ഓരോ വാര്‍ഡിനും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ഫണ്ടില്‍നിന്ന് 10,000 രൂപയും സംസ്ഥാന ശുചിത്വ മിഷന്‍ വിഹിതമായി 10,000 രൂപയും നല്‍കും. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയില്‍ ചുരുങ്ങിയത് 5000 രൂപ അനുവദിക്കാനും അനുമതി നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ആധുനിക സാങ്കേതിക വിദ്യകളോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.

 
മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുക, വേര്‍തിരിച്ച പ്ലാസ്റ്റിക്കില്‍ നിന്ന് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുളള സാധ്യത ആരായുക, ഉറവിടമാലിന്യ സംസ്കരണം എന്നിവയാണ് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളായി സര്‍ക്കാര്‍ കാണുന്നത്.
മാലിന്യപ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബജറ്റില്‍ ഈ വര്‍ഷം 236 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.


മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും

മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും-മുഖ്യമന്ത്രി

 

 
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇതില്‍ രാഷ്ട്രീയപരിഗണനയില്ലെന്നും കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊലപാതക രാഷ്ട്രീയപരമ്പരയിലെ അവസാനത്തേതാകണം ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആശയപരമായ സംഘട്ടനത്തെ കൊലപാതകത്തിലേക്ക് നയിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ചന്ദ്രശേഖരനെ വധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായാണ് കേരളജനത ഓരോ ദിവസവും കാത്തിരിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എല്‍.ഡി.എഫ്. പരാതി നല്‍കിയതിനാല്‍ എടുത്തുമാറ്റിയിട്ടുണ്ട്. ബോര്‍ഡുകള്‍ മാറ്റാനേ കഴിയൂ. മൃഗീയമായ കൊലപാതകം ഉളവാക്കിയ വികാരം ജനമനസ്സില്‍നിന്നും മാറ്റാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുപിന്നില്‍ സി.പി.എം. തന്നെയാണെന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേരത്തേ ഇക്കാര്യം പറഞ്ഞതിന് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പിണറായിക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോ? സി.പി.എം. നേതൃത്വത്തിന്റെ അറിവില്ലാതെ ഈ കൊല നടക്കില്ല. കേസില്‍ പരല്‍മീനുകളെ മാത്രമല്ല വമ്പന്‍സ്രാവുകളെയും പിടികൂടണം. പാര്‍ട്ടിക്കാര്‍ ഹാജരാക്കുന്ന പ്രതികളെ പിടികൂടുന്ന രീതി മാറണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്‌കാരികകേരളത്തിന് അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. മരണശേഷം ചന്ദ്രശേഖരനെ അധികാരമോഹിയായി വിശേഷിപ്പിച്ച സി.പി.എമ്മിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് ആരും വിശ്വസിക്കില്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തണം. ഗുണ്ടാനിയമത്തില്‍ ഭേദഗതിവരുത്തേണ്ട കാലവും അതിക്രമിച്ചു. ജയിലുകള്‍ ക്രിമിനല്‍സംഘങ്ങളുടെ ഗൂഢാലോചനാകേന്ദ്രമാകുന്നത് ആശങ്കാജനകമാണെന്ന് സുധീരന്‍ പറഞ്ഞു.

ഉന്മൂലനസിദ്ധാന്തം കൈമുതലാക്കിയ കല്‍ക്കട്ട തീസിസിന്റെ സന്തതികള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.യുടെ വധം അതിന്റെ തെളിവാണ്. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ കടമ. പക്ഷേ, സി.പി.എം. അതില്‍നിന്നും മാറിപ്പോകുന്നു എന്നതാണ് കേരളത്തിന്റെ ദുര്‍വിധി. കേളപ്പജിയെപ്പോലും വധിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. കെ.മാധവന്റെ 'ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രകാശ് കാരാട്ട് മൗനം വെടിയണം. വധത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കാന്‍ കാരാട്ട് തയ്യാറാകുമോ? വി.എസ്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസം സി.പി.എം. പ്രാദേശികനേതാക്കള്‍ മാറിനിന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വക്കീല്‍നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉപവാസത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എഴുത്തുകാരി കെ.പി. സുധീര സമരപ്പന്തലിലെത്തി. കഴിഞ്ഞദിവസം സുധീര ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

 

 


കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അത്തരം കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി. ഐ.ക്ക് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗികപ്രഖ്യാപനവും വെര്‍ച്വല്‍ക്ലാസ് റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സ്‌കില്‍ ഡെവലപ്‌മെന്റ്മിഷന്‍ രൂപവത്കരിച്ചത്. 2020 ആവുമ്പോഴേക്കും അഞ്ഞൂറ് ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി സജ്ജരാക്കുകയെന്നതാണ് മിഷന്റെ ലക്ഷ്യം. ആ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും നടത്തേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ക്ലാസ്‌റൂം കഴക്കൂട്ടം വനിതാ ഐ.ടി.ഐ. വിദ്യാര്‍ഥികളുമായി വിഡീയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

ഐ.ടി.ഐ. മേഖലയുടെ വികസനത്തിനും കരിക്കുലം മാറ്റത്തിനുമായി 65 കോടിരൂപയാണ് ഈ വര്‍ഷം നീക്കിവെച്ചതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഈവര്‍ഷംതന്നെ 20 ഗവ. ഐ.ടി.ഐ.കള്‍ക്കുകൂടി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. 

അന്താരാഷ്ട്രതലത്തില്‍ തൊഴില്‍പരിശീലനം നല്‍കുന്ന ഐ.ടി.ഐ.കളെമാത്രമേ ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഐ.ടി.ഐ.വിദ്യാഭ്യാസത്തില്‍ വലിയമാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആ മാറ്റം വെര്‍ച്ച്വല്‍ ക്ലാസ്‌റൂമില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് കഴിവുള്ളവരാണ് ഐ.ടി.ഐ. മേഖലയിലേക്ക് വരേണ്ടത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിയെടുക്കാന്‍ കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ.യെ പ്രാപ്തമാക്കിയ പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും ഗുഡ്‌സ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു.

ജോബ് പോര്‍ട്ടല്‍ ലോഞ്ചിങ് എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമ്മാനിച്ചു. 

2012, മേയ് 16, ബുധനാഴ്‌ച

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും: ഉമ്മന്‍ ചാണ്ടി

 

 

മുംബൈയില്‍ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന മന്ത്രി കെ.എം.മാണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍.

മുംബൈ * തൊഴില്‍ പ്രശ്‌നങ്ങള്‍ പഴങ്കഥയാണെന്നും ഐടി ഉള്‍പ്പെടെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് ഏറ്റവും വളക്കൂറുളള മണ്ണാണ് ഇപ്പോള്‍ കേരളമെന്നും വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും നിക്ഷേപകര്‍ക്കു മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ടു. മുംബൈയില്‍ നൂറിലേറെ  ബിസിനസ്-വ്യവസായ പ്രമുഖരുമായുളള കൂടിക്കാഴ്ചയിലുടനീളം കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണ തിരുത്താനാണു മുഖ്യമന്ത്രി ശ്രമിച്ചത്. സുസ്ഥിരവും വേഗത്തിലുമുള്ള വികസനമാണു കേരളം ലക്ഷ്യമിടുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന 'എമര്‍ജിങ് കേരള രാജ്യാന്തര നിക്ഷേപക സംഗമത്തിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി, വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരെ കണ്ടത്. തീരദേശ മേഖല കേന്ദ്രീകരിച്ചുള്ള 'സീ പ്ലെയിന്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഉടന്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധമാണെന്നു മെഹ് എയര്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള വെല്‍സ്പണ്‍ കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തി. 

 

കൊടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടക് ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസായികള്‍ എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ടാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ സഞ്ജയ് ഉപാലെ മോണോ റയില്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഗോദ്‌റജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി ആദി ഗോദ്‌റജ്, കുമാരമംഗലം ബിര്‍ല ഗ്രൂപ്പിലെ രാജശ്രീ ബിര്‍ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ നന്ദ തുടങ്ങിയ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

 

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റയില്‍വേ ഇടനാഴി, 52000 കോടി രൂപ ചെലവു കണക്കാക്കുന്ന ദേശീയ നിക്ഷേപക-ഉല്‍പാദന മേഖല, കൊച്ചി മെട്രോ റയില്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം, കോഴിക്കോട്ടെയും തിരുവന്തപുരത്തെയും മോണോ റയില്‍ എന്നിങ്ങനെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവ  നിലവില്‍ വന്നാല്‍, അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുജ ഗ്രൂപ്പ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , ടാറ്റാ ഇന്റര്‍നാഷനല്‍, ജെപി മോര്‍ഗന്‍, ബിപിസിഎല്‍, എന്‍പിസിഎല്‍, മാരികോ ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഐഗേറ്റ്, യുഎസ് ഏഷ്യാ ബിസിനസ് ഫോറം, അര്‍ജന്റീന, കനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് ജനറല്‍മാര്‍, മെക്‌സിക്കന്‍ ട്രേഡ് കമ്മിഷണര്‍, എക്‌സിം ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്  കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

മുന്‍പുണ്ടായിരുന്ന തൊഴിലാളി യൂണിയന്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുകക്കുഴലുകളുമായി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളേക്കാള്‍ നൂതന ആശയങ്ങളും പദ്ധതികളുമായി പുതിയ തലമുറ മുന്നോട്ടുവരുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതിക്ക് ഇണങ്ങിയ വ്യവസായങ്ങളെയാണു കേരളം പ്രോല്‍സാഹിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസവും വിദഗ്ധ തൊഴിലാളി ലഭ്യതയും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമുള്ള സംസ്ഥാനത്തെ ആഗോള വ്യാപാര കേന്ദ്രമാക്കുകയാണു ലക്ഷ്യമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. 

 

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ 10,000 പേര്‍ക്ക് ഒരേസമയം പരിശീലന സൗകര്യമുള്ള പുതിയ കേന്ദ്രം തുറക്കുന്നകാര്യം ബിസിനസ് മീറ്റില്‍ അറിയിച്ച ടിസിഎസ് അധികൃതര്‍ കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. 9000 പേര്‍ക്കു തൊഴിലവസരമേകുന്ന കൊച്ചിയിലെ ടിസിഎസ് സമുച്ചയനിര്‍മാണം ഏഴു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. നാസ്‌കോം പ്രതിനിധികളുമായും  കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. 

 

ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ് സിഎംഡി ബി.കെ. പട്ടോഡിയ, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് മാനേജിങ് എഡിറ്റര്‍ സഞ്ജയ് മാരിവാല, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ കേരളത്തിലെ സംരംഭകത്വ അനുഭവങ്ങള്‍ വിശദീകരിച്ചു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, വ്യവസായ വകുപ്പ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അല്‍കേഷ് ശര്‍മ, സിഐഐ കേരള വൈസ് ചെയര്‍മാന്‍ സി.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

 ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി. എമ്മിനുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ്. അതിനാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാല്‍ ഒഞ്ചിയത്തിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ചരിത്രം കേരള ജനതക്കറിയാം. കുറ്റം ചെയ്തവരാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം- മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റേത് കൊലപാതക രാഷ്ട്രീയമല്ല. യു.ഡി.എഫ് ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. അത് കേരള ജനതക്കറിയാം. കാസര്‍കോഡ് ജബ്ബാര്‍ വധത്തിലും ഫസല്‍ വധത്തിലും പ്രതികളാരാണെന്നും അവര്‍ക്കറിയാം- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായിയുടെ അഭിപ്രായം സ്വന്തം പാര്‍ട്ടി നേതാവിനെയോ അണികളെയോ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുശോചനയോഗങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ മനുഷ്യജീവന് വിലകല്‍പിക്കാത്ത സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട ആവശ്യമില്ല.

യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരണം നെയ്യാറ്റിന്‍കരയിലും വിജയിക്കില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും കാണാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

2012, മേയ് 15, ചൊവ്വാഴ്ച

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും:

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും: 
 
പുതുപ്പള്ളി* സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ വിധിയെഴുത്തായി മാറും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ഒഞ്ചിയം സംഭവത്തോടെ കേരളത്തില്‍ സിപിഎം ഒറ്റപ്പെട്ടുപോയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
ഒഞ്ചിയത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ നാലുവര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. സിപിഎം എത്ര പറഞ്ഞിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അണികളും കൂടെയുള്ള പാര്‍ട്ടികളും വിശ്വസിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക ക്യാംപിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തിലിരുന്നപ്പോള്‍ ജനങ്ങളെ പൂര്‍ണമായും മറന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. 
ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും പാര്‍ട്ടിക്കകത്ത് വിഭാഗീയതയും തുറന്നപോരും നടക്കുകയാണ്. പാര്‍ട്ടി കോടതികള്‍ ശിക്ഷ വിധിക്കുകയും അവ നടപ്പാക്കുകയും ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യം: മുഖ്യമന്ത്രി

 

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമൂഹികശുചിത്വവും മാലിന്യസംസ്‌കരണവുമാണെന്നും ഇതു നേരിടാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സമ്മാനദാനവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശുചിത്വത്തില്‍ മാതൃകകളായി നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തുകള്‍ ആ നേട്ടം നിലനിര്‍ത്താന്‍ പദ്ധതികളൊരുക്കണം. 

 

ചിലരെങ്കിലും ഇതില്‍ വിട്ടുവീഴ്ച വരുത്തിയതുകൊണ്ടാണു സംസ്ഥാനത്തെ ആറു ജില്ലാ പഞ്ചായത്തുകളും 33 ബ്ലോക്ക് പഞ്ചായത്തുകളും ഇപ്പോഴും നിര്‍മല്‍പുരസ്‌കാരം ലഭിക്കാതെ അവശേഷിക്കുന്നത്. 17നു സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിനു തുടക്കം കുറിക്കുകയാണ്. അതിന് എല്ലാം മറന്നു കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തുന്നതു വന്‍ വിപത്തുകളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. മാലിന്യസംസ്‌കരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്‌കരണ നവീന പദ്ധതികള്‍ക്ക് 90 % സബ്‌സിഡി നല്‍കി പ്രോല്‍സാഹനം നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി ആദ്യം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണു തുടങ്ങാനുദ്ദേശിക്കുന്നത്-  മുഖ്യമന്ത്രി പറഞ്ഞു. 

 

2011-12 വര്‍ഷത്തില്‍ നിര്‍മല്‍ പുരസ്‌കാരത്തിന് അര്‍ഹരായ എറണാകുളം, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളുടെയും വണ്ടിപ്പെരിയാര്‍, മൂന്നാര്‍, നീണ്ടൂര്‍, പുതുശേരി, കൊടുമ്പ, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ഇടപ്പള്ളി, പള്ളുരുത്തി, ഇടുക്കി, കാഞ്ഞങ്ങാട്, കാസര്‍കോഡ്, മഞ്ചേശ്വരം, ളാലം പാമ്പാടി, തിരൂര്‍, നെന്മാറ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് മുഖ്യമന്ത്രിയില്‍നിന്നു സമ്മാനം ഏറ്റുവാങ്ങിയത്. 

 

പുരസ്‌കാര തുക ഒന്നാം ഗഡു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാ.വി. നായര്‍, ശ്യാമളാദേവി, എല്‍ദോ കുന്നപ്പള്ളി, കലക്ടര്‍ മിനി ആന്റണി, നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, അനീഷ തങ്കപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

2012, മേയ് 9, ബുധനാഴ്‌ച

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക 

 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം എന്നും പ്രഹേളികയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളില്‍ നിന്നു വളരെ അകലെയാണെന്നതിനാല്‍ അന്നാട്ടുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. യുദ്ധകാലത്തും സമാധാനകാലത്തും സൈന്യം നല്‍കുന്ന സേവനങ്ങള്‍ വളരെ മഹത്തരമാണ്. ഇപ്പോഴുള്ള ശ്രമവും സമാനമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നതിന് കരസേന നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൂന്നു പുസ്തകങ്ങളടങ്ങിയ 'നോര്‍ത്ത് ഈസ്റ്റ് ട്രൈലജി' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് പുസ്തകങ്ങളുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. 

മൂന്നു വര്‍ഷം മുമ്പ് കരസേന തുടക്കമിട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ സഫലമാകുന്നതെന്ന് ജനറല്‍ വി. കെ. സിങ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭൗമസൗന്ദര്യത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി സംബന്ധമായും മറ്റും താമസിക്കുന്നുണ്ട്. അവരെ വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ പുസ്തകങ്ങള്‍ ഉപകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇംഗ്ലീഷിലുള്ള മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ എ. കെ. സിങ്, മേജര്‍ ജനറല്‍ അമിത് ശര്‍മ്മ, പുസ്തകങ്ങളുടെ രചയിതാക്കളില്‍ ഒരാളായ കുനാല്‍ വര്‍മ്മ എന്നിവരും സംബന്ധിച്ചു. 

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇതുവരെ നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് സി.പി.എം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മന്ത്രിസഭായോഗത്തിനുശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാലിക്കറ്റ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണം.
 
കേരള സര്‍വകലാശാലകളുടെയടക്കം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഈ വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ചില പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇത്തരമൊരു ആവശ്യം സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതില്‍നിന്നും സര്‍വകലാശാല പിന്‍മാറുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യശൈലിയില്‍ സമരങ്ങളും വിയോജിപ്പും അറിയിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
 
ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി സെന്ററിനുവേണ്ടി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കില്ല. ഇതില്‍ രാഷ്ട്രീയമില്ല. കഴിയുന്നത്ര സമവായത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്നാണ് ആഗ്രഹം. എന്നാല്‍, എല്ലാം കേട്ടും സഹിച്ചും കഴിയുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

Image
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും സുപ്രീംകോടതിയില്‍ കേസ് ശക്തമായി അവതരിപ്പാക്കാനും യോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉന്നതാധികാര സമിതി പുതിയ ഡാമിന് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും സമിതയംഗം കെ ടി തോമസിന്റെ നിലപാട് പൊതുവില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ ടി തോമസ് നല്‍കിയ വിയോജനകുറിപ്പ് കേരളത്തിന്റെ വാദഗതികള്‍ മുന്‍നിര്‍ത്തി കൊണ്ടാണ്. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് കെ ടി തോമസ് ഉന്നതാധികാര സമിതിയിലെത്തിയതെന്നും അല്ലാതെ കേരളത്തിന്റെ അഭിഭാഷകനായല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 
തമിഴ്‌നാടിന് വെള്ളം നല്‍കി കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കുകയെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു രഹസ്യഅജണ്ടയുമില്ല. പുതിയ ഡാം എന്ന ആവശ്യത്തിന് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അനുകൂലമാണ്.  ചിലവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെങ്കിലും പുതിയ ഡാമിന് ഉന്നതാധികാരസമിതി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയാണ് അവസാന വാക്ക്. സുപ്രീംകോടതിയില്‍ കേരളം ശക്തമായ നിലപാടെടുക്കും. പുതിയ ഡാം എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാണ്. എത്ര പണം വേണ്ടി വന്നാലും ജനങ്ങളുടെ ജീവനാണ് വലുത്. ജലനിരപ്പ് 142 അടി ആക്കണമെന്ന ഉന്നതാധികാര സമിതി നിലപാടിനോട് കേരളത്തിന് യോജിപ്പില്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
 
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്ന ആവശ്യം വിയോജന കുറിപ്പില്‍ കെ ടി തോമസ് ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തില്‍ കെ ടി തോമസ് നേരെ കാര്യം അവതരിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ആശങ്കജനകമായ ഒരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിന്റെ കേസ് നല്ലനിലയില്‍ തന്നെയാണ് വാദിച്ചത്. അത് കൊണ്ടാണ് ഇങ്ങിനെയൊരു റിപ്പോര്‍ട്ട് ഉണ്ടായത്. പി ജെ ജോസഫ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംയോജിത നീര്‍ത്തട പരിപാലന പദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീര്‍ത്തട പദ്ധതിയുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരുവര്‍ഷമാണ് പദ്ധതി നീട്ടുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 19 ന് നടത്തുന്ന സംസ്ഥാന സമിതിയോഗത്തില്‍, കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കാനുള്ള തീരുമാനമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു. ഫണ്ടില്ലാത്തതുകൊണ്ട് പദ്ധതി മുടങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംയോജിത നീര്‍ത്തട പദ്ധതിക്ക് 150 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 19.6 കോടി രൂപമാത്രമാണ് ഇതുവരെ ചെലവിടാനായത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പണം ചെലവഴിക്കാനുള്ള ശുഷ്‌കാന്തി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായിരുന്നു.

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല-ഉമ്മന്‍ചാണ്ടി

നെയ്യാറ്റിന്‍കര: തിരഞ്ഞെടുപ്പു വിജയത്തിനായി യു.ഡി.എഫിന് ആരേയും കൊല്ലേണ്ട ദുര്‍ഗതിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാളെ കൊന്നാലേ ജയിക്കാന്‍ കഴിയൂ എന്നു വന്നാല്‍ തോല്‍ക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നയിച്ച യുവജനയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം അന്യോന്യം പോരാടാനുള്ളതല്ല. ജനനന്മയ്ക്കുവേണ്ടിയുള്ള മത്സരമാണ്. ഇന്ത്യയ്ക്ക് മാതൃകയായ കേരളം പ്രാകൃതസാഹചര്യത്തിലേക്ക് മടങ്ങേണ്ടതില്ല.

സി.പി.എമ്മിന്റെ നയം കാണുമ്പോള്‍ കേരളം 16-ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്ന് തോന്നുന്നു. ആശയരംഗത്തെ പരാജയം നേരിടാന്‍ കൊലക്കത്തിയുമായി ഇറങ്ങുന്നത് ആശാസ്യമല്ല. ആശയരംഗത്തെ തര്‍ക്കം ആശയപരമായി നേരിടണം. അണികളെ പിടിച്ചുനിര്‍ത്താന്‍ ഇന്ന് സി.പി.എമ്മിന് കഴിയുന്നില്ല. ഒഞ്ചിയത്തെ അനുഭവം അവരെ ഭയപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിലപാടില്‍ സി.പി.എമ്മിനെ ഒന്നിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. ആര്‍.സെല്‍വരാജിന്റെ കുടുംബത്തെ വകവരുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സി.പി.എം. മറുപടി പറയണം. ചന്ദ്രശേഖരനെ കൊന്നവരെയും പ്രേരണയായി ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.സെല്‍വരാജിന്റെ വിജയം യു.ഡി.എഫ്. സര്‍ക്കാരിനും കേരളജനതയ്ക്കുംവേണ്ടി അവിടെയുള്ള വോട്ടര്‍മാര്‍ ചെയ്യുന്ന വലിയ സംഭാവനയായിരിക്കും. നേരിയ ഭൂരിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഒരിക്കലും തടസ്സമായിട്ടില്ല. എന്നാല്‍ അഞ്ചുകൊല്ലം ഭരിച്ച എല്‍.ഡി.എഫിന്റെ അജണ്ട പാര്‍ട്ടിയുടെയും പാര്‍ട്ടിക്കാരുടെയും തര്‍ക്കം പരിഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ അവര്‍ അഞ്ചു വര്‍ഷം പാഴാക്കി-മുഖ്യമന്ത്രി പറഞ്ഞു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. 

പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തോട് കേരളത്തിന് യോജിപ്പില്ല. കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കും. 

പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ ഇപ്പോഴത്തെ ജലനിരപ്പ് നിലനിര്‍ത്തണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടും. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് വഹിക്കാന്‍ സംസ്ഥാനം തയ്യാറാണ്. ജസ്റ്റിസ് കെ.ടി തോമസ് തന്റെ വിയോജനക്കുറിപ്പില്‍ കേരളത്തിന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജസ്റ്റിസ് തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു


തിരുവനന്തപുരം: ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ്. അദ്ദേഹം ഒരു വാചകം പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉണ്ടായത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതിന് അദ്ദേഹം കൂട്ടുനിന്നില്ല എന്ന് കരുതിയാല്‍ മതി. 

സംസ്ഥാനത്തിന്റഎ വാദഗതികള്‍ അദ്ദേഹത്തിന്റെ വിയോജന കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് തോമസ് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ അഭിഭാഷകനല്ലെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനവിഭവ മന്ത്രി പി.ജെ ജോസഫ് ആത്മാര്‍ത്ഥമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കരയില്‍ വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട

നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്-ഐ തൃക്കാക്കര ഈസ്റ്റ് മണ്ഡലം 15-ാം വാര്‍ഡ് കുടുംബസംഗമം അത്താണി ഐ. എം.ജി. ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒഞ്ചിയത്ത് നടന്ന ആക്രമണങ്ങളില്‍ ഒരു പക്ഷത്ത് എപ്പോഴും സിപിഎം ആണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി മറുപടി പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വാര്‍ഡ് പ്രസിഡന്റ് പി.കെ. ഷൈജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

2012, മേയ് 1, ചൊവ്വാഴ്ച

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ -മുഖ്യമന്ത്രി

മാനന്തവാടി: വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ ആധുനിക സൗകര്യങ്ങളോടുകൂടിയ സെന്‍ററും ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 
സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ-യുവജന ക്ഷേമ വകുപ്പുകള്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച ദേശീയ പട്ടികവര്‍ഗ മഹോത്സവം-ഗോത്രായനം- ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണനയുടെ ഭാഗമായാണ് ഇതു രണ്ടും ജില്ലക്ക് അനുവദിച്ചത്.


വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി

 

 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ഒരിഞ്ചു പോലും അനാവശ്യമായി നഷ്ടപ്പെടുത്തില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭ അറിയണം. മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുത്തില്ല. 

ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ സര്‍വകലാശാല തീരുമാനിച്ചതായാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പിന്നീട് അവര്‍ തന്നെ ആ തീരുമാനം റദ്ദാക്കി. നടക്കാത്ത ഒരു കാര്യത്തിന്റെ പേരിലാണ് വിവാദമത്രയും. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ -മുഖ്യമന്ത്രി 

 

കോഴിക്കോട്: സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് നിലവിലുള്ള പ്രായപരിധിയും ശസ്ത്രക്രിയയുടെ എണ്ണത്തിന്റെ പരിമിതിയും ഒഴിവാക്കി ബധിരതയുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും ഈ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 

ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴി തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന 'ശ്രുതി തരംഗം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി വഴി സൗജന്യ കോക്ലിയര്‍ ലഭിക്കുക. ഈ പരിധി എടുത്തുകളയും. നിലവില്‍ ഒരു വര്‍ഷം 200 പേര്‍ക്ക് ശസ്ത്രക്രിയയെന്ന പരിധിയും മാറ്റും. പണമില്ല എന്ന കാരണം കൊണ്ട് സംസ്ഥാനത്ത് ബധിരമൂകര്‍ ഉണ്ടാവരുത് -മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒന്നാം ഘട്ടത്തില്‍ ജനനസമയത്തുതന്നെ ബധിരത തിരിച്ചറിയുന്ന എ.ബി. ആര്‍. സ്‌കാനര്‍ സംവിധാനം എല്ലാ മെഡിക്കല്‍കോളേജുകളിലും കര്‍ശനമായി സ്ഥാപിക്കും. 100 കുട്ടികള്‍ക്കുമുകളില്‍ ജനനം നടക്കുന്ന ആസ്​പത്രികളിലും ഈ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കും.

മൂന്നു വയസ്സിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയെന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിലാണ് സ്​പീച്ച് തെറാപ്പി വരുക. 100 ദിന കര്‍മ പരിപാടിയില്‍ നടപ്പിലാക്കിയ കരുതല്‍ നടപടികളാണ് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയും ഒരു രൂപയ്ക്ക് അരി വിതരണവും. 

'ശ്രുതിതരംഗം' പദ്ധതിയില്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിയാന്‍ക എന്ന കുട്ടിക്ക് സമ്മാനം നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യ ക്ഷേമവകുപ്പിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്റ്റാമ്പ് വില്പനയിലൂടെ സ്വരൂപിച്ച തുക സാമൂഹികസുരക്ഷാ മിഷനെ ഏല്‍പ്പിക്കുന്ന ചടങ്ങും നടന്നു
ശസ്ത്രക്രിയ നടത്തിയ ഡോ. നൗഷാദ്, ഡോ.കെ.ടി. രാമദാസ്, ഡോ.മനോജ്, ഡോ. എ രവി എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. 


എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

 


 


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നും എതിര്‍കക്ഷികളുടെ വാദം കേട്ടില്ലെന്നുമുള്ള ആരോപണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ കൂടി വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ വാദം കുറ്റമറ്റതാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. 

ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ വസ്തുതകള്‍ക്ക് നേര്‍വിരുദ്ധമായ വാര്‍ത്തകളാണ് പലപ്പോഴും വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.