UDF

2015, ജൂൺ 27, ശനിയാഴ്‌ച

വിധിയെഴുത്ത് വികസന വിരുദ്ധര്‍ക്കെതിരെതിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചപ്പോള്‍മുതല്‍ അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നിലാണ്. രണ്ടും മൂന്നും സ്ഥാനത്തിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതുപോലെ അരുവിക്കരയില്‍ സംഭവിച്ചാലും അദ്ഭുതപ്പെടേണ്ട.

കെട്ടുറപ്പുള്ളതും അതിശക്തവുമായ ഐക്യജനാധിപത്യമുന്നണി, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, യു.ഡി.എഫ്. സര്‍ക്കാറിന്റെ സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍, 45ലക്ഷത്തോളംവരുന്ന യുവാക്കളുടെ പ്രതീകമായ സ്ഥാനാര്‍ഥി, അഞ്ചുതവണ ജയിച്ച ജി. കാര്‍ത്തികേയന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ഡലം... ശബരിയുടെ കുതിപ്പിനു നിരത്താന്‍ ഇനിയുമേറെ കാരണങ്ങളുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷം ഈ വെല്ലുവിളി സ്വീകരിച്ചില്ല. എങ്കിലും ഞാന്‍ പറഞ്ഞതിലുറച്ചുനില്‍ക്കുന്നു. 

ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി ചില വന്‍കിടപദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ ആരംഭിക്കും. വിഴിഞ്ഞം തുറമുഖപദ്ധതിയും ചിറകുവിരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇതുവരെ 1,22,391 പി.എസ്.സി. നിയമനമുള്‍പ്പെടെ 5.39 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയട്ടെ. ബാറുകള്‍ അടച്ചുപൂട്ടിയതോടെ വീടുകളില്‍ സമാധാനാന്തരീക്ഷം സംജാതമായി. അപകടങ്ങളും ആത്മഹത്യകളും കുറഞ്ഞു. 

സംസ്ഥാനത്തുനടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെറിയപതിപ്പാണ് അരുവിക്കര. അരുവിക്കരയുടെ മുക്കിലും മൂലയിലും കാര്‍ത്തികേയന്റെ സ്മരണകളുണര്‍ത്തുന്ന പ്രവൃത്തികളുണ്ട്. റോഡുകള്‍, പാലങ്ങള്‍, വെള്ളം, വെളിച്ചം, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയകാര്യങ്ങളിലെല്ലാം കാര്‍ത്തികേയന്‍ ശ്രദ്ധപതിപ്പിച്ചു. അരുവിക്കരയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇതുവരെ അനുവദിച്ചത് 399.92 കോടി രൂപയാണ്. 

യു.ഡി.എഫ്. മുന്നോട്ടുവെയ്ക്കുന്നത് വികസനത്തിലും കരുതലിലും അധിഷ്ഠിതമായ പോസിറ്റീവ് രാഷ്ട്രീയമാണ്. എന്നാല്‍, എതിരാളികളോ? ബോംബുകളും കൊടുവാളുകളുമാണ് അവരുടെ ആയുധങ്ങള്‍. ടി.പി. ചന്ദ്രശേഖരന്‍ ഭീകരമായി കൊല്ലപ്പെട്ടപ്പോള്‍, കേരളം ഓര്‍ത്തു, ഇനിയെങ്കിലും സി.പി.എം. തെറ്റുതിരുത്തുമെന്ന്. അവര്‍ തിരുത്തിയില്ലെന്നുമാത്രമല്ല, അതിഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുകയുംചെയ്യുന്നു. ഏറ്റവുമൊടുവില്‍ പാനൂരില്‍ ബോംബുനിര്‍മാണത്തിനിടയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരാണു മരിച്ചത്. ആര്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണ് ഈ ബോംബുകള്‍? അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്നത് കണ്ണൂര്‍ലോബിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഒരൊറ്റ തിരഞ്ഞെടുപ്പുവിജയംപോലും നേടാനാകാത്തതിന്റെ കാരണത്തെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തട്ടെ. 

സി.പി.എം. നേതൃത്വം ഒറ്റക്കെട്ടായി ഈനിമിഷംവരെ അരുവിക്കരയിലെ ജനങ്ങളോട് വോട്ടുചോദിച്ചിട്ടില്ല. യു.ഡി.എഫ്. നേതാക്കളെല്ലാവരും ഒറ്റക്കെട്ടായി വേദിയില്‍ അണിനിരക്കുമ്പോള്‍ സി.പി.എം. പലതട്ടിലാണ്. പ്രതിപക്ഷനേതാവ് തന്റെ വിലകുറഞ്ഞ പ്രസംഗങ്ങളുമായി ഒരുവശത്ത്. അദ്ദേഹത്തോടൊപ്പം വേദിപങ്കിടാന്‍ വിസമ്മതിച്ച് സമുന്നതനേതാക്കള്‍ മറുവശത്ത്. അതിപ്രമുഖനായ നേതാവാകട്ടെ കാണാമറയത്തും. 

വികസനമെന്നു കേള്‍ക്കുമ്പോള്‍, ചുവപ്പുകാണുന്ന കാളയെപ്പോലെയാണ് സി.പി.എം. 25വര്‍ഷത്തെ കേരളത്തിന്റെ ഏറ്റവുംവലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖപദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരം യുവാക്കള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ചെറുവിരലനക്കാതിരുന്ന മുന്‍ തുറമുഖവകുപ്പുമന്ത്രിയാണ് അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി. ഇങ്ങനെയൊരു സ്ഥാനാര്‍ഥി ജയിക്കുന്നതുകൊണ്ട് നാടിന് എന്തുപ്രയോജനം? 

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍പോകുമ്പോള്‍ പതിവുപോലെ അഴിമതിയാരോപണമുന്നയിച്ച് വിഴിഞ്ഞത്തിന് തടസ്സംസൃഷ്ടിക്കാനാണവര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ണമായും സുതാര്യമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാതിരിക്കാന്‍വേണ്ടിയുള്ള അവരുടെ ശ്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ പതറുകയില്ല. 

ഏതു തിരഞ്ഞെടുപ്പുവന്നാലും രണ്ടാമതൊരാളെ സ്ഥാനാര്‍ഥിയാക്കാനില്ലാത്ത ബി.ജെ.പി. ഒരാളെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തങ്ങളുടെ പാര്‍ട്ടിക്കാരന്‍പോലുമല്ലെന്നു വ്യക്തമാക്കപ്പെട്ട സിനിമാതാരം ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നു. പരിണതപ്രജ്ഞനായ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ യോഗങ്ങളില്‍ ആളെക്കൂട്ടാന്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ല. 

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ പ്രതിപക്ഷനേതാവിനെ സി.പി.എം. ക്വട്ടേഷന്‍ നല്‍കി അരുവിക്കരയിലേക്ക് ഇറക്കിവിട്ടിരിക്കയാണ്. വിലകുറഞ്ഞ പരിഹാസവചനങ്ങളുമായി സ്വന്തം പദവിയെ താഴ്ത്തിക്കെട്ടുന്ന അദ്ദേഹത്തോടു സഹതപിക്കാം. ദേശീയ ഗെയിംസിനെതിരെ എന്തായിരുന്നു പ്രചാരണം. സി.പി.എം. എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ അന്വേഷണംനടത്തിയ സി.ബി.ഐ., മേളയില്‍ ഒരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കയാണ്. പ്രതിപക്ഷനേതാവുതന്നെ നിരന്തരമായ നിയമപോരാട്ടം നടത്തി അഴിമതിയുടെപേരില്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചിട്ട് ഇപ്പോള്‍ അദ്ദേഹത്തെ കൂട്ടുപിടിച്ചാണ് അഴിമതിക്കെതിരെയെന്നുപറഞ്ഞ് സമരം നടത്തുന്നത്. ഇതാണ് സി.പി.എം. ഉയര്‍ത്തുന്ന എല്ലാ അഴിമതിയാരോപണങ്ങളുടെയും നിജസ്ഥിതി.

കോണ്‍ഗ്രസ്സിലെ വെള്ളിനക്ഷത്രമായിരുന്നു ജി.കെ. ആദര്‍ശത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം. അരുവിക്കരയെക്കുറിച്ച് കാര്‍ത്തികേയന്‍ ഒരു സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നു. അവ സഫലമാകാന്‍ ശബരീനാഥന് നാടിന്റെ അനുഗ്രഹമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.