UDF

2015, ജൂൺ 18, വ്യാഴാഴ്‌ച

ജനസമ്പര്‍ക്ക പരാതികള്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പരിഹരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പല പരാതികളും നിലവിലുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പരിമിതികളില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ചട്ടങ്ങളിലും ഉത്തരവുകളിലും മാറ്റം വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനൊപ്പം അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംവിധാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ നിയമങ്ങളും ചട്ടങ്ങളും തടസം നില്‍ക്കുന്നത് മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ കാണാനെത്തിയ യുവതിയുടെ പരാതി അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ലഭിക്കേണ്ട സര്‍ക്കാര്‍ ധനസഹായത്തിന് വേണ്ടിയാണ് യുവതി തനിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ ഇവരുടെ മാതാവും മരണപ്പെട്ടു പോയതിനാല്‍ ഇവര്‍ക്ക് വിധവകളുടെ മക്കള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചുപോയത് തന്റെ കുറ്റം കൊണ്ടാണോയെന്ന യുവതിയുടെ ചോദ്യം മനസ് നോവിച്ചെന്നും ഇത്തരം കേസുകളില്‍ അച്ഛനും അമ്മയും മരിച്ചുപോയവര്‍ക്കും ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓണ്‍ലൈന്‍ വഴി 1,38,028 അപേക്ഷകളും നേരിട്ട് 1,78,544 അപേക്ഷകളുമാണ് പതിനാല് ജില്ലകളില്‍ നിന്നുമായി ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചത്. ഇതില്‍ 122828 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഒപ്പം അന്ന് തീരുമാനം എടുക്കാന്‍ കഴിയാതിരുന്ന പരാതികളില്‍ പിന്നീട് പരിഹാരവുമുണ്ടാക്കി. പല പരാതികളിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയാതെ പോയത് നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പോരായ്മകള്‍ മൂലമാണ്. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും മാറ്റാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പതിനാല് ജില്ലകള്‍ക്കുമായി 165 പരിപാടികളാണ് പ്രഖ്യാപിച്ചത്. ഇവ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതികള്‍ എത്തുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കാത്തത് കൊണ്ടല്ല. പല പരാതികളും പരിഹരിക്കാനുള്ള നിയമങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് തടസമാകുന്നത്.


ചികില്‍സാ സഹായത്തിനുള്ള അപേക്ഷകളും ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്നുണ്ട്. തന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം 45 ഉത്തരവുകളാണ് പരിഷ്‌ക്കരിക്കേണ്ടി വന്നത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇത്തവണയും നല്‍കേണ്ടിവരും. എല്ലാ പരാതികളിലും അനുകൂലമായ തീരുമാനമെടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ, ഒരു പരാതിയും അവഗണിക്കാനാവില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നവയാണെങ്കില്‍ ചെയ്തുകൊടുക്കും. നിയമക്കുരുക്ക് മൂലം ചെയ്യാനാവാത്തയാണെങ്കില്‍ തടസങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.