UDF

2015, ജൂൺ 19, വെള്ളിയാഴ്‌ച

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അരുവിക്കര വിധിയെഴുതണം


അരുവിക്കര∙ അക്രമവും നിഷേധാത്മക രാഷ്ട്രീയവും പ്രവർത്തനശൈലിയാക്കി കേരളത്തെ നിരന്തരം അപമാനത്തിലേക്കു തള്ളിവിടുന്ന മാർക്സിസ്റ്റ് പാർട്ടിക്കെതിരെ നിർണായകമായ വിധിയെഴുതാനുള്ള അവസരം അരുവിക്കരക്കാർ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കോട്ടൂർ മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമെങ്കിലും അക്രമരാഷ്ട്രീയം സിപിഎം അവസാനിപ്പിക്കുമെന്നാണു കേരള ജനത പ്രതീക്ഷിച്ചതെങ്കിൽ അതു തെറ്റിപ്പോയി എന്നാണു പാനൂരിലെ ബോംബ് സ്ഫോടനം തെളിയിക്കുന്നത് . പഴയ സ്വന്തം സഹപ്രവർത്തകനെ 51 വെട്ട് ഏൽപ്പിച്ചു മൃഗീയമായി കൊന്നവർ ആ ജനാധിപത്യവിരുദ്ധത തുടരുകയാണ്. പാനൂരിൽ കൊല്ലപ്പെട്ടയാളുടെ ചിത്രത്തിലേക്കു തനിക്ക് ഒരുതവണയേ നോക്കാൻ കഴിഞ്ഞുള്ളു. അത്രമാത്രം ഭീകരമായിരുന്നു ആ കാഴ്ച. ബോംബ് നിർമാണത്തിനിടയിലായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരച്ചടങ്ങിനു നേതൃത്വം കൊടുത്തതുമൊക്കെ സിപിഎം നേതാക്കളാണ്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് അതുമായി സിപിഎമ്മിനു ബന്ധമില്ല എന്നാണ്. ഇത് ആര് വിശ്വസിക്കാനാണ്?

നിയസഭയിൽവരെ ആക്രമമാർഗം തുടരുകയാണു സിപിഎം. ഇത്തവണ നിയമസഭ ചേർന്നപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒരു ദിവസംകൊണ്ടു പിരിയാനുള്ള നിർദേശമാണു ഭരണപക്ഷം വച്ചത്. അതു പ്രതിപക്ഷം എതിർക്കും എന്നാണു താൻ കരുതിയത്. എന്നാൽ ഒരനക്കവും ഉണ്ടായില്ല. അനുസരണയുള്ള കുട്ടികളായി അവർ മാറി. അതിനു കാരണം അരുവിക്കരയാണ്. നിയമസഭയിൽ വീണ്ടും അക്രമം തുടർന്നാൽ അത് അരുവിക്കരയിൽ പ്രതിഫലിക്കും എന്നു പേടിച്ചു.

ജനാധിപത്യത്തിന്റെ എല്ലാ സൗകര്യവും ഉപയോഗിച്ച് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടികൾ ചെയ്യുന്നവരായി സിപിഎം മാറി. മറുവശത്ത് കേരളത്തിന്റെ വികസനവും കേരള ജനതയോടുള്ള കരുതലുമാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. നാലു വർഷത്തിനിടയിൽ വിഴിഞ്ഞം ഉൾപ്പെടെ എടുത്തുകാട്ടാവുന്ന ഒരുപിടി വികസന സംരംഭങ്ങൾക്കു തുടക്കം കുറിച്ചു.

എൽഡിഎഫിന്റെ ലോട്ടറി എന്നാൽ സാന്റിയാഗോ മാർട്ടിൻ ആയിരുന്നുവെങ്കിൽ യുഡിഎഫിന്റേതു കാരുണ്യയാണ്. പാവപ്പെട്ടവനൊപ്പം, അവനു തുണയായി പ്രവർത്തിക്കുന്ന സർക്കാരാണ് ഇത്. ആ സർക്കാരിന് എട്ടു മാസം കൂടി കൂടുതൽ ഊർജത്തോടെ മുന്നോട്ടുപോകാൻ അരുവിക്കരയിൽ കെ.എസ്. ശബരീനാഥന്റെ വിജയം ഉറപ്പിക്കാൻ കഴിയണം. സിപിഎമ്മിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ തൂത്തെറിയാനും ശബരിയുടെ വിജയം അനിവാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.