UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഏകപക്ഷീയമായ വിധി


ബാംഗ്ലൂർ സിറ്റി സിവിൽ കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധി എന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണ്. വിധി പകർപ്പിൽ തന്നെ ഇത് എക്സ് പാർട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ്സിൽ എന്റെ ഭാഗം കേൾക്കുകയോ, തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല.

ബാംഗ്ലൂർ കോടതിയിൽ നിന്നും ലഭിച്ച നോട്ടീസ് പ്രകാരം എന്റെ കേസ് നടത്തുവാൻ അഡ്വക്കേറ്റ് രവീന്ദ്രനാഥിന് വക്കാലത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് എനിക്ക് കോടതിയിൽ നിന്നും ഒരു സമൻസും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ എം.കെ കുരുവിള എന്നെ നേരിൽ കണ്ട് എന്റെ ബന്ധുവായ ഒരു ആൻഡ്രുസും പി.എ ആയ ദിൽജിത്തും ചേർന്ന് തന്നേ കബിളിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതി നൽകുകയുണ്ടായി. കുരുവിള പറഞ്ഞ പ്രകാരം ആൻഡ്രുസ് എന്ന പേരിൽ ഒരു ബന്ധുവോ ദിൽജിത് എന്ന പേരിൽ ഒരു പി.എയോ എനിക്കില്ല. എങ്കിലും കുരുവിളയുടെ പരാതി അന്നത്തെ ഡി.ജി.പി ശ്രീ ബാലസുബ്രമണ്യത്തിന് അന്വേഷണത്തിനായി നൽകി പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുകയുണ്ടായി. ഇതിന്റെ തുടർ വിവരങ്ങൾ എനിക്കറിയില്ല.

ഇന്നത്തെ വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. കോടതിയിൽ നിന്നും വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ ഉടൻ പ്രസ്തുത വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കും. ഈ കാര്യത്തിൽ നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു പങ്കും ഇല്ലന്നും കോടതിയെ ഇത് ബോധ്യപ്പെടുത്താൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്..


2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.



കോഴിക്കോട് കുണ്ടൂപറന്പിലെ മൂന്നാംക്ലാസുകാരൻ അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്.

നടക്കാവ് ഗവ.ടിടിഐയോട് അനുബന്ധിച്ചുള്ള എൽ.പി സ്കൂളിന്റെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്നെ 'ഉമ്മൻ ചാണ്ടി' എന്ന് അമലിന്റെ സഹപാഠിയായിരുന്ന ശിവാനി ഉറക്കെ വിളിച്ചു. ആ വിളിയായിരുന്നു എല്ലാത്തിനും തുടക്കം. തന്റെ സഹപാഠിക്ക് വീടില്ലെന്ന സങ്കടം പറഞ്ഞതിനെത്തുടർന്ന് ഞാൻ മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ സ്വാഭാവികമായി തുടർ നടപടികൾ മരവിപ്പിച്ചു. സർക്കാർ മാറിയതിനെത്തുടർന്ന് അമലിനു വാഗ്ദാനം ചെയ്ത സഹായം നൽകാൻ സാധിച്ചില്ല. അതിനാൽ ചില സുമനസുകളുടെ സഹകരണത്തോടു കൂടി 3 ലക്ഷം രൂപ സ്വരൂപിച്ചു ജൂലൈ 4 കോഴിക്കോടുളള അമല് ക്യഷ്ണയുടെ വീട്ടില് എത്തി നല്കി ഇതിനൊരു തുടക്കമിടാൻ സാധിച്ചു.

രണ്ട് നിലയുള്ള ഈ വീടിന് പതിനെട്ട് ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. താഴത്തെ നിലയിൽ അമലും കുടുംബവും, മുകളിലത്തെ നില സ്ഥിര വരുമാനാർത്ഥം വാടകയ്ക്ക് കൊടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ആദ്യത്തെ മൂന്ന് ലക്ഷം രൂപ തന്ന് സഹായിച്ച ശ്രീ പി.സി താഹിറിനോടും, ശ്രീ ഷാഫിയോടുമുള്ള എന്റെ നന്ദി ഈ സന്ദർഭത്തിൽ അറിയിക്കുന്നു. ബാക്കി തുക സ്വരൂപിച്ചു വീടിന്റെ പണി ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ മുൻകൈ എടുക്കുന്ന നടക്കാവ് ഗവ. ടിടിഐ സ്കൂളിന്റെ PTA യുടെയും, നാനാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും പങ്ക് നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായി തീരുകയാണ്. ഈ സത്കർമ്മത്തിന് പങ്കാളികയായ ഇവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

ബഹുമാനപെട്ട റവന്യു മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരൻ വീടിന് കഴിഞ്ഞ ആഴ്ച്ച തറക്കല്ലിട്ടു. അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം ഉടൻ തന്നെ പൂർത്തിയാകട്ടെ എന്ന് ആശംസിക്കുന്നു.


2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇ.പി ജയരാജന്റെ രാജി മറ്റുവഴികള്‍ ഇല്ലാത്തതിനാൽ


ഇപി ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. മറ്റു വഴികളില്ലാത്തതിനാലാണ് അദ്ദേഹം രാജി വെച്ചത്. രാജിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസിനെ ധാര്‍മികതയുടെ പേരില്‍ ഉപദേശിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരവകാശവും ഇല്ല.

രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോഴാണ് ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചത്. ഇതിനേക്കാളും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോഴും പാര്‍ട്ടി അതിനെ ന്യായീകരിച്ചും അനുകൂലിച്ചുമാണ് നിന്നിട്ടുള്ളത്.

ഇന്നത്തെ നടപടിയുടെ പേരില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള കോടിയേരിയുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. 


കഴിഞ്ഞ യൂ. ഡി. എഫ്. സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങൾ അന്വേഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ആ അന്വേഷണത്തെയും ഏക സ്വരത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിന്റെ പേരിൽ യൂ. ഡി. എഫ്. നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ എതിർക്കുക തന്നെ ചെയ്യും. 








2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റ്


സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടി പൊറുക്കാനാവാത്ത തെറ്റ്.  കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണ്.

ഇപ്പോൾ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുന്നു. അക്രമം കാണിച്ചാലും പൊതുമുതൽ നശിപ്പിച്ചാലും കേസ് എടുക്കുന്നത് മനസിലാക്കാം എന്നാൽ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുക എന്നാൽ ഇവിടെ പ്രതിഷേധിക്കാൻ അവകാശം ഇല്ല എന്നാണോ? വാ മൂടിക്കെട്ടി പോകണം എന്നാണോ? കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും   ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. കഴിഞ്ഞ അഞ്ചു വർഷം ഇവർ ചെയ്തത് എന്തെന്ന് മറക്കരുത്. ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുത്തു ആണ് മുന്നോട്ടു പോകുന്നതെങ്കിൽ അതിനു  എതിരെയും ശക്തമായീ പ്രതികരിക്കും.

#OommenChandy


2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രം


സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീ ഏ.കെ. ആന്റണിയുടെ കാലത്തെ കരാറാണെന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രമാണ്.

സ്വാശ്രയ മേഖലയ്ക്ക് പച്ചക്കൊടി കാണിക്കുവാനുള്ള ശ്രീ ഏ.കെ. ആന്റണിയുടെ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തു ഉണ്ടാക്കിയ വൻപിച്ച മാറ്റം കേരളം എന്നും നന്ദിയോടുകൂടി സ്‌മരിക്കുകതന്നെ ചെയ്യും.

വിദ്യാഭ്യാസ രംഗത്തു ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ചു വർദ്ധിച്ച സൗകര്യങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിന് കഴിയാതെ പോയതുമൂലം ഉന്നത വിദ്യാഭാസം തേടി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിട്ടു പോകേണ്ട ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആന്റണി സർക്കാർ തീരുമാനിച്ചത്. 2001-വരെ കേരളത്തിൽ ആകെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജും 12 എഞ്ചിനീയറിംഗ് കോളേജും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ഇപ്പോൾ 24 സ്വാശ്രയ മെഡിക്കൽ കോളേജുകളും 119 എഞ്ചിനീയറിംഗ് കോളേജുകളും ഒട്ടനവധി നഴ്സിംഗ്, ഫർമസി, മാനേജ്‌മന്റ് സ്റ്റഡീസ് സ്ഥാപനങ്ങളും ഉണ്ടായതിന് കാരണം ആന്റണി സർക്കാരിന്റെ തീരുമാനമാണ്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി സർക്കാരിന്റേത് തന്നെയാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചർച്ചകൾക്ക് പോയതുമൂലം മാനേജ്മെന്റിന്റെ അമിതമായ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടി വന്നു. തങ്ങൾക്കു ലഭിച്ച ഫീസ് വർദ്ധനവ് അമിതമാണെന്ന ധാരണ മൂലമാണ് മാനേജ്‌മന്റ് തന്നെ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് . എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കൂടുതൽ ആനുകൂല്യം നഷ്ട്ടപ്പെടുത്തിയത്.



2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് മുഖ്യമന്ത്രിക്കു പറ്റിയതല്ല


പിണറായി വിജയൻ എന്ന വ്യക്തിക്ക് 'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് ആകാമെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ആ നയം തുടരുന്നതു ശരിയല്ലാ, ജനാധിപത്യ വ്യവസ്ഥിതിയിൽ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാര്യങ്ങൾ തിരുത്തണം. മാനേജ്മെന്റുകളുമായി കരാറിൽ ഒപ്പിട്ടു പോയെന്നും ഫീസ് കുറയ്ക്കാനാകില്ലെന്നുമാണ് ഇതു വരെ പറഞ്ഞിരുന്നത്. എങ്കിൽ, ഇപ്പോൾ മാനേജ്മെന്റുകൾ കുറയ്ക്കാൻ തയാറാണെന്നു പറയുമ്പോൾ അത് അംഗീകരിക്കേണ്ടതല്ലേ..