UDF

2015, ജൂൺ 18, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുത്



തിരുവനന്തപുരം: ലൈറ്റ്‌മെട്രോ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും വായ്പാലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വിളിക്കാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്ത്. കോഴിക്കോടും തലസ്ഥാനത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ്‌മെട്രോ പദ്ധതിയ്ക്ക് എല്ലാവകുപ്പുകളുടേയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ലൈറ്റ്‌മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ (ഡിപിആര്‍) മന്ത്രിസഭയുടെ പരിഗണനക്കു കൊണ്ടുവരാത്തത്. ഡിപിആര്‍ ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകിക്കൂടാ. തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന ആദ്യമന്ത്രിസഭായോഗത്തില്‍ ഡിപിആര്‍. അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.