UDF

2015, ജൂൺ 2, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു


വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം നാളെ ചേരാനിരിക്കെ, പദ്ധതി അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന്റെ നീക്കം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു സർക്കാരുകളുടെ കാലത്തു നാലുതവണ പരാജയപ്പെട്ട ടെൻഡർ നടപടി ഇപ്പോൾ ഫലപ്രദമാകുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പദ്ധതിക്കെതിരെ വന്നതിനു പിന്നിൽ ദുരൂഹതയുണ്ട ്. ഇടതുസർക്കാരിന്റെ വ്യവസ്ഥകളേക്കാൾ സംസ്ഥാന താത്‌പര്യങ്ങൾക്ക് അനുയോജ്യമായവയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ രാത്രി വൈകി 2007, 2010 വർഷങ്ങളിലെ ടെൻഡർ രേഖകളും സർക്കാർ പ്രസിദ്ധീകരിച്ചു.

സർവകക്ഷി യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കരാറിന്റെ പകർപ്പ് എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും നൽകിയിട്ടുണ്ട്.

ഇടതുസർക്കാരിന്റെ കാലത്തെ നിബന്ധനകൾ പ്രകാരം 30 വർഷത്തേക്ക് ഒരു വരുമാനവും സർക്കാരിനു ലഭിക്കില്ലായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഏഴാം വർഷം മുതൽ വരുമാനം ലഭിക്കും. 15–ാം വർഷം മുതൽ ഓരോ വർഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയിൽ 40% വരെ റവന്യൂ വരുമാനം സർക്കാരിനു ലഭിക്കാൻ വ്യവസ്ഥയുണ്ട്.

സർക്കാർ ചെലവിൽ നികത്തിയെടുത്ത ഭൂമി ഉൾപ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകാനും ഈ കാലയളവിൽ പദ്ധതി നടത്തിപ്പിൽ നിന്നും വരുമാന വിഹിതം സർക്കാരിനു നൽകേണ്ടതില്ലെന്നുമായിരുന്നു മുൻ വ്യവസ്ഥ. ഭൂരിപക്ഷം നിർമാണ പ്രവർത്തനങ്ങളും സർക്കാർ ചെലവിൽ നടത്തിയതിനു ശേഷം സ്വകാര്യ പങ്കാളിക്കു ഗ്രാന്റ് നൽകി സംസ്ഥാനത്തിനു വരുമാനവിഹിതമൊന്നുമില്ലാതെ 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകുന്നതാണോ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള മോഡൽ കൺസഷൻ എഗ്രിമെന്റ് പ്രകാരം ഏഴാം കൊല്ലം മുതൽ വരുമാനം ലഭിച്ചു തുടങ്ങുന്ന ഇപ്പോഴത്തെ മോഡലാണോ നല്ലതെന്നു ജനങ്ങൾ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസർക്കാർ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്സി) പദ്ധതിയുടെ ഉപദേശകരായി നിയമിക്കുകയും 2010 ൽ പദ്ധതി ലാൻഡ് ലോർഡ് മോഡലിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഐഎഫ്സിയുടെ കരടു കരാർ എവിടെയും ചർച്ച ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌തില്ല. ഇതിലെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്നതിനു സർവകക്ഷി യോഗവും നടന്നിട്ടില്ല. സ്ഥലമെടുപ്പു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണു 2009 ഓഗസ്റ്റിൽ ഇടതുസർക്കാർ സർവകക്ഷിയോഗം വിളിച്ചത്.

വിഴിഞ്ഞം സ്ഥലമേറ്റെടുപ്പിൽ 6000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത 36 ഏക്കർ ഭൂമി ഉൾപ്പെടെ ഇപ്പോഴത്തെ സർക്കാർ 206 ഏക്കർ ഭൂമിയാണു കമ്പോളവില നൽകി ഏറ്റെടുത്തത്. ഇതിനു വേണ്ടി 530 കോടി രൂപയാണ് ആകെ ചെലവാക്കിയത്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. സ്വകാര്യ പങ്കാളിക്കു തുറമുഖ നിർമാണ നടത്തിപ്പിനുള്ള ലൈസൻസ് മാത്രമാണുള്ളത്. പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണു നൽകേണ്ടിയിരുന്നത്.

മൊത്തം പദ്ധതി ചെലവ് 7,525 കോടി രൂപ മാത്രമുള്ളപ്പോൾ അതിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നവരുടെ ലക്ഷ്യം എന്താണെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ചു രഹസ്യയോഗം നടത്തിയെന്ന ആരോപണവും തെറ്റാണ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗതീരുമാന പ്രകാരം മുഖ്യമന്ത്രി എന്ന നിലയിൽ മൂന്നു കമ്പനികളുമായി ബന്ധപ്പെടുകയും ടെൻഡറിൽ പങ്കെടുക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

അദാനിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ച രഹസ്യമായിരുന്നില്ലെന്നും തുറമുഖ മന്ത്രി, ആസൂത്രണ ബോർഡ് വൈസ്‌ചെയർമാൻ, ചീഫ് സെക്രട്ടറി, തുറമുഖ സെക്രട്ടറി, ഡൽഹി റസിഡന്റ് കമ്മിഷണർ, തുറമുഖ കമ്പനി മാനേജിങ് ഡയറക്‌ടർ, കമ്പനി പ്രോജക്‌ട് മാനേജർ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.