UDF

2015, ജൂൺ 23, ചൊവ്വാഴ്ച

ഇടതുമുന്നണി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കന്‍ ശ്രമിക്കുന്നു


തിരുവനന്തപുരം: അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന് ഉപകാരപ്രദായ കാര്യങ്ങള്‍ ചെയ്ത് ജനപിന്തുണ നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതോടെയാണ് അക്രമത്തിലൂടെ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

സ്വന്തം പാര്‍ട്ടിക്കാരെ ബോംബുണ്ടാക്കാനും ബോംബെറിയാനും ഒടുവില്‍ രക്തസാക്ഷിയാക്കാനുമാണ് സി.പി.എം ശ്രമം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷമെങ്കിലും ഇടതു മുന്നണി അക്രമം വെടിയുമെന്ന് കരുതിയിരുന്ന കേരള ജനതയാണ് യഥാര്‍ത്ഥില്‍ മണ്ടന്‍മാരായത്. ജനങ്ങളെ അക്രമഭീഷണിയിലൂടെ നിശബ്ദരാക്കാമെന്ന ധാരണ ഉപേക്ഷിക്കാന്‍ ഇടതുമുന്നണിക്കാകുന്നില്ല.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മിന് വോട്ടിലൂടെ മറുപടി പറയാനുള്ള സുവര്‍ണ്ണാവസരമാണ് അരുവിക്കരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര കരുമലക്കോട് നടന്ന കുടുംബയോഗതത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് നന്മ ചെയ്യാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനും സ്റ്റാര്‍ട്ട് അപ് പദ്ധതിയിലൂടെ യുവാക്കളെ തൊഴില്‍ ധാതാക്കളാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ചെറുപ്പക്കാരെ ബോംബുണ്ടാക്കാനാണ് ഇടതുമുന്നണി പഠിപ്പിക്കുന്നത്.

ഈ നാലു കൊല്ലം കൊണ്ട് ഐ.ടി കയറ്റുമതി 3,000 കോടിയില്‍ നിന്നും 10,000 കോടിയാക്കാനും നമുക്ക് സാധിച്ചു. എന്നാല്‍ ഇതൊക്കെ എത്ര വര്‍ഷം മുമ്പ് തന്നെ സാധിക്കുമായിരുന്നെന്ന വസ്തുത നാം മറക്കരുത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത് കേരളത്തിന്റെ ഐ.ടി വികസനത്തെ പിറകോട്ട് കൊണ്ടുപോയവരാണ് ഇന്നിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് പിടിക്കുന്നത്. കേരളത്തിലെ വലിയൊരു കൂട്ടം യുവാക്കള്‍ കര്‍ണ്ണാടകയില്‍ പോയി ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ സൃഷ്ടിച്ചത് ഇടതുമുന്നണിയാണ്. 

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേരളത്തിനായി നടപ്പിലാക്കുന്നത് യു.ഡി.എഫ് സര്‍ക്കാരാണ്. ഏത് വികസനപദ്ധതി വരുമ്പോഴും അതിനെ അഴിമതിയുടെ പേരുപറഞ്ഞ് പുറകോട്ടടിക്കുന്നതാണ് ഇടടതുനയം. ഈ സമീപനം ഇനി തുടരാന്‍ അനുവദിക്കില്ല. പരാതികളോ, ആശങ്കകളോ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. പക്ഷേ അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങളുടെ പുറത്ത് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറല്ല. ബോംബ് രാഷ്ട്രീയം കൈമുതലായുള്ള ഇടതുമുന്നണിയോണോ, ജനനന്മ ലക്ഷ്യമിടുന്ന ഐക്യജനാധിപത്യ മുന്നണിയോണോ ഈ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അരുവിക്കരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.