UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

മദ്യനയം മാറ്റുമെന്നു കരുതുന്നില്ല


മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നില്ല. മാറ്റം വരുത്തിയാൽ ജനസമൂഹം ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മുൻ സർക്കാരിന്റെ മദ്യനയം തെറ്റാണെന്നു വരുത്താനായി ഓണക്കാലത്തു മദ്യം കൂടുതൽ വിറ്റതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷവും അതിനു മുമ്പത്തെ വർഷവും ഓണക്കാലത്തു മദ്യവിൽപന കുറഞ്ഞിരുന്നു. പിന്നെ ഈ വർഷം കൂടിയതെങ്ങനെയാണ്. മദ്യനയം തിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. 

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കേരളത്തില്‍ ബി.ജെ.പി.ക്ക് മുന്നോട്ടുപോവാന്‍ പരിമിതികളുണ്ട്


കേരളത്തില്‍ നിലനില്‍ക്കുന്നത് സൗഹാര്‍ദപരമായ സാഹചര്യമാണ്. അത് മറികടക്കാന്‍ ബി.ജെ.പി.ക്ക് കഴിയില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടു. 

കോണ്‍ഗ്രസ്സുകാര്‍ ദേശീയതലത്തിലും സംസ്ഥാനത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് കോണ്‍ഗ്രസ്സിന് മുന്നോട്ട് പോവാന്‍ കഴിയും. 

പട്ടിണിരാജ്യമായ സൊമാലിയയെന്നു കേരളത്തെ വിളിച്ച പ്രധാനമന്ത്രി ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചതിൽ അഭിമാനമുണ്ട്. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും പ്രധാനമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളിൽ ഇതിനോടകംതന്നെ രാജ്യത്തെ മുൻനിര സംസ്ഥാനമാണ് കേരളം. സാമ്പത്തികവളർച്ച രംഗത്തും സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് കരുതുന്നു.

കേരളത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിനു നന്ദി. 

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പാഠ്യവിഷയമാക്കണം

ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. 

കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നസ്വരം ഉയരാതിരിക്കാൻ കാരണം ശ്രീനാരായണഗുരു ദർശനത്തിന്റെ സ്വാധീനമാണ്. 

ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തിയോടെ ഉൾകൊള്ളേണ്ട കാലഘട്ടത്തിൽ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാവില്ല.

ജനങ്ങൾ ജാതി- മത ചിന്തകൾക്ക് അതീതമായി ശ്രീനാരായണഗുരുവിനെ ഉൾക്കൊള്ളാനും അദ്ദേഹത്തിന്റെ ദർശനങ്ങൾ സ്വീകരിക്കാനും തയാറായതു ശ്രീനാരായണഗുരു ദർശനങ്ങളുടെ നേട്ടം തന്നെയാണ്. പുതുതലമുറയിൽ ശ്രീനാരായണഗുരു ദർശനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചുവരികയാണ്.

നമുക്കു ജാതിയില്ലെന്ന ശ്രീനാരായണഗുരുവിന്റെ വിളംബരമുണ്ടായിട്ടു നൂറു വർഷം കഴിഞ്ഞിട്ടും അതിപ്പോഴും പ്രസക്തമാകുന്നത് ഇതുമൂലമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യ പദ്ധതിയിൽ ശ്രീനാരായണഗുരുദർശനം ഉൾപ്പെടുത്തിയിരുന്നു.സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പഠന വിഷയമാക്കേണ്ടതുണ്ട്. 

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം

ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കോട്ടയം ജില്ലാ തല പാലിയേറ്റിവ് കെയർ സെമിനാറും പ്രവർത്തക യോഗവും ഉത്ഘാടനം ചെയ്യുന്നു.

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. അനൂകുല്യങ്ങൾക്കു അർഹതയുണ്ടങ്കിലും പലർക്കും വേണ്ട വിധം പരിഗണന കിട്ടാറില്ല. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരാനും ദുരിതങ്ങളിൽ സഹായിക്കാനും പൊതു സമൂഹത്തിനു കഴിയണം. ദുരിത ബാധിതരോട് സഹതാപത്തിനപ്പുറം അവരുടെ ആവശ്യങ്ങൾ കണ്ടെത്തി സഹായിക്കുകയാണ് നമ്മുടെ കടമ.  2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

സൗമ്യ വധം: കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച


സൗമ്യവധക്കേസ് സുപ്രിം കോടതിയില്‍ നടത്തിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. കേസ് നടത്തിപ്പില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഏകോപനത്തോടെയുള്ള സമീപനം സ്വീകരിച്ചില്ല. 

വീഴ്ച വരുത്തിയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. കേസിന്റെ ഗൗരവം മുഖ്യമന്ത്രിയെ  നേരിട്ട് ധരിപ്പിക്കും. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാത്തത് കേസില്‍ തിരിച്ചടിയായിട്ടുണ്ട്. 


വധശിക്ഷക്കെതിരായ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ നിലപാട് സുപ്രിം കോടതി വിധിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്‌.  വി.എസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ജനരോഷം തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. 2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ കേസ് നടത്തിയത് ജാഗ്രതയോടെ


യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. സൗമ്യയുടെ അമ്മ സുമതിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. അമ്മയുടെ ഹിതപ്രകാരമുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. എ സുരേഷിനെ നിയോഗിച്ചത്.

വിചാരണ കോടതിയില്‍ നടന്ന ഏഴുമാസം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് ടീമും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവിടെയുള്ള മുതിര്‍ന്ന അഭിഭാഷകനെ സഹായിക്കാന്‍ അഡ്വ. സുരേഷിനെ ചുതതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. 

കേസ് നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പിന്നീട് നഷ്ടപ്പെട്ടു. കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കഠിനാധ്വാനം പാഴായി. അഡ്വ.സുരേശന്റെ സഹായം തേടണമെന്ന ഉത്തരവ് നടപ്പായില്ല.  സര്‍ക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി. 
2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ - ഓണം ആശംസകൾ


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ട്.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. 

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ  ബലിപെരുന്നാൾ - ഓണം ആശംസകൾ നേരുന്നു. 

ഹജ്ജ് സബ്‌സിഡി: സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ല.

ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ള ഹജ്ജ്‌ ക്യാമ്പിൽ എം.എൽ.എ. മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദാത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്നുമൊപ്പം സന്ദർശനം നടത്തിയപ്പോൾ.

ഹജ്ജ് സബ്‌സിഡിയെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളോട് യോജിക്കാനാവില്ല. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ല. ചോദിച്ച് വാങ്ങിയതുമല്ല, സ്വതന്ത്ര ഭാരതം എടുക്കുന്ന ഓരോ നിലപാടുകളും ലോക രാജ്യങ്ങള്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ മത വിഭാഗങ്ങളോടുള്ള ഉത്തമ സമീപനത്തിന്റെ ഉദാഹരണമായി ഹജ്ജ് സബ്‌സിഡി വിലയിരുത്തിയിരുന്നു.


മതേതരത്വമെന്നതു കൊണ്ട് മതമില്ലാത്ത രാജ്യമെന്ന് അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ ആശയങ്ങളും പ്രചരിപ്പിക്കാം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനു പകരം സബ്‌സിഡിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.  


2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

സൗമ്യ കേസിൽ സർക്കാരിന്റേതു ഗുരുതര വീഴ്ച


സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ശിക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത മുഴുവൻ ഒറ്റയടിക്കു കളഞ്ഞുകുളിച്ച എൽഡിഎഫ് സർക്കാർ ഇനിയെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കാൻ തയാറാകണം.

കേസ് വിചാരണ കോടതിയിലും ഹൈകോടതിയിലും നടന്നപ്പോഴുണ്ടായ അനുഭവം മുന്‍നിര്‍ത്തി സുപ്രിം കോടതിയിലെ അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സൌകര്യമൊരുക്കിയില്ല. കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനെ കേസ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായിപോയി.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകരെയും അവരെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചാണു യുഡിഎഫ് സർക്കാർ കേസിനു കോട്ടംതട്ടാതെ സൂക്ഷിച്ചത്. പ്രതി സുപ്രീം കോടതിയിൽ അപ്പീലിനു പോയപ്പോൾ അവിടെ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണു യുഡിഎഫ് സർക്കാർ അഭിഭാഷകനായി വച്ചത്. അദ്ദേഹത്തെ കേസിൽ സഹായിക്കാൻ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

എന്നാൽ ഇൗ സർക്കാർ നിയോഗിച്ച പുതിയ സ്റ്റാൻഡിങ് കോൺസലിന്റെ ജാഗ്രതക്കുറവാണു സുപ്രീംകോടതിയിൽ ദയനീയ സ്ഥിതിയുണ്ടാക്കിയത്. തോമസ് പി.ജോസഫിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഒരു മാസം മുൻപു തന്നെ കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും സർക്കാരോ സ്റ്റാൻഡിങ് കോൺസലോ അറിഞ്ഞില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശക്തമായ 17 സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ള കേസിൽ സുപ്രീം കോടതിക്കു മുന്നിൽ‌ ഉത്തരംമുട്ടേണ്ടിവന്നതു സർക്കാരിന്റെ ഏകോപനമില്ലായ്മയുടെ തെളിവാണ്‌.
2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതം


ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. 

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ്‌ പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവൺമെന്റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ്‌ നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം.മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ്‌ നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും.