UDF

2015, ജൂൺ 5, വെള്ളിയാഴ്‌ച

നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടും


തൃശൂർ ∙ നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടാൻ കേന്ദ്രം സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതിന് ആരംഭിച്ച ജനസമ്പർക്ക പരിപാടി രാത്രി വൈകും വരെ തുടർന്നു. ഓൺലൈനായി നേരത്തേ ലഭിച്ച 9561 അപേക്ഷകൾ ഉൾപ്പെടെ 24,492 അപേക്ഷകളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. 7.63 കോടിയുടെ സഹായധന വിതരണം നടത്തി.

നെല്ല് സംഭരണം ജൂൺ ഒന്നു വരെ നടത്താനാണു കേന്ദ്രം ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിൽ അപ്രതീക്ഷിതമായ മഴയടക്കമുള്ള പ്രശ്നങ്ങൾകൊണ്ടു കൊയ്ത്ത് നീണ്ടുപോയി. ഇതു പരിഗണിച്ചു സംഭരണം 15 ദിവസത്തേക്കു നീട്ടണമെന്നാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ ഡൽഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഉത്തരവിറക്കാൻ തീരുമാനമായത്. ചീഫ് വിപ് തോമസ് ഉണ്ണിയാടനും കർഷക സംഘങ്ങളും ഇതിനായി രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ജില്ലയിലെ 13 പ്രധാന പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചൂണ്ടൽ– ഗുരുവായൂർ നാലുവരിപ്പാതയും ഗുരുവായൂരിൽ മേൽപ്പാലവും നിർമിക്കാനാവശ്യമായ തുക പെട്രോൾ സെസ് പദ്ധതിയിൽപ്പെടുത്തി നൽകും. തൃശൂർ നഗരത്തിലെ പടിഞ്ഞാറെക്കോട്ടയിൽ മേൽപ്പാലം നിർമിക്കാനാവശ്യമായ തുകയും ഈ പദ്ധതിയിൽ നിന്നു നൽകും. തേക്കിൻകാട് മൈതാനത്തിനു ചുറ്റും നടപ്പാത നിർമിച്ചു സൗന്ദര്യവൽക്കരണത്തിനായി 2.5 കോടി രൂപ അനുവദിച്ചു. നഗരത്തിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാനും തീരുമാനിച്ചു.