UDF

2015, ജൂൺ 6, ശനിയാഴ്‌ച

സോളാര്‍ കേസില്‍ പിണറായി എന്തുകൊണ്ട് കക്ഷിചേര്‍ന്നില്ല


തൃശ്ശൂര്‍: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവ് കൈവശമുണ്ടെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ടാണ് കക്ഷിചേരാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രധാനപങ്കുണ്ടെന്ന് പിണറായി കമ്മീഷനു മൊഴിനല്‍കിയതിനെക്കുറിച്ച് തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്ര വലിയ തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനാണ്. സോളാര്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിപ്പിച്ചപ്പോള്‍ എന്തെങ്കിലും പറയേണ്ടെ എന്നുകരുതിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. ഓഫീസിലെ സി.സി.ടി.വി.യില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് ആരോപണം. അവിടെ കാമറ വച്ചതും നിശ്ചിതകാലം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന രീതിയില്‍ അതു ക്രമീകരിച്ചതും ഇടതുഭരണകാലത്താണ്. അതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.

സലിംരാജ് കേസില്‍ ഇടപെട്ടിട്ടില്ല. കേസ് നിയമത്തിന്റെ വഴിക്കു പോകും. സലിം രാജിന്റെ അറസ്റ്റ് അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് എല്ലാം അറിയാം, അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല എന്നായിരുന്നു മറുപടി. അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.