UDF

2015, ജൂൺ 5, വെള്ളിയാഴ്‌ച

മുളംകുന്നത്തുകാവ് പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കും


തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു. മുളംകുന്നത്തുകാവ് പഴയ കെല്‍ട്രോണിന്റെ പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പടിഞ്ഞാറെ കോട്ട ഫ്‌ളൈ ഓവറിന് 35 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷണന്‍, യുഡിഎഫ് എംഎല്‍എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ 5000 പേര്‍ക്ക് ആഹാരപൊതി നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ കുടിവെള്ളവും വിതരണം ചെയ്യുന്നു. 110 പേരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക. 

രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേക്കിന്‍കാട് മൈതാനത്ത് നായ്കനാല്‍ പരിസരത്തുള്ള ജനസമ്പര്‍ക്കവേദിയിലെത്തിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകള്‍ക്കു പുറമെ നിശ്ചിത തീയതിക്കുശേഷം 4027 അപേക്ഷകള്‍ കൂടി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമുള്ള പ്രത്യേക കൗണ്ടറുകള്‍വഴി ലഭിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകളില്‍ 8458 എണ്ണത്തില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു 3000 അപേക്ഷകളാണു ലഭിച്ചത്.