UDF

2015, ജൂൺ 30, ചൊവ്വാഴ്ച

സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല


 ആക്ഷേപങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സര്‍ക്കാരിനെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടടിക്കാനാണ്  പ്രതിപക്ഷം ശ്രമിക്കുന്നത്.  ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അഴിമതിയാകില്ല.

അതിന് വ്യക്തമായ അടിസ്ഥാനമുണ്ടാകണം. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലെല്ലാം സുതാര്യമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നിട്ടും ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ അവരുടെ രാഷട്രീയ നിരാശയാണ് പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത പോലും പ്രതിപക്ഷത്തിനില്ല. അതിനാലാണ് അവര്‍ സഭ ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം സര്‍ക്കാര്‍ സഹിഷ്ണുതയോടെയാണ് കേട്ടത്. എന്നാല്‍ മറുപടി കേള്‍ക്കാനുള്ള മര്യാദ പ്രതിപക്ഷം കാണിച്ചില്ല.

ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപങ്ങളും ആരോപണങ്ങളും അന്വേഷിക്കാന്‍ തന്റേടം കാട്ടിയ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. തെറ്റു ചെയ്തിട്ടില്ലെന്ന അത്മവിശ്വാസമാണ് യു.ഡി.എഫ്  സര്‍ക്കാരിനെ അതിന് പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ താല്‍പര്യങ്ങളോടെ സര്‍ക്കിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിച്ചു.

എന്നാല്‍ അതിനെ നേരിടാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് ലഭിച്ചത് ജനപിന്തുണ കൊണ്ടുമാത്രമാണ്. ആരോപണങ്ങള്‍ നിഷ്പക്ഷവും സുതാര്യവുമായാണ് അന്വേഷിച്ചത്. നിയമം അതിന്റെ വഴിക്കുപോകട്ടെയെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. വികസനവും കരുതലുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ അജണ്ട. ഇതാണ് നാലുവര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്.

ബാര്‍ക്കോഴ സംബന്ധമായ ആക്ഷേപങ്ങള്‍ തെളിയിക്കുന്ന വിധത്തില്‍ ആരും മൊഴിനല്‍കിയില്ല. എന്നിട്ടും സഭയില്‍ ഇതേ വിഷയം ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും പിശക് ചൂണ്ടികാട്ടാന്‍ പ്രതിപക്ഷത്തിനായില്ല. തെളിവായി ഏതെങ്കിലും സാക്ഷി മൊഴിയോ, ആരുടെയെങ്കിലും മൊഴി ഒഴിവാക്കിയെന്നോ തരത്തിലുള്ള ഒരു ആക്ഷേപവും പ്രതിപക്ഷത്തിനില്ല.

ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിഷയത്തില്‍ പുതിതായി ഒന്നും അവര്‍ക്ക് പറയാനില്ലെന്നതാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം ബാര്‍ക്കോഴ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

തെറ്റുകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയായതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്നത്. സോളാര്‍ കേസിലും നാഷണല്‍  ഗെയിംസിലും അഴിമതി ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ തന്റേടത്തോടെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ അതില്‍ കക്ഷി ചേരാനുള്ള ആര്‍ജ്ജവം പോലും പ്രതിപക്ഷം കാണിച്ചില്ല. ദേശീയ ഗെയിംസിന്റെ നടത്തിപ്പിലും ഇടതുപക്ഷം ആക്ഷേപം ഉന്നയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.