UDF

2015, ജൂൺ 12, വെള്ളിയാഴ്‌ച

പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാകോണ്‍ഗ്രസ്സ്



അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാ കോണ്‍ഗ്രസ് (എം) ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോര്‍ജ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ഭാഗമാണ്. ചീഫ് വിപ്പായിരുന്നപ്പോഴുള്ള പല പ്രവര്‍ത്തനങ്ങളോടും  യോജിപ്പില്ല. പലതും സഹിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജോര്‍ജ് ഒന്നുമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അരുവിക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. വിജയകുമാറിന്റെ പ്രചാരണത്തിന് ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാറുമെത്തുന്നത് യു.ഡി.എഫിന് തലവേദനയാകില്ല. ഗണേഷ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളുടെ പേരിലല്ല അദ്ദേഹം മുന്നണി വിട്ടത്. ഭാര്യയുമായുള്ള കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തനിക്കും അതിനോട് യോജിപ്പായിരുന്നെന്നും പല കാരണങ്ങളാല്‍  സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കെ.ബി. ഗണേഷ് കുമാറിന്റെ മുന്നണിമാറ്റത്തിന് കാരണം. 

അരുവിക്കരയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രചാരണത്തിനെത്തിയത് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ വിജയത്തിന് തടസ്സമാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനും വി.എസ്. പ്രചാരണരംഗത്തുണ്ടായിരുന്നു. പക്ഷേ എല്‍.ഡി. എഫിന് മേല്‍ക്കൈ നേടാനായില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി.എസ്. പ്രചാരണത്തിന്
എത്തിയില്ലെങ്കിലാണ് പ്രാധാന്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.