UDF

2015, ജൂൺ 30, ചൊവ്വാഴ്ച

സേവനാവകാശ നിയമം: പുരോഗതി വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും



 സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനാവകാശനിയമം നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍  അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദ്യാര്യമല്ല, അത് പൊതുജനങ്ങളുടെ അവകാശമാണ്. അത് സമയബന്ധിതമായി ജനങ്ങള്‍ക്ക് എത്തിക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ സേവനാവകാശനിയമം നടപ്പിലാക്കിയത്. ഇതിന്റെ  പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്‍.ഐ.സിയുടെ സഹായത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഐ.എം.ജി ഡയറക്ടര്‍ അധ്യക്ഷനായി ഒരു ഓണ്‍ലൈന്‍ സംവിധാനം രൂപീകരിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിന്റെ മുന്നിലുണ്ട്.

ഇത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.എം.ജി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനാവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ ഉറപ്പു നല്‍കി.

നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയും അതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ലഭിക്കാതെ വരികയും ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ പിഴ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കി സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും സംവിധാനങ്ങളുണ്ട്. സേവനം നിഷേധിക്കപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തലങ്ങളില്‍ പരാതി നല്‍കാനും വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു