UDF

2015, ജൂൺ 25, വ്യാഴാഴ്‌ച

പുതിയ ആരോപണങ്ങള്‍ അരുവിക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്


തിരുവനന്തപുരം: സോളാറിലും ബാര്‍ കോഴ വിഷയങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളുമെല്ലാം അരുവിക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഴിമതി ആരോപിച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഈ സര്‍ക്കാരിനെ ഓടിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഴിഞ്ഞത്തും സോളാറിലും ബാര്‍ കോഴയിലും ദേശീയ ഗെയിംസിലുമെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയില്ല. പ്രതിപക്ഷ ആക്ഷേപങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കത്ത് കൃത്രിമമായി നിര്‍മിച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജ കത്ത് നിര്‍മിച്ചയാളെ അറസ്റ്റ് ചെയ്തു, മാപ്പു സാക്ഷിയാക്കി. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചു. ഒളികാമറെവച്ച് നേട്ടം കൊയ്യാമെന്നു കരുതിയാല്‍ കേരളത്തില്‍ നടക്കില്ല. കോടതി വിധിയിലെ പല ഭാഗങ്ങളും മാധ്യമങ്ങളില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ സോളാര്‍ കമ്മീഷനില്‍ കക്ഷി ചേരാത്തത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പുറത്തുവരട്ടെ.

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ശബ്ദ രേഖ ബാറുടമകളുടെ കൈയിലുണ്ടെങ്കില്‍ പുറത്തുവിടണം. ഒളികാമറയിലെ സംഭാഷണം തന്റേതാണെന്ന് അംഗീകരിക്കാനോ തള്ളാനോ വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ തയ്യാറായിട്ടില്ല. സത്യം അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. മദ്യം എന്ന സാമൂഹിക വിപത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുമൂലം നഷ്ടമുണ്ടായ ബാറുടമയുടെ ആരോപണമാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. യു.ഡി.എഫിന്റെ മദ്യനയത്തിന് കിട്ടുന്ന അംഗീകാരമാകും അരുവിക്കര തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7,000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6,000 കോടിയും അഴിമതിയാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ ആരോപിച്ചു. പിന്നെ അദ്ദേഹത്തിനെ കണ്ടിട്ടില്ല. കോടിയേരി ആരോപണം ഉന്നയിച്ചപ്പോള്‍ അഴിമതി 300 കോടിയായി താഴ്ന്നു. എത്ര ലാഘവത്തോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാലാണ് ഇതുവരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.