UDF

2015, ജൂൺ 12, വെള്ളിയാഴ്‌ച

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കും


അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ടീയത്തിന്റെ വക്താക്കളാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാനൂരിലെ ബോംബ് സ്‌ഫോടനം. മരിച്ചത് തങ്ങളുടെ സഖാക്കളാണെന്ന് സമ്മതിച്ച സി.പി.ഐ(എം) പക്ഷേ പൊട്ടിയത് തങ്ങളുടെ ബോംബാണെന്ന് സമ്മതിക്കാത്തതിലെ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിയണം. ശബരീനാഥന് നല്‍കുന്ന ഓരോവോട്ടും അക്രമത്തിനെതിരെയും വികസന മുരടിപ്പിനെതിരെയുമുള്ളതാണ്. 

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇതിനെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പദ്ധതിയുടെ പേരില്‍ ഏത് ആക്ഷേമുപണ്ടായാലും കേള്‍ക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ പദ്ധതി നടന്നില്ലെങ്കില്‍ വരുന്ന 25 കൊല്ലത്തേയ്ക്ക് ഇത് നടക്കില്ല. ഏഴായിരം കോടിയുടെ പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതി ആരോപിക്കുന്ന പിണറായി വിജയന്റെ നടപടി എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. 

സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ ജനകീയമുഖം നല്‍കിയ സര്‍ക്കാരാണിത്. ബോംബ് രാഷ്ട്രീയമാണോ, വികസന രാഷ്ട്രീയമാണോ നാടിനാവശ്യമെന്ന് അരുവിക്കരക്കാര്‍ ചിന്തിക്കണം. ആദിവാസികളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണിത്. ആദിവാസി മേഖലകളില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസനവും കരുതലും വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചത്. ആദിവാസിസമൂഹമടക്കം പാവങ്ങളും പിന്നോക്കം നില്‍ക്കുന്നവരുമായവരെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്ന കാരുണ്യ ബനവലന്റ് ഫണ്ട് നൂറു കണക്കിന് പേര്‍ക്ക് അനുഗ്രഹമായി. ആദിവാസി മേഖലകളില്‍ റസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസപരമായി അവരെ മുമ്പിലെത്തിക്കണം. നൂറ് ശതമാനം ആദിവാസി കുട്ടികളെയും സ്‌കൂളുകളിലെത്തിക്കാന്‍ കഴിയുന്ന തരത്തിലാകണം  ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വാക്ക് നല്‍കിയ അദ്ദേഹം അവരോടൊപ്പം അവരുടെ തനതുസംഗീതമായ ചാറ്റുപാട്ടിലും ഗോത്രപൂജയില്‍ പങ്കു ചേര്‍ന്നു. മുഖ്യമന്ത്രിക്ക് ആദിവാസികള്‍ തങ്ങളു പരമ്പരാഗതആയുധമായ അമ്പും വില്ലും സമ്മാനിച്ചു.