UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

യുക്രെയിനില്‍ നിന്ന് മടങ്ങാന്‍ വിമാനസൗകര്യം ഏർപ്പടുത്തണം

 

യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ്  നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണം. 

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കി.

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

ലോകായുക്തയെ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

 


പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ ശാക്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2011 മെയ് 18ന് അധികാരമേറ്റ ഉടനേ ജൂണ്‍ 28ന് 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് വിപ്ലവകരമായ മാറ്റം. അതുവരെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററും ഐഎച്ച്ആര്‍ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ ഉണ്ടായിരുന്നത്. ഐഎച്ച്ആര്‍ഡിയെ വിഎസ് സര്‍ക്കര്‍ അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പ് 4.5.2011ല്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക രാഷ്ട്രീയതാത്പര്യങ്ങളുടെ പേരിലാണ്.

ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്തയുടെ പരിധിയിലാക്കിയത്. 1999ല്‍ ലോകായുക്ത രൂപീകരിച്ചശേഷം നടത്തിയ ഏറ്റവും വലിയ ശാക്തീകരണ നടപടിയായിരുന്നു അത്.

ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ

 


ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നത്. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഢിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയര്‍ന്നിരുന്നില്ല. പിന്നീട് ഡോ ജാന്‍സി കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതു ഇടയാക്കും.