UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2022, ജനുവരി 21, വെള്ളിയാഴ്‌ച

കോവിഡ് രൂക്ഷമാകുമ്പോൾ പാർട്ടി സമ്മേളനം: വേലി തന്നെ വിളവ് തിന്നുന്നു

 


വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തിവരുന്ന  പാര്‍ട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്. 

പാര്‍ട്ടി സമ്മേളന വേദികളില്‍നിന്ന് ഉന്നതര്‍ക്കുപോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. 

യു.ഡി.എഫ്. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും ദിവസങ്ങള്‍ക്ക് മുമ്പേ റദ്ദാക്കി. മത, സാംസ്‌കാരിക സംഘടനകളെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി.  എന്നാല്‍ സാമൂഹ്യ വ്യാപനം തടയാനും നിശ്ചിത എണ്ണത്തിന് അപ്പുറമുള്ള കൂട്ടായ്മകള്‍ നിയന്ത്രിക്കാനും ഗവണ്‍മെന്റിനു യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അടുത്ത മൂന്നാഴ്ച കോവിഡ്/ ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്കിയെങ്കിലും അതിന് അനുസൃതമായ ജാഗ്രതാ നടപടികളോ, ഭരണ നടപടികളോ ഉണ്ടായില്ല. ഇതു സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.  

ഒന്നും രണ്ടും ഘട്ടങ്ങളുടെ കോവിഡ് വ്യാപന കാലത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച  'വോളണ്ടിയര്‍ ബ്രിഗേഡുകള്‍'  സംവിധാനം അടിയന്തരമായി പുന:സ്ഥാപിക്കണം. രോഗികള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമാകുന്നതോടെ വീട്ടില്‍ എല്ലാവരും രോഗബാധിതരാകുന്ന സ്ഥിതിവിശേഷം തടയാന്‍ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍  പുന:സ്ഥാപിക്കണം. വീടുകളില്‍ തന്നെ നില്ക്കുവാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്കു അതിന് അവസരം കൊടുക്കണം.

മരുന്നിനും കോവിഡ് രോഗവും ആയി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണം.  കോവിഡ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ വളരെ സഹായകമായിരുന്ന ആയിരത്തോളം പി.ജി. വിദ്യാര്‍തഥികളുടെ  സേവനം ഇപ്പോള്‍ ലഭ്യമല്ല.  ഈ കുറവ് നികത്താന്‍ എം.ബി.ബി.എസ്. പാസ്സായവരെ അടിയന്തരമായി നിയോഗിക്കണം. 

ആരോഗ്യ രംഗത്തെ ജീവനക്കാരെ പ്രതിനിധികരീക്കുന്ന സംഘടനകളുമായും ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകളുമായും  ഗവണ്‍മെന്റ് ആശയവിനിമയം നടത്തണം. സ്വകാര്യമേഖലയെ കൂടതല്‍ വിശ്വാസത്തിലെടുക്കണം. 

കോവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയ്ക്ക് സഹായം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കോവിഡിന്റെ മൂന്നാം വരവ് ചിലരില്‍  വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവര്‍ക്ക് കൗണ്‍സിലിന് സൗകര്യം ഏര്‍പ്പെടുത്തണം. 

വിദേശത്തു നിന്നും വരുന്നവരില്‍ രണ്ട് കുത്തിവയ്പുകള്‍ നടത്തുകയും വരുന്ന രാജ്യത്തും ഇവിടെയും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ആകുകയും രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്താല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം  പരിഗണിക്കണം.

രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇതിന് കേന്ദ്ര ഗവണ്‍മെന്റ് സഹായം കൂടി ലഭ്യമാക്കണം. 

കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ വ്യത്യസ്ഥ സ്ഥിതിയില്‍ വരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍  കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി ഉണ്ടാക്കണം.

2022, ജനുവരി 8, ശനിയാഴ്‌ച

സബര്‍ബന്‍ റെയിലിന് വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും

 


യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. 

വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യു.ഡി.എഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്.  കെ റെയില്‍ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടര്‍ സ്ഥലം  ഏറ്റെടുക്കേണ്ടി വരും.  കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന   കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍. 

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്  2007-08ലെ ബജറ്റില്‍ കെ റെയിലിനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും  ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍ പദ്ധതി  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.   എന്നാല്‍  1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു. 

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ  സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂന്നൂര്‍ വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി  ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികല്‍. 

ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് 160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കി.മീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുപ്പ് കൂട്ടിയാല്‍ 300 ഏക്കറോളം സ്ഥലവും മതി.  യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി റെയില്‍വെയുമായി ചേര്‍ന്ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2014ല്‍ കേന്ദ്രഭരണം മാറിയതോടെ അവരുടെ പിന്തുണ കുറഞ്ഞു. 

പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നല്കിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്ഥിതിയില്‍  കേരളത്തെ തകര്‍ക്കുന്ന പദ്ധതി വരുകയും ബദല്‍ സാധ്യതകള്‍ തേടാതിരിക്കുകയും ചെയ്യുമ്പോള്‍  അതിനെ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രതിരോധിക്കും.