വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു

*മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി
*ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ പ്രത്യേക കമ്പനി
കോട്ടയം: സംസ്ഥാനത്തെ 40 ലക്ഷം വരുന്ന തൊഴില്‍രഹിതര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അഭ്യസ്തവിദ്യരായ യുവജനതയെ ഇവിടെ പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് യുവസംരംഭകത്വ നയം വരുന്നു.
വ്യവസായവകുപ്പ് തയ്യാറാക്കിയ പുതിയ നയം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. തൊഴില്‍സ്ഥാപനത്തിനും തൊഴില്‍സൃഷ്ടിക്കും മിഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങണമെന്നാണ് യുവസംരംഭകത്വ നയത്തിലെ പ്രധാന ശുപാര്‍ശ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സബ് കമ്മിറ്റി തയ്യാറാക്കി വ്യവസായ വകുപ്പ് അംഗീകരിച്ച നയത്തില്‍ 27ഓളം നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. മന്ത്രിസഭ അംഗീകരിച്ചാല്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരും.
അങ്കമാലിയില്‍ നടന്ന യുവസംരംഭക സംഗമ(യെസ്)ത്തിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലിനും ബിസിനസ്സിനുമായി അന്യരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളിയുവാക്കള്‍ പോകുന്നത് തടയാനും കേരളത്തില്‍ പുതുസംരംഭങ്ങള്‍ക്ക് പരാമാവധി സഹായങ്ങള്‍ ചെയ്യുന്നതിനുമാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നത്.
രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിസംരംഭകത്വനയം പ്രഖ്യാപിച്ചത്. ഐ.ടി. മേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപംകൊണ്ടത്. യുവസംരംഭകത്വ നയത്തില്‍ ടൂറിസം, ഇലക്ട്രോണിക്‌സ്, ബിസിനസ്, കൃഷി, ആരോഗ്യസംരക്ഷണം, നിര്‍മ്മാണമേഖല എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, അടിസ്ഥാനമൂലധനം ലഭ്യമാക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍, വിപണിസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പ്രത്യേക കമ്പനി വഴി ലഭ്യമാക്കും.
വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാന്റുകളും സബ്‌സിഡികളും നല്‍കല്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി മികവുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കുകയെന്നതായിരിക്കും സര്‍ക്കാരിന്റെ പുതിയ നയം. ചുവപ്പുനാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാകും. ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടാവും.
സേവനമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ അഞ്ചില്‍ത്താഴെ വ്യക്തികളുള്ളവരുടെ സംരംഭമാണെങ്കില്‍ അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്ന് വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ അനുമതിപത്രം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.
സ്വാധീനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് എന്ന പതിവുരീതിക്ക് മാറ്റംവരുത്തി എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുക. യുവസംരംഭകത്വനയം നടപ്പാക്കാന്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി പ്ലാനിങ് ബോര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് സ്വയംഭരണാധികാരം ഉണ്ടാകും. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. എന്നിവയ്ക്ക് ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.