UDF

2015, ജൂൺ 17, ബുധനാഴ്‌ച

കരുതൽ 2015: ഐ.ഐ.ടി.ക്ക് സ്ഥലം ഏറ്റെടുക്കും, മെഡിക്കല്‍ കോളേജില്‍ ആസ്പത്രിസമുച്ചയവും

പാലക്കാടിന് 16 ഇന പരിപാടി

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.ക്കായി 600 ഏക്കര്‍ ഏറ്റെടുക്കാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആസ്പത്രിക്കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായെന്നും അദ്ദേഹം പറഞ്ഞു. 360 കോടിയുടെ പട്ടികജാതി നിധിയുപയോഗിച്ചാണ് നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്, ആസ്പത്രിയുടെ ഭാഗമായി കാന്‍സര്‍ചികിത്സാ-ഗവേഷണകേന്ദ്രവും തുറക്കും. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയ്ക്കുള്ള പദ്ധതിവിവരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍പാര്‍ക്ക് എന്നിവമുതല്‍ കുടിവെള്ളവിതരണ പദ്ധതികളും റോഡ് പദ്ധതികളുമുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അനാഥവനിതകള്‍ക്ക് വിവാഹസഹായം നല്‍കാന്‍ നിയമമില്ല. ഈ പരിമിതി കടക്കാന്‍ നിയമനിര്‍മാണം നടത്തും.

അടിസ്ഥാനസൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊറണൂര്‍ റോഡ് നിര്‍മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനുപകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി.

പാലക്കാട് നഗരത്തില്‍നിന്ന് 6 പുതിയ ലിങ്ക് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 



പാലക്കാടൊഴികെ സംസ്ഥാനത്ത് ഇത്തവണ നടത്തിയ ജനസമ്പര്‍ക്കത്തില്‍ 3,68,290 പരാതികള്‍ കിട്ടി. പരിപാടിയോട് നിസ്സഹകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം കേള്‍ക്കണം. പരിപാടിയുടെ ഫലവും വിലയിരുത്തണം. നിസ്സഹകരിക്കുന്നവരോട് പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് അന്ധ ക്രിക്കറ്റ് കളിക്കാര്‍ ബസ്സിടിച്ച് മരിച്ചത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കും. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.