UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം മാതൃക:

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം മാതൃക: മുഖ്യമന്ത്രി

 


 
കൊച്ചി: അഴിമതിയും അക്രമവും ഏറുന്ന ലോകത്തില്‍ മതസംഘടനകള്‍ക്ക് വളരെയേറെ പ്രവര്‍ത്തിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം സംസ്ഥാനത്തിന് മാതൃകയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന എസ്.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തമായ ലക്ഷ്യബോധവും കളങ്കമറ്റ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ചു. നിയമം കൊണ്ടുമാത്രം തിന്മകളെ നിയന്ത്രിക്കാനാകില്ല. ശക്തമായ മതസംഘടനകളില്‍ നിന്ന് നാളെയുടെ സാരഥികളായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 

2013, ഏപ്രിൽ 21, ഞായറാഴ്‌ച

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

 

 

തിരൂര്‍ * തിരമാലകണക്കെ ആര്‍ത്തിരമ്പിയെത്തിയ കടലോരത്തെ ജനങ്ങളെ സാക്ഷിയാക്കി സംസ്ഥാനത്തെ വലിയ വികസന പദ്ധതികളിലൊന്നായ വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിനു വഴിയൊരുക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിഫലം നല്‍കും. ജനങ്ങളുടെ പൂര്‍ണ സമ്മതത്തോടെ, ഒരാളെയും വേദനിപ്പിക്കാതെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങളുടെയും എതിര്‍പ്പില്ലാതെത്തന്നെ പാത നടപ്പാക്കാന്‍ ശ്രമിക്കും. മുദ്രാവാക്യം വിളികളോ പ്രതിഷേധങ്ങളോ ഇല്ലാതെ പാരാതിക്കാരെ അങ്ങോട്ട് ചെന്നുകണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് പ്രശ്‌നം പരിഹരിക്കും. പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

2,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുക. മുഴുവന്‍ സ്ഥലവും വിട്ടുകിട്ടാതെയാണ് പദ്ധതിക്ക് തുക വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പകരം സര്‍ക്കാര്‍ യഥാര്‍ഥ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് ആവശ്യപ്പെട്ടു. 

 

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ഷാര്‍ജയിലെ ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രിക്ക് ലഭിച്ചത് 712 പരാതികള്‍

ഷാര്‍ജയിലെ ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രിക്ക് ലഭിച്ചത് 712 പരാതികള്‍

നൂറുകണക്കിന് പേരാണ് നിവേദനങ്ങളുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെത്തിയത്. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സംഘാടകരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. നിവേദനങ്ങള്‍ നിക്ഷേപിക്കാന്‍ ഉപയോഗിച്ച പ്ളാസ്റ്റിക് ട്രേ പലതവണ നിറഞ്ഞുകവിഞ്ഞു.
തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചതാണ് അല്‍പം ആശ്വാസമായത്.


ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓരോ പരാതിയിലെയും നടപടി സംബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷനെ അറിയിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തങ്ങളുടെ പരാതി പരിഹരിക്കാന്‍ ഉചിതമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

 ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

ദുബൈ: വധശിക്ഷ വിധിച്ച പത്തനംതിട്ട സ്വദേശിയുള്‍പ്പെടെ ഷാര്‍ജ ജയിലിലുള്ള മലയാളികളുടെ മോചനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി, ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഷാര്‍ജക്ക് പിന്നാലെ ദുബൈ ജയിലിലുള്ളവരുടെ വിവരങ്ങളും ശേഖരിക്കും.
യു.എ.ഇയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് ജയില്‍ കേസുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി വരുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്‍െറ പ്രവാസികാര്യ സെക്രട്ടറി പി. ശിവദാസന്‍ ഇവിടെയെത്തിയിരുന്നു. ശിവദാസന്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലും വനിത ജയിലും സന്ദര്‍ശിച്ച് അവിടെ കഴിയുന്ന മലയാളികളില്‍ പലരെയും കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മോചനം സാധ്യമാകുന്ന കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നീക്കം തുടങ്ങിയത്.


ഉമ്മന്‍ചാണ്ടിയുടെ പരിഗണനയിലുള്ള കേസുകളില്‍ ഏറ്റവും പ്രധാനം ഇരട്ടക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അശോകന്‍േറതാണ്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അശോകന്‍ ആറ്റിങ്ങല്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു സഹപ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ആറ്റിങ്ങലിന്‍െറ സമീപ പ്രദേശത്തുള്ള ഒരാള്‍ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റു.
ഈ കേസില്‍ വധശിക്ഷ വിധിച്ച അശോകനെ രക്ഷിക്കാന്‍ അപേക്ഷിച്ച് ഭാര്യയും രണ്ടു മക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോന്നി എം.എല്‍.എ കൂടിയായ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്‍െറയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറയും സഹായത്തോടെയാണ് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ തീരുമാനിക്കുന്ന നഷ്ടപരിഹാരം വാങ്ങി ഇവര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഷാര്‍ജ കോടതിയെ രേഖാമൂലം അറിയിച്ചാല്‍ ഈ കേസില്‍ വധശിക്ഷ ഒഴിവാകും.


കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയുടെ കുടുംബവുമായും ഇതുപോലെ ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ അശോകന്‍െറ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനും ശ്രമം നടക്കുന്നു. രണ്ടു പേരുടെയും ആശ്രിതര്‍ ഇതിന് തയാറായാല്‍ നഷ്ടപരിഹാര സംഖ്യ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ശേഖരിച്ച് നല്‍കും. നേരത്തെ സൗദി അറേബ്യയിലും ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്.


മയക്കുമരുന്ന് കേസില്‍ പിടിയിലായ വ്യക്തിക്ക് പുറമെ ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളും ഷാര്‍ജ സെന്‍ട്രല്‍ ജയിലിലുണ്ട്. ഷാര്‍ജ വനിത ജയിലില്‍ 23 മലയാളികളുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും ഏജന്‍റുമാരുടെ ചതിയില്‍ കുടുങ്ങിയാണ് ജയിലില്‍ എത്തിയത്. ചിലരുടെ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍, മറ്റു ചില കേസുകളില്‍ വിചാരണ നടക്കുന്നു. സെക്സ് റാക്കറ്റിന്‍െറ ചതിയില്‍ കുടുങ്ങുകയും ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത മൂന്നു സ്ത്രീകള്‍ കൊല്ലം സ്വദേശിനികളാണ്. ഒരാള്‍ യു.എ.ഇയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഏജന്‍റ് പാസ്പോര്‍ട്ട് വാങ്ങുകയും മറ്റൊരാള്‍ക്ക് കൈമാറുകയുമായിരുന്നു. അതിനാല്‍ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടില്ല.


ഷാര്‍ജ ജയിലില്‍ കഴിയുന്നവരില്‍ പിഴ അടക്കാനുള്ളവരുടെ കാര്യത്തില്‍ പിഴ സംഖ്യ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉമ്മന്‍ചാണ്ടി നല്‍കുമെന്നാണ് സൂചന. വിവരങ്ങള്‍ ലഭിച്ചവരുടെ കേസുകളെല്ലാം പരിശോധിച്ച്, സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ യു.എ.ഇ സന്ദര്‍ശനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും-മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാ ആരോഗ്യസേവനങ്ങളും മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യ കേരളം പുരസ്‌കാരവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഇന്ന് മികച്ച സൗകര്യങ്ങളാണുള്ളത്.

ആസ്​പത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നാം ചെയ്യുന്നുണ്ട്. ദേശീയതലത്തില്‍ നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാഴ്ചവയ്ക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയില്‍ 2012-13 കാലത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. 

ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ സംസാരിച്ചു. 

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നും, രണ്ടും, മൂന്നും പുരസ്‌കാരങ്ങള്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകള്‍ക്കും, ബ്‌ളോക്ക് പഞ്ചായത്ത് തലത്തില്‍ ആലപ്പുഴ വെളിയനാട് ബ്‌ളോക്ക്, കോട്ടയം കടുത്തുരുത്തി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ ബ്‌ളോക്കുകള്‍ക്കും വിതരണം ചെയ്തു.

ഗ്രാമപ്പഞ്ചായത്തില്‍ തൃശൂര്‍ കാട്ടൂര്‍, എറണാകുളം മണീട്, തൃശൂര്‍ പൊയ്യ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിയില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, എറണാകുളത്തെ മരട്, എന്നിവയും കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ക്കും ആരോഗ്യകേരളം അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

സ്വാതി തിരുനാള്‍ കേരളം കണ്ട പ്രതിഭാശാലി

സ്വാതി തിരുനാള്‍ കേരളം കണ്ട പ്രതിഭാശാലി-മുഖ്യമന്ത്രി

 

 തിരുവനന്തപുരം: കേരളം കണ്ട പ്രതിഭാശാലികളില്‍ ഒരാളാണ് സ്വതി തിരുനാള്‍ എന്നും അത്ഭുതകരമായ മാറ്റങ്ങളാണ് ഭരണരംഗത്ത് വരുത്തിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ 200-ാം ജന്‍മദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ തിരുവനന്തപുരമാക്കിയ ഭരണാധികാരിയാണ് സ്വാതി തിരുനാള്‍. തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ സ്വാതിയുടെ ശക്തമായ ഇടപെടലുകളും നേതൃത്വവുമാണ് ഉണ്ടായിരുന്നത്. അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കി. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കി. 18 ഭാഷകള്‍ അറിയമായിരുന്ന അദ്ദേഹം സാഹിത്യത്തിന് നല്‍കിയ സംഭാവനകളും മഹത്തരമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഗുജറാത്ത്‌ കേരളത്തിനുപിന്നില്‍; മോഡിയുടെ അവകാശവാദം പൊളള: ദിഗ്‌വിജയ്‌

ഗുജറാത്ത്‌ കേരളത്തിനുപിന്നില്‍; മോഡിയുടെ അവകാശവാദം പൊളള: ദിഗ്‌വിജയ്‌

mangalam malayalam online newspaper

ന്യൂഡല്‍ഹി: വികസന നേതാവെന്ന നരേന്ദ്രമോഡിയുടെ അവകാശവാദം പൊളളയാണെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌. സാമൂഹിക സൂചകങ്ങളുടെ അടിസ്‌ഥാനത്തില്‍ കേരളമാണ്‌ ഏറ്റവും വികസനമുളള സംസ്‌ഥാനം. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഹരിയാനയാണ്‌ ഏറ്റവും മുന്നില്‍. രണ്ട്‌ സംസ്‌ഥാനങ്ങളും കോണ്‍ഗ്രസാണ്‌ ഭരിക്കുന്നതെന്നും ദിഗ്‌വിജയ്‌ പറഞ്ഞു.

ഹരിയാനയും കേരളവും ഗുജറാത്തിനു മുന്നിലാണെങ്കില്‍ ഗുജറാത്താണ്‌ ഏറ്റവും വികസനമുളള സംസ്‌ഥാനമെന്ന്‌ മോഡിക്ക്‌ എങ്ങനെ അവകാശപ്പെടാനാവുമെന്നും വികസന നേതാവെന്ന അമിത പ്രശംസ തനിക്കുമേല്‍ ചൊരിയുന്നതിന്‌ പകരം മോഡി എന്തു ചെയ്‌തുവെന്നും ദിഗ്‌വിജയ്‌ ചോദിക്കുന്നു.

അഴിമതിയും ചുവപ്പുനാടയും വികസനത്തിനു വഴിമുടക്കുന്ന രാജ്യത്തെ്‌ സ്വന്തം സംസ്‌ഥാനത്ത്‌ ഏറ്റവും വേഗത്തില്‍ വികസനം സാധ്യമാക്കുന്ന മുഖ്യമന്ത്രി എന്ന വിശേഷണമാണ്‌ മോഡി സ്വന്തമാക്കിയിരിക്കുന്നത്‌. ഇതേ വികസനമുദ്ര ഉയര്‍ത്തിക്കാട്ടി മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

പുതുപ്പള്ളി* മേടമാസ തലേന്നു കാര്‍ഷികസമൃദ്ധിയുടെ വിളംബരമായി മാറി പുതുപ്പള്ളി കുഴിക്കാട്ടുകടവ്, തേവര്‍കരി പാടശേഖരത്തിലെ വിളവെടുപ്പ്. ഒരു വ്യാഴവട്ടത്തിനു ശേഷം തരിശുഭൂമിയില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി എത്തിയതോടെ ചടങ്ങ് ആഘോഷമായി മാറി. പുതുപ്പള്ളി കുഴിക്കാട്ടുകടവ്-തേവര്‍കരി പാടശേഖരം, ഇരവിനല്ലൂര്‍ കിഴക്കുപുറം പാടശേഖരം അടക്കം 125 ഏക്കറോളം സ്ഥലമാണ് തരിശുഭൂമിയായി കിടന്നത്. ഇതില്‍ 75 ഏക്കറിലാണ് കൃഷി ചെയ്തത്. ബാക്കി സ്ഥലത്ത് അടുത്തവര്‍ഷം കൃഷിയിറക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുകൂടി താല്‍പര്യപ്പെട്ട പദ്ധതിയാണിത്. പഞ്ചായത്തിന്റെയും പാടശേഖര സമതിയുടേയും നേതൃത്വത്തില്‍ കരാറുകാരനെ വച്ചായിരുന്നു കൃഷി. 25 ലക്ഷം രൂപയോളമാണ് ചെലവായത്. ആര്‍കെവിവൈ പദ്ധതിയില്‍ നിന്നു കുറച്ചു തുക സബ്‌സിഡിയും ലഭിച്ചു. മൊത്തം 977 മണിക്കൂര്‍ ട്രാക്ടര്‍ പണിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, കൃഷി അസി. ഡയറക്ടര്‍മാരായ ജോര്‍ജ് സ്‌കറിയ, ഏബ്രഹാം പി. മാത്യു, കൃഷി ഓഫിസര്‍ ആര്‍. പ്രസന്നകുമാര്‍, 

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, കരാറുകാരന്‍ ജോജി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം ചാക്കോ, വി.എ. മോഹന്‍ദാസ്, പാടശേഖര സമിതി ഭാരവാഹികളായ സഖറിയാകുട്ടി പഴയതുരുത്തേല്‍, ജോണ്‍ വെട്ടുവള്ളി, ഹരിദാസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

 

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍:

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍: 

പാമ്പാടി * ഗവ. താലൂക്ക് ആശുപത്രിയെ മികച്ച നിലവാരമുള്ള ആശുപത്രിയാക്കി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ചു കൂടുതല്‍ തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. 

 

സൂപ്പര്‍ സ്‌പെഷ്യല്‍റ്റി നിലവാരമുള്ള ആശുപത്രികളായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മാറ്റിക്കൊണ്ടു വരികയാണെന്നു മന്ത്രി പറഞ്ഞു. കാഷ്വല്‍റ്റി ബ്ലോക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനം എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍ നിര്‍വഹിച്ചു. ഡിഎംഒ ഡോ. ഐഷാഭായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

 

താലൂക്ക് ആശുപത്രിയെ ദേശീയ നിലവാരമുള്ള ആശുപത്രി ആക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ആശുപത്രി വികസന സമിതി അംഗം മാത്തച്ചന്‍ പാമ്പാടി മുഖ്യമന്ത്രിക്കു കൈമാറി. കലക്ടര്‍ മിനി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ചെറിയാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ചെറിയാന്‍, പി.എം. സ്‌കറിയ, സന്ധ്യ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, 

 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കുഞ്ഞ് പുതുശേരി, ബെറ്റി റോയി, സിന്ധുമോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജു കെ. ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസമ്മ കുര്യന്‍, പഞ്ചായത്ത് അംഗം പി.എം. മാണി, ആശുപത്രി വികസന സമിതി അംഗങ്ങളായ ടി.ടി. തോമസ്, ഒ.സി. ജേക്കബ്, ജയിംസ് തോമസ്, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

നാലു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 150 കിടക്കകളുള്ള ആശുപത്രിയാണു പൂര്‍ത്തിയായത്. നാലു ശസ്ത്രക്രിയാ തിയറ്ററുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളെല്ലാം ആശുപത്രിയിലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശസ്ത്രക്രിയാ തിയറ്ററുകളുള്‍പ്പെടെ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. 17 ഡോക്ടര്‍മാരുടെ സേവനമാണ് ആശുപത്രിയില്‍ ലഭിക്കുക.  താലൂക്ക് ആശുപത്രിയെ കേന്ദ്ര ഫണ്ട് ലഭിക്കുന്ന എന്‍എബിഎച്ച് അക്രഡിറ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 

 

എല്ലാ ജില്ലകളിലേയും ഒരു ആശുപത്രിയെ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഷ് എന്ന പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക വാര്‍ഡ് നിര്‍മിക്കണമെന്നുള്ള ആവശ്യം പരിഗണിക്കുമെന്നും താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരോഗ്യനയം പ്രഖ്യാപിക്കുന്നതിനുള്ള കരട് തയാറായിട്ടുണ്ട്. ഇതു പൊതു സമൂഹത്തിനു ചര്‍ച്ചയ്ക്കു വിടുകയാണെന്നും മന്ത്രി പറഞ്ഞു. 

 

ഫണ്ട് പാഴായില്ല: മുഖ്യമന്ത്രി  

പാമ്പാടി * താലൂക്ക് ആശുപത്രിയുടെ വികസനത്തിനുള്ള മൂന്നു കോടി രൂപയുടെ ഫണ്ട് പാഴായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അധിക കേന്ദ്ര വിഹിതത്തില്‍നിന്നും മാറ്റിവയ്ക്കുന്ന തുകയായിരുന്നു ഇത്. ആസൂത്രണ കമ്മിഷന്‍ മുഖേനയാണ് ഈ തുക നല്‍കുന്നത്. എത്രകാലം കിടന്നാലും ഈ തുക പാഴാകുന്നതല്ല. എട്ടു വര്‍ഷം മുന്‍പ് അനുവദിച്ച ഇത്തരം ഫണ്ടുകള്‍വരെ ചെലവഴിക്കാതെ കിടപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

 

ഷാര്‍ജ *അനധികൃത താമസക്കാരെ ഒഴിവാക്കുന്നതിന് സൗദിയില്‍ നിതാഖാത്ത് പദ്ധതി  നടപ്പിലാക്കിയതുമൂലം ഇന്ത്യക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സൗദിയിലെ തൊഴില്‍ പ്രശ്‌നം സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നു. എന്നാല്‍, അതു മുഴുവനും ശരിയല്ല. സൗദിയില്‍ നിന്ന് കുറേപ്പേര്‍ തിരിച്ചുവരുമെന്നത് യാഥാര്‍ഥ്യമാണ്. താമസ കുടിയേറ്റ രേഖകളില്ലാതെ അവിടെ കഴിയുന്നവര്‍ തിരിച്ചുവരേണ്ടി വരും. ഒരു രാജ്യത്ത് നിയമം നടപ്പിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. പ്രായോഗികമായി അത് ശരിയുമല്ല. നമ്മള്‍ വസിക്കുന്ന രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ നയതന്ത്ര-സുഹൃദ്-വാണിജ്യ ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിതാഖാത്ത്  മൂലം നമ്മുടെ ആളുകള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഠിനമായി ശ്രമിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചുവരുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നടപടികളുമായി നാം മുന്നൊരുക്കം നടത്തണമെന്നാണ് സൗദിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.  തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചംഗ നിയമസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. 

 

ഉന്നത സംസ്‌കാരവും ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ എവിടെയും രാജ്യത്തിന് അഭിമാനകരമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലയാളികള്‍ യുഎഇക്ക് നല്‍കിവരുന്ന സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി. മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് ആ രാജ്യത്തെ സ്‌നേഹിച്ചു കഴിയണം. മലയാളികള്‍ അത് പാലിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

 

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക സെല്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയ്ക്കകം സെല്‍ പ്രവര്‍ത്തനമാരംഭിക്കും. എയര്‍ കേരളയ്ക്കുള്ള നിയമ തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. പ്രവാസി സര്‍വേ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചു. നാട്ടിലെ ആധാര്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രവാസി ആധാര്‍കാര്‍ഡ് വിതരണം ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാര്‍ജ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ഔഖാഫ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി, കെ. ബാലകൃഷ്ണന്‍  പ്രസംഗിച്ചു

 

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

 

ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടീകോമി


നോട് നിര്‍ദേശിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങിന് താന്‍ വരുമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി വിലയിരുത്താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി എന്നിവര്‍ സമീപം

വ്യാഴാഴ്ച ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗ തീരുമാനങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിയോടും ടീകോം അധികൃതരോടും ചോദിച്ചു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചുകേട്ട അദ്ദേഹത്തോട് 18 മാസത്തിനകം ആദ്യ ഘട്ടത്തിലെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് 18 മാസം നീട്ടുന്നതെന്ന് ചോദിച്ചു. സാധ്യമായത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശൈഖ് മുഹമ്മദിനെ ഉമ്മന്‍ചാണ്ടി ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുമെന്ന് പറയുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റിക്ക് പുറമെ കേരളത്തില്‍ ദുബൈയുടെ മറ്റൊരു പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ കാര്യത്തില്‍ ദുബൈ സര്‍ക്കാറിന്റെ എല്ലാ സഹകരണവും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി.


മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും അഭയവും നല്‍കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന യു.എ.ഇ സര്‍ക്കാറിന് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിലെ വികസനത്തില്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സേവനത്തെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. മലയാളികളുടെ കഠിനാധ്വാനം അദ്ദേഹം പ്രത്യേകം പരമാര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.


എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ കൂടെ ഹോട്ടല്‍ ലോബിയില്‍ വരികയും മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തു. ഫോട്ടോക്ക് പോസ് ചെയ്തും തമാശ പറഞ്ഞും എല്ലാവരുടെയും സ്നേഹം നേടിയാണ് മടങ്ങിയത്. 


ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉണ്ടായിരുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, സ്മാര്‍ട്ട് സിറ്റി എം.ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീനുമുണ്ടായിരുന്നു.

നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി

കൈത്താങ്ങായി കെ.സി. ജോസഫ്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനങ്ങള്‍ സ്വീകരിക്കുന്നു

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.

തിരക്ക് നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും തങ്ങളുടെ നിവേദനം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പ്ളാസ്റ്റിക് ട്രേ നിറഞ്ഞപ്പോള്‍ ഒഴിപ്പിച്ച് വീണ്ടും വെച്ചു. പക്ഷേ, നിവേദന പ്രവാഹത്തില്‍ ട്രേ മുങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി. രക്ഷയില്ലെന്നായപ്പോള്‍ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. രണ്ടു വഴികളിലൂടെ ഒഴുകിയ നിവേദന പ്രവാഹം വേദിയില്‍ മഹാപ്രവാഹമായപ്പോള്‍ അതില്‍ നിറഞ്ഞത് പാവപ്പെട്ട പ്രവാസികളുടെ കണ്ണീരും പരിഭവങ്ങളുമായിരുന്നു.

ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍, ഓഡിറ്റോറിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും തന്നെ വളഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ സാധിക്കാതെ പലപ്പോഴും വിഷമിച്ച ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ സംഘാടകര്‍ അല്‍പം ബലപ്രയോഗം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ ജനകീയ മേളയായി. 300ലേറെ പരാതികള്‍ ലഭിച്ചു.

അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി


ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി

അബൂദബി: നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരവധി പേര്‍ ഇങ്ങനെ പലതരം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതില്‍ പലരും ജയിലില്‍ അകപ്പെടുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പ് തടയാന്‍ നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും അബൂദബിയില്‍ ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു.


നല്ല ജോലിയും ശമ്പളവും പ്രതീക്ഷിച്ച് നാട്ടില്‍നിന്ന് നിരവധി പേര്‍ ഗള്‍ഫിലെത്തുന്നു. പക്ഷേ, ഇതില്‍ പലരെയും ചില സംഘങ്ങള്‍ വഞ്ചിക്കുന്നതാണ്. ഇവിടെ എത്തിയ ശേഷമാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് അവര്‍ക്ക് മനസ്സിലാവുക. അതേസമയം, പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു ജോലിയോ താമസ സൗകര്യമോ ലഭിക്കാതെ ദുരിതത്തിലാകും. നമ്മുടെ നാട്ടുകാര്‍ തന്നെയാണ് ഇത്തരം വ്യക്തികളെ ഗള്‍ഫിലെത്തിച്ച ശേഷം വഞ്ചിക്കുന്നത്.


പലതരം തട്ടിപ്പിന് ഇരയായ നിരവധി പേര്‍ ജയിലിലുണ്ട്. നിസ്സാര കേസുകളില്‍ കുടുങ്ങിയാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. അതേസമയം, വഞ്ചിക്കപ്പെട്ട പലരും ജോലിയോ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ നട്ടംതിരിയുകയാണ്. ഇത്തരം ഒരു പരാതിയാണ് ഷാര്‍ജയില്‍ തന്‍െറ മുന്നിലെത്തിയത്.


ഈ അവസ്ഥ ഒഴിവാക്കാന്‍ കര്‍ശന നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തയാറാണ്.


യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു.എ.ഇയിലെ മലയാളികളെ പ്രശംസിച്ചപ്പോള്‍ ഏറെ അഭിമാനം തോന്നി. കഠിനാധ്വാനവും വിശ്വാസ്യതയും സംരംഭ താല്‍പര്യവുമാണ് മലയാളികളുടെ പ്രധാന ഗുണങ്ങളായി ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞത്. ഈ ഗുണങ്ങളും പ്രശംസയും എന്നും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം-ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, എന്‍.എം.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ആര്‍. ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് പുഷ്കര്‍ സ്വാഗതവും കെ.എച്ച്. താഹിര്‍ നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാനുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലെ പാലസിലായിരുന്നു ചര്‍ച്ച.
ഉമ്മന്‍ചാണ്ടിക്ക് ശൈഖ് നഹ്യാന്‍ ഉച്ചവിരുന്ന് നല്‍കി. തുടര്‍ന്നാണ് ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ മികച്ച ബന്ധവും യു.എ.ഇയുടെ പുരോഗതിയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ പങ്കും ചര്‍ച്ചാവിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരും സന്നിഹിതരായി.


വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്‍െറ ഓഫിസിലെത്തിയത്. ചര്‍ച്ചക്കുശേഷം ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഹോട്ടല്‍ ലോബിയിലെത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അതേസമയം, യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

 

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജലവിഭവ മന്ത്രി പി.ജെ ജോസഫ്, കൃഷി മന്ത്രി കെ.പി മോഹനന്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഷാര്‍ജയില്‍ വ്യാഴാഴ്ച

ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗള്‍ഫ് രാജ്യങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ പ്രേരിപ്പിച്ചത്. 

വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്‍ഫിലെ ഭരണപക്ഷ അനുകൂല സാംസ്‌കാരിക സംഘടനകളുടെ നിരന്തര അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയെ ഗള്‍ഫ് രാജ്യങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടുന്യൂഡല്‍ഹി: നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ സൗദിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി. 

അതിനിടെ സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ഊര്‍ജിതമാകുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തെ നോര്‍ക്കാ സെക്രട്ടറി റാണിജോര്‍ജ് പ്രതിനിധാനം ചെയ്യും. സൗദിയിലെ തൊഴില്‍ മന്ത്രി ആ രാജ്യത്ത് മടങ്ങിയെത്തിയശേഷമായിരിക്കും ഇന്ത്യയില്‍നിന്നുള്ള മന്ത്രിതല സംഘം ചര്‍ച്ചയ്ക്കായി സൗദിയിലേക്ക് പോകുക എന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശ മന്ത്രി സല്‍മാന്‍ഖുര്‍ഷിദ് എന്നിവരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യയുടെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യാക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സൗദിയില്‍നിന്ന് അധികം പേര്‍ക്ക് മടങ്ങേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിപ്പോരുന്നവര്‍ക്ക് നിയമപരമായി സൗദിയിലേക്കും മറ്റും തിരിച്ചു പോകാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ, തിരിച്ചയയ്ക്കുന്നവരെ ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സംസ്ഥാനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എക്‌സിറ്റ് പാസ്സ് ലഭിക്കുന്നതിനുവേണ്ടി 1013 പേര്‍ മാത്രമാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 49 പേര്‍ മാത്രമാണ് മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന സൊമാലിയക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടാണെങ്കിലും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ കഴിയുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി അടക്കമുള്ളവരോട് അഭ്യര്‍ഥിച്ചു
.