UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഡിസംബർ 12, ബുധനാഴ്‌ച

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി


മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിചാരണ നീതിയുക്തവും വേഗത്തിലുമാക്കാനും നിയമസഭയും സര്‍ക്കാറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ നേതാക്കള്‍ക്ക് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നിവേദനം നല്‍കി. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍കണ്ട് മഅ്ദനിക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി ഫോറം നേതാക്കള്‍ പറഞ്ഞു.

2012, ഡിസംബർ 8, ശനിയാഴ്‌ച

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു 

 

 തിരുവനന്തപുരം: രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള യാത്രാസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സാംസ്‌കരിക വൈവിധ്യവും അഖണ്ഡതയും ഉള്‍നാടന്‍ ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനാണ് ഈ യാത്ര.ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട്, മാണ്ടി തേസില്‍ ഗ്രാമങ്ങളിലെ 23 ബിരുദവിദ്യാര്‍ഥികളും രണ്ട് അധ്യാപകരും രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. തിരുവനന്തപുരം, കന്യാകുമാരി, വെല്ലിങ്ടണ്‍, ഊട്ടി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കൂടാതെ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പെയ്‌സ് സെന്ററും ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സും സംഘം സന്ദര്‍ശിക്കും.

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും - മുഖ്യമന്ത്രി 


 തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്ക് പാരിതോഷികം നല്‍കുന്നതില്‍ സംസ്ഥാനം പിന്നിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികക്ഷേമവകുപ്പ് സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമുക്തഭടന്മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്റ്റ്ഹൗസുകള്‍ സ്ഥാപിക്കും. സൈനികരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

രാജ്യത്തെ മികച്ച ടെറിട്ടോറിയല്‍ ആര്‍മിയായി തിരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികമായി മിനിബസ് വാങ്ങുന്നതിന് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. അവയവമാറ്റശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായംചെന്ന, സ്ഥിരംചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തികസഹായം നല്‍കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു.

ടെറിട്ടോറിയല്‍ ആര്‍മി ഗുഡ്‌വില്‍ അംബാസഡറായ നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. രാജ്യത്ത് സമാധാനമാണ് ഉണ്ടാകാണ്ടേതെന്നും യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


2012, ഡിസംബർ 3, തിങ്കളാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം-മുഖ്യമന്ത്രികളമശ്ശേരി: യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരാകാതെ ജോലി നല്‍കുന്നവരാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കളമശ്ശേരി കിന്‍ഫ്രയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുതുതലമുറയിലുള്ളവര്‍ സര്‍ക്കാര്‍ ജോലി അന്വേഷകരാകാതെ, വിദേശജോലിക്ക് പോവാതെ സ്വന്തമായ സംരംഭങ്ങളില്‍ ഏര്‍പ്പെടണം. കേരളത്തിന് ഏറ്റവും ആവശ്യമുള്ളതാണ് തൊഴില്‍ സംരംഭകത്വം. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് എല്ലാവിധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് ജനവരി അഞ്ചിന് തറക്കല്ലിടും. കേരളത്തിന്റെ വലിയ ആഗ്രഹമായ ഐഐടി 12-ാം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ലഭിക്കും.

2012, നവംബർ 24, ശനിയാഴ്‌ച

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും

 

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും


 

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്ന വരുമാനത്തിന്റെ ലാഭത്തില്‍ നിന്ന് കൂടുതല്‍ തുക മരുന്നുകള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ഒരു ശതമാനം ഇപ്പോള്‍ ഇതിനായി മാറ്റി വെയ്ക്കുന്നുണ്ട്. വരുന്ന ഏപ്രില്‍ മാസത്തോടെ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആരോഗ്യമേഖല വിവേചനം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നമായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ അസുഖംബാധിച്ച ചെറുപ്പക്കാര്‍ ഫലപ്രദമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥയുണ്ട്. അറിഞ്ഞുകൊണ്ട് മരണത്തെ അഭിമുഖീകരിക്കേണ്ട യുവാക്കളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. 

ആരോഗ്യമേഖലയില്‍ വലിയ ചൂഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
.

2012, നവംബർ 21, ബുധനാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി

മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായിതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ചുവപ്പുനാടയുടെ കുരുക്കഴിച്ചതോടെ പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി. സാമൂഹ്യ പ്രവര്‍ത്തകയും വികലാംഗയുമായ പ്രിയാരാമകൃഷ്ണന് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ആറുമാസത്തിലേറെയായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍ നടത്തിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഇതോടെ ഒറ്റദിവസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. വൈകീട്ട് നാലരയോടെ പ്രിയ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ ക്ലര്‍ക്ക്-കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ തസ്തികയില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ജീവനക്കാരിലൊരാളെ അടിയന്തരമായി മാതൃവകുപ്പിലേക്ക് മാറ്റിക്കൊണ്ടാണ് പ്രിയയെ നിയമിച്ചത്.


മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള ദേശീയ യുവജന അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രിയ വൈകല്യങ്ങളെ മറന്ന് സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. കുട്ടിക്കാലത്ത് ബസ്സില്‍ നിന്ന് വീണ് പരിക്കുപറ്റിയതോടെയാണ് പ്രിയയുടെ ജീവിതം ദുരിതത്തിലായത്. നട്ടെല്ലിന് പരിക്കുപറ്റി തല അനക്കാനാകാത്ത അവസ്ഥയിലായിട്ടും സാക്ഷരത, തുടര്‍ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി പ്രവര്‍ത്തന മേഖലകളില്‍ ഇവര്‍ സാഹസികതയോടെ വ്യാപൃതയായി. ജനസമ്പര്‍ക്ക പരിപാടിക്കിടെ ഇവരുടെ അവസ്ഥനേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരവിറങ്ങിയെങ്കിലും തസ്തിക ഒഴിവില്ല എന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇത്രനാളും ഇവരെ നടത്തിക്കുകയായിരുന്നു
.

2012, നവംബർ 19, തിങ്കളാഴ്‌ച

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും 

കണ്ണൂര്‍: കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുള്ള പദ്ധതി പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ ജീവവാണി കൗണ്‍സലിങ് സെന്‍ററും ടെലിമെഡിസിന്‍ സംവിധാനവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. കാന്‍സറിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. വകുപ്പുകളുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കും. കാന്‍സറിനെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഏറെ ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 വിദ്യാലയങ്ങളില്‍ ലഹരിക്കെതിരെ യുവശക്തി എന്ന യുവവിമുക്തി പദ്ധതി ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

2012, നവംബർ 18, ഞായറാഴ്‌ച

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയില്‍ രണ്ട് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടെ അനധികൃതമായി താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വിസ കാലാവധിക്ക് ശേഷം യു.എ.ഇയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് 2012ഡിസംബര്‍ നാലു മുതല്‍ 2013 ഫെബ്രുവരി മൂന്നു വരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാന്‍ യു.എ.ഇ സര്‍ക്കാര്‍ ഇളവനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹകരണവും നല്‍കുന്നതാണ്. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയതിനാല്‍ ഈ ആനുകൂല്യത്തിന്റെപ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് മലയാളികള്‍ക്കാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

 കണ്ണൂര്‍:സംസ്ഥാനത്ത് ചില്ലറവ്യാപാരമേഖലയില്‍ ഒരുകാരണവശാലും വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കവേണ്ട. ഇതു വെറും കൈയടിക്ക് വേണ്ടിയുള്ളതല്ല. സത്യസന്ധമായിത്തന്നെ പറയുന്നതാണ് -അദ്ദേഹം പറഞ്ഞു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലക്ഷക്കണക്കിന് കച്ചവടക്കാരെ ബാധിക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ പ്രശ്‌നം. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം വേണമോ എന്ന് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരമാണ് കേരളം തീരുമാനമെടുക്കുക. പല സംസ്ഥാനങ്ങളും അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. നിങ്ങള്‍ സമ്മതിക്കാതെ ഇക്കാര്യത്തില്‍ ഒരുതീരുമാനവും ഞങ്ങള്‍ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാല ദുരന്തത്തില്‍ ഐ.ഒ.സി. കാണിച്ച സമീപനം വളരെ മോശമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ ഉറങ്ങുന്നവരാണ് വെന്തുമരിച്ചത്. കുറ്റക്കാര്‍ ഐ.ഒ.സി. തന്നെയാണ്. അതേസമയം, അവര്‍ പണം കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുക്കും. ചാലയില്‍ സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ണമാക്കാന്‍ ഇനി എത്ര തുക വേണമെന്ന് കളക്ടറോട് ചോദിച്ചു. ഒരുകോടി വേണം എന്ന് കളക്ടര്‍ പറഞ്ഞ ഉടനെ അത് നല്‍കി. ഐ.ഒ.സി.യെ കാത്തുനിന്നില്ല. ഏതായാലും ഐ.ഒ.സി.യില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വാങ്ങിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമലബാറിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍വിമാനത്താവളത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 6ന് മട്ടന്നൂരില്‍ ഓഫീസ് തുടങ്ങും-അദ്ദേഹം പറഞ്ഞു

2012, നവംബർ 13, ചൊവ്വാഴ്ച

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്-മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി 10 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാടിനുള്ളില്‍ കഴിയുന്നവരെ പുറത്തെത്തിച്ച് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവാസം ഉറപ്പാക്കുന്ന 80 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതികളോ, പണമോ ഇല്ലാഞ്ഞിട്ടല്ല. അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലുണ്ടാകുന്ന അലംഭാവമോ, അശ്രദ്ധയോ ആണ് ഗുണഫലങ്ങള്‍ എത്തേണ്ടിടത്ത് എത്താതെ പോകുന്നതിന് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഒരുരൂപയുടെ അരി അവിടെ ലഭിക്കുന്നതിന് 9 രൂപയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. റോഡ്, വീട്, ചികിത്സ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം നിരവധി ബുദ്ധിമുട്ടുകള്‍ ഇടമലക്കുടി നിവാസികള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പാക്കേജാണ് 10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നത്. 

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

 

 


കണ്ണൂര്‍: ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും കേസ് നടത്തുന്നതിനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഒട്ടേറെ മലയാളികള്‍ ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതില്‍ കള്ളക്കേസ് ചുമത്തപ്പെട്ടവര്‍ വരെയുണ്ട്. സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴികളില്‍ വീണവരും ചൂഷണം സഹിക്കവയ്യാതെ മറ്റുജോലി തേടിയതിന്റെ പേരില്‍ കള്ളക്കേസിലുള്‍പ്പെട്ടവരും നിരവധിയാണ്. ഇവരെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്‌സ് സെല്ലിന്റെ സാന്ത്വന-ചെയര്‍മാന്‍ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.സി.ജോസഫ്.

പത്ത് വര്‍ഷത്തിലധികമായി നാട്ടിലെത്താതെ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കും. ജയില്‍മോചിതരാകുന്നവരെ നാട്ടിലെത്തിക്കാനായി വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായവും സര്‍ക്കാര്‍ വഹിക്കും. പ്രതിവര്‍ഷം 50,000 കോടി രൂപ കേരളത്തിലെത്തിക്കുന്ന പ്രവാസിമലയാളികളുടെ ക്ഷേമം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാനയാത്ര വലിയ പ്രശ്‌നമാണ്. എയര്‍ഇന്ത്യ ഇടയ്ക്കിടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതാണ് പ്രധാന പ്രശ്‌നം. കെ.സി.വേണുഗോപാല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള സര്‍ക്കാര്‍ എയര്‍കേരള എക്‌സ്​പ്രസ് തുടങ്ങാനുള്ള നടപടിയിലാണ്. ഇതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിക്കഴിഞ്ഞു. കേരളത്തിലേക്ക് കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതയും തേടുന്നുണ്ട് - മന്ത്രി പറഞ്ഞു.

2012, നവംബർ 7, ബുധനാഴ്‌ച

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

 തിരുവനന്തപുരം: തൊഴിലില്ലായ്മ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴില്‍നൈപുണി ആര്‍ജന പരിപാടി (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഗവ.വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. പക്ഷേ പ്രായോഗിക പരിശീലനത്തിലും സാങ്കേതികപരിജ്ഞാനത്തിലും പിന്നിലാണ്. ഇതാണ് ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യം വാര്‍ത്തെടുക്കുക എന്നതാണ് വെല്ലുവിളി. 

300 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഇതില്‍ 180 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഐ.ടി പരിശീലനത്തിനുമാണ്. ബാക്കി 120 മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖലയില്‍ പരിശീലനം നല്‍കും. കോഴ്‌സിന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരില്‍ ആര്‍ക്കും പരിശീലനത്തിനുള്ള അവസരം നിഷേധിക്കില്ല. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും ഒ.ബി.സി, എസ് സി/എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസില്ല. എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് ആകെ ഫീസിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. ബാക്കിയുള്ള 25 ശതമാനം സ്‌കോളര്‍ഷിപ്പായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ഈ പദ്ധതി നടപ്പാക്കിയ ശേഷം പ്രായോഗികമായി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് അക്കാദമി ഓഫ് ഇന്ത്യയുടെ രാകേഷ് സിങ് എന്നിവര്‍ സംസാരിച്ചു.

ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി


ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി; നേട്ടം 91.71 ശതമാനം* പ്രഖ്യാപിച്ച പദ്ധതികള്‍ 664. നടപ്പാക്കിയത് 374. നടപ്പാക്കിവരുന്നത് - 235
* അതിവേഗ റെയില്‍ ഇടനാഴി ജനത്തിന്റെ സമ്മതത്തോടെ മാത്രം
* കാര്‍ഷിക പാക്കേജുകളിലും കൊപ്രാസംഭരണത്തിലും പുരോഗതിയില്ല
* രണ്ടാംവര്‍ഷം പ്രത്യേക പരിപാടിയില്ല, ഇനി വിഷന്‍ -2030


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴിനങ്ങളിലായി പ്രഖ്യാപിച്ച 664 പദ്ധതികളില്‍ 374 എണ്ണം പൂര്‍ണമായി നടപ്പാക്കി. 235 എണ്ണം നടപ്പാക്കിവരുന്നു. 91.71 ശതമാനം നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംവര്‍ഷത്തേക്ക് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിക്കുന്നില്ല. വിഷന്‍- 2030, പ്രകടനപത്രിക, ബജറ്റ്, ഗവര്‍ണറുടെ നയപ്രഖ്യാപനം എന്നിവയിലെ പരിപാടികള്‍ നടപ്പാക്കാനാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശനിയമം, എമര്‍ജിങ് കേരള, കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, സര്‍ക്കാര്‍ ആസ്​പത്രിയിലെ സൗജന്യ ജനറിക് മരുന്നുവിതരണം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് വികസനം, മലയാളം സര്‍വകലാശാല, മാലിന്യ സംസ്‌കരണത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനികളുടെ രൂപവത്കരണം എന്നിവയാണ് നടപ്പാക്കിയവയില്‍ പ്രമുഖം.

പ്രഖ്യാപിച്ചതില്‍ അതിവേഗ റെയില്‍പ്പാത, ഭൂരഹിതരില്ലാത്ത കേരളം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിവേഗ റെയില്‍പ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുള്ളതിനാല്‍ നടപടികള്‍ മന്ദഗതിയിലാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രം ഈ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.

ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാനുള്ള പദ്ധതിക്ക് അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില വില്ലേജുകളില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

കൊച്ചി മെട്രോയുടെ ജോലി ഏറ്റെടുക്കുന്ന പ്രശ്‌നത്തില്‍ ഡി.എം.ആര്‍.സി യുടെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്രാസംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പിന്റെ വീഴ്ചയല്ല, സംവിധാനത്തിന്റെ തകരാറാണ്. കുട്ടനാട് പാക്കേജില്‍ 1841 കോടിയാണ് അനുവദിക്കുക. എന്നാല്‍ ഇതിനേക്കാള്‍ ചെലവുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത് . ഇതൊന്നും സമയത്തിനു നടക്കാത്തതുകാരണം മൂന്നിരട്ടി പണമുണ്ടെങ്കിലും തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. ഇതിനുള്ള പരിഹാരത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരകര്‍ഷകര്‍ നല്‍കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാന്‍ സൗകര്യമില്ലാത്തതാണ് കൊപ്രാസംഭരണം പരാജയപ്പെടാന്‍ കാരണം. കൊപ്ര സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടും വിചാരിച്ച ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ നവംബര്‍ 17-നാണ് സര്‍ക്കാര്‍ ഒരുവര്‍ഷ കര്‍മപരിപാടി പ്രഖ്യാപിച്ചത്. വികസനവും കരുതലും ലക്ഷ്യമാക്കിയുള്ള സപ്തധാരാപദ്ധതിയായിരുന്നു ഇത്. ഓരോ വിഭാഗത്തിന്റെയും വിലയിരുത്തല്‍ ഇങ്ങനെ :

1) സുതാര്യം-അഴിമതിരഹിതവും സുതാര്യവുമായ ഭരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത് 27. പൂര്‍ണമായി നടപ്പാക്കിയത് 17. നടപ്പാക്കിവരുന്നത് ഒമ്പത്.

2) സുന്ദരം- ലക്ഷ്യം മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും. പ്രഖ്യാപിച്ചത് 33. 12 എണ്ണം പൂര്‍ണമായി നടപ്പാക്കി. നടപ്പാക്കിവരുന്നത് 15.

3) സമൃദ്ധം-സാമ്പത്തികരംഗം അതിവേഗം വളരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള നടപടികള്‍. പ്രഖ്യാപിച്ചത്-110. നടപ്പാക്കിയത്-72. നടപ്പാക്കിവരുന്നത്-35.

4)സുദൃഢം-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍. പ്രഖ്യാപിച്ചത്-193. നടപ്പാക്കിയത്-87. നടപ്പാക്കിവരുന്നത്-91.

5)ആരോഗ്യം-എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍. പ്രഖ്യാപിച്ചത്-36. നടപ്പാക്കിയത്-25. നടപ്പാക്കിവരുന്നത്-10

6)വിവര വിജ്ഞാനാധിഷ്ഠിതം-വിവര വിജ്ഞാനമേഖലയില്‍ കുതിപ്പിനുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത്-35. നടപ്പാക്കിയത്-26. നടപ്പാക്കിവരുന്നത്-8.

7)സംതൃപ്തം-മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും. പ്രഖ്യാപിച്ചത്-230. നടപ്പാക്കിയത്-135. നടപ്പാക്കിവരുന്നത് -70.

വിഷന്‍ 2030 നെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം നിര്‍ദേശങ്ങള്‍ കിട്ടി. ദീര്‍ഘകാല പുരോഗതിക്കുള്ള ഈ പദ്ധതികളുടെ കരട് തയാറാക്കിയശേഷം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായം തേടും. എമര്‍ജിങ് കേരളയിലെ പദ്ധതികളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ക്ക് അതത് വകുപ്പുകളെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.


ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

തിരുവനന്തപുരം: സ്‌കൂള്‍ ജീവിതം തൊട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ അറുപത് വര്‍ഷത്തെ ജീവിതം ഡോക്യുമെന്ററിയില്‍. 'മലയാളികളുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിലുള്ള ഈ ഡോക്യുമെന്ററി കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ദിലീപിന് ഡി.വി.ഡി. നല്‍കിയാണ് പ്രകാശനം ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പാലോട് രവി, മറിയാമ്മ ഉമ്മന്‍, ചാണ്ടിഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കിന്റെ മേല്‍നോട്ടത്തില്‍ സണ്ണിജോസഫ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചു. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കി. എം.ജി. ശ്രീകുമാര്‍ ആലപിച്ചു. സൂരജ് സാറ്റ്‌വിഷനുവേണ്ടി അനില്‍മാത്യു, പി.എന്‍. നൗഷാദ്, ഷാജി, ഇന്ദു സജി എന്നിവരാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. അപൂര്‍വ ചിത്രങ്ങളും വീഡിയോകളുമുള്ള ഡോക്യുമെന്ററിക്ക് 25 മിനിട്ട് ദൈര്‍ഘ്യമുണ്ട്.

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എമേര്‍ജിങ് കേരളയ്ക്കു ശേഷം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

 


പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സംസ്ഥാനത്തെ തൊഴിലില്ലായ്മയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശാരീരികാസ്ഥാസ്ഥ്യം മൂലം, സമ്മേളനത്തിന് നേരിട്ടെത്താതിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം റെക്കോഡുചെയ്ത് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

എന്നാല്‍, പെന്‍ഷന്‍പ്രായം ഉയര്‍ത്തുമോ ഇല്ലയോ എന്നത് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നാളേക്കുവേണ്ടിയാണ്. 2013 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ല. ഇന്ത്യയില്‍ 27 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നുണ്ട്.

സേവനാവകാശനിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴുവര്‍ഷമായി നടപ്പാക്കാതിരുന്ന ആശ്രിതനിയമനം 549 സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല


 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.

അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.

കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലമുറകളെ പരസ്​പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

 

 


തിരുവനന്തപുരം: കീബോര്‍ഡില്‍ നിന്നും ശബ്ദമുയര്‍ന്നപ്പോള്‍ ഇര്‍ഫാന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പടവുകളിലാണ്. സാന്ത്വനമേകാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയും കുടുംബവും എത്തി. 

ഭാര്യ മറിയാമ്മ ഉമ്മനും കൊച്ചുമകന്‍ എഫിനോവയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാതൃവാത്സല്യത്തോടെ മറിയാമ്മ ഉമ്മന്‍ ഇര്‍ഫാനെ വിളിച്ചു. 'മകനെ' എന്ന വിളിയോടും ഇര്‍ഫാന്‍ പ്രതികരിച്ചു. ദീര്‍ഘനേരം മറിയാമ്മയുടെ മുഖത്ത് ആ കുരുന്ന് നോക്കി. ക്ലിഫ് ഹൗസില്‍ നിന്നും വാഴപ്പഴവും കളിക്കോപ്പുകളുമായിട്ടാണ് അവര്‍ എത്തിയത്. ഇക്കൂട്ടത്തിലെ കീബോര്‍ഡാണ് എഫിനോവ മീട്ടിയത്. അവ്യക്തമായ ശബ്ദമുയര്‍ത്തി ഇതിനോട് ഇര്‍ഫാന്‍ പ്രതികരിച്ചു. 

ചൊവ്വാഴ്ച രാത്രി 7.30 നാണ് മുഖ്യമന്ത്രി കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അയല്‍വീട്ടിലാണ് മുഖ്യമന്ത്രിക്ക് ഇര്‍ഫാനെ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇര്‍ഫാന്റെ ദയനീയത അടുത്തിടെ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ചത്. ഇര്‍ഫാനെ കണ്ടശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും ഇര്‍ഫാനെ കാണാനെത്തിയത്. മറിയാമ്മ ഉമ്മന്‍ ഇര്‍ഫാന്റെ ചികിത്സയെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. 

ഇര്‍ഫാന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് മുഖ്യമന്തി പറഞ്ഞു. ചികിത്സയ്ക്കുവേണ്ടി പത്തുലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. കാര്‍മല്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വീണ്ടും ഇര്‍ഫാനെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എം.എല്‍.എ. എം.എ. വാഹിദും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിയ്യൂരിലുമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. നിര്‍ധന കുടുംബാഗമായ ഇര്‍ഫാന്റെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആദ്യം സര്‍ക്കാര്‍ ചികിത്സാ ചെലവുകള്‍ എറ്റെടുത്തത്. ഇര്‍ഫാനെ പരിചരിക്കാന്‍ സദാസമയം മാതാപിതാക്കള്‍ കൂടെ വേണം. ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുചെലവുകള്‍ ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ കാണാനെത്തിയത്. കുട്ടികള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കരിക്കകം സ്വദേശി ഷാജഹാന്റെയും സജിനയുടെയും മകനാണ് അഞ്ചരവയസ്സുകാരന്‍ ഇര്‍ഫാന്‍.

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും


 തിരുവനന്തപുരം: ദുരന്ത നിവാരണ രംഗത്ത് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനത്തിനായി വേഗത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു.

പാചകവാതകം റോഡുമാര്‍ഗം കൊണ്ടു വരുന്നത് ഏറെ അപകടകരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഗ്യാസ് ടാങ്കറിന്റെ വാല്‍വ് ഉള്ളിലേക്ക് സ്ഥാപിക്കുന്ന സാങ്കേതികവിദ്യ ഉണ്ടായാല്‍ അപകടം ഒഴിവാക്കാനാകും. അതിനുള്ള സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ജലമാര്‍ഗം കൊണ്ടു പോകുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രകൃതിയെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണംചെയ്തു.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

 

കോട്ടയം* കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതല നല്‍കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്ര നഗരകാര്യ വികസന വകുപ്പില്‍ ഉദ്യോഗസ്ഥതല അണിയറ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരകാര്യ മന്ത്രി കമല്‍നാഥിന് കത്തയച്ചു.    കൊച്ചി മെട്രോ റയില്‍ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറുന്നതിന് കേന്ദ്ര നഗരവികസനകാര്യ മന്ത്രാലയത്തിലെ അനുമതിക്കുള്ള ഫയല്‍ കേന്ദ്രനഗരവികസനവകുപ്പ് സെക്രട്ടറിയുടെ അടുക്കലെത്തിയിട്ട് ഒരു മാസത്തിലധികമായി. 

ഡല്‍ഹി മെട്രോ റെയിലിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും ചെയര്‍മാന്‍ കൂടിയാണ് നഗരകാര്യ സെക്രട്ടറി. സാങ്കേിതക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിപ്പിക്കുന്നത്. ഇതിന് പിന്നില്‍ ചില സംശയങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.    രൂപയുടെ വില വ്യത്യാസവും സാധനങ്ങളുടെ ചെലവു വര്‍ധിക്കുന്നതും മൂലം ദിവസം 40 ലക്ഷത്തിലധികം രൂപയുടെ അധികച്ചെലവ് നിര്‍മാണത്തിലുണ്ടാകുമെന്നും  മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ കൊച്ചി മെട്രോ റയില്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരുന്നു. ഡിഎംആര്‍സിയുടെ പ്രവര്‍ത്തന പശ്ചാത്തലം കണക്കിലെടുത്താണ് അവരെ ചുമതലയേല്‍പിക്കാന്‍ തീരുമാനിച്ചതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയതും ഡിഎംആര്‍സിയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മെട്രോ റയില്‍ നിര്‍മാണത്തിന് എല്ലാം സജ്ജമായിരിക്കെ നിര്‍മാണച്ചുമതല സംബന്ധിച്ച കേന്ദ്രാനുമതി മാത്രമാണ് ഇനി ആവശ്യമെന്നും ചെറിയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കരുതെന്നും  മുഖ്യമന്ത്രി ഇന്നലെ കമല്‍നാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

 


തിരുവനന്തപുരം: വിമുക്ത ഭടന്‍മാരുടെയും സൈനിക സേവനത്തിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് പ്രാമുഖ്യം നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല സിവില്‍-മിലിട്ടറി സമ്പര്‍ക്ക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനപ്പെരുപ്പവും തൊഴില്‍രഹിതരായ യുവജനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കാന്‍ കേരളത്തില്‍ സാധ്യതകളും അവസരങ്ങളും ഏറെ കുറവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ശതമാനാടിസ്ഥാനത്തില്‍ ഇവര്‍ക്കും സംസ്ഥാനത്ത് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമുക്ത ഭടന്‍മാര്‍ക്ക് സഹായകരമായ തരത്തില്‍ ചില തസ്തികകളിലെങ്കിലും പ്രായപരിധിയിളവ്, വെയിറ്റേജ് മാര്‍ക്ക്, സംവരണം തുടങ്ങിയവയ്ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ സ്ഥാപനങ്ങളിലെയും സി.എസ്.ഡി. കാന്റീനുകളിലേതുമുള്‍പ്പെടെ സിവിലിയന്‍ ഒഴിവുകള്‍ യുദ്ധവീരന്‍മാരുടെയോ, യുദ്ധത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതായവരുടെയോ ആശ്രിതര്‍ക്കും യുദ്ധ വിധവകള്‍ക്കും സേനയില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കുമുള്‍പ്പെടെ നീക്കി വയ്ക്കണമെന്നും ഇത്തരത്തിലുള്ള നിയമനം സൈനിക വെല്‍ഫെയര്‍ വകുപ്പു വഴി നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിതുരയില്‍ സൈന്യം നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാരിന് തടസങ്ങളില്ല. ഗ്രാമ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ ഗ്രാമങ്ങളുടെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സൈന്യത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമുക്ത ഭടന്‍മാരുടെ പുനരധിവാസത്തിന് മുട്ടത്തറ, വിതുര മേഖലകളില്‍ 10 ഏക്കര്‍ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

സി.എസ്.ഡി കാന്റീനില്‍ 1000 രൂപയ്ക്ക് താഴെ വില വരുന്ന ഉത്പന്നങ്ങളെ 'വാറ്റി'ല്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ധനവകുപ്പ് പരിശോധിക്കും. എം.ബി.ബി.എസ്, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ സൈനികരുടെ ആശ്രിതര്‍ക്ക് സംവരണസീറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഓരോ വര്‍ഷവും സൈന്യത്തിലേക്ക് 2000ത്തിലേറെ ഉദ്യോഗാര്‍ഥികളെയാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവരുടെ പോലീസ് വെരിഫിക്കേഷനില്‍ ഉണ്ടാകുന്ന താമസം തടസങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, കേരള മേഖലയുടെ മേധാവി ലഫ്. ജനറല്‍ വി.കെ. പിള്ള ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആഴക്കടല്‍ തീരമേഖല കേന്ദ്രീകരിച്ച് സേനയുടെ കൂടുതല്‍ പ്രവര്‍ത്തനമുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ അഭ്യര്‍ഥിച്ചു.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 34 കുട്ടികളില്‍ നടത്തി

 

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 43 കുട്ടികളില്‍ നടത്തി

 

തിരുവനന്തപുരം: 43 കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ ശസ്ത്രക്രിയ നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് ഗായകന്‍ യേശുദാസ് ഉന്നയിച്ച വാദം എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

''ബധിരരും മൂകരുമായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നത് എന്റെ സ്വപ്നമാണ്.

അന്‍പതു കുട്ടികളുടെ ആദ്യപട്ടികയില്‍ നിന്നു 43 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ട് അന്വേഷിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവരുടെയും  വിലാസവും ഫോണ്‍ നമ്പറും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന്, തന്റെ പരാമര്‍ശം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതുമൂലം സംഭവിച്ച തെറ്റാണെന്നു കൊച്ചിയില്‍ വിശദീകരിച്ച യേശുദാസ്, ക്ഷമ ചോദിച്ചു.  '300 ശസ്ത്രക്രിയ നടത്തുമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ 43 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയതു വാഗ്ദാനം പാലിക്കുമെന്നതിന്റെ തെളിവാണ്. 15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 

 

ഈ കാര്യം കൃത്യമായി ശ്രദ്ധിച്ചും അറിഞ്ഞും വേണമായിരുന്നു ഞാന്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഈ വിഷയത്തില്‍ തെറ്റായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു-യേശുദാസ് പറഞ്ഞു. ബധിര-മൂകനായ ഒരാള്‍ പോലുമില്ലാത്ത കേരളീയ സമൂഹം തന്റെ  വലിയ സ്വപ്നമാണെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും പറഞ്ഞുപറ്റിക്കില്ല. പണമില്ലെങ്കില്‍ ഉണ്ടാക്കും. സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. 

 

മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ ഇതിനായി കുറേ പണം സമാഹരിച്ചു നല്‍കിയിരുന്നു. പദ്ധതി പ്രായോഗികമാക്കാന്‍ യേശുദാസും മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷം നാലു തവണയായി 50 വീതം ശസ്ത്രക്രിയകളാണു നടത്തുന്നത്. അടുത്ത 50 പേരുടെ ലിസ്റ്റിന് ഈ മാസം 15നും മൂന്നാമത്തെ ലിസ്റ്റിനു ജനുവരിയിലും നാലാമത്തെ ലിസ്റ്റിനു മാര്‍ച്ചിലും അനുമതി നല്‍കും. പാവപ്പെട്ട കുഞ്ഞുങ്ങളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കുള്ള 4.57 ലക്ഷം രൂപയും തുടര്‍ചികില്‍സയ്ക്കുള്ള അരലക്ഷം രൂപയുമാണു സര്‍ക്കാര്‍ നല്‍കുന്നത്. അതില്‍ വിവാദം കൊണ്ടുവരരുത്. ഇതുവരെ നടത്തിയ ശസ്ത്രക്രിയകളുടെ മുഴുവന്‍ കണക്കും കൈവശമുണ്ട്. ആകെ 200 കുട്ടികളുടെ പട്ടികയാണു തയാറാക്കിയിരിക്കുന്നത്. രോഗിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

 

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും 

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും -മുഖ്യമന്ത്രി

കൊച്ചി: കുടുംബശ്രീയുടെ സഹായത്തോടെ തരിശുഭൂമി മുഴുവന്‍ കൃഷിഭൂമിയാക്കി സംസ്ഥാനം പച്ചക്കറി സ്വയംപര്യാപ്തത നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പച്ചക്കറിക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. കുടുംബശ്രീ 14ാം വാര്‍ഷിക സംഗമവും പുസ്തകയാത്രാ സമാപനവും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 കുടുംബശ്രീ സര്‍ക്കാറിന്‍െറ ഔദ്യാഗിക സംഘടനയാണ്. ഇതിന് സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കും. ഇത് ഔാര്യമല്ല, അവരുടെ അവകാശമാണ്. അതേ സമയം സമാന പ്രവര്‍ത്തനങ്ങളുമായി മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തില്ലെന്നും പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും ജനശ്രീയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തില്‍ മറ്റൊരാശ്രയവുമില്ലാത്തവര്‍ക്കായുള്ള ആശ്രയപദ്ധതി കൂടുതല്‍ വിപുലീകരിക്കും. ഇതിന് കൂടുതല്‍ പണം മാറ്റിവെക്കും. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സംഘടന കുടുംബശ്രീയാണെന്നും പുസ്തക രചനയോടെ സ്ത്രീ ശാക്തീകരണരംഗത്ത് വളര്‍ച്ചയുടെ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ വായി

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക്  നികുതിയിളവ് പരിഗണിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളും ഇതിന് തയാറാണെങ്കില്‍ സര്‍ക്കാന്‍ അനുമതി നല്‍കും.

 തീരുമാനം വേഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോളറ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ ശുചീകരണം ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പ്ളാസ്റ്റിക് സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ചന്ദ്രിക മുഖ്യമന്ത്രിയില്‍ നിന്നും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി കുടുംബശ്രീയെ ഏല്‍പ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി പ്ളാസ്റ്റിക് സംഭരിക്കും. കഴുകി വൃത്തിയാക്കിയ പ്ളാസ്റ്റിക്കാകും ഇപ്രകാരം എടുക്കുക. മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കുന്ന സംവിധാനമാണ് ക്ളിഫ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസം അഞ്ച് കിലോ ജൈവ മാലിന്യങ്ങളും 20 ലിറ്ററോളം മലിന ജലവും സംസ്കരിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. ഒരു കിലോയോളം പാചകവാതകം ഇതുവഴി ഉത്പാദിപ്പിക്കാനാകും. ദ്രവമാലിന്യം സംസ്കരിച്ചത് ക്ളിഫ് ഹൗസിലെ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കും. ബയോടെക്കാണ് പ്ളാന്‍റ് തയാറാക്കിയത്. ബാക്ടീരിയ കള്‍ച്ചറാണ് ഇതില്‍ ഉപയോഗിക്കുക.

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത

 

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ജനശ്രീ സ്വയംസഹായ ഗ്രൂപ്പാണെന്നും അതിന്‍െറ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീ സര്‍ക്കാര്‍ സംവിധാനമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇടത് സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ പ്രോത്സാഹനമാണ് യു.ഡി.എഫ് നല്‍കുന്നത്. എന്നാല്‍ മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ജനശ്രീയെ കുറിച്ച് ആക്ഷേപം പറയുന്നവര്‍ എം.എം. ഹസന്‍െറ വെല്ലുവിളി സ്വീകരിക്കണം. 50000 രൂപയില്‍ കൂടുതല്‍ ഓഹരി ഉണ്ടെന്ന് തെളിയിക്കാനാണ് ഹസന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര പദ്ധതികള്‍ ധാരാളമായി സന്നദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നുണ്ട്്. മുമ്പും ഇത് നല്‍കിയിട്ടുണ്ട്. ഏതൊക്കെ ഗ്രൂപ്പുകള്‍ക്കാണ് ഇത് കിട്ടിയതെന്ന് വേണമെങ്കില്‍ പരിശോധിക്കാം.


പ്ളാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ജനശ്രീക്ക് വിവരം നല്‍കാന്‍ നിര്‍ദേശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ജനശ്രീക്ക് പദ്ധതി അനുവദിച്ചതില്‍ ഒരു പ്രശ്നവുമില്ല. മാനദണ്ഡപ്രകാരം അത് നടപ്പാക്കും. ജനശ്രീയില്‍ പദ്ധതി അനുവദിക്കുംമുമ്പ് എത്ര ഷെയര്‍ ഉറപ്പുനല്‍കാനാകുമെന്നാണ് ഹസന്‍ അറിയിച്ചത്. പ്രോജക്ട് അംഗീകരിച്ചാലേ ഓഹരി ലഭ്യമാവുകയുള്ളൂ. ഓഹരി എടുപ്പിക്കാമെന്ന ഉറപ്പാണ് ഹസന്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ടുകള്‍ കുറച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് ഒരു ആശങ്കക്കും അടിസ്ഥാനമില്ല. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡി.എം.ആര്‍.സി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. ഇതിനാവശ്യമായ പ്രാഥമിക സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ തീര്‍ന്നതിനുശേഷം മാത്രമേ അലൈന്‍മെന്‍റ് അന്തിമമായി തീരുമാനിക്കുകയുള്ളൂ. അലൈമെന്‍റ് തീരുമാനിക്കുന്നതിനുമുമ്പ് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. ഇതിനോടകം ഉയര്‍ന്നുവന്ന ശരിയായ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വികസന പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.


അതിവേഗ റെയില്‍ പാതക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണ് പാത പോകുന്നത്. ഇതുമൂലം ഒഴിപ്പിക്കല്‍ പരിമിതമായിരിക്കും -മുഖ്യമന്ത്രി അറിയിച്ചു.

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

 

നെടുമ്പാശ്ശേരി: 'എയര്‍ കേരള' പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

എയര്‍ കേരളയ്ക്ക് അനുമതി നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഗള്‍ഫിലേക്ക് പറക്കുന്നതിന് നിലവിലുള്ള വ്യോമയാന നിയമങ്ങളില്‍ ഇളവ് നേടാനും ശ്രമിക്കും. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കേ രാജ്യാന്തര സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ. ഇതില്‍ ഇളവ് ലഭിച്ചാലേ എയര്‍ കേരളയ്ക്ക് വിദേശത്തേക്ക് പറക്കാനാകൂ. ഇല്ലെങ്കില്‍, തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് മാത്രമേ ഉണ്ടാകൂ.

എയര്‍ കേരള പദ്ധതിക്ക് പ്രവാസികളുടെ ഇടയില്‍ വന്‍പ്രതികരണമാണ്. ഓഹരി എടുക്കാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്. 10,000 രൂപ വീതം രണ്ടുലക്ഷം പേരില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാകും. സിയാലിന് 17,500 ഓഹരി ഉടമകളുണ്ട്. ഇവര്‍ക്കും ഓഹരി എടുക്കാം.

ഓഹരിയുള്ളവര്‍ക്ക് യാത്രാനിരക്കില്‍ 10 ശതമാനം ഇളവ് നല്‍കി കൂപ്പണ്‍ നല്‍കും. നിശ്ചിത വര്‍ഷത്തിനുള്ളില്‍ മുതല്‍മുടക്ക് യാത്രാ ഇളവിലൂടെ തിരികെ കിട്ടും. ഓഹരി എടുക്കുന്നവരെല്ലാം എയര്‍ കേരളയില്‍ യാത്ര ചെയ്താല്‍ യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടും ഉണ്ടാകില്ല. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിയാല്‍ സ്വന്തം നിലയിലും പഠിക്കുന്നുണ്ട്.

പകരക്കാരനില്ലാത്ത മഹാനടന്‍

പകരക്കാരനില്ലാത്ത മഹാനടന്‍ - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: പകരക്കാരനില്ലാത്ത മഹാനടനാണ് തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മലയാള നാടകരംഗത്തും ചലച്ചിത്രവേദിയിലും അഞ്ചുദശാബ്ദം നിറഞ്ഞുനിന്ന തിലകനെപ്പോലെയുള്ള പ്രതിഭകള്‍ അപൂര്‍വമായാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1970 കളുടെ ഒടുവില്‍ 'ഉള്‍ക്കടല്‍' എന്ന സിനിമയിലൂടെ ചലച്ചിത്രവേദിയിലെത്തിയ തിലകന്‍ നാല് ദശാബ്ദക്കാലം മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ഘനഗംഭീരമായ ശബ്ദം, അസാമാന്യമായ ഭാവപ്രകടനം എന്നിവയിലൂടെ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അനശ്വരഭാവം നല്‍കി - മുഖ്യമന്ത്രി പറഞ്ഞു.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി


എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍, ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എമര്‍ജിങ് കേരളയുടെ തുടര്‍ നടപടികള്‍ക്കായി മൂന്നുസമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതികളുമായി മുന്നോട്ടുനീങ്ങാന്‍ നിലവിലെ പല നിയമങ്ങളിലും സങ്കീര്‍ണതകളുണ്ടെന്ന് എമര്‍ജിങ് കേരളയ്ക്ക് വന്ന വ്യവസായികള്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുമതിക്കുള്ള നടപടികള്‍ ലളിതമാക്കാനാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നത്. ഏതൊക്കെ നിയമങ്ങളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് നിശ്ചയിക്കാന്‍ ധന-നിയമമന്ത്രി കെ.എം.മാണി അധ്യക്ഷനായി 'കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചേയ്ഞ്ചസ്' രൂപവത്കരിക്കും.

പദ്ധതികള്‍ അവലോകനം നടത്താനും ആവശ്യമായവയ്ക്ക് സാധുത നല്‍കാനും ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്' ആണ് രണ്ടാമത്തെ സമിതി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ കണ്‍വീനര്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ, റവന്യൂ, പരിസ്ഥിതി സെക്രട്ടറിമാര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എമര്‍ജിങ് കേരള പദ്ധതികളുടെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍' ആണ് മൂന്നാമത്തെ സമിതി.

വ്യവസായ ആവശ്യത്തിനായി വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തവ കണ്ടുപിടിക്കും. ആറുമാസത്തിനകം നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും.എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം പേര്‍ താത്പര്യം പ്രകടിപ്പിച്ച 'സീ പ്ലെയിന്‍' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 58 പേരാണ് സീ പ്ലെയിനില്‍ താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത ജനവരിക്ക് മുമ്പ് പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഫോക്‌സ്‌വാഗണിന്‍േറതെന്ന മട്ടില്‍ പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ച് കമ്പനി അറിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം. ''എമര്‍ജിങ് കേരളയ്ക്ക് മുമ്പുതന്നെ ഫോക്‌സ്‌വാഗണ്‍ പ്രതിനിധികള്‍ എന്നേയും വ്യവസായ മന്ത്രിയേയും കണ്ടിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് അവരെ കെ.എസ്.ഐ.ഡി.സിയിലേക്ക് അയച്ചു. 2000 കോടി രൂപ മുടക്കി അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച താത്പര്യപത്രം വെബ്‌സൈറ്റില്‍ ഇട്ടത് പിശകായി''-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പില്‍ എമര്‍ജിങ് കേരള നാഴികക്കല്ലായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഭൂമി കച്ചവടം നടത്താനാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. എമര്‍ജിങ് കേരളയ്ക്ക് പ്രതിപക്ഷം നല്‍കിയ സര്‍ട്ടിഫിക്കറ്റാണത്''-മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള പദ്ധതിക്കിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് താന്‍ മറുപടി നല്‍കുന്നില്ലെന്നും ഓരോരുത്തരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരള ഭൂമിക്കച്ചവടമാണെന്ന എന്‍.എസ്.എസ്സിന്‍േറയും എസ്.എന്‍.ഡി.പി.യുടേയും അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എയര്‍കേരള ഒരു വര്‍ഷത്തിനകം

എയര്‍കേരള ഒരു വര്‍ഷത്തിനകം


എയര്‍കേരള വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികളില്‍ നിന്ന് 10,000 രൂപ വീതമുള്ള ഷെയറുകള്‍ പിരിക്കാന്‍ എമര്‍ജിങ് കേരളയോടനുബന്ധിച്ച് ലെമെറിഡിയനില്‍ വെള്ളിയാഴ്ച ചേര്‍ന്ന എയര്‍കേരള ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമനിച്ചു. പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതിയുടെ സാധ്യതാ പഠനം എത്രയും വേഗം സമര്‍പ്പിക്കാന്‍ എയര്‍ കേരള മാനേജിങ് ഡയരക്ടര്‍ കൂടിയായ സിയാല്‍ എം.ഡി വി.ജെ കുര്യനെയും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി. എയര്‍ കേരളക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണാന്‍ എയര്‍കേരള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി യോഗം ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.


അഞ്ച് വിമാനങ്ങളോടെ തുടക്കത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കിയാവും എയര്‍കേരള നിലവില്‍ വരിക. ബജറ്റ് എയര്‍ലൈന്‍ ആയിട്ടാവും എയര്‍കേരള സര്‍വീസ് നടത്തുക. പ്രവാസികള്‍ക്കിടയില്‍ സ്വന്തം വിമാനകമ്പനി എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഓഹരി വില ഒന്നിന് 10,000 രൂപയാക്കാന്‍ തീരുമാനിച്ചത്.


അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നും തുടക്കത്തില്‍ 20 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരിക്കണമെന്നും ആണ് വ്യോമയാന വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും എയര്‍കേരളക്ക് വേണ്ടി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന്അദ്ദേഹം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും എയര്‍ കേരളക്കും ലഭ്യമാക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.


പ്രവാസി സംഗമത്തിലെ പ്രധാന വിഷയവും എയര്‍കേരള തന്നെയായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


ഡയരക്ടര്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മന്ത്രിമാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്എന്നിവരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

 


കൊച്ചി: കേരളത്തിന്റെ വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സ് വെച്ചാല്‍ കേരളത്തില്‍ വികസന മുന്നേറ്റങ്ങളുണ്ടാകും. അതിന്റെ സൂചനയാണ് എമര്‍ജിങ് കേരളയും മെട്രോ റെയിലും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തിലെ ഒരു പ്രധാന ഘടകം സഹിഷ്ണുതയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എന്നാല്‍ ഈ സഹിഷ്ണുത നഷ്ടപ്പെടുന്നുണ്ടോ എന്നു സംശയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 50 വര്‍ഷത്തെ ഐക്യം പത്രപ്രവര്‍ത്തക സംഘടന കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം 
കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് വ്യവസായ ലോകത്തു നിന്ന് വന്‍ പ്രതികരണം. സ്വകാര്യമേഖലയില്‍ നിന്ന് 45 പുതിയ വ്യക്തമായ പദ്ധതികള്‍ക്കുകൂടി നിക്ഷേപകര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതികളും സഹായങ്ങളും ലഭിച്ചാല്‍ തുടങ്ങാവുന്ന പദ്ധതികളാണിത്. എമര്‍ജിങ് കേരളയ്ക്കുമുമ്പു തന്നെ ഏതാണ്ട് ഉറപ്പായ 35 പദ്ധതികള്‍ ലഭിച്ചിരുന്നു. ഐ.ടി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം,ടൂറിസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് പുതിയ പദ്ധതികള്‍. 

എമര്‍ജിങ് കേരളയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകസംഗമം വെള്ളിയാഴ്ച സമാപിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 20,000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. കൊച്ചിന്‍ റിഫൈനറിയുടെ വികസനവും പെട്രോകെമിക്കല്‍ യൂണിറ്റുമാണ് ഇവരുടെ പദ്ധതികള്‍. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കു പകരമായി ന്യായവില ഹോട്ടലുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം നല്‍കണമെന്ന് ബി.പി.സി.എല്‍. ചെയര്‍മാന്‍ ആര്‍.കെ.സിങ്ങിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാവുമെന്ന് ടൂറിസം വകുപ്പ് നിക്ഷേപകരെ അറിയിച്ചു. വിമാന ഇന്ധനത്തിന് നികുതിയിളവ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മൂന്നുവര്‍ഷത്തേക്ക് ഈ വിമാന സര്‍വീസുകളെ ഓപ്പറേറ്റിങ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. 58 കമ്പനികളാണ് ജലവിമാന സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

അടിസ്ഥാന സൗകര്യവികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികളും എത്തിയിട്ടുണ്ട്. റോഡുവികസനത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയുമായും മന്ത്രി ഇബ്രാഹിം കുഞ്ഞുമായും ചര്‍ച്ച നടത്തി. ഇംഗഌണ്ടിലെ ജോണ്‍ മെക്കാല്‍സണ്‍ കമ്പനി മെട്രോ റെയിലിലും മോണോറെയിലിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ജപ്പാന്‍ എക്‌സ്‌ടേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജെട്രോ) പ്രതിനിധികളും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. 
മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളാന്റെ യു.എ.ഇ. ആസ്ഥാനമായ കെഫ് എന്ന കമ്പനിയുടെ പ്രീ ഫാബ്രിക്കേഷന്‍ യൂണിറ്റ് പദ്ധതിയും ഉറപ്പായി. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നതാണ് ഈ കമ്പനി. 350 കോടിയാണ് ഇതിനുള്ള നിക്ഷേപം. ഈ യൂണിറ്റിന് കൊച്ചിയിലെ കാക്കനാട്ട് 50 ഏക്കറാണ് അനുവദിക്കുക. 

മണപ്പാട്ട് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലാ അടിസ്ഥാനത്തിലുള്ള ഐ.ടി. പാര്‍ക്ക് (പ്രതീക്ഷിക്കുന്ന നിക്ഷേപം 1000 കോടി), ഇറ്റലിയിലെ റവാനോ ഗ്രീന്‍ പവറിന്റെ ഉപകമ്പനിയായ റവാനോ സോളാറും മീനാര്‍ ഗ്രൂപ്പും ചേര്‍ന്ന് പാലക്കാട്ട് ഉദ്ദേശിക്കുന്ന സൗരോര്‍ജ യൂണിറ്റ് (500 കോടി), അബുദാബി എസ്.എഫ്.സി. ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ (150 കോടി) എന്നിവയാണ് പുതിയ പദ്ധതികളില്‍ ചിലത്. 

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് വിവാദമായ ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയാണിതെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ് അടിസ്ഥാന സൗകര്യ വികസന സെഷനില്‍ പറഞ്ഞു. 

പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിക്ഷേപകര്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ 150 എണ്ണം നടന്നു.സര്‍ക്കാര്‍ പ്രതിനിധികളുമായി 66 പേര്‍ ചര്‍ച്ചകള്‍ നടത്തി. ചെറുതും വലുതുമായ 120 പ്രോജക്ടുകള്‍കൂടി വിവിധ വ്യക്തികളും സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും -മുഖ്യമന്ത്രി

 


 കൊച്ചി: കേരളത്തിന്റെ വികസനമുഖം, സംസ്ഥാനത്തിന് പുറത്തേക്കെത്തിക്കുവാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. അതിന് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമായിട്ടാണ് കേരളത്തെ എല്ലാവരും കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പെട്രോ നെറ്റ് എല്‍.എന്‍.ജി. എംഡിയും സിഇഒയുമായ എ.കെ. ബാല്യന്‍ അധ്യക്ഷത വഹിച്ചു. 

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം-മുഖ്യമന്ത്രി

 


 കൊരട്ടി (തൃശ്ശൂര്‍): അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐ.ടി. വിദ്യാഭ്യാസയോഗ്യത നേടുന്ന മുഴുവന്‍ പേര്‍ക്കും കേരളത്തില്‍തന്നെ തൊഴില്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഐ.ടി. രംഗത്ത് കേരളത്തിലുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി. അടുത്ത തലമുറകളെ ഗള്‍ഫിലേക്ക് അയയ്ക്കാതെ കേരളത്തില്‍തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ പണിയുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞകാലങ്ങളില്‍ ഐ.ടി. രംഗത്ത് നാം പിന്നിലായി. ആ നഷ്ടത്തിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ മാറ്റണം. ഈ രംഗത്ത് ഒരു കുതിച്ചുച്ചാട്ടം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2500 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിന് സ്ഥലം അനിവാര്യമായ സാഹചര്യത്തില്‍, കൊരട്ടിയിലെ സ്വകാര്യ മില്‍ അവരുടെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി പ്രവര്‍ത്തനം ആരംഭിക്കണം. അല്ലാത്തപക്ഷം ഈ ഭൂമി തിരിച്ചുപിടിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ചാലയിലെ ഹൈവെ അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ അപകടസാധ്യതയുള്ള 216 സ്ഥലങ്ങള്‍ (ബ്ലാക്ക് സ്‌പോട്ട്) അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 50 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ബാക്കിയുള്ള 166 എണ്ണത്തിന്റെ പണി മൂന്നുഘട്ടമായി നടത്തും. അക്കൂട്ടത്തില്‍ കൊരട്ടി ജങ്ഷനിലെ റോഡിന്റെ കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടെ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ വ്യവസായവകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. 

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി


സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും   കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി

കൊച്ചി: എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ സാധ്യതകള്‍ നഷ്ടപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമര്‍ജിങ് കേരളയിലൂടെ ഭൂമിക്കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് എറണാകുളം ഗെസ്റ്റ് ഹൗസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. വിദ്യാഭ്യാസ നിലവാരം കണക്കിലെടുത്താല്‍ ഐ.ടി രംഗത്ത് കേരളം ഒന്നാംസ്ഥാനത്ത് എത്തേണ്ടതാണ്. മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തവരുടെയെല്ലാം വീട്ടിലും ഓഫിസിലും ഇന്ന് കമ്പ്യൂട്ടറുണ്ട്. നെഞ്ചില്‍ ലാപ്ടോപ്പുമുണ്ട്. നിക്ഷേപക സംഗമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആരും നോക്കേണ്ട. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി
പി.വി. സാമി സ്മാരക വ്യവസായ അവാര്‍ഡ് സി.കെ. മേനോന് മുഖ്യമന്ത്രി നല്‍കുന്നു

കോഴിക്കോട്: സ്വയം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരുന്നവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഭാവം കേരളത്തില്‍ ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പി.വി. സാമി പുരസ്കാരം പ്രമുഖ വ്യവസായി പത്മശ്രീ സി.കെ. മേനോന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നാം മുന്നിലാണെങ്കിലും ചെറുപ്പക്കാരുടെയെല്ലാം തലമുറകളായുള്ള ചിന്ത സര്‍ക്കാര്‍ ഉദ്യോഗമോ അല്ലെങ്കില്‍ വിദേശത്ത് പോകലോ ആണ്.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമവും സാഹചര്യമൊരുക്കലുമെല്ലാം നാം മറന്നു. വിദേശരാജ്യങ്ങളില്‍ അവിടെ തന്നെ വിദഗ്ധര്‍ ഉയര്‍ന്ന് വരുമ്പോള്‍ വിദേശജോലിയുടെ സാധ്യത മങ്ങിവരുകയാണ്.
ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 560 കിലോമീറ്റര്‍ സമുദ്ര തീരമുള്ള കേരളത്തില്‍ ജലഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മേയര്‍ പ്രഫ. എ.കെ. പ്രേമജം പ്രശസ്തി പത്രം സി.കെ. മേനോന് നല്‍കി. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.കെ. രാഘവന്‍ എം.പി പൊന്നാടയണിയിച്ചു.