UDF

2015, ജൂൺ 11, വ്യാഴാഴ്‌ച

വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണ്


 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖനിര്‍മാണം അദാനി പോര്‍ട്ട്‌സിന് നല്‍കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

7525 കോടി രൂപയുടെ പദ്ധതിയില്‍, 6000 കോടി രൂപയും അഴിമതിയാണെന്ന് സി.പി.എം. നേതാവ് പിണറായി വിജയന്‍ ആരോപിച്ചപ്പോള്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, പ്രതിപക്ഷവുമായി പൂര്‍ണമായി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. 
ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഈ അവസരം കളഞ്ഞാല്‍ വിഴിഞ്ഞം നഷ്ടമാകും. വിഴിഞ്ഞത്തിന് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖവുമായി സാങ്കേതികമായി ഒരു സാമ്യവും ഇല്ല. എന്നാല്‍, കുളച്ചലിനുപിന്നില്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. പ്രതിപക്ഷം എതിര്‍പ്പറിയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. 

വികസനത്തെ എതിര്‍ക്കുന്ന പഴയ ചരിത്രം ഇടതുപക്ഷം ആവര്‍ത്തിക്കുകയാണ്. 20 വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ അടിച്ചുതകര്‍ത്തവരാണ് പ്രതിപക്ഷം. സ്വാശ്രയ കോേളജുകളെ എതിര്‍ത്തവര്‍ ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എതിര്‍പ്പ് കെ.കരുണാകരന്‍ ഇച്ഛാശക്തി കൊണ്ടാണ് മറികടന്നത്. 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാനം കാല്‍ നൂറ്റാണ്ടാണ് വികസനത്തില്‍ പിന്നാക്കം പോയത്. വികസനം പുതുതലമുറയുടെ ആവശ്യമാണ്. അവരോട് നീതിപുലര്‍ത്തും. ഇതിനായി ഇനി വിഴിഞ്ഞം നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
വിഴിഞ്ഞത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരു സെന്റ് പോലും വില്‍ക്കില്ല. പാട്ടത്തിനും കൊടുക്കുന്നില്ല. തുറമുഖം നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുന്നത്. വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാരിന് ലഭിച്ചുതുടങ്ങും. മറ്റു മേഖലയില്‍നിന്ന് 15 ശതമാനം വരുമാനം ലഭിക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം അധികം വരുമാനം ലഭിക്കുന്ന വിധത്തിലാണ് കരാര്‍വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കും. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സും യു.ഡി.എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിഷമം തങ്ങള്‍ക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാനാകാത്തതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവര്‍ മറ്റ് വിഷയങ്ങളിലെന്നപോലെ പിന്നീട് നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.