ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതു സര്‍ക്കാരിന്റെ കാലത്തു ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ വകുപ്പുതല അന്വേഷണം മതിയെന്നും നിര്‍ദേശിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനായി മുറവിളി മുഴക്കുന്നത്. ഈ ഇരട്ടത്താപ്പ് വ്യക്തമായിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
ടി.എന്‍. പ്രതാപന്റെ സബ്മിഷനോടെയാണു ടൈറ്റാനിയം പ്രശ്‌നം വീണ്ടും സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത്. വിവാദവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു ഹൈക്കോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്തു സത്യവാങ്മൂലം നല്‍കിയതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നുവെന്നു പ്രതാപന്‍ പറഞ്ഞു.
മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ വകുപ്പുതല അന്വേഷണം മതിയെന്നും തീരുമാനിച്ചു. ഇതെല്ലാം കഴിഞ്ഞശേഷമാണ് ഇവിടെ വന്നു നിയമസഭയെ തന്നെ കബളിപ്പിക്കുന്ന തരത്തില്‍ സിബിഐ അന്വേഷണ ആവശ്യം മുഴക്കുന്നതെന്നു പ്രതാപന്‍ ആരോപിച്ചു. ഇതു ശരിയാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നും അതില്‍ തൃപ്തരാണെന്നും ഉള്ള മട്ടിലാണു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിനും എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. തിരക്കിട്ട് ഉത്തരവും ഇറക്കി. നിങ്ങള്‍ ഭരിക്കുമ്പോള്‍ വകുപ്പുതലം, ഞങ്ങള്‍ ഭരിക്കുമ്പോള്‍ സിബിഐ; ഇത് എന്തൊരു ഏര്‍പ്പാടാണ്? പദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് എന്തുകൊണ്ടാണു മൂന്നു വര്‍ഷം എടുത്തത്? ഇതിനൊക്കെ പ്രതിപക്ഷം മറുപടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.