UDF

2015, ജൂൺ 6, ശനിയാഴ്‌ച

സ്വകാര്യമേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും


ഷൊറണൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷൊറണൂരിലെ ഐക്കോണ്‍സ് (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സ്) ആസ്​പത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുള്ള 277 സ്‌പെഷല്‍ സ്‌കൂളുകളില്‍ നൂറിനുമുകളില്‍ കുട്ടികളുള്ളവ എയ്ഡഡ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. 50ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 50ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്കോണ്‍സിന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആസ്​പത്രിയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌പെഷല്‍ സ്‌കൂള്‍ കെട്ടിടം, അഡോളസന്റ് ഹോം, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, കാന്റീന്‍ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 

എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സ്‌പെഷല്‍ സ്‌കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. നാഡീരോഗങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കാനും ചികിത്സ നല്‍കാനും ഉദ്ദേശിച്ചുള്ള ഓണ്‍ലൈന്‍ തെറാപ്പി സംവിധാനം ഈ മേഖലയിലെ ഏറ്റവും നൂതനമായ പദ്ധതിയാണ്. നാഡീസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ കണക്കെടുപ്പിനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തും.