UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

എം.ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രി അധികാരം ഒഴിയണം

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള  ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം  ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ്.

എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നതു കേരളത്തില്‍ ആദ്യമാണ്.

2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കാര്‍ഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു. അടിയന്തരമായി പിന്‍വലിക്കണം.

വിദേശ കാര്‍ഗോ വിമാനങ്ങളെ ആറു വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്നു  ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തരമായി പിന്‍വലിക്കണം.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഗോ വിമാന സര്‍വീസുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നുമുള്ള എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ കാര്‍ഗോ സര്‍വീസ് നിലച്ചു.

ഇതോടെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍  തുടങ്ങിയവയുടെ കയറ്റുമതിയില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചത്. പ്രളയവും കോവിഡ് മഹാമാരിയും മൂലം വന്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ കാര്‍ഷിമേഖലയ്ക്ക് ഇത് മറ്റൊരു കനത്ത തിരിച്ചടിയായി.

കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങള്‍ കിട്ടാതെ വിദേശമലയാളികളും പ്രതിസന്ധി നേരിടുന്നു. ഗള്‍ഫിലുള്ള വിദേശ മലയാളികള്‍ അവിടങ്ങളിലുള്ള കേരള മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന സാമ്പത്തിക പ്രക്രിയയാണ് നിലച്ചത്.

2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്നു

നെല്ലു സംഭരണം നടക്കാത്തതുമൂലം പ്രതിസന്ധിയിലായ കുട്ടനാട്ടിലെ കർഷകരെ സന്ദർശിച്ചു.

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കകയാണ്.സഹകരണ സംഘങ്ങൾ വഴി നെല്ല് എടുക്കുന്നതിനോടു കർഷകർക്കു താൽപര്യമില്ല. നിലവിലുള്ള കുറ്റമറ്റ സംവിധാനമാണു സപ്ലൈകോയുടേത്. അതു തുടരണം.

രാഷ്ട്രീയത്തിനതീതമായി കുട്ടനാട്ടിലെ സഹകരണ സംഘങ്ങൾ ഒന്നടങ്കം നെല്ല് എടുക്കാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ച സാഹചര്യത്തിൽ സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരണം. ഇന്നു മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്യുന്നതാണ്.

നെടുമുടി കൃഷിഭവൻ പരിധിയിലെ പൂതിയോട്ടു വരമ്പിനകം, മുട്ടനാവേലി, വെണ്ണേലി, പുളിക്കക്കാവ് കായിപ്പാടം എന്നീ പാടശേഖരങ്ങളാണ് സന്ദർശിച്ചത്.

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മൽത്സ്യ ലേലവും വിപണനവും: ഓർഡിനൻസ് ജനാധിപത്യ വിരുദ്ധം

 

കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ്.

ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ പിന്നാലെ  യുഡിഎഫും  ശക്തമായ പോരാട്ടം നടത്തും.

മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.  ഈ തുക ലേലക്കാര്‍,  മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കും.  മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉപയോഗിക്കുന്നതു കൊള്ളയാണ്.

കേരളത്തില്‍ പത്ത് ഫിഷിംഗ് ഹാര്‍ബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് ഓര്‍ഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്.  സര്‍ക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗ്ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം നേടാന്‍ യാന ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തല്‍ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതുമാണ്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം.  ഉദേ്യാഗസ്ഥന്‍ തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.



2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ജോസ് കെ മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: മാണിയുടെ ആത്മാവ് പൊറുക്കില്ല

 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ   ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന്  ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല.  

കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു.  വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി.  മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. ഇത് മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല. 

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.  നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്.  

വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കും.


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കാണ്ടാമൃഗം തോൽക്കുന്ന വ്യാജപ്രചാരണം


നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്.

കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ  പ്രവൃത്തിയായിരുന്നു അത്.

എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല.  പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം  മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.

വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.  

ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഓർമ്മിപ്പിയ്ക്കട്ടെ.



2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സെക്രട്ടേറിയറ്റ് തീപിടുത്തം: കള്ളൻമാർ കപ്പലിൽ തന്നെയോ?

 

തിരുവനന്തപുരത്തിന്റെ  മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!

കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.

എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.  

ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍  പരിശോധിച്ചപ്പോള്‍  അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്.  സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.

അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി.

സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം.

2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സര്‍ക്കാര്‍ മാപ്പു പറയണം; കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു


 കോവിഡ് രോഗികള്‍  സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞു.  

യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ  പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ നിഗമനത്തെ  മുഖ്യമന്ത്രിയും  പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം  ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു.  കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ്  ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ്  കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് വ്യക്തമാക്കണം

കോവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോള്‍ കോവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് 9 മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള  കോവിഡ് സൂചികകള്‍.

ആദ്യം പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവച്ച  പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടത്?