UDF

2015, ജൂൺ 11, വ്യാഴാഴ്‌ച

വിഷരഹിത പച്ചക്കറി: മറ്റ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും



തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. ഇതിന്റെ ആദ്യഘട്ടമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മാരകമായ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറി സംസ്ഥാനത്തെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. ജൂലായ് ആദ്യം സെക്രട്ടറിതലത്തിലുള്ള അന്തസ്സംസ്ഥാന യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു.  

സംസ്ഥാനത്തെ പച്ചക്കറി മൊത്തവ്യാപാരികളെയും ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതല കമ്മിറ്റികളും രൂപവത്കരിക്കും. കീടനാശിനി കലര്‍ന്ന പച്ചക്കറി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. ഭക്ഷ്യസുരക്ഷാവകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.45 കോടി രൂപയുടെ പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍നിന്നുള്ള ഫണ്ടും മറ്റും ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.

കാര്‍ഷിക സര്‍വകലാശാലയില്‍ 708 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 എണ്ണത്തില്‍ മാരക കീടനാശിനി സ്ഥിരീകരിച്ചിട്ടുണ്ട്. 418 പച്ചക്കറി സാമ്പിളുകളില്‍ 26 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. ഇതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 464 കേസുകളുണ്ട്. ഭക്ഷ്യസുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.