UDF

2015, ജൂൺ 27, ശനിയാഴ്‌ച

വി.എസ്സിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം അട്ടിമറിക്കാന്‍


 വിഴിഞ്ഞം പദ്ധതിയെ അട്ടമറിക്കാന്‍ അച്ചാരം വാങ്ങിയതു പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും പ്രതിപക്ഷ നേതാവ് ഈ നിലപാട് തുടരുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നത്. 60 വര്‍ഷം എന്നൊരു കാലാവധി പുതിയ കരാറിലേയില്ല. 

പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ പത്തു ശതമാനം തുറമുഖ നടത്തിപ്പിന്റെ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനു നല്‍കണം. കൂടാതെ, നിര്‍മാണ കാലാവധിയായ നാലു വര്‍ഷത്തിനുശേഷം, തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വര്‍ഷം മുതല്‍, ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്റെ 1%, 2%, 3% എന്നീ ക്രമത്തില്‍ ഓരോ വര്‍ഷവും 1% വീതം കൂടുന്ന രീതിയില്‍ 40% വരെ റവന്യൂ വിഹിതം സര്‍ക്കാറിന് നല്‍കണം. അതായത് നാല്പതാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖ നടത്തിപ്പില്‍ നിന്നും 21% വരുമാന വിഹിതം ലഭിക്കും. 

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനു ശേഷം രണ്ടാം ഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍ മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീ ണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യ പങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന ര ണ്ടാം ഘട്ട വികസനത്തിന്റെ 41-ാം വര്‍ഷം ഇതില്‍ നിന്നും 22% വരുമാന വിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40% വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇടതുസര്‍ക്കാറിന്റെ കാലത്ത് ഉ ണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. ഇതു പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു.

പല പദ്ധതികളും ആരോപണങ്ങള്‍ ഉന്നയിച്ച് അട്ടിമറിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും ഇല്ലാതാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കേരളം ദശാബ്ദങ്ങളായി സ്വപ്‌നം കാണുന്ന ഈ പദ്ധതിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.