UDF

2015, ജൂൺ 12, വെള്ളിയാഴ്‌ച

ശബരിക്ക് വോട്ടുതേടി കാട്ടുവഴിയിലൂടെ മുഖ്യമന്ത്രി


അരുവിക്കര: കാട്ടുവഴിയിലൂടെ കുണ്ടുംകുഴിയും ചാടി ജീപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തൊട്ടിലിലെന്നവണ്ണം ആടിയുലഞ്ഞു. പേരിന് മാത്രമാണ് വഴി. കൊടുംവളവുകള്‍ പിന്നിട്ടും കുത്തനെയുള്ള കയറ്റങ്ങള്‍ ബദ്ധപ്പെട്ട് കയറിയും മുഖ്യമന്ത്രിയുടെ ജീപ്പ് തെന്നിത്തെറിച്ച് മുന്നോട്ടുനീങ്ങി.

ഒടുവില്‍ മുന്‍നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകി മുഖ്യമന്ത്രി പൊടിയം ആദിവാസി സെറ്റില്‍മെന്റില്‍ എത്തുമ്പോള്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് വോട്ടുതേടിയാണ് വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത പൊടിയത്ത് മുഖ്യമന്ത്രി എത്തിയത്.



വിതുരയിലെ കല്ലന്‍കുഴി ആദിവാസി കോളനിയിലും തൊളിക്കോട് കാരക്കാംകോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലും ശബരിക്ക് വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്ക് പൊടിയത്തേക്ക് തിരിച്ചത്. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട കോട്ടൂരില്‍ നിന്ന് പൊടിയം കോളനിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. പ്രധാന റോഡ് വിട്ട് കാട്ടുവഴിയിലേക്ക് മുഖ്യമന്ത്രിയും സംഘവും കടന്നപ്പോള്‍ത്തന്നെ യാത്രാദുരിതം തുടങ്ങി. ഇടയ്ക്ക് താന്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോയുടെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങി മുഖ്യമന്ത്രി മുന്‍സീറ്റില്‍ കയറി. എന്നാല്‍ എണ്ണക്കൂട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ റോഡ് തീരെ മോശമായി. കുത്തനെയുള്ള കയറ്റം കയറാനാകാതെ മുഖ്യമന്ത്രിയുടെ വാഹനവും മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും മുന്നോട്ടുനീങ്ങാന്‍ മടിച്ചു.

ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവകുമാറിനെയും പാലോട് രവി എം.എല്‍.എ.യേയും കൂട്ടി മുഖ്യമന്ത്രി ഇറങ്ങിനടന്നു. കല്ലും മുള്ളും ചെളിയും ചവിട്ടി മുഖ്യമന്ത്രി മുന്നോട്ട്. കുത്തനെയുള്ള കയറ്റം കയറുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി അവരെ വിലക്കി. അരക്കിലോമീറ്ററോളം നടന്നു കയറിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കായി ഫോര്‍വീല്‍ ഡ്രൈവ് ടാക്‌സി ജീപ്പ് എത്തി. മുന്‍സീറ്റിലേക്ക് മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജീപ്പിന്റെ വശങ്ങളില്‍ തൂങ്ങിനിന്നപ്പോള്‍ കൊടുംകാട്ടിനുള്ളിലെ പ്രോട്ടോക്കോളും സുരക്ഷാക്രമീകരണങ്ങളും അലിഞ്ഞില്ലാതായി. ജീപ്പില്‍ സാധാരണ യാത്രക്കാരനെപ്പോലെ ആടിയുലഞ്ഞ് മുഖ്യമന്ത്രി പൊടിയത്തെത്തുമ്പോള്‍, ഒരു മുഖ്യമന്ത്രി ആദ്യമായി കാടിനു നടുവിലെ തങ്ങളുടെ ഊരിലെത്തിയതിന്റെ അവിശ്വസനീയതയിലായിരുന്നു ആദിവാസി വോട്ടര്‍മാര്‍.

തുളസിയില മാലയണിയിച്ചും കാട്ടുപൂക്കള്‍കൊണ്ടും കൈതച്ചക്കയില്‍ തീര്‍ത്ത പൂച്ചെണ്ട് സമ്മാനിച്ചും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാട്ടുചെടികള്‍ കൊണ്ടു തീര്‍ത്ത ചെറിയ പന്തലില്‍ സ്വീകരണച്ചടങ്ങ്.



കോളനിയിലെ നൂറുവയസ്സുകാരി കാളിയമ്മയെ വീട്ടില്‍പ്പോയി കണ്ട മുഖ്യമന്ത്രി, കോളനിനിവാസികള്‍ക്കൊപ്പം കപ്പയും മുളകുചമ്മന്തിയും കഴിച്ചു. കുട്ടികളോടും സ്ത്രീകളോടും വര്‍ത്തമാനം പറഞ്ഞു. വൈദ്യുതിയും വാഹനസൗകര്യവും സ്വപ്‌നം മാത്രമാണെന്ന് പലരും മുഖ്യമന്ത്രിയെ അറിയിച്ചു. ജി. കാര്‍ത്തികേയന്റെ സേവനങ്ങളെയും ശബരീനാഥനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.



വ്യാഴാഴ്ച രാവിലെ വിതുരയിലെ കല്ലന്‍കുഴി കോളനിയില്‍ ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോളനി നിവാസികള്‍ പാളത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശബരിയും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

(പി.അനില്‍കുമാര്‍)