UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, നവംബർ 29, ചൊവ്വാഴ്ച

നോട്ടു നിരോധനം തമാശയായിരുന്നോ ?

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുന്നു

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കുള്ള നാല് ചേദ്യങ്ങള്‍ 

എന്ത്‌കൊണ്ട് മുന്‍ കരുതല്‍ എടുത്തില്ല? 

മൂല്യത്തില്‍ രാജ്യത്ത് എണ്‍പത്തി ആറ് ശതമാനവവും 1000, 500 നോട്ടുകളാണെന്ന് അറിയാതെ തമാശയായിട്ടാണോ മോദി നോട്ടുകള്‍ പിന്‍വലിച്ചത്. അറിഞ്ഞിട്ടാണ് പിന്‍വലിച്ചതെങ്കില്‍ നോട്ട് പ്രതിസന്ധിക്ക് മുന്‍ കരുതലെടുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?.   

നടപടി സ്വീകരിച്ചില്ല 

രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എടിഎമ്മുകളിലൂടെ ഒരേ സമയം 200 കോടിയുടെ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ നോട്ടുകള്‍ എടിഎമ്മില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനുള്ള മറുപടി സ്വീകരിച്ചില്ല.   

നിയമവിരുദ്ധമല്ലേ? 

ഭരണഘടന 300 എ പ്രകാരം രാജ്യത്തെ ഒരു പൗരന് നിയമപരമായി അനുവദിച്ചിട്ടുള്ള പണം കൈവശം വയ്ക്കാന്‍ അധികാരമുണ്ട്. എന്നാല്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമായ നടപടിയല്ലെ. ഇതിനെ പ്രധാനമന്ത്രി എങ്ങനെ ന്യായീകരിക്കും.

സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു?

സംസ്ഥാന സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് ആരെ സഹായിക്കാനാണ്? രാജ്യവ്യാപക പ്രക്ഷോഭങ്ങൾ മുന്നിൽക്കണ്ടു മോദി അടിയന്തര നടപടി സ്വീകരിക്കണം.


2016, നവംബർ 28, തിങ്കളാഴ്‌ച

മോദിയും പിണറായിയും നാണയത്തിന്റെ രണ്ടുവശങ്ങൾ

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ ജില്ലാതല പൊതുയോഗം കുറുപ്പന്തറയിൽ  ഉദ്ഘാടനം ചെയ്യുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ബാങ്കിൽ നിന്നു നിക്ഷേപം തിരികെ ലഭിക്കാൻ നിബന്ധന വച്ച ലോകത്തിലെ ഏകരാജ്യം ഇന്ത്യയാണ്.

കേരളത്തിൽ വിവിധ കേസുകളിൽ പൊലീസ് അറസ്റ്റുചെയ്യുന്ന പ്രതികളെ സിപിഎം ബലമായി മോചിപ്പിക്കുന്ന സംഭവം നിത്യേന നടക്കുന്നു. സിപിഎം സെൽ ഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 


2016, നവംബർ 26, ശനിയാഴ്‌ച

ഇടതു ഭരണത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു

വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ നയിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന നയമാണ് ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ് സി.പി.എം സ്വീകരിക്കുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദിച്ചവര്‍ സ്വന്തം പാര്‍ട്ടിക്കാരാണ് പ്രതിയെങ്കില്‍ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയില്‍ കാണുന്നത്. പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് കേരളത്തിന് അപമാനകരമാണ്. 

2016, നവംബർ 22, ചൊവ്വാഴ്ച

നോട്ടുകള്‍ പിന്‍വലിച്ചത് ക്രിമിനല്‍ നടപടി

സഹകരണ ബാങ്ക് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുന്നു

നോട്ടുകള്‍ പിന്‍വലിച്ചത് ക്രിമിനല്‍ നടപടി. പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണ്. നോട്ട് മാറ്റം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേ ടിഎമ്മിനാണ്.

മാപ്പര്‍ഹിക്കാത്ത കുറ്റമാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കളളപ്പണം തടയുമെന്ന് പറയുന്ന കേന്ദ്രം 500 കോടിയുടെ വിവാഹധൂര്‍ത്തിന് കൂട്ടു നിന്നു. പ്രശ്നത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ചുനീങ്ങണം.2016, നവംബർ 15, ചൊവ്വാഴ്ച

കേന്ദ്രത്തിന്റെ പിടിപ്പുകേടിന് വലിയ വില കൊടുക്കേണ്ടി വരുന്നു


 ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഉണ്ടായിട്ട് ഇത് ഏഴാം ദിവസം ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്ക്കുന്നു. രാജ്യം നിശ്ചലമായി. ജനങ്ങൾ ആഹാരത്തിനും മറ്റ് ആവശ്യങ്ങൾക്കും പരക്കം പായുന്നു. യുദ്ധ കാലങ്ങളിൽ പോലും രാജ്യം ഇങ്ങനെയൊരു ദുരിതത്തിൽക്കൂടി കടന്നു പോയിട്ടില്ല.

 കള്ളപ്പണക്കാരെ തടയിടാനും കള്ളനോട്ട് നിർവീര്യമാക്കാനുമൊക്കെയുള്ള ഏതു നടപടിയെയും പൂർണമായി അംഗീകരിക്കുന്നവരാണ് നാമെല്ലാവരും.
എന്നാൽ നല്ല തീരുമാനം ഏറ്റവും മോശം രീതിയിൽ നടപ്പാക്കിയാൽ അതിന് വിവരീത ഫലമാണ് ഉണ്ടാകുക. അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്ന് ഒരു കള്ളനോട്ടുകാരനോ, കരിഞ്ചന്തക്കാരനോ ക്യൂവിൽ നില്ക്കുന്നത് ആരും കണ്ടിട്ടില്ല. തങ്ങൾ കഷ്ടപ്പെട്ടു സ്വരൂപിച്ച് ബാങ്കിലിട്ട പണത്തിനുവേണ്ടി  സാധാരണക്കാരാണ് രാവിലെ മുതൽ രാത്രി വരെ പരക്കം പായുന്നത്.  ബാങ്കിംഗ് എന്താണെന്നു പോലും അറിയില്ലാത്ത വലിയൊരു ജനവിഭാഗം വേറെയുണ്ട്.  അലമാരിയിലും പായക്കടിയിലും അരിപ്പാത്രത്തിലുമൊക്കെ  പണം സൂക്ഷിക്കുന്നവരാണിവർ. ഏറ്റവും ശോചനീയാവസ്ഥ അവരുടേതാണ്.


ജനങ്ങൾ യാചകരായി

ആത്മാഭിമാനത്തോടെ ജീവിച്ചവർ പൊടുന്നനവേ യാചകരായി മാറുന്നു. പൈസയ്ക്കു വേണ്ടി അവർ പലരുടെയും മുന്നിൽ കൈനീട്ടുന്നു. തങ്ങളുടെ ഉറ്റവരെ സഹായിക്കാനാവാതെ പലരും കൈമലർത്തുന്നു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. ചികിത്സ തേടാൻ കഴിയുന്നില്ല. കുട്ടികളുടെ ഫീസ് നല്കാനാവുന്നില്ല. യാത്ര ചെയ്യാൻ പറ്റുന്നില്ല. ഭൂമിയിടപാടുകൾ നടക്കുന്നില്ല. ഭൂമിയുടെ വില ഇടിയുന്നു. വിവാഹങ്ങൾ മുടങ്ങുന്നു. കടകൾ അടപ്പിലേക്ക്. തോട്ടമേഖലയിൽ പണികൾ നിലയ്ക്കുന്നു. അങ്ങനെ  വലിയൊരു പ്രതിസന്ധിയുടെ മുകളിലാണ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം.

നോട്ടു പിൻവലിച്ച നടപടിയെ സർജിക്കൽ അറ്റാക്ക് എന്നാണു പലരും വിശേഷിപ്പിച്ചത്. വളരെ കൃത്യമായ ആസൂത്രണത്തോടെയും അതീവ സൂക്ഷ്മതയോടെയും നടത്തിയ നടപടി എന്ന് അർത്ഥം. എന്നാൽ, മിനിമം മുൻകരുതൽ പോലും ഇല്ലാതെ എടുത്തു ചാടി എടുത്ത നടപടിയാണിതെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമാകുകയാണ്. രാജ്യത്തിന്റെ രക്തധമനിയാണു  പണം. അതു തുടർച്ചയായി പമ്പു ചെയ്തു കൊണ്ടിരുന്നില്ലെങ്കിൽ സ്തംഭനം നിശ്ചയം.

രാജ്യത്തെ 133 കോടി ജനങ്ങൾ നിത്യവും കൈകാര്യം ചെയ്യുന്ന കറൻസി മൂല്യത്തിന്റെ 86% വരും 1000, 500 നോട്ടുകൾ. അതു പൊടുന്നനവേ പിൻവലിച്ചപ്പോൾ ബദൽ ക്രമീകരണം ഉണ്ടായില്ല. അതോടെ രാജ്യത്തിന്റെ രക്തയോട്ടം നിലച്ചു.

പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരേ സ്വീകരിച്ച നടപടിക്ക് പിന്തുണയുമായി ജനങ്ങൾ ഒന്നടങ്കം അണി നിരന്നതാണ്. എന്നാൽ, അതിലേക്കു രാഷ്ട്രീയം കുത്തിനിറയ്ക്കുകയും തികഞ്ഞ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്തപ്പോൾ ജനങ്ങൾ രോഷാകുലരാകുക സ്വഭാവികം. ചികിത്സയ്ക്കു പണം ലഭ്യമാക്കാത്തതിനാൽ പിഞ്ചു കുഞ്ഞു മരിച്ചതും ജനം റേഷൻ കട കൊള്ളയടിച്ചതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. സംസ്ഥാന സർക്കാരുകളെല്ലാം എന്തു ചെയ്യണമെന്നറിയാതെ നിഷ്പ്രഭരും നിസഹായരുമായി നില്ക്കുകയാണ്.


ഗുരുതരമായ വീഴ്ചകൾ


 നല്ല ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു ദൗത്യത്തിൽ വന്ന ഗുരുതരമായ വീഴ്ചകൾ എന്തൊക്കെയാണെന്ന് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതിന് കേന്ദ്രസർക്കാർ ജനങ്ങളോടു മറുപടി പറഞ്ഞേ തീരു.

      1) 1000, 500 നോട്ടുകൾ പിൻവലിച്ചുകൊുള്ള പ്രഖ്യാപനം നടത്തുന്നതുവരെ അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേതു തന്നെ. എന്നാൽ അതു ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു വ്യക്തമായപ്പോൾ, എന്തു കൊണ്ട് സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുത്തില്ല? തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കേതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം മനസിലാക്കാനും  തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കുമായിരുന്നു. സംസ്ഥാനങ്ങളുടെ പൂർണ പിന്തുണയോടെ ജനങ്ങളുടെ ദുരിതം പരമാവധി കുറയ്ക്കാനാകുമായിരുന്നു.

     2) 1977ൽ പ്രധാനമന്ത്രി മൊറാർജി ദേശായി 1000 രൂപ നോട്ട് പിൻവലിച്ചിരുന്നു. ആയിരം രൂപ നോട്ട് അന്നു സാധാരണക്കാരുടെ കൈകളിൽ ഇല്ലായിരുന്നു. പ്രചാരത്തിലിരുന്ന കറൻസി നോട്ടുകളുടെ മൂല്യത്തിൽ 1000 രൂപ നോട്ട് വളരെ ചെറിയ ശതമാനം മാത്രമായിരുന്നു. അതു കൊണ്ട് ഈ തീരൂമാനം ഇന്നത്തേതുപോലുള്ള വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാൽ, ഇന്ന് മൊത്തം കറൻസി നോട്ടുകളുടെ മൂല്യത്തിൽ 1000, 500 രൂപ നോട്ടിന്റെ  വിഹിതം 86%  വരുമെന്നു കേന്ദ്രസർക്കാരിന് അറിയാമെന്നിരിക്കെ, എന്തു കൊണ്ട് ആവശ്യത്തിനു 100 രൂപ നോട്ടുകൾ ലഭ്യമാക്കിയില്ല?

       3) 2000 രൂപയുടെ നോട്ടുകൾ വളരെ നേരത്തേ തന്നെ പ്ലാൻ ചെയ്ത് അച്ചടിച്ചെങ്കിലും എന്തുകൊണ്ട് അവ എടിഎമ്മിലൂടെ വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല? രാജ്യത്തെ  2,00,1861 എടിഎമ്മുകളിൽ 2000 രൂപ നോട്ട് ക്രമീകരിക്കാൻ ഇനിയുമേറെ സമയം വേണ്ടി വരും. ഓരോ എടിഎമ്മിലും എൻജിനീയർ ഉൾപ്പെട്ട വിദഗ്ധ സംഘം എത്തിവേണം ഇതു പുന:ക്രമീകരിക്കാൻ.

       4) പുതിയ 500 രൂപ നോട്ട് അച്ചടിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതു സമയത്തു പ്രചാരത്തിൽ വന്നില്ല.

 മേല്പറഞ്ഞ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കിക്കൊണ്ടു തന്നെ അതു നടപ്പാക്കാമായിരുന്നു. പക്ഷേ, രാഷ്ട്രീയ തിമിരം ബാധിച്ചാൽ എന്തു ചെയ്യാം? സർജിക്കൽ സ്‌ട്രൈക്കിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കു ലഭിക്കാനാണ് ബാക്കി എല്ലാവരേയും കാഴ്ചക്കാരാക്കി യാതൊരുവിധ തയാറെടുപ്പും ഇല്ലാതെ ഇത്രയും വലിയൊരു തീരുമാനം നടപ്പാക്കിയത്. 

 നോട്ടു പിൻവലിക്കാനുള്ള തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ മാത്രം മതി ഇതിനുള്ള തെളിവിന്. അന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക്  മന്ത്രിമാർ മൊബൈൽ ഫോണുകൾ കൊണ്ടു വരരുതെന്നു നിർദേശിക്കപ്പെട്ടു. തീരുമാനം എടുത്തശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാൻ പോയി. തിരിച്ചു വരുന്നതു വരെ കാത്തിരിക്കാൻ അദ്ദേഹം സഹമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാഷ്ട്രത്തെ ടെലിവിഷനിൽ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം മന്ത്രിസഭായോഗത്തിൽ തിരിച്ചെത്തിയത്. സ്വന്തം സഹ പ്രവർത്തകരെയോ സംസ്ഥാനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇപ്പോൾ നാലുപാടും ഉയരുന്നത്.

 പണമില്ലാതെ അമ്പതു ദിവസംകൂടി കാത്തിരിക്കണമെന്നാണു  പ്രധാനമന്ത്രി പറയുന്നത്. ജനങ്ങൾ ആഗ്രഹിച്ചാൽ പോലും നടക്കാത്ത കാര്യമാണിത്. അമ്പതു ദിവസത്തേക്കു കൂടിയുള്ള  സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമാണത്. അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടാ എന്നു സംശയുമുണ്ട്. 133 കോടി ജനങ്ങളിൽ ഓൺലൈൻ ഇടപാടു നടത്തുന്നവർ പത്തോ പതിനഞ്ചോ ശതമാനമേ വരൂ. ബാക്കിയുള്ളവർ പണമില്ലാതൊരു  മാസത്തോളം തള്ളി നീക്കണമെന്നു പറയുന്നതിന്റെ ഗൗരവം പ്രധാനമന്ത്രി ഇനിയും ഉൾക്കൊണ്ടിട്ടില്ല.


നിർദ്ദേശങ്ങൾ


 ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പരിഗണനയ്ക്ക് താഴെപ്പറയുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നു.

 1) സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ തീരുമാനങ്ങൾ കേന്ദ്രസർക്കാരും റിസർവ് ബാങ്കും എടുക്കണം.

2) സഹകരണ മേഖലയെ ഫലപ്രദമായി  ഉപയോഗിച്ച് ഈ പ്രതിസന്ധിയെ എങ്ങനെ  ലഘൂകരിക്കാമെന്നു കേന്ദ്രസർക്കാരും റിസർവ് ബാങ്കും ആലോചിക്കണം.

3) ആരോഗ്യസേവനം, ഭക്ഷ്യവസ്തുക്കൾ എന്നീ മേഖലകളിൽ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ എങ്ങനെ ലഘൂകരിക്കാമെന്ന് അടിയന്തരമായി കണ്ടെത്തണം.

4)   കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ശബരിമലയിലേയ്ക്കുള്ള ലക്ഷക്കണക്കിന്  തീർത്ഥാടകർക്ക് ഇതുമൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയിരിക്കുന്നതിന്  ആവശ്യമായ എല്ലാ മുൻകരുതലുകളും കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ  സ്വീകരിക്കണം.

 5) പ്രതിസന്ധി അയയും വരെ വിദ്യാഭ്യാസ ഫീസ് അടയ്ക്കുന്നതിനു സാവകാശം നല്കണം.

6) സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും 100, 50, 20, 10 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും ലഭ്യമാക്കണം. യുദ്ധ കാലാ -ടിസ്ഥാനത്തിലായിരിക്കണം ഇതിന്റെ പ്രവർത്തനം.

7) കേന്ദ്ര- സംസ്ഥാന സർക്കാരുകളിലേക്കും അർധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജനങ്ങൾ അടയ്‌ക്കേണ്ട 10,000 വരെയുള്ള തുകയ്ക്ക് കാലതാമസം അനുവദിച്ചു നല്കുക.

8)  സാമൂഹിക പെൻഷനും സർക്കാർ പെൻഷനും മുടക്കം കൂടാതെ നല്കാൻ നടപടി എടുക്കുക.

 സംസ്ഥാനങ്ങളുടെ പൂർണ സഹകരണത്തോടും ജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി പുതിയ തീരൂമാനം നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കള്ളപ്പണത്തേക്കാൾ വലിയ വിപത്തായിരിക്കും രാജ്യത്തെ  കാത്തിരിക്കുന്നത്.  സാമ്പത്തിക അരാജകത്വത്തിലേയ്ക്ക് രാജ്യത്തെ തള്ളിവിടരുത്.2016, നവംബർ 14, തിങ്കളാഴ്‌ച

വലിയ നോട്ടുകള്‍ മാറ്റാനുള്ള ആശയം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി ജനങ്ങളെ ബുദ്ധിമുട്ടിച്ചു.


വലിയ നോട്ടുകള്‍ മാറ്റാനുള്ള ആശയം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. 

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപടണം. ചികില്‍സയും ഭക്ഷണവും ഉറപ്പാക്കാന്‍ അടിയന്തരസഹായം ഉടൻ നല്‍കണം. 2016, നവംബർ 13, ഞായറാഴ്‌ച

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത് ശങ്കർ

മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 44–ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ. ശങ്കർ ഫൗണ്ടേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്മൃതി സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുന്നു. 

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചത് ആർ. ശങ്കറാണ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണു പിന്നീടുവന്ന സർക്കാരുകൾ ക്ഷേമപദ്ധതികൾ ഏറ്റെടുത്തത്.     

  പ്രഥമ ആർ. ശങ്കർ പുരസ്കാരം ഡോ. വി.പി.ഗംഗാധരന് സമ്മാനിച്ചു. 1993ലെ ആർ.ശങ്കർ അവാർഡ് കെ. കരുണാകരനു മരണാനന്തര ബഹുമതിയായി സമർപ്പിച്ചു. കരുണാകരന്റെ മകൻ കെ.മുരളീധരൻ എംഎൽഎ അവാർഡ് ഏറ്റുവാങ്ങി. 

കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളവും ഉദ്ഘാടനം ചെയ്തു. ശങ്കറിന്റെ പാളയത്തെ പ്രതിമയിലും ഇന്ദിരാഭവനിലെ ചിത്രത്തിലും പുഷ്പാർച്ചന നടന്നു.2016, നവംബർ 9, ബുധനാഴ്‌ച

വർഗീയത വളർത്തി ബിജെപി, മുതലെടുത്ത് സിപിഎം

പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹന്നാൻ, നേതാക്കളായ വി.എസ്. വിജയരാഘവൻ, വി.ടി. ബൽറാം എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, സി. ചന്ദ്രൻ, സി.പി. മുഹമ്മദ്, വിജയൻ പൂക്കാടൻ, ടി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദലി എന്നിവർ വേദിയിൽ.


 ബിജെപി രാജ്യത്താകമാനം വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പു നടത്തുമ്പോൾ സിപിഎം കേരളത്തിൽ ബിജെപിയുടെ വർഗീയത മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. 

വർഗീയചൂഷണം വർധിക്കുന്ന സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന്റെ പ്രസക്തിയേറുന്നത്. ജാതിയും മതവുമെല്ലാം മനുഷ്യനന്മയ്ക്കാണ് ഉപയോഗിക്കേണ്ടത്. എന്നാൽ മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്താനാണ് ഇപ്പോൾ അത് ഉപയോഗിക്കുന്നത്. ഗുരുവിന്റെ പൂർണമായ ആശയത്തെ പൂ‍ർണമായി ഉൾക്കൊണ്ടു ജീവിക്കാൻ എല്ലാവരും തയാറാകണം. കോൺഗ്രസിന് മതേതരത്വം പ്രാണവായുപോലെയാണ്. പുതുതലമുറ അതു ഉൾക്കൊണ്ടു പ്രവർത്തിക്കണം. ഇന്ത്യയുടെ യഥാർഥ സമ്പത്ത് മതേതരത്വമാണ്.

നൂറു തിരഞ്ഞെടുപ്പു തോറ്റാലും എത്ര പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നാലും മതേതരത്വത്തിന് കോട്ടം വരുത്തി രാഷ്ട്രീയലാഭം കൊയ്ത ചരിത്രം കോൺഗ്രസിനില്ല. ആ ആദർശം ഭാവി തലമുറിയിലെ കോൺഗ്രസുകാരും മുറുകെപ്പിടിക്കണം. മതപരമായ വിശ്വാസങ്ങൾക്കു മാറ്റം വരുത്താൻ തീരുമാനമെടുക്കുന്നത് ഓരോ മതത്തിൽ --പെട്ടവരെയും വിശ്വാസത്തിലെടുത്താകണം. നാടിന്റെ പുരോഗതിയേക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത് ജാതിമതചിന്തകളുടെ അതിർവരമ്പുകൾ കടന്നുകൊണ്ടാവണം.

ബാബറി മസ്ജിദ് തകർത്തപ്പോഴും മാറാട് കലാപം ഉണ്ടായപ്പോഴും അക്രമത്തിന്റെ വ്യാപ്തി കുറക്കാൻ കേരള സമൂഹം കാട്ടിയ ആർജവം രാജ്യത്തിനുതന്നെ മാതൃകയാണ്‌.   

2016, നവംബർ 1, ചൊവ്വാഴ്ച

ഒ.ഐ സി.സിയുടെ പ്രവർത്തനം മാതൃകാപരം

ഒ ഐ സി സി ജുബൈൽ ഏരിയാ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ ജവഹർ പാലുവായിയുടെ കുടുംബത്തിനായ് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ വിവിധ ഘടകങ്ങളും സുമനസ്സുകളും നൽകിയ ധനസഹായം പുതുപ്പള്ളിയിലെ വസതിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജവഹർ പാലുവായിയുടെ കുടുംബത്തിന് കൈമാറുന്നു. 

ആലംബഹീനരായ പ്രവാസി കുടുംബങ്ങൾക്ക് ഒ ഐ സി സി നൽകുന്ന പിന്തുണ മാതൃകാപരം. ഒ ഐ സി സി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായമായി ഒ ഐ സി സി നൽകുന്ന കുടുംബ സുരക്ഷാ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സൗദി അറേബ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലുള്ളവർക്കായി അരക്കോടിയിലധികം രൂപയാണ് ഒ ഐ സി സി ഫണ്ടിൽ നിന്നും കെ പി സി സി നൽകിയത്. 

മരണാനന്തര സഹായമായി കുടുബങ്ങൾക്ക് ഏറ്റവും കൂടുതൽ തുക നൽകുന്ന പ്രവാസി സംഘടന ഒ ഐ സി സിയാണ്. ദമ്മാം ഒ ഐ സി സി നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാ പരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലെ ഒ ഐ സി സി ഘടകങ്ങൾക്ക് പ്രചോദനമാകട്ടെ. ദമ്മാം ഒ ഐ സി സി യെ പ്രത്യേകം അഭിനന്ദിക്കുന്നു.