UDF

2015, ജൂൺ 13, ശനിയാഴ്‌ച

വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം


സംസ്ഥാനത്തിന് ഗുണകരമായ വികസനപദ്ധതികളെ, വിവാദങ്ങളിലൂടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കി ജനനന്മ ഉറപ്പുവരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെട്ടിറച്ചിറ എസ്.സി കോളനിയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇടതു നിലപാടുമൂലം തടസം നേരിട്ടിരുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയെ എന്തുകൊണ്ടാണ് ഇടതുപക്ഷംഎതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. നെടുമ്പാശേരി വിമാനത്താവളത്തിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ 21 ശതമാനം ലാഭ വിഹിതമാണ് സര്‍ക്കാരിന് കൈമാറിയത്. ഇതുവഴി 153 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. വിമാനം തങ്ങളുടെ ശരീരത്തിലൂടെ ഇറങ്ങുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കയറിക്കൂടിയ കാര്യം മറക്കരുത്. 

2006ലെ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്  രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നായിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടതുമുന്നണിയ്ക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു. എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഒരു രൂപയ്ക്ക് അരിയെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളെ മുടന്തം ന്യായത്തിന്റെ പേരില്‍  ഇല്ലായ്മ ചെയ്യാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

700 കോടിയുടെ സാന്ത്വന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയത്. ഇടതുഭരണകാലത്ത് സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ മുഖം നല്‍കിയ സര്‍ക്കാരാണിത്. കാരുണ്യാ ലോട്ടറിയിലൂടെ 701 കോടി രൂപയുടെ ചികിത്സാ സഹായമാണ് തൊണ്ണൂറായിരം പേര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 500 കോടിയുടെ ധനസഹായവും ഇതുവരെ കൊടുത്തിട്ടുണ്ട്.