UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2024, ജൂൺ 1, ശനിയാഴ്‌ച

"കെ എസ് യു എന്നും രക്തത്തിലലിഞ്ഞ വികാരം!"


"ആലപ്പുഴയുടെ മണ്ണില്‍ ജനിച്ച് കേരളമാകെ പടര്‍ന്ന് തലമുറകളുടെ ചിന്തകളില്‍ തീകോരിയിട്ട കെഎസ് യു ജനിച്ചിട്ട് 65 വര്‍ഷം പൂര്‍ത്തിയായി. ദീപശിഖാങ്കിത നീലപ്പതാക വാനിലുയര്‍ന്നു പറക്കുമ്പോള്‍ ആവേശത്താല്‍ എത്രയോ തലമുറകള്‍ കെഎസ് യു എന്നു വിളിച്ചലറി. എത്രയോ സമരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കെഎസ്യു നേതൃത്വം നല്കി. എത്രയോ നേതാക്കളെ സൃഷ്ടിച്ചെടുത്ത് പ്രസ്ഥാനമാണിത്. കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് കെഎസ് യു.

ഞങ്ങളിലല്ലാ ഹൈന്ദവരക്തം, ഞങ്ങളില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ മുസ്ലീംരക്തം ഞങ്ങളിലുള്ളത് മാനവരക്തമെന്ന് പാടുകയും പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്ത മാനവികതയുടെ പ്രസ്ഥാനമാണിത്. അനേകായിരം കുട്ടികള്‍ ചോരയും നീരും നല്കി വളര്‍ത്തിയ സംഘടന. എത്രയോ പേരുടെ ജീവനും ജീവതവുമാണ് ഈ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയത്.

കെഎസ് യുവിലൂടെയാണ് ഞാന്‍ പൊതുപ്രവര്‍ത്തന- രംഗത്തെത്തിയത്. കെഎസ് യു ആണ് എന്റെ പൊതുജീവിതത്തിന്റെ ആണിക്കല്ല്. കഷ്ടപ്പാടുകളും ദുരിതങ്ങളും ഏറെ ഉണ്ടായിരുന്നെങ്കിലും മനസില്‍ ആഹ്ലാദവും ആവേശവും ആ കാലഘട്ടത്തെ അയവിറക്കുമ്പോഴാണ്. 

കെ എസ് യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് യാന്ത്രികമായി നടത്തുക എന്നതിനപ്പുറം പ്രവര്‍ത്തനത്തില്‍ അലിഞ്ഞു ചേര്‍ന്ന് നവോര്‍ജ്ജം കൈവരിക്കുക എന്നതായിരുന്നു എന്നെ നയിച്ച വികാരം. 

ഞാന്‍ കെ എസ് യുവില്‍ എത്തിയ വഴി എനിക്ക് പോലും ആലോചിക്കുമ്പോള്‍ ആശ്ചര്യം തോന്നും. പുതുപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലാണ് എന്റെ എസ്എസ്എല്‍സി വരെയുള്ള വിദ്യാഭ്യാസം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരണസമരം. പത്രങ്ങളില്‍ കൂടി മാത്രമേ വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് അറിഞ്ഞിരുനൊള്ളൂ. സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ സമരമില്ല. എന്നോടും കോണ്‍ഗ്രസിനോടും താല്പര്യമുള്ളവര്‍ സമരത്തിന് ഞങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട് പുതുപ്പള്ളിയില്‍ പഠിപ്പ് മുടക്കുന്നില്ല, എന്തുകൊണ്ട് കോട്ടയത്ത് നടക്കുന്ന ബസ് പിക്കറ്റിങ്ങില്‍ പങ്കെടുക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. 

തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യോഗം ചേര്‍ന്ന് ഏറ്റവും സീനിയറായ വിദ്യാര്‍ത്ഥി വാഴക്കാല വി.ടി ജോണ്‍ പ്രസിഡന്റായും ഞാന്‍ സെക്രട്ടറിയായും കമ്മറ്റിക്ക് രൂപം കൊടുത്തു. അടുത്ത ദിവസം മുതല്‍ പഠിപ്പും മുടക്കുവാനും മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പ് മുടക്കിപ്പിക്കാനും തീരുമാനിച്ചു. ആദ്യദിവസം ഞങ്ങള്‍ എല്ലാ സകൂളിലും പോയി പഠിപ്പു മുടക്കി. അതിന്റെ അടുത്ത ദിവസം 25 വിദ്യാര്‍ത്ഥികള്‍ വീതം കോട്ടയത്ത് പോയി സമരത്തില്‍ പങ്കെടുത്തു. സമരത്തേക്കുറിച്ച് പത്രങ്ങളില്‍ കൂടിയുള്ള അറിവ് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. കെ എസ് യു സംസ്ഥാന നേതാക്കള്‍ ആരെയും അറിയില്ല. കോട്ടയത്തെ കെ എസ് യു നേതാക്കളെ നേരിട്ട് പോയി കാണുകയും എല്ലാ സഹായങ്ങളും ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. 

അടുത്ത പ്രശ്നം സാമ്പത്തികമായിരുന്നു. കോട്ടയത്ത് പോയി വരുവാന്‍ യാതൊരു സാമ്പത്തിക സൗകര്യവുമില്ല. തുടര്‍ന്ന് സാമ്പത്തികമുള്ള ആളുകളെ സമീപിച്ചു; അവര്‍ ചില സഹായങ്ങള്‍ ചെയ്തു. 

കോട്ടയം പുതുപ്പള്ളിയില്‍ റൂട്ടില്‍ ഓടുന്ന നാല് ബസ്സുകള്‍ ഉണ്ട്. ഓരോ ബസും മാറി മാറി 25 വിദ്യാര്‍ത്ഥികളെ ദിവസവും കോട്ടയത്ത് കൊണ്ടുപോകുവാന്‍ അവര്‍ തയാറായി. അതിനുള്ള സൗകര്യങ്ങള്‍ ബസ് ഉടമകള്‍ ചെയ്തുതന്നു.

ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടായിരുന്നു സമരം. ഒരണ സമരത്തിന്റെ വിജയം വരെ ഞങ്ങളും സമരരംഗത്ത് ഉണ്ടായിരുന്നു. ഇഎംഎസ് സര്‍ക്കാര്‍ കുട്ടനാട്ടിലെ ജലഗതാഗതം ദേശസാത്കരിച്ച് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഒരണയില്‍ നിന്ന് രണ്ടണയായി കൂട്ടിയതിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഐതിഹാസിക സമരമാണ് ഒരണ സമരം. സമരം സംസ്ഥാനമാകെ വ്യാപിക്കുകയും സര്‍ക്കാര്‍ മുട്ടുമടക്കി നിരക്ക് ഒരണയാക്കുകയും ചെയ്തു. സമരം വിജയച്ചത് വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശം പകര്‍ന്നു. 

ഒരണ സമരത്തിന് ശേഷമാണ് കെ എസ് യു സംഘടന സംവിധാനമായി ബന്ധപ്പെടുന്നത്. വയലാര്‍ രവിയുമായി ആദ്യം ബന്ധപ്പെട്ടു. കെ എസ് യു നേതാക്കളില്‍ ആദ്യം വയലാര്‍ രവിയെയാണ് പരിചയപ്പെടുന്നത്. എം എ ജോണ്‍, കെ ടി തോമസ് ഐസക് അറക്കയ്ക്കല്‍, ജോസഫ് മോനിപ്പള്ളി, എന്നിവരായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കോട്ടയത്തെ നേതാക്കള്‍. അവരുടെ സഹായവും ലഭിച്ചിരുന്നു.

എല്ലാവരുടെയും സാന്നിധ്യത്തിലും സഹകരണത്തിനും കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിക്ക് രൂപം കൊടുത്തു. മനോരമ ഓഫീസ് ജംഗ്ഷനിലുള്ള ഐഎന്‍ടിയുസി ഓഫീസില്‍ വച്ച് സി ടി കുരുവിള പ്രസിഡന്റായും ഞാന്‍ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. അടുത്തവര്‍ഷം ജില്ലാ പ്രസിഡന്റായി കുര്യന്‍ ജോയിയും സെക്രട്ടറിയായി ഞാനും. കെ എസ് യുവിന്റെ പ്രവര്‍ത്തനം തുടങ്ങിവച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ വളര്‍ച്ച ഉണ്ടായില്ല. വിദ്യാര്‍ത്ഥി സംഘടനകളോടുള്ള പൊതു എതിര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

1962ല്‍ ഇന്ത്യ- ചൈന യുദ്ധം ആരംഭിച്ചപ്പോള്‍ ഡിസ്ട്രിക് കമ്മിറ്റി ഫോര്‍ സ്റ്റുഡന്റ്സ് ഡിഫന്‍സ് എന്ന പേരിലുള്ള ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ എസ്. ഗോപാലന്‍ ആയിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം ചെയര്‍മാനായി ഇരിക്കാമെന്ന് ഉറപ്പു നല്‍കി. സ്‌കൂളുകളില്‍ സ്റ്റുഡന്റ്സ് ഡിഫന്‍സ് കമ്മിറ്റി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ഈ സംഘടനയ്ക്ക് താലൂക്ക് കമ്മിറ്റികള്‍ രൂപീകരിച്ചു. പി സി ചാക്കോ ആയിരുന്നു കാഞ്ഞിരപ്പള്ളിയുടെ കണ്‍വീനര്‍. കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ എത്തുവാന്‍ കെ എസ് യുവിന് സാധിച്ചു. 

വയലാര്‍ രവി കെ എസ് യു സംസ്ഥാന പ്രസിഡന്റായി സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധി പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കും സാധിച്ചു. വയലാര്‍ രവി പ്രസിഡന്റും എ കെ ആന്റണി ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിയില്‍ ഞാന്‍ അംഗമായിരുന്നു. അത് എനിക്ക് വലിയ അംഗീകാരം ആയിരുന്നു.

പ്രീ യൂണിവേഴ്‌സിറ്റി ഞാന്‍ കോട്ടയം സിഎംഎസ് കോളജിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചായിരുന്നു എന്റെ സംഘടനാ പ്രവര്‍ത്തനം. ഈ കാലഘട്ടത്തില്‍ കോളേജില്‍ ഒരു പ്രശ്‌നവും ഞാന്‍ ഉണ്ടാക്കിയിരുന്നില്ല. എന്നിട്ടും ഡിഗ്രിക്ക് എനിക്ക് കോട്ടയത്ത് അഡ്മിഷന്‍ ലഭിച്ചില്ല. അതെനിക്ക് വളരെ ബുദ്ധിമുട്ടായി. പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നും പോയി വന്നു പഠിക്കുവാന്‍ ഇനിയുള്ള മാര്‍ഗം ചങ്ങനാശേരിയാണ്. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നു. രാവിലെ കോളേജില്‍ ബസ്സിനു പോയി ക്ലാസ് കഴിഞ്ഞ് കോട്ടയത്തെത്തി രാത്രി വരെയുള്ള പരിപാടികള്‍ കഴിഞ്ഞാണ് വീട്ടില്‍ എത്തിയിരുന്നത്. കുറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും അതുമാത്രമേ മുന്നിലൊരു വഴിയുണ്ടായിരുന്നുള്ളു. എസ് ബി കോളേജിലെ നല്ല അന്തരീക്ഷവും പിന്നെ പഠന സാഹചര്യങ്ങളും നന്നായി ഇഷ്ടപ്പെട്ടു. 

ബി എ എക്കണോമിക്‌സ് എസ് ബി കോളേജില്‍ നിന്നും പാസായതിനെ തുടര്‍ന്ന് ബി എല്ലിന് എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു. ബി എല്ലിന്റെ അവസാന ബാച്ചിലായിരുന്നു അത്. എ കെ ആന്റണി അവിടെത്തന്നെ എം.എലിന് ഉണ്ടായിരുന്നു. വയലാര്‍ രവിയും ബി എല്ലിന്റെ അവസാന ബാച്ചില്‍ ഉണ്ടായിരുന്നു. എറണാകുളം ലോ കോളേജില്‍ ചേര്‍ന്നശേഷം കെ എസ് യു പ്രവര്‍ത്തനത്തിന് നല്ല അവസരം കിട്ടി. കെ എസ് യു തലശ്ശേരി സംസ്ഥാന സമ്മേളനം അതിഗംഭീരമായി നടത്തി. കെ എസ് യുവിന്റെ ആറാം സംസ്ഥാന സമ്മേളനമാണ് തലശ്ശേരിയില്‍ നടന്നത്. വി കെ കൃഷ്ണമേനോന്‍ ആയിരുന്നു മുഖ്യാതിഥി. ആ സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായിരുന്ന എ കെ ആന്റണി കെഎസ് യു അധ്യക്ഷന്‍ ആകുന്നതും ഞാന്‍ ജനറല്‍ സെക്രട്ടറിയായി വരുന്നതും. ഈ കമ്മിറ്റിക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുവാന്‍ സാധിച്ചു.

കെ എസ് യു പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് തരകന്‍, എസി ജോസ് , വയലാര്‍ രവി , എ കെ ആന്റണി എന്നിവര്‍ കെ എസ് യുവിനെ പ്രമുഖ സംഘടനയായി വളര്‍ത്തുവാന്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എ കെ ആന്റണി സംഘടന പ്രവര്‍ത്തനത്തിനൊപ്പം സംഘടനയെ ശക്തമാക്കുവാനും സംഘടനയെ മുന്നോട്ടു നയിക്കുവാനും പരിശ്രമിച്ചു.

എറണാകുളത്തും തൃശൂരും നടന്ന സമ്മേളനങ്ങളില്‍ എ.കെ ആന്റണിയെ സംസ്ഥാന അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. ആ കാലഘട്ടം കെ എസ് യു വിന്റെ പോരാട്ടങ്ങളുടെ വര്‍ഷങ്ങളായിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിച്ചു. അന്നു സ്വകാര്യ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫീസിന്റെ കാര്യത്തില്‍ യാതൊരു മാനദണ്ഡവും ഇല്ലായിരുന്നു. ഓരോ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളില്‍ നിന്നും ഇഷ്ടമുള്ള ഫീസ് ഈടാക്കിയിരുന്നു. സ്വാകാര്യ കോളേജ് ഫീസും സര്‍ക്കാര്‍ കേളജ് ഫീസും തുല്യമാക്കണമെന്നും എല്ലാ കോളേജിലും ഒരേ ഫീസ് മാത്രമേ പാടുള്ളുവെന്നും കെഎസ് യു നിലപാടെടുത്തു. മാനേജ്‌മെന്റ് അതിനെ ആദ്യം എതിര്‍ത്തെങ്കിലും കെ എസ് യുവിന്റെ ശക്തമായ നിലപാടിനെ അംഗീകരിക്കേണ്ടി വന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഫീസ് ഏകീകരണത്തില്‍ തീരുമാനം ഉണ്ടായത്.

ഇന്ദിരാഗാന്ധി ഹൈദരാബാദില്‍ വന്നപ്പോള്‍ കരുണാകരനും എ കെ ആന്റണിയും കൂടെ ഇന്ദിരാഗാന്ധിയെ കണ്ടു. ഫീസ് ഏകീകരണവും പ്രൈവറ്റ് ടീച്ചേഴ്‌സ് ഡയറക്റ്റ് പേയ്‌മെന്റ് നടപ്പിലാക്കാനുള്ള തീരുമാനവും അവിടെ വച്ചാണ് തത്വത്തിൽ അംഗീകരിച്ചത്. 

സര്‍വകലാശാലയിലെ വിവിധ സമിതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇല്ലായിരുന്നു. ഇതെല്ലാം ഉണ്ടാകണം എന്നത് കെ എസ് യുവിന്റെ ശക്തമായ ആവശ്യങ്ങള്‍ ആയിരുന്നു.

1967ല്‍ സപ്ത മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി സമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യവും കോളേജ് യൂണിയനും യൂണിവേഴ്‌സിറ്റി യൂണിയനും വേണമെന്ന് കെ എസ് യു ശക്തമായി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ വിദ്യാര്‍ത്ഥികളോട് അനുഭാവമായ നിലപാട് സ്വീകരിച്ചു. ആവശ്യങ്ങള്‍ എല്ലാം തന്നെ അംഗീകരിച്ചു. കെ എസ് യുവിന്റെ അഭിമാനകരമായ നേട്ടമാണിത്. 

അന്ന് കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇഎംഎസ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. രാഷ്ട്രീയരംഗം കലുഷിതമായി കടന്നുപോകുമ്പോള്‍ കേരളത്തില്‍ കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും ശക്തമായി മുന്നോട്ട് കുതിക്കുകയായിരുന്നു. 

കേരളത്തിന്റെ മുഖ്യാഹാരമായ അരി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് പലപ്പോഴും വീഴ്ച ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ സമരം തുടങ്ങി. 1967 സെപ്റ്റംബര്‍ 17 ന് ബന്ദാചരിച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്താന്‍ ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. കാസര്‍കോട് നടന്ന വെടിവെപ്പില്‍ വിദ്യാര്‍ത്ഥികളായ ശാന്താറാം ഷേണായി, സുധാകര്‍ അക്കിത്തായി എന്നിവര്‍ കൊല്ലപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളുടെ രക്തം തിളച്ചു. വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ് യു കരിദിനം ആചരിച്ചു. തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലിന്റെ പരമ്പര തന്നെ ഉണ്ടായി.

ഏതാനം ദിവസം കഴിഞ്ഞ് തേവര എസ് എച്ച് കോളേജിലെ വിദ്യാര്‍ത്ഥി ടികെ മുരളി പോലീസിന്റെ ലാത്തി ചാര്‍ജില്‍ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് പ്രതിഷേധം അണപൊട്ടി.

മുരളിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി ആക്രമിച്ചു. 

തേവര മുരളിയുടെ മരണത്തില്‍ ജുഡീഷണല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളം മുഴുവനും ശക്തമായ സമരം ആരംഭിച്ചു. എല്ലാ ഭാഗത്തുനിന്നും പൂര്‍ണമായ പിന്തുണയും സഹകരണം ലഭിച്ചു. സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമായി. എറണാകുളം സെന്റ് അൽബർട്ട് കോളേജിൽ കടന്ന് പോലീസ് നടത്തിയ ക്രൂരമായ നരനായാട്ടിന് 

ഒടുവില്‍ ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സമരത്തിന് മറ്റൊരു ഉജ്വല വിജയം. 

ഓണത്തിന് ഒരു പറ നെല്ല് കെ.എസ്.യുവിന്റെ ചരിത്രത്തിലെ ഒരു അഭിമാന നേട്ടമായിരുന്നു. കേരളത്തെ ഇളക്കി മറിച്ച വിദ്യാര്‍ഥി സമരം കഴിഞ്ഞ അവസരമായിരുന്നു അത് . സപ്ത മുന്നണി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ കേരളം ഭരിക്കുന്നു. കൃഷി മന്ത്രിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ ഒരു പ്രസ്താവന നടത്തി. വിദ്യാര്‍ഥികള്‍ റോഡില്‍ ബസ്സിന് കല്ലെറിയുകയല്ല മറിച്ച് പാടത്ത് വിത്ത് എറിയുകയാണ് വേണ്ടതെന്ന്. ഈ പ്രസ്താവന കണ്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു നേതാക്കളുമായി കൂടി ആലോചിച്ച് ഞാന്‍ ഒരു കത്ത് എം.എന്‍ ഗോവിന്ദന്‍ നായയര്‍ക്ക് അയച്ചു. അങ്ങയുടെ പ്രസതാവന നല്ല ആശയമാണ്. പക്ഷേ ഉപദേശിക്കുകയല്ലാതെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തെ സഹായിക്കുവാന്‍ പദ്ധതികള്‍ ഒന്നും ഇല്ലല്ലോ. പദ്ധതികള്‍ ഉണ്ടെങ്കില്‍ സഹകരിക്കുവാൻ കെ.എസ്.യു തയ്യാറാണ് എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. പിന്നീട് കാര്യങ്ങള്‍ എല്ലാം വേഗത്തില്‍ നടന്നു. കത്ത് കിട്ടിയ ഉടന്‍ എം.എന്‍ ഫോണില്‍ വിളിച്ചു. കെ.എസ്.യു നേതാക്കളുമായി മന്ത്രിയും ഉദ്യാഗസ്ഥരും ചര്‍ച്ചക്കുള്ള ദിവസം നിശ്ചയിച്ചു. 

' ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതി നടപ്പിലാക്കാന്‍ അന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഒരു ലക്ഷം വിത്തു പാക്കറ്റുകള്‍ വിവിധ ജില്ലകളിലായി കൃഷി ഉദ്യോഗസ്ഥര്‍ തരും. കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. അതിന് നേതൃത്വം കെ എസ് യു നല്‍കണം. പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി ഞങ്ങള്‍ യോഗം പിരിഞ്ഞു.

അതിനുശേഷം ഞങ്ങള്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. കെ എസ് യു പ്രതിനിധികള്‍ പിറ്റേദിവസം രാവിലെ എ കെ ആന്റണി വയലാര്‍ രവി എം എ ജോണ്‍, തുടങ്ങിയ നേതാക്കന്മാരുമായി ആലോചിച്ചു. എഫ് എ സി ടിയില്‍ നിന്ന് വളം സംഘടിപ്പിക്കണമെന്ന ആശയം യോഗത്തില്‍ ഉയര്‍ന്നു വന്നു. എഫ് എ സിടിയുടെ സി എം ഡി എം കെ കെ നായരെ എ കെ ആന്റണി വിളിച്ചു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എം കെ കെ നായര്‍ സ്വീകരിച്ചു.

ഒരു ലക്ഷം പായ്ക്കറ്റുകള്‍ വളം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.വലിയ പ്രാധാന്യമാണ് ഈ പദ്ധതിക്ക് അദ്ദേഹം നല്‍കിയത്. രക്ഷിതാക്കളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും എല്ലാവരും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്ത പദ്ധതിയായി ഇത് മാറി.

കുന്നം കുളത്ത് വച്ച് ആയിരുന്നു ആ വര്‍ഷം കെ. എസ്. യുവിന്റെ സംസ്ഥാന പഠന ക്യാമ്പ്. 1968ലെ കെഎസ്യുവിന്റെ സംസ്ഥാന ക്യാമ്പിലെ ഒരു ദിവസം ഓണത്തിന് ഒരു പറ പദ്ധതിയുടെ ഉദ്ഘാടനത്തിനായി മാറ്റിവെച്ചു. കുന്നംകുളത്തെ എത്തി എം എന്‍ ഗോവിന്ദന്‍ നായര്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രവർത്തനരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഓണത്തിന് ഒരു പറ നല്ല ഒരു ചരിത്ര സംഭവമായി. മാധ്യമങ്ങളും സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളും എല്ലാം ഈ പദ്ധതിയെ അഭിനന്ദിച്ചു. 

കൊല്ലം സമ്മേളനത്തില്‍ മൂന്നാമത്തെ കെ എസ് യു അധ്യക്ഷസ്ഥാനം ഞാന്‍ സ്വമനസ്സാലെയല്ല ഏറ്റെടുത്തത്. അധ്യക്ഷന്‍ ആയപ്പോള്‍ തന്നെ മനസ്സില്‍ പടിയിറങ്ങുവാനുള്ള അവസരവും കണ്ടുവെച്ചിരുന്നു. എല്ലാ മധ്യ വേനല്‍ക്കാലത്തും കെ എസ് യുവിന്റെ ക്യാമ്പ് ഉണ്ട്. ആ വര്‍ഷം ഒറ്റപ്പാലം എന്ന് തീരുമാനിച്ചിരുന്നു. അവിടെ നടന്ന ക്യാമ്പില്‍ വെച്ചാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഞാന്‍ പിന്മാറിയത്. അതു കെ എസ് യു വിന്റെ പ്രവര്‍ത്തനം കൊണ്ട് മനം മടുത്തിട്ടായിരുന്നില്ല. കെ എസ് യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരിക്കലും എനിക്ക് മനസ്സില്‍ മടുപ്പ് തോന്നിയിട്ടില്ല. വീണ്ടും പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജമാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാമരാജായിരുന്നു ഒറ്റപ്പാലം ക്യാമ്പിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് അദ്ദേഹം നടത്തിയ സമ്മേളനമായിരുന്നു ഒറ്റപ്പാലം. കോണ്‍ഗ്രസിനെ കേരളത്തില്‍ കെഎസ്യുവും പശ്ചിമ ബംഗാളില്‍ ഛത്ര പരീക്ഷത്തും മാത്രമേ അന്ന് വിദ്യാര്‍ഥി സംഘടനകളായി ഉണ്ടായിരുന്നുള്ളൂ. ഒറ്റപ്പാലത്ത് വച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ വിദ്യാര്‍ഥി സംഘടന എന്ന ആവശ്യം രൂപം കൊണ്ടു. ഓണത്തിന് ഒരു പറ നെല്ല് പദ്ധതി നടപ്പിലാക്കിയും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വിദ്യാര്‍ഥി സംഘടയുണ്ടാക്കിയും കുന്നംകുളം സമ്മേളനം ചരിത്രത്തില്‍ ഇടം പിടിച്ചു. 

ഒറ്റപ്പലം ക്യാമ്പില്‍ വച്ച് രാജിവച്ച് വൈസ് പ്രസിഡന്റ് ആയിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പോന്നിട്ടും ആ വര്‍ഷം കോതമംഗലം മാര്‍ അത്താനാസിയോസ് കോളേജിലും പത്തനംതിട്ട കാതലിക്കേറ്റ് കോളേജിലും നടന്ന സമരങ്ങളില്‍ ഞാന്‍ മുഴുവന്‍ സമയം ചെലവഴിച്ചു. രണ്ട് സമരങ്ങളും വിജയത്തില്‍ എത്തുകയും ചെയ്തു. 52 വര്‍ഷം എംഎല്‍എയായും മറ്റു ഉത്തരവാദിത്വങ്ങള്‍ വഹിച്ചും പൊതുജീവിതം നയിച്ച എനിക്ക് ഇന്നലെകളെ കുറിച്ചുള്ള സ്മൃതികളില്‍ ഏറ്റവും മധുരമുള്ളത് കെ എസ് യു പ്രവര്‍ത്തന കാലം തന്നെ.

കെ.എസ്.യു എന്ന കളരീയിലൂടെയാണ് ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പിച്ചവച്ചു തുടങ്ങിയത്. അതിലൂടെയാണ് ഞാന്‍ വളര്‍ന്നത്. പിന്നീട് പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ എന്റെ ശക്തിയും ആവശേവും കെ.എസ്.യുവായിരുന്നു. ഞാന്‍ ഉള്ളിന്റെയുള്ളില്‍ ഇന്നും കെ.എസ്.യുകാരനാണ്."

-ഉമ്മൻ ചാണ്ടി


(കഴിഞ്ഞ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത്തിന്റെ കാലയളവിൽ തയ്യാറാക്കിയ "കലാശാല" കേരള വിദ്യാർത്ഥി യൂണിയന്റെ മുഖമാസികയിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി  എഴുതിയ ലേഖനം.)


#KeralaStudentsUnion

#OommenChandy