UDF

2015, ജൂൺ 23, ചൊവ്വാഴ്ച

പ്രവാസി വായ്പ: ബാങ്കുകള്‍ സമീപനം മാറ്റണം



തിരുവനന്തപുരം: പൊതുജനത്തിന് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവാസി പുനഃരധിവാസ പദ്ധതികളോട് ഭൂരിപക്ഷം ബാങ്കുകളും വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമാകാന്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് മുന്നോട്ടുവന്നത്. ഇത്തരം നിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. പ്രവാസി പുനഃരധിവാസ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ തന്നെയാണ് വിദ്യഭ്യാസ വായ്പയുടെ കാര്യത്തിലും ഭവനവായ്പയുടെ കാര്യത്തിലുമുള്ള ബാങ്കുകളുടെ സമീപനം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

വിദ്യഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ വായ്പാ തുകയില്‍ ഇളവ് നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണം. വിദ്യഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.