UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, നവംബർ 30, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൌണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാനം മികച്ച വളര്‍ച്ചയാണ് പദ്ധതിയുടെ കീഴില്‍ നേടിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മോഡി അയച്ച കത്തില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നന്ദി. നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ മികച്ച വളര്‍ച്ചയും പ്രകടനവുമാണ് ഞാന്‍ ഈ കത്തെഴുതാന്‍ കാരണം. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന്‍ യോചന പദ്ധതി കൊണ്ട് സാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.

കേരളം പദ്ധതി നൂറ് ശതമാനം നടപ്പാക്കിയ സംസ്ഥാനമായതില്‍ സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേടിയത്. നിങ്ങളെയും നിങ്ങളുടെ സംഘത്തെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കേവലം സാമ്പത്തിക രംഗം എന്നതിലുപരി വളര്‍ച്ചയെ ബലപ്പെടുത്തുന്നതാണ് പദ്ധതിയെന്നും മോഡി കത്തില്‍ പറയുന്നു.

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ 


തൊടുപുഴ: മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 110 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പാരിഷ് ഹാളില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കിസാന്‍ വികാസ് യോജന, സംസ്ഥാനവിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം എന്നിവ കൂട്ടിച്ചേര്‍ത്താണ് പദ്ധതി നടത്തുന്നത്. അലങ്കാരമത്സ്യകൃഷി, സ്വയംതൊഴില്‍ പദ്ധതികളുടെ വിപുലീകരണം, മത്സ്യവിപണന കേന്ദ്രങ്ങളുടെ സ്ഥാപനം, പഞ്ചായത്തുതല കുളങ്ങളുടെ നിര്‍മ്മാണം, ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് മത്സ്യകര്‍ഷക സംഗമം ഉദ്ഘടനം ചെയ്തു. എല്ലാ ജില്ലകളിലും മത്സ്യകൃഷി വ്യാപിപ്പിക്കുതിനും ആധുനിക മത്സ്യഫാമുകള്‍ തുടങ്ങുന്നതിനുമായി 506 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന്്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. മത്സ്യസങ്കേതങ്ങള്‍ തുടങ്ങുന്നതിന് 115 ലക്ഷം രൂപയും മത്സ്യമാളുകള്‍ ആരംഭിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികളും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കും പഞ്ചായത്തുകള്‍ക്കും ഉള്ള ആറു അവാര്‍ഡുകള്‍ക്കുപുറമെ ജില്ലാതലത്തില്‍ വിവിധ വിഭാഗങ്ങളിലായി 44 അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. .

മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു


കാക്കനാട്: കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനര്‍നാമകരണം ചെയ്തതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, ബെന്നി ബഹനാന്‍ എംഎല്‍എ, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, ഡോ. എം. ലീലാവതി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. രവി, പി. രാജന്‍, കെ.എം.ഐ. മേത്തര്‍, ജസ്റ്റിസ് എം. സുകുമാരന്‍, കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍,  എന്നിവര്‍ സംസാരിച്ചു.

അക്കാദമി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്: ഉമ്മന്‍ ചാണ്ടി


കോട്ടയം: സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്കുള്ളില്‍പ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തകരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കൃഷ്ണപിള്ളയുടെ പോരാട്ടം മറക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരിക്കുന്നു. സ്മാരകം തകര്‍ത്ത പ്രതികളെക്കുറിച്ച് വി.എസ്. അച്യുതാനന്ദനു മാത്രം സംശയം മാറിയിട്ടില്ല. എന്നാല്‍ പിണറായി വിജയന് ഒട്ടുംസംശയമില്ല. സിഎംപിയുടെ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒഴുക്കിനെതിരെ നീന്തി  കടുത്ത പ്രതിസന്ധികളെ അതിജീവിച്ച എം.വി. രാഘവന്റെ ധീരമായ ഓര്‍മകള്‍മാത്രം മതി സിഎംപിക്ക് കേരള രാഷ്ട്രീയത്തില്‍ മുന്നേറാനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂത്തുപറമ്പ് സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന സിഎംപി ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. എം.വിആറിനെ വധിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ഗൂഢാലോചനയാണ് കൂത്തുപറമ്പില്‍ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.

2014, നവംബർ 29, ശനിയാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ നിരാശയോ ഖേദമോ ഇല്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് ഗവര്‍ണര്‍ ആയിരിക്കെ ബോധ്യപ്പെട്ടുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ യുവാക്കള്‍ നയിക്കണമെന്നും ഷീലാ ദീക്ഷിത് കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമത്തോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര് പാര്‍ട്ടിയെ നയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാര്‍ട്ടിക്ക് ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു.നരേന്ദ്രമോദിയെ പ്രശംസിച്ചതിനെയും ഷീലാ ദീക്ഷിത് ന്യായികരിച്ചു. നരേന്ദ്രമോദി ആത്മവിശ്വാസമുളള നേതാവാണെന്നും എന്നാല്‍ ആത്മവിശ്വാസം വാക്കുകളില്‍ മാത്രമാണെന്നും പ്രവൃത്തിയില്‍ കണ്ടില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ഉമ്മന്‍ചാണ്ടി ജനപിന്തുണയുളള നേതാവാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന കാര്യം പ്രചാരണ ഘട്ടത്തില്‍ തീരുമാനിക്കും. മത്സരരംഗത്ത് ഉണ്ടാകില്ലെന്നും യുവാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധ്യതയില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി 

2014, നവംബർ 26, ബുധനാഴ്‌ച

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃക

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണ്

യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട്‌ കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഒരു രാജ്യത്തെ ചെറുപ്പക്കാര്‍ അച്ചടക്കമുള്ളവരും രാജ്യത്തോട്‌ കൂറുള്ളവരുമാകണം. രാജ്യത്തിന്റെ ഭാവിക്ക്‌ പ്രധാനം ഇതാണ്‌. സ്വാതന്ത്ര്യം കിട്ടിയശേഷം വലിയ പ്രാധാന്യം നല്‍കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപംകൊടുത്ത എന്‍.സി.സി. പ്രസ്ഥാനം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ആശാകേന്ദ്രമായി മാറിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ എന്‍.സി.സിക്ക്‌ എല്ലാ പിന്തുണയും നല്‍കും. 

കട്ടപ്പനയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ എന്‍.സി.സി.ക്കായി സ്ഥലം കണ്ടെത്തി നല്‍കുകയും 32 കോടി രൂപയുടെ നിര്‍മ്മാണാനുമതി ഇതിനോടകം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ എന്‍.സി.സി. അര്‍ഹിക്കുന്ന പരിഗണന തന്നെയാണ്‌ -മുഖ്യമന്ത്രി പറഞ്ഞു. 

ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ച അനസിന്റെ വീട്‌ 28-ാം തീയതി സന്ദര്‍ശിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്‌ എന്തുചെയ്യാനാകുമെന്ന കാര്യം അനസിന്റെ മാതാപിതാക്കളുമായി ആലോചിച്ച്‌ തീരുമാനിക്കും. സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍.സി.സി. നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിന്‌ ശേഷം 1949-ല്‍ ഒന്നാം ട്രാവന്‍കൂര്‍ കൊച്ചിന്‍ ബറ്റാലിയന്‍ എന്‍.സി.സി.എന്നാണ്‌ എന്‍.സി.സിയെ അറിയപ്പെട്ടിരുന്നത്‌. ആ കാലഘട്ടത്തിലെ കേഡറ്റും ഇന്ത്യന്‍ ആര്‍മിയില്‍ എമര്‍ജന്‍സി കമ്മീഷനിലൂടെ പ്രവേശനം ലഭിച്ച 87 വയസ്സുള്ള ക്യാപ്‌റ്റന്‍ തോമസ്‌ മിരാന്തയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. 2014-ല്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കേഡറ്റുകള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനദാനവും നടത്തി.

നേവല്‍ കേഡറ്റുകള്‍ നിര്‍മ്മിച്ച ഷിപ്പ്‌ മോഡലുകളും, എയര്‍ വിംഗ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ച മൈക്രോ ലൈറ്റിന്റെ മോഡലുകളും, ആര്‍മി വിംഗിന്റെ മോഡലുകളും, സ്റ്റാളുകളും, ഫ്‌ളാഗ്‌ ഏരിയായും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 2015 ജനുവരി 26-ന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള കേഡുറ്റുകളുടെ കലാ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ കേഡറ്റുകള്‍ മുഖ്യമന്ത്രിക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.



മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല


തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊന്നൊടുക്കുന്ന രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടുമാസം വരെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും മറ്റുള്ളവയ്ക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒന്‍പത് ദിവസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം -മുഖ്യമന്ത്രി



തിരുവനന്തപുരം: ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍വേണ്ട നടപടികള്‍ ത്വരപ്പെടുത്തുവാന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രിക്കയച്ച കത്തിനോടൊപ്പം നഴ്‌സുമാരുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും മുഖ്യമന്ത്രി കൈമാറി.

ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഈ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. നഴ്‌സുമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അംബാസഡര്‍ സ്വീകരിച്ചുകഴിഞ്ഞു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, നവംബർ 25, ചൊവ്വാഴ്ച

കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണം

കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണം



തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവര്‍ജനവും നിരോധവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


വോട്ടുകള്‍ക്ക് വേണ്ടി നയങ്ങള്‍ ബലികഴിക്കുന്നത് ശരിയല്ല. മദ്യമുതലാളിമാരില്‍ നിന്ന് ഫണ്ട് വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മദ്യവര്‍ജനവും മദ്യനിരോധനവും സമന്വയിപ്പിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. മദ്യ നിരോധനത്തിന് ഒറ്റ തീരുമാനം മാത്രം മതി. നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കിയിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതിലും കാര്യമില്ല. അതിനാലാണ് മദ്യനിരോധനവും വര്‍ജനവും സമന്വയിപ്പിക്കുന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2014, നവംബർ 24, തിങ്കളാഴ്‌ച

ഭാരതത്തിന് ഒരു പൊന്‍തൂവല്‍കൂടി


ഭാരതത്തിന് ഒരു പൊന്‍തൂവല്‍കൂടി





നമുക്കെല്ലാം അഭിമാനിക്കാം.വിസ്മയകരമായ ജീവിതത്തിന്റെ ഉടമകളാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. ഇരുവരും ആധ്യാത്മിക ഗോപുരങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതുന്നു.


ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സമ്പത്തിന്റെ കേദാരമാണു ഭാരതം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ ആത്മീയ പൈതൃകം ഇന്നും ലോകത്തിനു പ്രകാശം ചൊരിയുന്നു. ആഴത്തിലുള്ള അറിവുകള്‍, അത്ഭുതകരമായ ജീവിതം നയിച്ച സന്യാസികള്‍, അമ്പരപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, വിസ്മയകരമായ വൈവിധ്യങ്ങള്‍ ഇവയൊക്കെ നമ്മുടെ ആധ്യാത്മിക പൈതൃകത്തെ വേറിട്ടതാക്കുന്നു. ഹിന്ദുമതത്തോട് തൊട്ടുരുമ്മി നിന്നു പ്രവര്‍ത്തിച്ച ബുദ്ധമതവും ഇസ്ലാംമതവും ക്രിസ്തുമതവും ജൈനമതവും സിഖ് മതവുമൊക്കെ ചേര്‍ന്ന് ഭാരതത്തെ മതങ്ങളുടെ നാടാക്കി. ഇത്രയും സമ്പന്നമായ ഒരു ആധ്യാത്മിക പൈതൃകം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയില്ല.

ഈ മഹത്തായ പാരമ്പര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് കുര്യാക്കോസ് ചാവറ ഏലിയാസച്ചനും എവുപ്രാസ്യമ്മയും. ഇവരെ വിശുദ്ധരായി റോമില്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളവും ഭാരതവുമാണ് ആദരിക്കപ്പെടുന്നത്. നമ്മുടെ ആധ്യാത്മിക പൈതൃകം ഒരിക്കല്‍കൂടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. നമുക്കെല്ലാം അഭിമാനിക്കാം.വിസ്മയകരമായ ജീവിതത്തിന്റെ ഉടമകളാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. ഇരുവരും ആധ്യാത്മിക ഗോപുരങ്ങള്‍. അതേസമയം, ചാവറയച്ചന്‍ കേരളത്തിന്റെ നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും കൂടിയായിരുന്നു.

കേരളത്തിന്റെ ഇരുളടഞ്ഞ 19-ാം നൂറ്റാണ്ടിലൂടെയാണ് ചാവറയച്ചന്റെ ജീവിതം (1805-1871) കടന്നുപോയത്. അന്നത്തെ സാമൂഹിക സാംസ്‌കാരികാവസ്ഥ നമുക്കിന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ജാതിവ്യവസ്ഥയെ ആധാരമാക്കി യുക്തിഹീനമായ പല അനാചാരങ്ങളും കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റിയിരുന്നു. വിഭ്യാഭ്യാസപരമായി എല്ലാവരും ഏറെ പിന്നിലായിരുന്നു. ആശാ•ാര്‍ നടത്തുന്ന നിലത്തെഴുത്തു കളരികളാണ് അന്നുണ്ടായിരുന്നത്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, വൈകുണ്ഠസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ പതാക വാഹകരായി കടന്നുവന്നു. അവരുടെ ഗണത്തിലാണ് ചാവറയച്ചന്റെ സ്ഥാനം. സ്വസമുദായത്തോടൊപ്പം മറ്റു സമുദായങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തനം.

അറിവാണു ശക്തിയെന്നു ചാവറയച്ചന്‍ തിരിച്ചറിഞ്ഞു. അറിവിന്റെ അഭാവമാണ് എല്ലാ തി•കളുടെയും അടിസ്ഥാനം. മാന്നാനത്ത് സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് ചാവറയച്ചന്‍ വിദ്യാഭ്യാസ മേഖലയിലേക്കു കാല്‍വച്ചു. തുടര്‍ന്ന് കേരളത്തെ അടിമുടി മാറ്റിമറിച്ച ആഹ്വാനം ഉയര്‍ന്നു- ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം!. ജാതിമതവര്‍ഗഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം നല്കണമെന്നും വികാരി ജനറല്‍ എന്ന നിലയില്‍ അദ്ദേഹം കല്പന നല്‍കി.

പള്ളിക്കൂടം സ്ഥാപിക്കുന്ന കാര്യത്തില്‍ പല പള്ളികളും അനാസ്ഥ കാട്ടിയപ്പോള്‍ വികാരി ജനറല്‍ തന്റെ അധികാരം വിനിയോഗിച്ചു. പള്ളിക്കൂടം സ്ഥാപിച്ചില്ലെങ്കില്‍ കുര്‍ബനായും മറ്റു കൂദാശകളും നടത്തുവാനുള്ള അനുവാദം തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളം പുതിയൊരു കാലഘട്ടത്തിലേക്കു പ്രവേശിച്ചത് ഈ ഉത്തരവിലൂടെയാണ്. വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് അങ്ങനെ നാന്ദികുറിച്ചു. കേരളത്തില്‍ ഒരു പൊതുസമൂഹം സൃഷ്ടിക്കപ്പെട്ടു.

അവശസമുദായത്തില്‍പ്പെട്ടവര്‍ക്ക് സവര്‍ണരുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടം. ചാവറയച്ചന്‍ പള്ളിക്കൂടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു. ദളിതരുടെ വീട്ടില്‍ ചെന്ന് കുട്ടികളെ പള്ളിക്കൂടത്തിലയയ്ക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ക്ക് പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൗജന്യമായി നല്‍കി. ഇതൊക്കെ ചെയ്തിട്ടും ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് അച്ചന്‍ ശ്രദ്ധിച്ചു. അവര്‍ക്ക് ഉച്ചഭക്ഷണമില്ലാത്തതാണു കാരണമെന്ന് കണ്ടെത്തി. അതിനു പരിഹാരമായാണ് പള്ളിക്കൂടങ്ങളില്‍ സൗജന്യ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്. ഇതു കേരളത്തിനും പിന്നീടു പല സംസ്ഥാനങ്ങള്‍ക്കും വഴികാട്ടിയായി. ചാവറയച്ചന്‍ നിര്‍ദ്ദേശിച്ച പിടിയരിപ്പരിവിലൂടെയാണ് ഉച്ചക്കഞ്ഞി വിതരണത്തിനുള്ള അരി പള്ളികള്‍ സമാഹരിച്ചത്. ഓരോ കുടുംബത്തിലും ഉച്ചയ്ക്ക് ഊണിന് അരി അളന്നെുടുക്കുമ്പോള്‍ ഒരു പിടി അരി പാവപ്പെട്ടവര്‍ക്ക് മാറ്റിവച്ച് പള്ളിക്കു നല്കണമായിരുന്നു.

അക്ഷരം പഠിച്ചവര്‍ക്ക് തുടര്‍ന്നു അവര്‍ക്കു വായിക്കാന്‍ നല്കണം. അതിന് ആദ്യം പ്രസ് വേണം. രാജ്യത്ത് അന്ന് ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ പ്രസ് ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ രണ്ടെണ്ണം, പ്രൊട്ടസ്റ്റന്റുകാര്‍ കോട്ടയത്തു സ്ഥാപിച്ചിരുന്ന സി.എം.എസ്. പ്രസും തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസും. ആദ്യത്തേതില്‍ മതപരമായ കാര്യങ്ങളും രണ്ടാമത്തേതില്‍ സര്‍ക്കാര്‍ കാര്യങ്ങളും മാത്രമാണ് അച്ചടിച്ചിരുന്നത്. അദ്ദേഹം തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ് കാണുകയും അതിന്റെ ചിത്രം മനസില്‍ വരച്ചിടുകയും ചെയ്തു. തിരിച്ച് മാന്നാനത്ത് എത്തിയ ഉടനേ കുറെ വാഴപ്പിണ്ടികള്‍ വെട്ടിയെടുത്ത് അതില്‍ പ്രസിന്റെ മാതൃക സൃഷ്ടിച്ച് ആശാരിയോട് അതനുസരിച്ച് പ്രസ് പണിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ സാഹസികതയോടെ അക്ഷരങ്ങള്‍, അച്ചടി മഷി, കടലാസ് തുടങ്ങിയവയും സമ്പാദിച്ചു. അങ്ങനെ 1846-ല്‍ മാന്നാനത്ത് സെന്റ് ജോസഫ്‌സ് പ്രസ് സ്ഥാപിതമായി. ആദ്യത്തെ മലയാള ദിനപത്രമായ ദീപിക അച്ചടിച്ചത് 1887 ല്‍ ഈ പ്രസില്‍ നിന്നാണ്. കൂനമ്മാവില്‍ മറ്റൊരു പ്രസ് കൂടി സ്ഥാപിച്ചു. അങ്ങനെ ചാവറയച്ചന്‍ മലയാളത്തിലെ അച്ചടി മാധ്യമരംഗത്തിന്റെ തലതൊട്ടപ്പനായി.

19-ാം നൂറ്റാണ്ടിന്റെ മധ്യം വരെ സുറിയാനി ഭാഷയിലും മറ്റുമാണ് ബൈബിളും പള്ളിയിലെ മറ്റ് ആരാധനാക്രമങ്ങളും ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ചാവറയച്ചന്‍ മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കി ചില കൃതികള്‍ മലയാളത്തില്‍ പുന:പ്രസിദ്ധീകരിച്ചു. വിവിധ ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാവറയച്ചന് സര്‍ഗവാസനയും ഉണ്ടായിരുന്നു. ആധുനിക മലയാള ഭാഷയും അതിലെ ഗദ്യ-പദ്യ രചനാരീതിയും വളരെയൊന്നും വളര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത അക്കാലത്ത് അച്ചന്‍ എഴുതിയ ആത്മാനുപാതം, അനസ്താസിയായുടെ രക്തസാക്ഷ്യം, മരണവീട്ടില്‍ പാടാനുള്ള പാന, ഇടയനാടകങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ മലയാള ഭാഷാ വികസനത്തിനും പങ്കു വഹിച്ചു. കുടുംബാംഗങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന കൃതിക്ക് ഇന്നും പ്രസക്തിയുണ്ട്. സാധാരണക്കാര്‍ക്കു മനസിലാകുന്നതിനുവേണ്ടി തികച്ചും ലളിതമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയാണ് 1831 ല്‍ ചാവറയച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സി.എം.ഐ. സഭ. തുടര്‍ന്ന് സി.എം.സി, സി.ടി.സി സന്യാസിനീ സഭകള്‍ക്കും രൂപം നല്കി. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, അധ്യാത്മിക മേഖലകളില്‍ ഈ സഭകള്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരുന്നു. ചാവറയച്ചന്റെ മാതൃക പിന്തുടര്‍ന്ന് മുന്നൂറോളം സന്യാസ സമൂഹങ്ങള്‍ പിറന്നു. ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട് ഈ സഭകളില്‍.

ചാവറയച്ചന്റെ ബഹുതല ജീവിതത്തില്‍ ഏറ്റവും പ്രാമുഖ്യം ആധ്യാത്മികതലത്തിനു തന്നെയാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അന്തര്‍ധാര ആധ്യാത്മിക ചൈതന്യമാണ്. അനാഥര്‍ക്കും രോഗികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി സ്ഥാപിച്ച ഉപവിശാല, ബുദ്ധിമാന്ദ്യകേന്ദ്രം, ശിശുഭവനം, വികലാംഗ കേന്ദ്രം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇതു പ്രതിഫലിക്കുന്നു. മാന്നാനം ആശ്രമ ദേവാലയത്തിലുള്ള ചാവറയച്ചന്റെ കബിറടത്തിലേക്ക് ഒന്നരനൂറ്റാണ്ടായി ആളുകള്‍ ഒഴുകിയെത്തുന്നത് ഈ വടവൃക്ഷത്തിന്റെ തണലില്‍ സാന്ത്വനം തേടിയാണ്. അദ്ദേഹം വിശുദ്ധനാക്കപ്പെടുന്നത് തുടര്‍ച്ചയായി പ്രസരിക്കുന്ന അധ്യാത്മിക ചൈതന്യത്തിന്റെ വെളിച്ചത്തിലാണ്.

എവുപ്രാസ്യമ്മ

ചാവറയച്ചന്‍ സ്ഥാപിച്ച കര്‍മല മഠത്തിലെ അംഗമാണ് ചാവറയച്ചനോടൊപ്പം വിശുദ്ധയാക്കപ്പെടുന്ന എവുപ്രാസ്യമ്മ എന്നത് ദൈവഹിതമോ ചരിത്രനിയോഗമോ ആയിരിക്കാം. മരിക്കുന്നതിനു അഞ്ചുവര്‍ഷം മുമ്പ് 1866 ലാണ് ഈ സന്യാസിനി സമൂഹത്തിനു ചാവാറയച്ചന്‍ തുടക്കമിട്ടത്. ആദ്യ സന്യാസിനികളില്‍ രണ്ടുപേര്‍ വിധവകളായിരുന്നു. വൈധ്യവും തൊട്ടുകൂടായ്മയായി കരുതിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മഠം ആരംഭിച്ച് 31 വര്‍ഷത്തിനുശേഷം കര്‍മലമഠത്തില്‍ അംഗമായി ചേര്‍ന്ന എവുപ്രാസ്യമ്മ വിശുദ്ധയാക്കപ്പെടുമ്പോള്‍ ഇത്തരമൊരു അംഗീകാരം മറ്റൊരു സന്യാസസഭയ്ക്കും അവകാശപ്പെടാനാവില്ല.

ഒന്‍പതാമത്തെ വയസില്‍ ദൈവത്തിനു സ്വയം സമര്‍പ്പിച്ച ജീവിതം. പന്ത്രണ്ടാമത്തെ വയസില്‍ തിരുക്കുടുംബത്തിന്റെ അത്ഭുത ദര്‍ശനം. അഞ്ചു ദശാബ്ദത്തിലധികം നീണ്ട സന്യാസജീവിതം ആധ്യാത്മിക പ്രഭ നിറച്ചതായിരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു എവുപ്രാസ്യമ്മയുടെ ജീവിതം. പ്രാര്‍ത്ഥിക്കുന്ന അമ്മ എന്നാണ് അവര്‍ അറിയപ്പെടുന്നത്. സക്രാരിയുടെ മുന്നിലായിരുന്നു അവരുടെ ജീവിതം. രാത്രിയും പകലും ജപമാലയര്‍പ്പണത്തില്‍ മുഴുകി. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി. രണ്ടു കാന്‍സര്‍ രോഗികളുടെ അത്ഭുതകരമായ രോഗശാന്തിയാണ് എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമായി ഉയര്‍ത്താനുള്ള കാരണമായി സഭ കണ്ടെത്തിയത്.

'പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത്' എന്ന എവുപ്രാസ്യമ്മയുടെ ആഹ്വാനം സമൂഹത്തെ സ്വാധീനിച്ചു. ലാളിത്യവും എളിമയും നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം. അത് കണ്ട് ധാരാളം പേര്‍ അതു ജീവിതത്തില്‍ സ്വായത്തമാക്കി.

കുടുംബങ്ങളുടെ മധ്യസ്ഥയായാണ് എവുപ്രാസ്യമ്മ അറിയപ്പെടുന്നത്. സ്വത്തുതര്‍ക്കം, കുടുംബങ്ങള്‍ തമ്മിലുള്ള ഭിന്നത, മക്കളില്ലായ്മ, വിവാഹതടസം, സാമ്പത്തിക ബാധ്യതകള്‍, രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുമായി അവര്‍ അവരുടെ അടുത്തെത്തി. സാന്ത്വനം നേടി അവര്‍ മടങ്ങി.

വിശുദ്ധരുടെ കൂട്ടായ്മ

വിശുദ്ധ അല്‍ഫോന്‍സാമ്മയാണ് കത്തോലിക്കാസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധ. ചാവറയച്ചനുമായി അഗാധമായ ആത്മീയബന്ധം ഉണ്ടായിരുന്നു അല്‍ഫോന്‍സാമ്മയ്ക്ക്. ഇരുവരെയും വാഴ്ത്തപ്പെട്ടവരായി കോട്ടയത്ത് ഒരേ വേദിയില്‍വച്ചാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്. എവുപ്രാസ്യമ്മ ചാവറയച്ചന്‍ സ്ഥാപിച്ച സഭയിലെ അംഗവും. മൂവരുടെയും ആത്മീയബന്ധം കത്തോലിക്കസഭയ്ക്കും കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാന്‍ വഴിയൊരുക്കി. ഭാരത്തിന്റെ അധ്യാത്മിക പൈതൃകത്തിന് ഒരു പൊന്‍തൂവല്‍ കൂടി.

2014, നവംബർ 20, വ്യാഴാഴ്‌ച

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍േറതാണ് തീരുമാനം.

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.

യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍


യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- മുഖ്യമന്ത്രി





തിരുവനന്തപുരം: യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റര്‍പ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംരംഭകര്‍ കേരളത്തിന്റെ മണ്ണില്‍ വിജയം നേടണം. ഇതിനായി ഇവര്‍ക്ക് ആവശ്യമുള്ള സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കും. പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പലരും വിജയം നേടുന്നത്. നമ്മുടെ യുവാക്കള്‍ മറുനാട്ടില്‍ പോയാണ് ജീവിക്കുന്നത്. ഇവരെ ഇവിടെത്തന്നെ നിലനിര്‍ത്തണം- അദ്ദേഹം പറഞ്ഞു.


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം - മുഖ്യമന്ത്രി





തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും രോഗികളുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശിച്ചു.

എറണാകുളം കാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതിപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ 145 പേര്‍ ഉള്‍െപ്പടെ ഇരുനൂറിലധികം രോഗികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായും യോഗം വിലയിരുത്തി.

2014, നവംബർ 10, തിങ്കളാഴ്‌ച

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം -മുഖ്യമന്ത്രി

 

കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചാവറ സ്‌കൂള്‍ ഓഫ് തോട്ടിന്റെ ഉദ്ഘാടനം കോട്ടയത്തെ ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ആരാധനാലയങ്ങളോടു ചേര്‍ന്ന് വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും വേണമെന്ന ആശയം ചാവറയച്ചന്‍ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സ്ഥാപിതമായ വിദ്യാലയങ്ങള്‍ പതിനായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കുന്നു. സമുദായത്തിനു മാത്രമല്ല സമൂഹത്തിനാകെ പ്രയോജനപ്പെട്ട സേവനമായിരുന്നു അദ്ദേഹത്തിേന്റതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

 

സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഫാ. സെഡ്.എം. മൂഴൂര്‍ ചാവറയച്ചനെക്കുറിച്ച് രചിച്ച പുസ്തകങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ്ജ് ഇടയാടിയില്‍ ആമുഖപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി. അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

 

പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ചാവറ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ഫാ. സെഡ്.എം.മൂഴൂര്‍ അനുസ്മരണപ്രഭാഷണവും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു. 

2014, നവംബർ 7, വെള്ളിയാഴ്‌ച

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും - മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ പൂത്തോളില്‍ സൈനിക ക്ഷേമ വകുപ്പ് നിര്‍മ്മിച്ച സൈനിക വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇപ്പോള്‍ വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാക്കും. മറ്റു ജില്ലകളിലും സമീപഭാവിയില്‍ തന്നെ വിശ്രമകേന്ദ്രങ്ങള്‍ പണിയും. സൈനികരുടെയും വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പുനരധിവാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വയോധികരായ മുന്‍ സൈനികരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവില്‍ദാര്‍ ഇ.കെ. ഈനാശുവിന്റെ ഭാര്യ ഷിജി, അന്തരിച്ച ഹവില്‍ദാര്‍ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ രത്‌നവല്ലി എന്നിവരെയും മേജര്‍ ജനറല്‍ ഡോ. എം.എന്‍. ഗോപിനാഥന്‍ നായര്‍, കേണല്‍ ബി.ജെ. അക്കര, കേണല്‍ എം. രവീന്ദ്രനാഥ്, നായിക് സുബൈദാര്‍ എം.എ. വില്‍സണ്‍, കരസേന സാച്ചര്‍ ലോനക്കുട്ടി, എന്‍.സി (ഇ) കെ.എ. ഡേവിഡ് എന്നിവരെയുമാണ് ആദരിച്ചത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു.
 

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 


തിരൂര്‍: വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശപാതയുടെ ഒന്നാംഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള 4.50 കി.മീ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും.

മംഗലം പഞ്ചായത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ റോഡുമുതല്‍ ഒട്ടുംപുറം വരെയുള്ള 19 കി.മീ റോഡ് നിര്‍മാണത്തിന് ഇതിനകം 117 കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് 30 കി.മീ ദൂരം കുറയും.

നിലവില്‍ ഉദ്ഘാടനംചെയ്യുന്ന റോഡ് ഒരുവര്‍ഷവും ആറുമാസവുമെടുത്താണ് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന് വെട്ടിമാറ്റിയ മരങ്ങള്‍ക്കുപകരം 600 മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റോഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ്‌സുരക്ഷാ ഫര്‍ണിച്ചറുകള്‍, റെയ്‌സ്ഡ് സീബ്രാക്രോസിങ്, ഭാവിയില്‍ ആവശ്യമായിവരുന്ന സര്‍വീസ് ക്രോസിങ്ങിനുവേണ്ടി യൂട്ടിലിറ്റി ഡക്ടുകള്‍ എന്നിവനിര്‍മിച്ചിട്ടുണ്ട്. ഇതുകാരണം പൈപ്പുകളും കേബിളുകളും ഇടാന്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടതില്ല. 10 മീറ്റര്‍ നീളത്തിലുള്ള റോഡില്‍ ടൈല്‍ വിരിച്ച നടപ്പാതകളുണ്ട്. ബസ്‌ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തെ വ്യവസായ വാണിജ്യ ടൂറിസം വികസനത്തിനും മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനത്തിനും തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ ആക്കംകൂട്ടും.