UDF

2015, ജൂൺ 1, തിങ്കളാഴ്‌ച

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലാക്കുന്നു


നീതി ആയോഗിന്റെ അന്യായവും അധാര്‍മികവുമായ പോക്കിനെതിരെ ഉപസമിതി യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗവും അതില്‍ ഉള്‍ക്കൊണ്ട നിര്‍ദ്ദേശങ്ങളും അതീവ ശ്രദ്ധേയമായിരുന്നു. 

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥപ്പെടുത്തുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ആറ് പതിറ്റാണ്ടിലധികമായി ഇന്ത്യ പിന്തുടര്‍ന്നു പോന്ന ധനകാര്യ കമ്മീഷന്‍ എന്ന സമ്പ്രദായം തകര്‍ത്തു കേന്ദ്ര സര്‍ക്കാരിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കുന്ന നീതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് നേരെ സാമ്പത്തിക നടപടികളുടെ ചാട്ടവാറായി മാറിയിരിക്കുകയാണ്. നീതി ആയോഗിന്റെ അന്യായമായ ഈ നടപടികളെ അതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക മാത്രമല്ല ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയതിമിരം ബാധിക്കാത്ത തികച്ചും സത്യസന്ധമായ വിമര്‍ശനങ്ങളാണ് കേരള മുഖ്യമന്ത്രി നടത്തിയത്. 

സാമൂഹ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം മുഴുവന്‍ ദുര്‍ബലരും അശരണരുമായ ജനസമൂഹത്തെ അഗാധമായി ബാധിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നീതി ആയോഗിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമനുസരിച്ചായിരിക്കണം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം ഈ ഇരുട്ടിലെ പ്രകാശ രേഖയായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉദാരവ്യവസ്ഥയില്‍ പണം അനുവദിക്കാനുള്ള തീരുമാനമുണ്ടെങ്കിലും അത്തരത്തിലുള്ള മൊത്തം വിഹിതം കുറയുകയാണുണ്ടായത്. 2013-14ല്‍ 50.43 ശതമാനമായി കേന്ദ്രവിഹിതം കുറഞ്ഞു. സാമൂഹ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 60 ശതമാനം കുറഞ്ഞു. ഈ വിവേചനത്തിന്റെ ആഘാതം ഏറെയും അനുഭവിക്കുന്നത് കേരളമാണ്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആളോഹരി തുക ശരാശരി 1567 രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് കിട്ടുന്നത് 1132 രൂപ മാത്രമാണ്. കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യം ഉമ്മന്‍ചാണ്ടി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അനുവദനീയ തുക ഒക്‌ടോബറില്‍ 60 ശതമാനവും ബാക്കി ധനകാര്യവര്‍ഷത്തിന്റെ അവസാനവും ലഭ്യമാകുമ്പോള്‍ പദ്ധതികള്‍ മുടങ്ങാതെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധിയില്ലാതെയും മുന്നോട്ടു പോകാനാകും. നീതി ആയോഗിന്റെ ഓരോ യോഗങ്ങളുടെ അറിയിപ്പും ശുപാര്‍ശകളുടെ കരടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത് യോഗത്തിന്റെ തലേദിവസം മാത്രമാണ്. മറ്റു മന്ത്രിമാരുമായോ വകുപ്പ് സെക്രട്ടറിമാരുമായോ ഉദ്യോഗസ്ഥരുമായോ കരട് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മതിയായ സമയം ലഭിക്കാത്തത് കാരണം പലരും പ്രഹസനമെന്ന നിലയിലാണ് നീതി ആയോഗ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഈ പരാതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ യോഗത്തില്‍ ഉന്നയിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ സുരക്ഷ, തീര ജൈവ ആവാസ വ്യവസ്ഥ മാനേജ്‌മെന്റ് തുടങ്ങിയവ ഓരോ സംസ്ഥാനത്തിന്റേതായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന പദ്ധതി ഗുണം ഉണ്ടാകണമെന്ന കേരളത്തിന്റെ ആവശ്യം ഏറെ പ്രസക്തമാണ്. 

നെഹ്‌റു യുഗത്തിന്റെ അടയാളങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്ന സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു ധനകാര്യ കമ്മീഷനെ ഗളഹസ്തം ചെയ്തത്. നെഹ്‌റു മുദ്രകള്‍ ഏറെ പതിഞ്ഞു കിടക്കുന്ന ജനാധിപത്യവും മതേതരത്വവും ലാഘവബുദ്ധിയോടെ തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാര്‍ നീതി ആയോഗിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുകയാണ്. പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് പോലുള്ള സാമ്പത്തിക  ഉപരോധങ്ങള്‍ ഇതിന്റെ ഭാഗമാണ്. ശക്തമായ സംസ്ഥാനങ്ങള്‍; സമ്പന്നമായ രാഷ്ട്രം എന്ന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല നയത്തിന് പകരം ദുര്‍ബലമായ സംസ്ഥാനങ്ങള്‍; യജമാനനായ രാഷ്ട്രം എന്ന വികല നയമാണ് ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്നത്.