Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2020, ഡിസംബർ 6, ഞായറാഴ്‌ച
സർക്കാരിന്റെ പിടിപ്പുകേട്: ക്ഷേമപെൻഷനുകളും കാരുണ്യ പദ്ധതിയും അവതാളത്തിൽ
2020, ഡിസംബർ 2, ബുധനാഴ്‌ച
പെരിയ കേസ്: സുപ്രീം കോടതി വിധി നീതിയുടെ വിജയം
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയം.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോള്‍ ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി.
കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം. പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പങ്ക് ഉള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സുപ്രീംകോടതിയുട പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണം. 5 രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.
2020, ഡിസംബർ 1, ചൊവ്വാഴ്ച
സര്‍ക്കാരിന്റെ കൃത്യവിലോപം: നഷ്ടപ്പെട്ടത് 2500 എംബിബിഎസ് സീറ്റുകൾ
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതോടൊപ്പം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് 2500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതുമൂലം നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് നല്‌കേണ്ടി വരും.
500 ലധികം സീറ്റുകളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് യുഡിഎഫ് കാലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ആയിരുന്നത് ഇപ്പോള്‍ ഏഴു ലക്ഷമായി. ഇരുപത് ലക്ഷമാക്കാന്‍ നീക്കം നടക്കുമ്പോള്‍ കനത്ത ഫീസ് കണ്ടെത്താന്‍ മാതാപിതാക്കള്‍ കിടപ്പാടം പണയപ്പെടുത്തേണ്ടി വരും.
2011-12 വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിര്‍മ്മാണം തുടങ്ങുകയും ചെയ്ത കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോന്നി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2011ല്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായി 850 സീറ്റുകള്‍ ആയിരുന്നത് 2015 ആയപ്പോള്‍ പത്ത് മെഡിക്കല്‍ കോളജുകളിലായി 1350 സീറ്റായാണ് വര്‍ദ്ധിച്ചത്. 2016ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയോടനുബന്ധിച്ച മെഡിക്കല്‍ കോളജിന് അനുമതിയും ലഭിച്ചിരുന്നു. അതുകൂടി ചേര്‍ത്താല്‍ 1450 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ അന്ന് ലഭ്യമായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ സീറ്റ് 1300 ആയി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. രണ്ടായിരത്തിനു മുകളില്‍ സീറ്റ് ഉണ്ടാകേണ്ടതാണ്.
ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍ ആരംഭിക്കുകയും നിയമനം വരെ നടത്തുകയും ചെയ്‌തെങ്കിലും 2017ന് ശേഷം തുടര്‍ അംഗീകാരം നഷ്ടമായി. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് 2015ല്‍ തന്നെ കെട്ടിടനിര്‍മ്മാണവും പൂര്‍ത്തിയാക്കി അധ്യാപകരെയും നിയമിച്ച് 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സില്‍ പ്രാഥമിക അനുമതിയും ലഭിച്ചതാണ്. എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചു. കോന്നി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും ചെയ്താണ്.
മഞ്ചേരി മെഡിക്കല്‍ കോളജ് 2013ലും പാലക്കാട് 2014ലും പ്രവര്‍ത്തിച്ച് തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജും കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളും ഏറ്റെടുത്തു.
പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി മാത്രം ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്‌പെഷ്യല്‍ ഓഫീസറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
പിന്നാക്ക പ്രദേശങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാക്കുകയും കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ പഠനം സാധ്യമാക്കുകകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 2011ല്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണു ചെയ്തത്.
2020, നവംബർ 30, തിങ്കളാഴ്‌ച
കര്‍ഷക സമരം കണ്ടില്ലെന്ന് നടിക്കുന്നത് തീക്കളി
കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോഡി ഭരണകൂടം തീക്കളിയാണ് നടത്തുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍കൂടി എത്തുന്നതോടെ 'ഡല്‍ഹി ചലോ മാര്‍ച്ച്' കര്‍ഷകസാഗരമായി മാറും.
കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. 9 സ്‌റ്റേഡിയങ്ങള്‍ ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്
ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ് കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളും എത്തി. ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലുള്ളത്.
കര്‍ഷകരെ കേള്‍ക്കാന്‍ മോഡി ഭരണകൂടം തയാറാകുന്നില്ല. കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ആവര്‍ത്തിച്ചു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ? അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടേ?
കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പാര്‍ലമെന്റ് പാസാക്കിയ 3 കര്‍ഷക നിയമങ്ങളാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇവ കര്‍ഷകതാത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.
'ജയ്ജവാന്‍ ജയ്കിസാന്‍' എന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ ഇന്ത്യവിളിച്ച മുദ്രാവാക്യമാണ്. എന്നാല്‍, കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.
2020, നവംബർ 29, ഞായറാഴ്‌ച
സിൽവർലൈൻ അനുമതി നിഷേധം: പ്രായോഗികം, യൂ.ഡി.എഫിന്റെ സബർബൻ പദ്ധതി
ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണം. ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കില്‍ അത് ഇതിനോടകം യാഥാര്‍ത്ഥ്യമാകുമായിരുന്നു.
സില്‍വര്‍ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്. മര്‍മപ്രധാനമായ കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല. സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നനുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.
വിഎസ് അച്യുതാനന്ദര്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ താങ്ങാനാവാത്ത ചെലവും (1,27,000 കോടി രൂപ) സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ചാണ് യുഡിഎഫ് സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.
ഇടതുസര്‍ക്കാര്‍ ഹൈസ്പീഡ് പദ്ധതിയെ പൊടിതട്ടിയെടുത്താണ് അര്‍ധഅതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതി രൂപീകരിച്ചത്. ഇതിന് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്. ഇതിന്റെ ഡിപിആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.
അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
2020, നവംബർ 28, ശനിയാഴ്‌ച
ഇടതുപക്ഷത്തിന്റേത് കള്ള പ്രചാരണം; ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍
സാമൂഹിക ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷം അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണ്.
വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും പെന്‍ഷന്‍കാരുടെ എണ്ണവും കുത്തനെ കൂട്ടി. പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമായി.
ആദ്യവര്‍ഷം 300 രൂപയില്‍ നിന്ന് 400 രൂപയാക്കി (GO (ms) 60/2011, SWD-13/12/2011). 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി. അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 700 രൂപയായി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,000 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,100 രൂപയുമായി.
2014ലെ വര്‍ധന ( സാമൂഹികക്ഷേമ വകുപ്പ്: സ.ഉ (സാധാ) നം 571/2014/ സാനീവ, 10.9.2014). പ്രകാരം അഗതി (വിധവ) പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി.
2016ല്‍ 75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാര്‍ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി (സ.ഉ.(എംഎസ്) നം 24/2016, സാനീവ, 1.3.2016). ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ളത് ഈ വിഭാഗത്തിലാണ്. 2015ല്‍ 12.21 ലക്ഷം പേര്‍.
യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാം എന്നും തീരുമാനിച്ചു ( GO (ms) 52/2014, 20.6.2014).
ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വൃദ്ധജനങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു.
2020, നവംബർ 23, തിങ്കളാഴ്‌ച
പോലീസ് നിയമഭേദഗതി: ജനാധിപത്യവിരുദ്ധം, അപകടകരം
മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ല. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും.
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും.
2020, നവംബർ 18, ബുധനാഴ്‌ച
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: സർക്കാരിന്റെ ജാള്യത മറക്കാൻ
സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.
2017 ഒക്‌ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.
പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്. പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം പലിശയോടെ തിരിച്ചടക്കുകയും ചെയ്തു.
പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ഡിഎസ് കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍, 20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്കിയത്. പാലത്തിന്റെ ലോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.
പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി. മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ലഭിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച 245 പാലങ്ങളും ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നിലനില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നത്.
2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച
എം.ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രി അധികാരം ഒഴിയണം
മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു.
രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ്.
എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നതു കേരളത്തില്‍ ആദ്യമാണ്.
2020, ഒക്‌ടോബർ 28, ബുധനാഴ്‌ച
കാര്‍ഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു. അടിയന്തരമായി പിന്‍വലിക്കണം.
വിദേശ കാര്‍ഗോ വിമാനങ്ങളെ ആറു വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തരമായി പിന്‍വലിക്കണം.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഗോ വിമാന സര്‍വീസുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നുമുള്ള എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ കാര്‍ഗോ സര്‍വീസ് നിലച്ചു.
ഇതോടെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതിയില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചത്. പ്രളയവും കോവിഡ് മഹാമാരിയും മൂലം വന്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ കാര്‍ഷിമേഖലയ്ക്ക് ഇത് മറ്റൊരു കനത്ത തിരിച്ചടിയായി.
കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങള്‍ കിട്ടാതെ വിദേശമലയാളികളും പ്രതിസന്ധി നേരിടുന്നു. ഗള്‍ഫിലുള്ള വിദേശ മലയാളികള്‍ അവിടങ്ങളിലുള്ള കേരള മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന സാമ്പത്തിക പ്രക്രിയയാണ് നിലച്ചത്.
2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച
കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്നു
കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കകയാണ്.സഹകരണ സംഘങ്ങൾ വഴി നെല്ല് എടുക്കുന്നതിനോടു കർഷകർക്കു താൽപര്യമില്ല. നിലവിലുള്ള കുറ്റമറ്റ സംവിധാനമാണു സപ്ലൈകോയുടേത്. അതു തുടരണം.
രാഷ്ട്രീയത്തിനതീതമായി കുട്ടനാട്ടിലെ സഹകരണ സംഘങ്ങൾ ഒന്നടങ്കം നെല്ല് എടുക്കാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ച സാഹചര്യത്തിൽ സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരണം. ഇന്നു മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്യുന്നതാണ്.
നെടുമുടി കൃഷിഭവൻ പരിധിയിലെ പൂതിയോട്ടു വരമ്പിനകം, മുട്ടനാവേലി, വെണ്ണേലി, പുളിക്കക്കാവ് കായിപ്പാടം എന്നീ പാടശേഖരങ്ങളാണ് സന്ദർശിച്ചത്.
2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച
മൽത്സ്യ ലേലവും വിപണനവും: ഓർഡിനൻസ് ജനാധിപത്യ വിരുദ്ധം
കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ്.
ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ പിന്നാലെ യുഡിഎഫും ശക്തമായ പോരാട്ടം നടത്തും.
മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഈ തുക ലേലക്കാര്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കും. മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉപയോഗിക്കുന്നതു കൊള്ളയാണ്.
കേരളത്തില്‍ പത്ത് ഫിഷിംഗ് ഹാര്‍ബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് ഓര്‍ഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്. സര്‍ക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.
മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗ്ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം നേടാന്‍ യാന ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തല്‍ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതുമാണ്.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം. ഉദേ്യാഗസ്ഥന്‍ തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.
2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച
ജോസ് കെ മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: മാണിയുടെ ആത്മാവ് പൊറുക്കില്ല
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.
നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല.
കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. ഇത് മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല.
മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്.
വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.
കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കും.
2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച
കാണ്ടാമൃഗം തോൽക്കുന്ന വ്യാജപ്രചാരണം
നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്.
കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.
എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.
വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഓർമ്മിപ്പിയ്ക്കട്ടെ.
2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച
സെക്രട്ടേറിയറ്റ് തീപിടുത്തം: കള്ളൻമാർ കപ്പലിൽ തന്നെയോ?
തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!
കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.
എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.
ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്. സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.
അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി.
സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം.
2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച
സര്‍ക്കാര്‍ മാപ്പു പറയണം; കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു
കോവിഡ് രോഗികള്‍ സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞു.
യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രിയും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ് ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ് കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് വ്യക്തമാക്കണം
കോവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോള്‍ കോവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് 9 മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള കോവിഡ് സൂചികകള്‍.
ആദ്യം പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവച്ച പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടത്?
2020, സെപ്റ്റംബർ 26, ശനിയാഴ്‌ച
കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍, മരണാനന്തര ബഹുമതി
ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണ്.
മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.
മാണിസാര്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടിയില്‍ ആയിരം പോലീസുകാരുടെ നടുവിലാണ്. അന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിക്കു വരുന്നത് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി സാര്‍ 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ല.
2020, സെപ്റ്റംബർ 12, ശനിയാഴ്‌ച
വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്
വ്യവസായ അനുകൂല പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതു വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ (2018-19) കേരളം 28-ാം സ്ഥാനത്ത്. അതായത് ഏറ്റവും അവസാന സ്ഥാനത്ത്!
നിക്ഷേപകര്‍ക്കിടയില്‍ സര്‍വേ നടത്തി അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ പ്രോത്സാഹന- ആഭ്യന്തര വ്യാപാരവകുപ്പ് (ഡിപിഐഐടി) റാങ്കിംഗ് നടത്തുന്നത്. സംസ്ഥാനങ്ങള്‍ നല്കുന്ന ഡേറ്റയുടെയും കൂടി അടിസ്ഥാനത്തിലാണിത്. 2015-16 മുതലാണ് ലോകബാങ്കിന്റെ സഹകരണത്തോടെ ബിസിനസ് പരിഷ്‌കാര കര്‍മസമിതി (ബിആര്‍എപി) പട്ടിക തയാറാക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ 18-ാം റാങ്ക് ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20ലേക്കു താഴ്ന്നു. 2017-18ല്‍ 21ലേക്ക് ഇടിഞ്ഞു. ഇടിഞ്ഞിടിഞ്ഞ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും പിറകിലായി.
ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
കേരളത്തിന് എന്തുപറ്റി? സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും?
വ്യവസായ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കെഎസ്‌ഐടിസിയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 5 എംഡിമാര്‍. ഇപ്പോഴുള്ളത് ഇന്‍ ചാര്‍ജ് എംഡി.
ഇതിനിടയിലാണ് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂര്‍ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ക്കു കൊണ്ടുവന്ന, ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മര്‍ദനമേറ്റു. വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കില്‍ കയറി സാധനം ഇറക്കേണ്ടി വന്നു.
കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9ന്റെ തലേദിവസം കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കോടതി ഹര്‍ത്താല്‍ നിരോധിച്ച നാടാണു നമ്മുടേത്. ഗെയില്‍ പൈപ്പ് ലൈന്‍, എക്‌സ്പ്രസ് ഹൈവെ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്‌സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ ആരു വിശ്വസിക്കും?
അതോടൊപ്പം കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി കോടികള്‍ മുടക്കിയ തന്റെ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പുനലൂര്‍ സ്വദേശിയായ പ്രവാസി, വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തം.
2020, സെപ്റ്റംബർ 9, ബുധനാഴ്‌ച
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയത് സിപിഎം. കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.
വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.
125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി.
ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.
അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല.
ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തം. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.
കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.
2020, സെപ്റ്റംബർ 6, ഞായറാഴ്‌ച
ജനൽപ്പാളി അടയ്ക്കില്ല; അപ്പുറത്ത് ഉമ്മൻചാണ്ടിയുണ്ട്
2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച
പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്ത്
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണം.
സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.
പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായി.
കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.
കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം.
2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച
ഇടത് സർക്കാർ തല്ലിക്കെടുത്തുന്നത് 45 ലക്ഷം യുവസ്വപ്നങ്ങൾ!
മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.
മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.
യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും
ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം.
2020, ജൂലൈ 30, വ്യാഴാഴ്‌ച
ക്രാന്ത ദര്‍ശനത്തിന്റെ വിപ്ലവകരമായ തെളിവ്: നവോദയാ സ്കൂളുകൾ
സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ (493/ 500) വിദ്യാര്‍ത്ഥി മൂവാറ്റുപുഴ മണിയടന്തനം മ്യാലില്‍ വീട്ടില്‍ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു കഴിഞ്ഞു. നവോദയ സ്‌കൂളുകള്‍ മാത്രമെടുത്താല്‍ കോമേഴ്‌സില്‍ ഒന്നാം റാങ്ക്. നവോദയ എല്ലാ വിഷയത്തിലും നോക്കിയാല്‍ നാലാം റാങ്ക്. മൂന്നു വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക്.
എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്. വിനായക് കേരളത്തിന്റ അഭിമാനമാണ്. അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച് വെന്നിക്കൊടി പാറിച്ച വിനായകിന്റെ അച്ഛന്‍ മനോജും അമ്മ തങ്കയും കൂലിപ്പണിക്കാരാണ്. കഠിനാധ്വാനത്തിലൂടെ മകന് മാര്‍ഗദീപം തെളിയിച്ച മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി തന്നെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന അദ്ദേഹത്തിന്റെ ആഗ്രവും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986ല്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിന്റെ ഭാഗമായി തുടങ്ങിയതാണ് രാജ്യമെമ്പാടുമുള്ള ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. ഒരു ജില്ലയ്ക്ക് ഒരു സ്‌കൂള്‍ എന്നതാണ് നയം. ഇതു പ്രകാരം രാജ്യത്ത് നിലവില്‍ 661 നവോദയ സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളില്‍ 75 % ഗ്രാമവാസികളായിരിക്കണം എന്നു നിബന്ധനയുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തില്‍ എസ് സി/ എസ്ടി വിഭാഗത്തിനു സംവരണം. കൂടാതെ പെണ്‍കുട്ടികള്‍ക്ക് മൂന്നിലൊന്നു സംവരണവുമുണ്ട്.
മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്‌കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയര്‍ന്നു. നവോദയ സ്‌കൂളുകള്‍ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി.
നിര്‍ഭാഗ്യവശാല്‍ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹര്‍ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിര്‍ത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം.
2020, ജൂലൈ 14, ചൊവ്വാഴ്ച
വിശ്വാസികളുടെ വികാരം മാനിക്കുന്ന വിധി; എൽഡിഎഫിന് തിരിച്ചടി
ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.
രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച സംവിധാനം ഏര്‍പ്പെടുത്തി.
ഒരു എസ്പിയുടെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂര്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത്. അവര്‍ക്ക് ക്ഷേത്രപരിസരത്ത് ക്യാമ്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉള്‍പ്പെടയുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചു. 25 കോടിയിലധികം രൂപ യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു.
ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.
2020, ജൂലൈ 7, ചൊവ്വാഴ്ച
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.
സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.
സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.
2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.
വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.
എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.
ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.
2020, ജൂൺ 16, ചൊവ്വാഴ്ച
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും
പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുത്.
ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കോവിഡ് 19നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോടു മുഖ്യമന്ത്രി സ്വീകരിക്കണം. .
കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ ഒരുപോറല്‍പോലും ഏല്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍ കൊറോണമൂലം സമ്പത്തും ആരോഗ്യവും ജോലിയും നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവുപോലും കേന്ദ്രം വഹിക്കുന്നതില്ല. വന്ദേഭാരത് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന മൂന്നുലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. അവരെ കൊണ്ടുവരാന്‍ ലോക്ഡൗണ്‍ കാലത്തു ലഭിച്ച മൂന്നു മാസം ഫലപ്രദമായി വിനിയോഗിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് പ്രവാസിലോകത്ത് വലിയ ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി. അതാണ് ഇപ്പോള്‍ അസ്ഥാനത്തായത്. പ്രവാസികള്‍ക്ക് രണ്ടരലക്ഷം കിടക്ക തയാറാണെന്നും തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും ക്വാറന്റീന്റെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി ചാനല്‍ പരിപാടിയില്‍ പ്രവാസികളുടെ പ്രതിനിധിയായി പങ്കെടുത്ത സജീര്‍ കൊടിയത്തൂര്‍ പലവട്ടം കണ്ണീരണിഞ്ഞതു ലോകംമുഴുവന്‍ കണ്ടതാണ്. അതു പ്രവാസി ലോകത്തിന്റെ കണ്ണീരും തേങ്ങലുമാണ്. അവരുടെ വേദന കണ്ടില്ലെന്നു നമുക്ക് നടിക്കാനാകുമോ?
2020, ജൂൺ 15, തിങ്കളാഴ്‌ച
സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഇടതുസര്‍ക്കാരിന്‍റെ പിആര്‍ പരിപാടികള്‍; യുഡിഎഫ് കാലത്ത് ഉപയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സികളെ; സിപിഎം പുകമറ സൃഷ്ടിക്കുന്നു
സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. 12 ചാനലുകളില്‍ പ്രതിവാരം സംപ്രേക്ഷണം ചെയ്യാന്‍ 10 ലക്ഷം രൂപയാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടിയായി മാറിയത്. പാര്‍ട്ടിയുമായി ബന്ധമുള്ള കോഴിക്കോട്ടെയും എറണാകുളത്തെയും സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കിയിട്ടുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ജോലിയുടെ ഭാഗമായി സിഡിറ്റ് ജീവനക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കി. വേറെ ആരെയും ഇതിനായി നിയമിച്ചില്ല. ടീമിലെ 70ശതമാനം ജീവനക്കാരും സിഐടിയു യൂണിയന്‍ അംഗങ്ങളായിരുന്നു. ഇവരുടെയും സെക്രട്ടേറിയറ്റില്‍ ക്രമീകരിച്ച പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെയും രണ്ടു വര്‍ഷത്തെ ശമ്പളമാണ് 3.5 കോടി രൂപ.
മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 6 പേരെ നിയമിച്ചു എന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതം. സിഡിറ്റിലെ വെബ്‌സര്‍വീസസ് വകുപ്പിലെ ജീവനക്കാരായ 6 പേരെ മേല്‍പറഞ്ഞ ജോലികള്‍ക്കായി പുനര്‍വിന്യസിക്കുക മാത്രമാണ് ചെയ്തത്. പുതുതായി ആരെയും നിയമിച്ചില്ല. അതേസമയം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകികയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 5 കോടി രൂപയുടെ ചെലവ്, 5 വര്‍ഷത്തേക്കുള്ള വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് ഇതിനുവേണ്ടുന്ന സെര്‍വര്‍ എന്നിവയുള്‍പ്പെടെ പരിപാലിക്കുന്നതിനുള്ള സാങ്കേതിക ചെലവാണ്. പൊതുഭരണവകുപ്പും ഐടി വകുപ്പും പിആര്‍ഡിയുടെ ഉന്നതതല മോനിട്ടറിംഗ് കമ്മിറ്റിയും അംഗീകരിച്ച തുകയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഈ പദ്ധതി ഉപേക്ഷിച്ചു.
മുന്‍ മൂഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് 808.78 കോടി രൂപ വിതരണം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മെയ് 28ന് മറുപടി നല്കിയിട്ടുണ്ട്. ഓഖി, രണ്ടു പ്രളയം എന്നിവയില്‍ ദുരിതം അനുഭവിച്ചവര്‍ക്കു നല്കിയ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്ക് പുറത്തുവിടുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 244 കോടി രൂപ വിതരണം ചെയ്‌തെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി വെറും ദുരിതാശ്വാസ വിതരണ പരിപാടി മാത്രമായിരുന്നില്ലെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ 45 സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.
2020, ജൂൺ 14, ഞായറാഴ്‌ച
ചാർട്ടേഡ് ഫ്ലൈറ്റില്‍ വരുന്നവർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്

വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന്് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ആളുകള്‍ കേരളത്തിലേക്ക് വരുവാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. നമ്മുടെ ആളുകള്‍ക്ക് വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലയാളികളെ പ്രതിനിധീകരിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്.
അതുകൊണ്ട് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഈ അപ്രായോഗികമായി ഈ ഉത്തരവ് പിന്‍വലിക്കുകയും കോവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തയ്യാറാകണം.
2020, ജൂൺ 12, വെള്ളിയാഴ്‌ച
നിരക്കു കൂട്ടാതെ കെഎസ്ഇബി മലയാളികളെ ഷോക്കടിപ്പിച്ചു
വൈദ്യുതി ബോര്‍ഡ് നിരക്ക് കൂട്ടുമ്പോഴൊക്കെ ഷോക്കടിപ്പിച്ചു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിരക്കു കൂട്ടാതെ തന്നെ ഷോക്കടിപ്പിച്ചു എന്നതാണ് കോവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേകത.
ബോര്‍ഡിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് അതിനു കാരണം.
ബസ് ചാര്‍ജ്, മദ്യത്തിന്റെ വില തുടങ്ങി കൂട്ടാവുന്നതൊക്കെ കൂട്ടുന്നതിനിടയ്ക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പിച്ചത്.
ലോക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ നട്ടംതിരിയുമ്പോഴാണ് വെള്ളിടിപോലെ ഈ നിരക്ക് വന്നത്.
ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്‌സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കോവിഡുമൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിനു മുകളിലാകുകയും സബ്‌സിഡി നഷ്ടപ്പെട്ട അവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരുകയും ചെയ്തു.
മറ്റു സ്ലാബുകളില്‍ ഉള്ളവര്‍ക്കും കൂടിയ സ്ലാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ലാബുകളിലേക്കു മാറുകയും ചെയ്തു.
ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതു ശിക്ഷ ലഭിച്ചത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.
വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസില്‍ ചെന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. ആളുകള്‍ അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല്‍ കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്‍ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നത്.
ലോക്ഡൗണ് കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു.
വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം.
ഉപയോക്താക്കള്‍ക്ക് നീതി നല്കണം.
2020, ജൂൺ 11, വ്യാഴാഴ്‌ച
കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്നു.
അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോള്‍ പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു.
നാലു ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികമാണു വില വര്‍ധിച്ചത്. ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.
്അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത് മുച്ചൂടും ചൂഷണമാണ്.
കേന്ദ്ര- സംസ്ഥാന നികുതികളാണ് പെട്രോള്‍/ ഡീസല്‍ വില കുത്തനേ ഉയര്‍ത്തുന്നത്. നിലവില്‍ നികുതി പെട്രോളിന് 49.97 രൂപയും ഡീസലിന് 48.73 രൂപയുമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17.96 രൂപയും ഡീസലിന് 18.49 രൂപയും മാത്രമാണ് അടിസ്ഥാനവില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. അങ്ങനെയാണ് കേരളത്തില്‍ പെട്രോളിന്റെ വില 75.12 രൂപയും ഡീസലിന്റെ വില 69.28 രൂപയുമായി കുതിച്ചു കയറിയത്.
കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ ആനുപാതികമായ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല.
ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തങ്ങളുടെ ജീവിതം മെല്ലെ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ട സമയമാണിത്. അതിനു പകരം പെട്രോള്‍/ ഡീസല്‍ വിലയിലുണ്ടാകുന്ന വില വര്‍ധന ജനങ്ങളോടു കാട്ടുന്ന ക്രൂരതയാണ്.
2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയപ്പോള്‍ നികുതി കുറച്ച് പെട്രോള്‍ വില 85 രൂപ കടക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2014ല്‍ എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്കിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്
കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണം.
2020, ജൂൺ 9, ചൊവ്വാഴ്ച
വന്ദേഭാരത് മിഷനില്‍ പ്രവാസികള്‍ക്ക് വരാന്‍ വളരെ കുറച്ച് വിമാനങ്ങള്‍
ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ ഉള്ളത്. വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ വിമാനങ്ങള്‍ നല്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തുനല്കി.
വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ എയര്‍ ഇന്ത്യ 2020 ജൂണ്‍ 10 മുതല്‍ ജൂലൈ ഒന്ന് വരെയും എയര്‍ ഇന്ത്യ എക്‌സപ്രസ് ജൂണ്‍ 9 മുതല്‍ ജൂണ്‍ 23 വരെയും പ്രഖ്യാപിച്ച മിഷനില്‍ 19 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്. ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ ജൂണില്‍ 9 വിമാനങ്ങള്‍ സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ 23 വരെ 10 വിമാനങ്ങള്‍ സൗദി ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അയയ്ക്കുന്നത്. 19 വിമാനങ്ങളില്‍ മൊത്തം 4100 ഓളം പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിയുക.
മെയ് 4 വരെ 4.27 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫില്‍ നിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 3.89 ലക്ഷം പേരാണ്. ഇതില്‍ യുഎഇയില്‍ നിന്നു മാത്രം 2,04,263 പേരുണ്ട്. പിന്നീടുള്ളവര്‍ എംബസികളിലാണ് രജിസ്റ്റര്‍ ചെയ്തത്. ഈ രീതിയിലാണെങ്കില്‍ ഒരു വര്‍ഷം ആയാല്‍പ്പോലും കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനാകില്ല.
അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്.
വന്ദേഭാരത് മിഷനില്‍ ജൂണ്‍ 30 വരെ ഡല്‍ഹിയില്‍ നിന്നു 3 വിമാനങ്ങള്‍ മാത്രമാണ് കൊച്ചിയിലേക്കുള്ളത്. രണ്ടെണ്ണം തിരുവനന്തപുരത്തേക്കും. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ധാരാളം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രവാസികളെ ക്വാറന്റീനിലാക്കി ഹോട്ടലുകളിലേക്കാണ് അയയ്ക്കുന്നത്. വലിയ തുകയാണ് ഇതിനു ചെലവ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ താങ്ങാവുന്നതിനപ്പുറം.
അമേരിക്ക, യൂറോപ്പ്, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തുന്നതിന് ദിവസവും ഒരു വിമാനമെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.
വിദേശരാജ്യങ്ങളില്‍ മൂന്നുമാസമായി കുടങ്ങിക്കിടക്കുന്നവര്‍ മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടിലാണ് . ജൂലൈ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും അനായാസം നാട്ടിലെത്തിക്കാം.
2020, ജൂൺ 8, തിങ്കളാഴ്‌ച
ഏപ്രിലിൽ തയാറാക്കിയ രണ്ടരലക്ഷം കിടക്കകൾ എവിടെ?
കോവിഡ് 19മൂലം മടങ്ങിയെത്തുന്ന പ്രവാസികളെ സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിട്ട് അതു മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ പുറത്തുവിടാതിരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.
ഒരു മണിക്കൂറോളം നീളുന്ന ദിവസേനെയുള്ള പത്രസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും വളരെ വിശദമായി പറയാറുള്ള മുഖ്യമന്ത്രി, ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ?
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇനി വീടുകളിലുള്ള ക്വാറന്റീന്‍ മാത്രം. 14 ദിവസത്തെ വീടുകളിലുള്ള ക്വാറന്റീനുശേഷം ഇവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലുമായിരിക്കും എന്നാണ് പുതിയ മാര്‍ഗരേഖ (No. 31/F2/2020 Health - 3rd June 2020)
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി ആളുകളെ വീട്ടിലേക്ക് മാറ്റാന്‍ ജില്ലാകളക്ടര്‍മാര്‍ ഉത്തരവ് നല്കിക്കൊണ്ടിരിക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് ആളുകളെ നേരേ വീട്ടിലേക്ക് അയയ്ക്കുകയാണിപ്പോള്‍.
വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിലും കഴിയുന്നതായിരുന്നു നിലവിലെ രീതി.
എല്ലാവിഭാഗത്തിലുംപെട്ട 21,987 പേരാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റീനിലുള്ളത്. ഇതില്‍ വിമാനത്താവളം വഴി വന്നവര്‍ 11,924 പേര്‍ മാത്രം. അക്കൂട്ടത്തില്‍ ആഭ്യന്തര യാത്രക്കാരുമുണ്ട്.
വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യമൊരുക്കുമെന്ന പഴയ നിലപാട് തുടരുമെന്നു പ്രതീക്ഷിക്കുന്നു.
പ്രവാസികള്‍ക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഏപ്രില്‍ 16ലെ ദേശാഭിമാനി പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇതു 1.5 ലക്ഷമായി കുറച്ചിരുന്നു.
ഏപ്രിലില്‍ ഏര്‍പ്പെടുത്തിയെന്നു പറയുന്ന ആ സൗകര്യത്തിന് എന്തു സംഭവിച്ചു എന്നാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്.
ഇരുനൂറിനടുത്ത് പ്രവാസികളുടെ ജീവന്‍ ഗള്‍ഫില്‍ പൊലിഞ്ഞു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനവധാനതയാണോ അവരുടെ ജീവനെടുത്തതോ?
പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ അയച്ചുതരുന്ന പ്രവാസികളോട്, കേരളത്തെ കേരളമാക്കിയ അവരോട് നാം നന്ദികേടു കാട്ടിയോ?
2020, ജൂൺ 6, ശനിയാഴ്‌ച
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പുനഃരാരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഒരു പദ്ധതിയെ ഇല്ലാതാക്കി. ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഇവരുടെ മത്സരത്തില്‍ അനിശ്ചിതത്വത്തിലായത്.
69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു.
2019 ഫെബ്രുവരി പത്തിന് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഒന്നര വര്‍ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇത്. കേരളവും നാരായണ ഗുരുഭക്തരും ഏറെ വിഷമത്തോടെയാണ് ഈ തീരുമാനം കേട്ടത്.
കേന്ദ്രം അംഗീകരിച്ച പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വഴി പദ്ധതി നടപ്പാക്കണം എന്നാതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമാണ് വിഭാവനം ചെയ്തിരുന്നത്. ശ്രീനാരായണ ഗുരു സൂക്തങ്ങള്‍ കൂടുതല്‍ മിഴിവോടെ പ്രചരിപ്പിക്കാന്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമായെങ്കില്‍ സാധിക്കുമായിരുന്നു.
കേരളത്തിന്റെ ആധ്യാമിക ഗുരുവായി കരുതപ്പെടുന്ന ശ്രീനാരായണ ഗുരുദേവന്റെയും ആധ്യാത്മിക ഗോപുരമായി അറിയപ്പെടുന്ന ശിവഗിരിയുടെയും പ്രാധാന്യം തെല്ലും തിരിച്ചറിയാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചക്കളത്തിപ്പോരാട്ടം നടത്തിയാണ് ഈ പദ്ധതി ഇല്ലാതാക്കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നടപ്പാക്കാന്‍ അടിയന്തരമായി മുന്നിട്ടിറങ്ങണം.
2020, ജൂൺ 5, വെള്ളിയാഴ്‌ച
കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുത്
കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണ്. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020). തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.
പദ്ധതിയെ ദയാവധം ചെയ്യാനാണോ സര്‍ക്കാരിന്റെ നീക്കം?
യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കുകയാണു വേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. . പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ്, കാരുണ്യ പദ്ധതിയുമായി മുന്നോട്ടുകൊണ്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി.
ആരോഗ്യവകുപ്പിന്റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കം.
യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി മാണി സാറിന്റെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയായിരുന്നു ഇത്.
കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലുടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്.
2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.
കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കരുതേ എന്ന പാവപ്പെട്ടവരുടെ നിലവിളി ഈ സര്‍ക്കാര്‍ കേള്‍ക്കുമോ?
