UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മേയ് 29, ഞായറാഴ്‌ച

ഇനി ബസിലും ട്രെയിനിലും സഞ്ചരിച്ച് പൊതുപ്രവർത്തനം നടത്തും


ഇനി ബസിലും ട്രെയിനിലും കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ജനങ്ങളുമായുളള ബന്ധം തുടരുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന് ഒരു മുഴുവൻ സമയ പൊതുപ്രവർത്തകനായി തുടരും.

ഇന്നു ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഒരു തർക്കവുമില്ലാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ഇക്കുറി യു.ഡി.എഫിന് ഒരു നിയമ സഭാകക്ഷിയുണ്ടാകും. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് തന്നെയായിരിക്കും അതിന്റെയും ചെയൻമാൻ.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ യു.ഡി.എഫ് ചെയർമാൻ, മുഖ്യമന്ത്രി എന്ന നിലകളിൽ തനിക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയല്ലേ പ്രതിപക്ഷ നേതാവാകേണ്ടത് എന്ന ചോദ്യത്തിന് ഭരണ മുന്നണി പരാജയപ്പെട്ടാൽ മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകണമെങ്കിൽ പ്രതിപക്ഷ മുന്നണി ജയിച്ചാൽ പ്രതിപക്ഷ നേതാവായിരുന്നയാൾ മുഖ്യമന്ത്രിയാവണമല്ലോ എന്നും അദ്ദേഹം ചോദിച്ചു.



ഖജനാവ് കാലിയല്ല; 1009 കോടിയുണ്ട്


 കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയതുപോലെ സംസ്ഥാന ട്രഷറി കാലിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാധ്യത സ്വാഭാവികമായും ഉണ്ടാകും. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോഴും ഇതായിരുന്നു സ്ഥിതി. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. യഥാര്‍ത്ഥസ്ഥിതി ജനങ്ങള്‍ക്ക് അറിയാമല്ലോ.

ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കുന്നതിനെ പൊതുവില്‍ സ്വാഗതം ചെയ്യുന്നു. 600 രൂപയുള്ള പെന്‍ഷന്‍ 1000 ആക്കാം. എന്നാല്‍ 1100 ഉം 1500 ഉം ഉള്ള പെന്‍ഷന്‍ കുറക്കരുത്. 75 വയസ്സ് കഴിഞ്ഞവര്‍ക്കാണ് 1500 രൂപ നല്‍കുന്നത്. കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് 1100 രൂപ.

നിയമനനിരോധനം പിന്‍വലിക്കുമെന്ന മന്ത്രിസഭാ പ്രഖ്യാപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്ന് മാത്രമല്ല അടുത്ത ഒരു വര്‍ഷത്തേക്ക് ഉണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിയമനം നല്‍കുകയാണ് ചെയ്തത്. യു.ഡി.എഫ്. സര്‍ക്കാര്‍ റെക്കോര്‍ഡിട്ട് 1.67 ലക്ഷത്തില്‍പ്പരം പേര്‍ക്ക് നിയമനം നല്‍കി. 5000 പേര്‍ക്ക് അഡ്വൈസ് മെമ്മോയും നല്‍കി. ആശ്രിതനിയമനം സാധാരണ നിയമനത്തെ ബാധിക്കാത്തവിധം സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നടത്തി.

പെന്‍ഷന്‍ വിതരണം ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ ഉപഭോക്താവിന്റെ താത്പര്യപ്രകാരം നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. പോസ്റ്റല്‍ വിഭാഗം പെന്‍ഷന്‍ വിതരണം കൃത്യമായി ചെയ്യാഞ്ഞതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കിയത്.

മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്നതിനെ എതിര്‍ക്കുന്നില്ല. ഏറെ തെറ്റിദ്ധാരണകള്‍ക്ക് ഇടയായതാണവ. ആ ഉത്തരവുകള്‍ ഇറങ്ങിയത് എങ്ങനെ ?, ഇറക്കാനുള്ള സാഹചര്യമെന്ത് എന്നൊക്കെ അറിയാമല്ലോ- അദ്ദേഹം പറഞ്ഞു.

2016, മേയ് 28, ശനിയാഴ്‌ച

പെട്രോള്‍ വില 45 രൂപയാക്കണം


 കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കേന്ദ്രം കാണിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍ വില 45 രൂപയും ഡീസല്‍ വില 40 രൂപയും ആക്കി കുറയ്ക്കണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാവുന്ന സാഹചര്യം കേന്ദ്രം പ്രയോജനപ്പെടുത്തണം.  പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം.

ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളോട് കടുത്ത അവഗണനയാണ് മോദിസര്‍ക്കാര്‍ കാട്ടുന്നത്. വ്യക്തമായ വീക്ഷണമില്ലാതെയാണ് കേന്ദ്രം നീതി ആയോഗിന് രൂപം കൊടുത്തത്. അതിന് ഇപ്പോള്‍ ഒരു ഉപദേശക സമിതിയുടെ സ്ഥാനം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ പുതിയ സര്‍ക്കാരിന് യുഡിഎഫിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.


2016, മേയ് 27, വെള്ളിയാഴ്‌ച

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു


 അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി. 


അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവൃത്തിയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

2016, മേയ് 25, ബുധനാഴ്‌ച

മാർച്ച് 31ന് 1643 കോടി രൂപ മിച്ചം: മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനം


സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ല. റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 2016 മാർച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വർഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനമാണിത്.

സാമ്പത്തിക പ്രതിസന്ധിമൂലം പെൻഷൻ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങൾ ശരിയല്ല. സർക്കാർ ട്രഷറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുൻകാലങ്ങളിലെ പോലെ സുഗമമാണ്. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, ക്ഷേമപെൻഷൻ വിതരണം, യൂണിവേഴ്സിറ്റി നോൺ പ്ലാൻ ഫണ്ട് വിതരണം എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയിൽ 1000 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് അനുവദിച്ച വേയ്സ് ആൻഡ് മീൻസ് പരിധിയുടെ പകുതിപോലും സർക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂർണമായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശമ്പളവും പെൻഷനും മേയ് മാസം മുതൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഓൺലൈൻ
സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോൾ ഉണ്ടായ ചില സാങ്കേതിക തകരാർ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെൻഷനും നൽകുന്നതിൽ കാലതാമസം ഉണ്ടായത്. ഇതു ശ്രദ്ധയിൽപ്പെട്ട ഉടനേ ട്രഷറിയിലും ധനകാര്യ വകുപ്പിലും പ്രത്യേക ഹെൽപ്പ് ഡസ്‌ക് തുടങ്ങുകയും സമയബന്ധിതമായി പരാതികൾ പരിഹരിച്ചു വരുകയും ചെയ്യുന്നു. പരാതികൾ കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ പരിഹരിക്കപ്പെടാതെ വന്നാൽ ധനകാര്യ സെക്രട്ടറിക്കു നേരിട്ട് പരാതി നല്കാവുന്നതാണ്.

2016, മേയ് 23, തിങ്കളാഴ്‌ച

കേരളത്തിൻറ്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം


തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ്. മുന്നോട്ടുവച്ച ആശങ്കകൾ ശരിയാകുന്നതിന്റെ സൂചനകളാണോ കഴിഞ്ഞ രണ്ടുദിവസമായി കാണുന്നതെന്നു ഞാൻ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ നല്ല സൂചനയല്ല നൽകുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവർ പങ്കാളികളായ അക്രമങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടുപേരാണ്. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ ആസൂത്രിതമായ അക്രമങ്ങളിൽനിന്നാണ്. പ്രശ്നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എൽ.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണെന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി. മർദനമേറ്റ പെൺപിള്ളൈ ഒരുമ നേതാവ് രാജേശ്വരി ആശുപത്രിയിലാണ്. വടകരയിൽ കെ.കെ.രമയുടെ വീടിനു മുന്നിൽനിന്ന് അസഭ്യവർഷം നടത്തുകയും ആർ.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകൾ അടിച്ചുതകർക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും അക്രമം. കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങൾ. ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറിൽ ഒരു സി.പി.എം. പ്രവർത്തകൻ മരിച്ചു. ഇതിനെ തുടർന്ന് ഹർത്താൽ ആചരിച്ചതോടെ ഹർത്താലിനും തുടക്കംകുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എൽ.ഡി.എഫ്. ബി.ജെ.പി. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകൻ പ്രമോദ് മരിച്ചു. ഇതിന്റെ പേരിൽ തൃശൂരിൽ ബി.ജെ.പി. ഹർത്താൽ നടത്തി.

ഇവ നൽകുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സ്വൈര്യജീവിതം ഉറപ്പാക്കുന്നതെങ്കിൽ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറും. ഈ സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അണികളെ അക്രമങ്ങളിൽനിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എൽ.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും അഭ്യർഥിക്കുന്നു.


2016, മേയ് 22, ഞായറാഴ്‌ച

എല്ലാവർക്കും നന്ദി


അഞ്ച് വർഷം പൂർത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹ പ്രവർത്തകർക്കും നിങ്ങൾ നൽകിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും ഞാൻ എല്ലാവർക്കും വേണ്ടി നന്ദി പറയുന്നു.

കേവലം 2 എം. എൽ. എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂർത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവിൽ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അവസരം നൽകിയത്.

എന്നാൽ ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വർഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു.
ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്ക് വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാർട്ട്‌ സിറ്റി എന്നിവയെല്ലാം പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങൾക്ക്‌ യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടർന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

പുതിയ ഗവണ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു.

2016, മേയ് 17, ചൊവ്വാഴ്ച

സമ്മതിദാന അവകാശം വിനിയോഗിച്ച ഏവർക്കും നന്ദി


തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു. തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു.ഡി.എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

2016, മേയ് 16, തിങ്കളാഴ്‌ച

ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും 152 എണ്ണം ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ്. 106 കേസുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കുടുതല്‍ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ 617 കേസുകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 79 കേസുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വി.എസിനെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒരൊറ്റ കേസുമില്ല.

പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്‌ലിന്‍ കേസുള്ളത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എട്ടു കേസുകളും പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ ഓരോ കേസും അദ്ദേഹത്തിനെതിരെ ഉണ്ട്.

ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്ഥാനാര്‍ത്ഥിയുമായ നികേഷ് കുമാറിനെതിരേയാണ്-57 കേസുകള്‍. കഴക്കൂട്ടം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശേരിയിലെ എ.എന്‍. ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്.

കുറ്റിയാടി-കെ.കെ.ലതിക 32, നേമം-വി.ശിവന്‍കുട്ടി 31, ആലുവ-വി. സലീം 26, പേരാവൂര്‍-ബിനോയ് കുര്യന്‍ 25, കോതമംഗലം-ആന്റണി ജോണ്‍ 24, അരുവിക്കര-എ.എ. റഷീദ്22, മട്ടന്നൂര്‍-ഇ.പി. ജയരാജന്‍ 21, തൃപ്പൂണിത്തുറ-എം.സ്വരാജ് 20 എന്നിവരാണ് കൂടുതല്‍ കേസുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍.

നെഞ്ചത്തു കല്ലെറിഞ്ഞിട്ടും സഹിച്ചു


ബിജെപി ഒരു കാരണവശാലും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായിചേർന്നു മൽസരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനു ജനം മറുപടി നൽകും. പരാമർശം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അപമാനം. റബർ കർഷകൻ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോൾ കേന്ദ്ര സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന നിലപാട് 2016 പരിപാടിയിൽ പറഞ്ഞു.

കേരളത്തിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പു ഫലം. കെ.കെ.രമയ്ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇതു തികച്ചും അപലപനീയമാണ്. എത്ര സീറ്റ് കിട്ടും എന്നു പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് കിട്ടും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായുള്ള തന്റെ അടുത്തബന്ധം സിപിഎം ഭയക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബിജെപി തന്നെ നേരിടുന്നത് രാഷ്ട്രീയമായി ആണെങ്കിൽ സിപിഎം തന്നെ കഴിഞ്ഞ അഞ്ചുവർഷവും നേരിട്ടത് വ്യക്തിപരമായ ആക്രമണത്തിലൂടെയാണ്. എത്രയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വ്യക്തിപരമായി വേട്ടയാടി. സിപിഎം നേതാക്കൾ ജനങ്ങളുമായുള്ള എന്റെ ബന്ധത്തെയും അടുപ്പത്തെയും ഭയക്കുന്നു. ജനസമ്പർക്ക പരിപാടിയിൽ പോകുരുതെന്ന് സിപിഎം ജനങ്ങളെ വിലക്കി. പക്ഷേ സിപിഎം നേതാക്കളുടെ ബന്ധുക്കൾ ജനസമ്പർക്ക പരിപാടിയിൽ വന്നു.

ഇത്രയധികം ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? എന്റെ നെഞ്ചത്താണ് കല്ലെറിഞ്ഞത്. എല്ലാം ഞാൻ സഹിച്ചു. എവിടെയെങ്കിലും ഒരു ചെറിയ കല്ലേറുണ്ടായാൽ ഹർത്താൽ നടത്താൻ ചിലർ മടിക്കാറില്ല. ഞാൻ പറഞ്ഞു എനിക്ക് എറി കൊണ്ടതിന്റെ പേരിൽ ഹർത്താൽ പാടില്ല. ഒരു വാഹനവും തടഞ്ഞില്ല. ഒരു ഹർത്താൽ വന്നാൽ ഒരു ദിവസം സ്തംഭിക്കും. മൂന്ന് ദിവസം എടുക്കും സാധാരണ ജനജീവിതത്തിലേക്ക് വരാൻ.

ഇടതുസർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥരെ പഴിചാരിയാണ് മന്ത്രിമാർ രക്ഷപ്പെട്ടത്. അഞ്ചുകൊല്ലത്തിനിടെ ഞാൻ ഒരു ഉദ്യോഗസ്ഥനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയായ ഞാൻ ഏറ്റെടുത്തിട്ടേയുള്ളു. ഒരു പ്രശ്നത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഞാനൊഴിഞ്ഞുമാറില്ല. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കാര്യത്തിൽ എനിക്ക് തന്നെയാണ് ഉത്തരവാദിത്വം–മുഖ്യമന്ത്രി പറഞ്ഞു 

2016, മേയ് 15, ഞായറാഴ്‌ച

രമയെ ആക്രമിച്ചത് സിപിഎമ്മിന്റെ അസഹിഷ്ണുത മൂലം


 ജനാധിപത്യപരമായ പ്രവർത്തനങ്ങൾ പോലും അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ തികച്ചും അസഹിഷ്ണുതാപരമായ സമീപനമാണു കെ.കെ.രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്നു ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഓർമയെപ്പോലും ഇല്ലാതാക്കാനാണു ശ്രമം. ഇപ്പോൾ കെ.കെ.രമ സ്ഥാനാർഥിയായതോടുകൂടി രമയെ ആക്രമിച്ചിരിക്കുന്നു.

സിപിഎമ്മിന്റെ ഫാഷിസ്റ്റ് സ്വഭാവമാണ് ഇതെല്ലാം പുറത്തുകൊണ്ടുവരുന്നത്. ബംഗാളിൽ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമർത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ ബംഗാളിലേതു പോലെ ജനങ്ങൾ ആ ചുമതല ഏറ്റെടുക്കും. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽപ്പോലും ഇത്തരത്തിൽ പ്രതികരിക്കാൻ സിപിഎമ്മിനേ കഴിയൂ.

രമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചു വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ അകറ്റിനിർത്താനും ക്രിമിനൽ ഭരണം വരാതിരിക്കാനും വേണ്ടിയുള്ള വിവേകപൂർവമായ തീരുമാനമാണു ജനങ്ങൾ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, മേയ് 14, ശനിയാഴ്‌ച

മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്


ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വികസനം എല്‍.ഡി.എഫ്. ഒരു പ്രചാരണ വിഷയമാക്കാത്തത് ഇതുകൊണ്ടാണ്. യു.ഡി.എഫ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട വികസന പദ്ധതികളും ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാകുക.

മനുഷ്യ വിഭവ സൂചികകളുടെ (ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്റക്‌സ്) അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് എന്നു മാത്രമല്ല, ബ്രിട്ടണ്‍, ജര്‍മനി എന്നീ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു കാണാനാകും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2014-15ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.31 ശതമാനം ആയിരുന്നു, ഇന്ത്യയുടേത് 10.5 ശതമാനവും.

കാര്‍ഷിക, വ്യാവസായിക പശ്ചാത്തല സൗകര്യ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച നേടാതെ മനുഷ്യ വിഭവ സൂചികകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനം എത്തിച്ചേര്‍ന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ വ്യാവസായിക പശ്ചാത്തല മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയത്.

20,000 കോടി രൂപയോളം മുതല്‍മുടക്കുള്ള വന്‍കിട വികസന പദ്ധതികളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, 245 പാലങ്ങള്‍ എന്നിവയാണ് വന്‍കിട പദ്ധതികള്‍. വന്‍കിടപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ അവഗണിക്കപ്പൈതിരിക്കാന്‍ അവര്‍ക്കുവേണ്ടി കരുതലില്‍ അധിഷ്ഠിതമായൊരു നയവും സര്‍ക്കാര്‍ നടപ്പിലാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വികസന പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലാക്കാനും ഉതകുമെന്ന് ഉറപ്പാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനെത്താന്‍ കഴിയുന്ന വ്യാവസായിക വികസന അടിത്തറ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഇതിനകം പലതവണ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ വ്യാവസായിക പശ്ചാത്തല വികസനം സംബന്ധിച്ച് കൈക്കൊണ്ട നിലപാട് എന്തായിരുന്നു?

യു.ഡി.എഫ്. ഭരിക്കുന്ന സമയത്തെല്ലാം പ്രത്യയശാസ്ത്രത്തെ മറയാക്കി വികസന പദ്ധതികളെ അഴിമതി, ഭൂമി കുംഭകോണം, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ പറഞ്ഞ് എല്‍.ഡി.എഫ് എതിര്‍ത്തതിലൂടെ കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കി നിലനിര്‍ത്തി. കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചും വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ നെഞ്ചില്‍ക്കൂടി റണ്‍വേ പണിയണമെന്നു പറഞ്ഞും വികസന പ്രവര്‍ത്തനങ്ങളെ അവര്‍ അട്ടിമറിക്കുകയായിരുന്നു. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്‌സിറ്റി പദ്ധതി ശ്രീ. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമൂലം ഒരു പതിറ്റാണ്ടുകാലമാണ് മുടങ്ങിക്കിടന്നത്. ഇന്ത്യയുടെ ഐ.ടി. തലസ്ഥാനമാകാനുളള അവസരമാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്. അരലക്ഷത്തിലധികം ഐ.ടി. പ്രൊഫഷണലുകളാണ് കേരളത്തില്‍നിന്നു കുടിയേറി കര്‍ണാടകത്തിലെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം ഏക ഉത്തരവാദികള്‍ ഇടതുപക്ഷമല്ലേ?

ഈ യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന വീക്ഷണത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. 7525 കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പദ്ധതിക്കുവേണ്ടി യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ അശ്രാന്ത പരിശ്രമം കേരളീയക്ക് ബോധ്യമുള്ളതാണ്. ഈ പദ്ധതിയിലാണ് 6000 കോടി രൂപയുടെ അഴിമതി പിണറായി വിജയന്‍ ആരോപിച്ചത്. പിന്നീട് ശ്രീ പിണറായി വിജയന്‍ ഈ നിലപാടില്‍നിന്നു പിന്മാറുകയും വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

ഈ സര്‍ക്കാരിന്റെ സുവര്‍ണ പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ റയില്‍ പദ്ധതിയെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിനുവേണ്ടി എല്‍.ഡി.എഫ്. പറഞ്ഞുപരത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നംകൊണ്ട് കൊച്ചി മെട്രോ റയില്‍ പദ്ധതി പൂര്‍ടത്തീകരണത്തോടടുത്തു. 5181 കോടി രൂപ ആകെ ചെലവുവരുന്ന പദ്ധതി കേരളത്തിന്റെ വികസന പന്ഥാവിലെ ഒരു നാഴികക്കല്ലായിരിക്കും. 1892 കോടി രൂപ അങ്കലില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു വന്‍കിട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ഇപ്പറഞ്ഞവയൊക്കെയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍.

ഏതു സര്‍ക്കാരിന്റെ കാലത്താണ് കേരളം ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളത്?

ഈ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും മറ്റ് അസംഖ്യം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഈ ഭരണം തുടര്‍ന്നേ മതിയാകൂ. അതുകൊംണ്ടാണ് വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

കണ്‍മുന്നിലുള്ള വികസന യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വോട്ട് ചോദിക്കുന്നത്. ഈ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്താന്‍ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ശ്രീ. പിണറായി വിജയനെ ഞാന്‍ ക്ഷണിക്കുന്നു.

2016, മേയ് 12, വ്യാഴാഴ്‌ച

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത്



കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം.
ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടി വിടാന്‍ കുമ്മനത്തിനു കഴിയുന്നു? ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ.

ഭാരതമാതാവെന്നു പറയാന്‍ സഖാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.

സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാര്‍ക്കുണ്ടെങ്കിലും കുമ്മനം ഇപ്പോള്‍ തുപ്പുത് വര്‍ഗീയ വിഷമാണ്.

ഭാരതത്തിന്റെ ആത്മീയാചാര്യന്‍ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധന്‍ സംഗമഗ്രാമ മാധവനും ജന്മം നല്കിയ നാടാണു കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവര്‍ പകര്‍ന്നു തന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുക്തിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ച ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവ് നല്കിയ സ്ഥലത്ത് ഉയര്‍ന്ന ചേരമാന്‍ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. എരുമേലിയില്‍ പേട്ട തുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരും.



2016, മേയ് 10, ചൊവ്വാഴ്ച

പ്രിയ സുഹൃത്തേ,


(കേരളത്തിലെ സമ്മതിദായകർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്...)

പതിനാലാം നിയമസഭയിലേക്ക് മെയ് 16ാം തീയതി 
തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. താങ്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

അഞ്ചു വർഷം കഠിനമായി അധ്വാനിച്ചാണ് യു.ഡി.എഫ് സർക്കാർ വികസനത്തിലും കരുതലിലും പുതിയൊരു ചരിത്രം സൃഷ്ടിച്ചത്. അഞ്ചു വർഷം കൊണ്ട് നാല് മെഗാ പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ചു വർഷം കൊണ്ട് 245 പാലങ്ങൾ! 11 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ! ഇത്തരം നിരവധി വിസ്മയങ്ങൾ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായി. അർഹിക്കുന്ന എല്ലാവരിലേക്കും ക്ഷേമമെത്തി. ഒരു രൂപയ്ക്ക് അരി അഞ്ചു വർഷത്തേക്ക് നൽകി എന്നു മാത്രമല്ല, ഇപ്പോഴത് സൗജന്യമാക്കുകയും ചെയ്തു. സാൻറിയാഗോ മാർട്ടിൻ കടത്തിക്കൊണ്ടു പോയിരുന്ന ലോട്ടറി പണം കാരുണ്യ ലോട്ടറിയിലൂടെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിച്ചു. ജനസമ്പർക്ക പരിപാടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെല്ലാം പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങളായി. എല്ലാ മന്ത്രിസഭാ യോഗങ്ങളിലും 150 മുതൽ 200 വരെ പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകി. മന്ത്രിസഭാ യോഗത്തിൽ വരെ പാവപ്പെട്ടവർക്ക് പ്രാമുഖ്യം നൽകി.

വ്യക്തിക്കോ സമൂഹത്തിനോ പ്രതിസന്ധി ഉണ്ടായപ്പോഴൊക്കെ സർക്കാരിന്റെ സഹായഹസ്തം നീണ്ടു. നമ്മുടെ യുവാക്കളെ സ്റ്റാർട്ടപ്പുകളിലൂടെ സംരംഭകരാക്കി. മദ്യനിരോധനം ഏർപ്പെടുത്തി. 

ഉടനെ താഴെ വീഴുമെന്ന് പ്രതീക്ഷിച്ച സർക്കാർ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറിയപ്പോൾ പ്രതിപക്ഷം അതിരൂക്ഷമായ പ്രക്ഷോഭത്തിന്റെ കെട്ടഴിച്ചുവിട്ടു. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിൽ പോലും കടന്നാക്രമിച്ചു. സെക്രട്ടേറിയറ്റിൽ കയറ്റാതിരിക്കാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും റോഡിലൂടെ സഞ്ചരിക്കാതിരിക്കാനും ശ്രമിച്ചു നോക്കി. ടി പി ചന്ദ്രശേഖരന്റേത് ഉൾപ്പെടെയുള്ള നിരവധി കൊലപാതകങ്ങളിലൂടെ സി പി എം കേരളത്തിന്റെ സമാധാനം കെടുത്തി. യു.ഡി.എഫ് സർക്കാർ ധൈര്യപൂർവം നടപ്പാക്കിയ മദ്യനിരോധനം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ഇപ്പോൾ. നമ്മുടെ വീടുകളിലും സമൂഹത്തിലും ഇപ്പോൾ കാണുന്ന സമാധാനവും ഗുണപരമായ മാറ്റവും അവർ കാണുന്നില്ല. 

കേരളം വീണ്ടും മദ്യത്തിൽ മുങ്ങാതിരിക്കാനും കണ്ണൂർ മോഡൽ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും യുവാക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനും വികസനവും ക്ഷേമവും തുടരാനും യു.ഡി.എഫ് സർക്കാർ തുടരേണ്ടതാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

മതേതര ജനാധിപത്യ മൂല്യങ്ങൾ ദേശീയ തലത്തിൽ കടുത്ത ഭീഷണി നേരിടുന്നു. വിഭജന രാഷ്ട്രീയത്തിലൂടെയാണ് ഇപ്പോൾ രാജ്യം ഭരിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ  ദേശീയ തലത്തിൽ സംരക്ഷിക്കുന്ന കോൺഗ്രസിനെയും സംസ്ഥാനതലത്തിൽ സംരക്ഷിക്കുന്ന യു.ഡി.എഫിനെയും ശക്തിപ്പെടുത്താനുള്ള അവസരമായിട്ടു കൂടി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളം ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണ്. കേരളം ഇനിയും വളരണം. നിങ്ങളുടെ മണ്ഡലവും വളരണം. യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാലേ അതു സാധ്യമാകൂ. അതിന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം,

ഉമ്മൻ ചാണ്ടി


2016, മേയ് 8, ഞായറാഴ്‌ച

വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എം


കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മാണ്. ഇത് എന്റെ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. അവ ഞാന്‍ സൂചിപ്പിക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാമനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ. യു.ഡി.എഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തില്‍ ഒരു എം.പി. ഉണ്ടാകുമായിരുന്നില്ലേ?. ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബി.ജെ.പി. പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യു.ഡി.എഫ്.- ബി.ജെ.പി. ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.

ഇനി മഞ്ചേശ്വരത്തെ കണക്കുകള്‍ നോക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സി.പി.എമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എം. അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.എമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ. കേരളത്തിലും സി.പി.എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം. പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി.ജെ.പി. വോട്ട് പിടിച്ചത്. ഇത്തവണയും സി.പി.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ്- ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.

2016, മേയ് 6, വെള്ളിയാഴ്‌ച

അതീവദൂരമുണ്ടവിശ്രമം നടക്കുവാൻ


കാലാവധി പൂർത്തിയാക്കി തിരിഞ്ഞുനോക്കുമ്പോൾ എനിക്കു സംതൃപ്തിയേ ഉള്ളൂ. കഴിഞ്ഞു പോയ 1826 ദിവസവും നന്നായി അദ്ധ്വാനിച്ചു. ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും എപ്പോഴും ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം ഉണ്ടാക്കി. വികസന ക്ഷേമ പ്രവർത്തനങ്ങൾ മത്സരിച്ചു തന്നെ നടപ്പാക്കി. കേരളത്തിൽ ഒന്നും നടക്കില്ലെന്നും വലിയ പദ്ധതികൾ നടപ്പാക്കാനുള്ള കഴിവ് കേരളത്തിനില്ലെന്നുമുള്ള ധാരണയാണ് മാറ്റിയെടുത്തത്. വികസനരംഗത്ത് ദീർഘകാലമായി നിലനിന്ന മരവിപ്പ് മാറ്റിയെടുക്കാൻ നമുക്കു സാധിച്ചു. 1973ൽ ഇടുക്കി അണക്കെട്ടിനും 1993ൽ നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി വൻകിട പദ്ധതികൾ യാഥാർത്ഥ്യമായി.

36 വർഷത്തിനുശേഷം 11 പുതിയ മെഡിക്കൽ കോളജുകൾ വന്നു. ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ 245 പാലങ്ങളാണു തീർന്നത്. പട്ടികജാതിക്കാർക്ക് പുതിയ മെഡിക്കൽ കോളജും മൂന്നു പുതിയ ആർട്സ് ആൻഡ് സയൻസ് കോളജും ലഭിച്ചു. സർക്കാർ മേഖലയിൽ പുതുതായി 22 ആർട്സ് ആൻഡ് സയൻസ് കോളജുകൾ അനുവദിച്ചു. മലയാളം സർവകലാശാല വന്നു. സമയബന്ധിതമായാണ് ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കിയത്. ഇന്ന് നായ്ക്കളെ കാത്ത് ശിലാഫലകങ്ങളില്ല. പാതിവഴിയിലായ പദ്ധതികളില്ല. ഇതെല്ലാം കേരളത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളാണ്.

ക്ഷേമപ്രവർത്തനങ്ങൾ


യു.ഡി.എഫ് സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങളുടെ മേലേ നിൽക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കഴിയില്ല. ആ ടെമ്പോ നിലനിർത്തുകയെന്നതായിരിക്കും പുതിയ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 42 ദിവസമാണ് പ്രഭാതം മുതൽ പാതിരാ പിന്നിട്ടും ഞാൻ ജനങ്ങളോടൊപ്പം ചെലവഴിച്ചത്. 7.89 ലക്ഷം പരാതികൾക്ക് അന്നു പരിഹാരം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 798 കോടി രൂപ നല്കിയപ്പോൾ ഇടതുസർക്കാർ നൽകിയത് 120 കോടി രൂപ. ലോട്ടറി മാഫിയയെ ആട്ടിയോടിച്ചപ്പോൾ കിട്ടിയ 1,200 കോടി രൂപ കാരുണ്യ ചികിത്സാനിധിയിലൂടെ പാവപ്പെട്ട രോഗികളിലെത്തി. ഇടതു സർക്കാർ 12.90 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നല്കിയപ്പോൾ യു.ഡി.എഫ് സർക്കാർ 34.43 ലക്ഷം പേർക്കു നല്കി. പെൻഷൻ തുക ഇരട്ടിയിലധികമാക്കി.

സമൂഹത്തിൽ ആരോരുമില്ലാത്ത ആറു ലക്ഷം അഗതികളെ സംരക്ഷിക്കുന്ന ആശ്രയ പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അവരോട് പ്രത്യേക നന്ദിയുണ്ട്. നടപ്പാക്കാൻ വിമുഖത കാട്ടിയ ചിലരുടെ ഫണ്ട് തടഞ്ഞു വയ് ക്കേണ്ടി വന്നെങ്കിലും ആത്യന്തികമായി എല്ലാവരും സഹകരിച്ചു. കിടപ്പുരോഗികളായ 63,544 പേർക്കാണ് ഇപ്പോൾ സഹായം നല്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് അത് 680 പേർക്കായിരുന്നു. ഇവരെ പരിപാലിക്കുന്നവർക്ക് സർക്കാർ പ്രതിമാസം 525 രൂപ സഹായവും നല്കുന്നുണ്ട്.

സ് പെഷ്യൽ സ് കൂളുകൾ


മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ് പെഷൽ സ് കൂളുകളെ എയ്ഡഡ് ആക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പരിഗണന വേണ്ട കുട്ടികളാണിവർ. എന്നാൽ, സാധാരണ കുട്ടികൾക്കുള്ള പരിഗണനപോലും ഇവർക്കില്ല. കാരണം ഇവർക്ക് അൺഎയ്ഡഡ് സ് കൂളുകളേ ഉള്ളൂ. ഇവരെ പഠിപ്പിക്കുകയെന്ന ശ്രമകരമായ ജോലി ചെയ്യുന്ന അധ്യാപകർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. അടുത്ത കാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 33 ബഡ്സ് സ് കൂളുകൾ തുടങ്ങിയെങ്കിലും 292 സ്വകാര്യ സ് പെഷ്യൽ സ് കൂളുകളാണുള്ളത്. അവയിൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന 33 സ് കൂളുകളെയാണ് ആദ്യഘട്ടം എയ്ഡഡ് ആക്കിയത്. രണ്ടാം ഘട്ടത്തിൽ 50നും 100നും ഇടയ്ക്ക് കുട്ടികളുള്ളവയെ എയ്ഡഡാക്കാനും തീരുമാനമായി. ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നത് എന്നെ അത്ഭുതപ്പെടുത്തി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 2011ലെ ബഡ്ജറ്റിൽ അരക്കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഇടതുസർക്കാർ പൊടിയുംതട്ടി അധികാരമൊഴിഞ്ഞു. ഈ സർക്കാർ 150 കോടി രൂപ സഹായധനം നല്കി. അവർക്ക് വിപുലമായ പുനരധിവാസ പാക്കേജ് നടപ്പാക്കി. ഒരു വില്ലേജ് തന്നെ അതിനായി ഉയർന്നു വരുകയാണ്. രണ്ടു രൂപ അരി നല്കുമെന്ന് ഇടതുസർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിട്ട് അതു നടപ്പാക്കാൻ നാലു വർഷം വേണ്ടി വന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യത്തെ നൂറു ദിവസത്തിനുള്ളിൽ ഒരു രൂപ അരി പദ്ധതി നടപ്പാക്കി. ഇപ്പോൾ അരി സൗജന്യം. കേരളത്തിൽ പട്ടിണി മരണം നിന്നത് ഈ നടപടിയിലൂടെയാണ്. ''മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ... അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുമ്പിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ...'' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. എന്നെ ഉറക്കം കെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള എന്റെ ചില സ്വപ്നങ്ങൾ കൂടി പങ്കവയ്ക്കട്ടെ.

1) മദ്യരഹിത കേരളം

  • 730 ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ അടഞ്ഞുതന്നെ കിടക്കും. അവയെ അപ് ഗ്രേഡ് ചെയ്ത് ഫൈവ് സ്റ്റാറാക്കാൻ അനുവദിക്കില്ല. പുതിയ ഫൈവ് സ്റ്റാർ അനുവദിക്കാൻ കൂടുതൽ കർശന വ്യവസ്ഥകൾ. 
  • എല്ലാ വർഷവും 10 ശതമാനം വീതം മദ്യവില്പനശാലകൾ പൂട്ടുന്നു. 
  • ഭാവിയിൽ സമ്പൂർണ മദ്യരഹിത സംസ്ഥാനം 

2) അക്രമരഹിത കേരളം

  • കൊലപാതക രാഷ്ട്രീയത്തിനെതിരേ കർശന നടപടികൾ 
  • ബ്ലേഡ് മാഫിയയേയും ഗുണ്ടകളെയും തലപൊക്കാൻ അനുവദിക്കില്ല 
  • നിയമവാഴ്ചയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരണം 
  • ലഹരി വിമുക്ത കേരളം 

3) യുവാക്കളുടെ കേരളം

  • സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും പരമാവധി പ്രോത്സാഹനം 
  • ഐ.ടിയിതര മേഖലകളിലേക്കും സ്റ്റാർട്ടപ്പുകൾ 
  • അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ; തൊഴിൽ നൈപുണ്യ പദ്ധതികൾ 

4) അടിസ്ഥാനസൗകര്യ വികസനം
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ 
  • ദേശീയപാതകളുടെ വികസനം; മലയോര ഹൈവേ 
  • ദേശീയ ജലപാതയ്ക്കും കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിനും പ്രാധാന്യം 

5) വിഷരഹിത പച്ചക്കറി

  • കൃഷി, പച്ചക്കറി, പാൽ എന്നിവയിൽ സ്വയംപര്യാപ്തത 
  • വിഷരഹിത പച്ചക്കറി 
  • കാർഷികോല്പന്നങ്ങൾക്ക് ന്യായവില 
  • പാൽ ഉല്പാദനത്തിൽ റെക്കാർഡ് 

6) പ്രവാസികൾക്ക് ക്ഷേമം

  • പ്രവാസികൾക്ക് വോട്ടവകാശം 
  • മടങ്ങിയെത്തുന്നവർക്ക് സഹായം 
  • മിതമായ വിമാനനിരക്ക് 

7) എല്ലാവർക്കും കാരുണ്യം

  • ക്ഷേമപെൻഷൻ ശമ്പളംപോലെ എല്ലാ മാസവും തുടരണം 
  • വൃദ്ധർ, വികലാംഗർ തുടങ്ങിയവർക്ക് കൂടുതൽ പരിഗണന 
  • എല്ലാ കുട്ടികൾക്കും കേഴ്വി, ശബ്ദം 

8) പരിസ്ഥിതി സംരക്ഷണം

  • നദികൾ, കാടുകൾ, കുളങ്ങൾക്ക് സംരക്ഷണം 
  • നീർത്തടങ്ങൾക്ക് കാവൽ 
  • കർഷകർക്കു ദോഷകരമാകാതെ പരിസ്ഥിതി സംരക്ഷണം 

9) സുതാര്യത

  • സർക്കാരിന്റെ എല്ലാ മേഖലകളിലും സുതാര്യത 
  • അഴിമതിരഹിത കേരളം ലക്ഷ്യം 
  • ശക്തമായ നടപടികൾ 

10) എല്ലാവർക്കും ആരോഗ്യം

  • ആരോഗ്യം ജനങ്ങളുടെ അവകാശം 
  • അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ എല്ലാ പഞ്ചായത്തുകളിലും 
  • കേരളം രാജ്യത്തിന്റെ ആയുർവേദ ഹബ് 

11) ഉന്നതവിദ്യാഭ്യാസത്തിൽ കേരളം രാജ്യത്തിന്റെ ഹബ്

  • വിദേശ സർവകലാശാലകൾ 
  • സ്വയംഭരണ കോളജുകൾ 
  • വിദ്യാഭ്യാസ വായ്പ ഉദാരം 

12) മാലിന്യ നിർമാർജനം
  • ജനങ്ങളെ ബോധ്യപ്പെടുത്തി കൂടുതൽ പദ്ധതികൾ 
  • ഉറവിടത്തിൽ തന്നെ സംസ് കരണം 

14) ഭൂരഹിതരില്ലാത്ത നാട്: എല്ലാവർക്കും വീട്
  • എല്ലാ ജില്ലകളും ഭൂരഹിതരില്ലാത്തതാകണം 
  • പട്ടികജാതി/ പട്ടികവർഗത്തിലെ എല്ലാവർക്കും വീട്, ഭൂമി 
  • പാവപ്പെട്ടവർക്ക് 1.72 ലക്ഷം വീടുകൾ കൂടി 

15) എല്ലാവർക്കും കുടിവെള്ളം; വെളിച്ചം

  • ഗുണനിലവാരമുള്ള വെള്ളം; കുറഞ്ഞ ചെലവിൽ 
  • ലോഡ് ഷെഡിംഗ് ഇല്ലാത്ത നാളുകൾ തുടരും 
  • കൂടുതൽ വൈദ്യുതി പദ്ധതികൾ 

16) ഗ്രാമങ്ങളും പരമ്പരാഗതമേഖലയും

  • ഗ്രാമീണറോഡ് നിർമാണം 
  • തൊഴിലുറപ്പ് പദ്ധതിക്ക് പ്രാമുഖ്യം 
  • പരമ്പരാഗതമേഖലയ്ക്കു പ്രത്യേക കരുതൽ 

17. വിശപ്പില്ലാത്ത കേരളം

  • 95 ലക്ഷം പേര്ക്ക് അഞ്ചുവർഷവും അരി ഒരു രൂപയ്ക്ക് 
  • ഇനി അതും സൗജന്യം. 
  • സൗജന്യ അരി നല്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം 

18). സ്ത്രീ സൗഹൃദ സംസ്ഥാനം
  • 150 കോടിയുടെ ജെൻഡർ പാർക്ക് 
  • നിർഭയ ഷെൽട്ടറുകൾ 
  • സ്ത്രീശക്തി ലോട്ടറി വിപുലീകരിക്കും 

19). വളർച്ചയിൽ ഒന്നാമത്

  • ദേശീയ നിരക്കിനേക്കാൾ ഉയർന്ന വളർച്ചാ നിരക്ക് 
  • രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം 

20) വിഷൻ 2030

  • സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ വിഷൻ 2030 
  • രാജ്യത്ത് ആദ്യമായി അഞ്ചു വർഷത്തിന് അപ്പുറത്തേയ്ക്ക് ആസൂത്രണം 
  • പ്രതിശീർഷവരുമാനത്തിൽ അഞ്ചിരട്ടി വർധന 
  • സ് കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്

2016, മേയ് 4, ബുധനാഴ്‌ച

ഹൃദയം തകർത്ത 52 വെട്ട്


മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓർമകൾക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, നാലു വർഷത്തിനുള്ളിൽ ആർക്കെല്ലാം എന്തെല്ലാം മാറ്റങ്ങൾ, മറിമായങ്ങൾ. അതും കേരളം ഞെട്ടലോടെ കണ്ടു. 

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റുകാരൻ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹം കോഴിക്കോട് ടൗൺ ഹാളിൽ ടിപിയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. 

ടിപി വധത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒഞ്ചിയം സഖാക്കൾ കുലംകുത്തികളാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പിണറായി വിജയനെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണക്കാരനായ എസ് എ ഡാങ്കേയോട് വി എസ് ഉപമിക്കുകയും ചെയ്തു.

ടി.പി ചന്ദ്രശേഖരൻ വധം സംബന്ധിച്ച് വി എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ച് പാർട്ടിയെ ഞെട്ടിച്ചു. കത്തയച്ചെന്നു വി.എസും കത്തു കിട്ടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. വി എസ്. അച്യുതാനന്ദൻ ടി.പിയുടെ വീട് സന്ദർശിച്ച് രമയെ സാന്ത്വനപ്പെടുത്തിയത് മീഡിയ ആഘോഷിച്ചു. ടി.പി. വധക്കേസിൽ പ്രതികളെ അറസ്റ്റു ചെയ്തപ്പോൾ അതിനെതിരേ വടകര റൂറൽ എസ്‌പി ഓഫീസിലേക്കു മാർച്ച് നടത്തുമെന്നു സിപിഐ(എം) പ്രഖ്യാപിച്ചു. 

എന്നാൽ, പൊലീസിന്റെ നടപടി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ആക്ഷേപമുള്ളവർ കോടതിയിൽ പോകുകയാണു വേണ്ടതെന്നും വി എസ്. പ്രതികരിച്ചു. ടിപി വധക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ വരുന്നതിനെതിരേ പാർട്ടി തീരുമാനപ്രകാരം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തു. എന്നാൽ ഇതു ശരിയല്ലെന്നു വി എസ്. തിരിച്ചടിച്ചു.

സി.പി.എം നേതാക്കൾക്കു ശിക്ഷ

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ 2012 ഓഗസ്റ്റ് 13 നു പ്രത്യേക അന്വേഷണസംഘം വടകര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സിപിഐ(എം). നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. പി.കെ കുഞ്ഞനന്ദൻ (62), കെ.സി രാമചന്ദ്രൻ(54), ട്രൗസർ മനോജ് (49) എന്നിവരാണ് വധഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കൾ.

ഉയർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വിദ്വേഷം തന്നെയാണു കൊലയ്ക്കു കാരണമെന്ന് ഒരു വർഷം നീണ്ട വിചാരണ നടപടികൾക്കുശേഷം കോഴിക്കോട് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണ പിഷാരടി 357 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 326 സാക്ഷികളുടെ മൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും ഉണ്ടായിരുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്ന ടിപി, സിപിമ്മിന്റെ ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് വി എസ്അനുഭാവത്തിന്റെ പേരിൽ തരംതാഴ്‌ത്തപ്പെട്ടത്. തുടർന്ന് സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിയാനം നടക്കുന്നുവെന്ന് വിമർശിച്ച് അദ്ദേഹം 2009ൽ പാർട്ടി വിട്ടുപോയി. 

സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റവലൂഷണറി മാർക്‌സിറ്റ് പാർട്ടി പിടിച്ചെടുത്തു. പിന്നീട് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ടു പിടിക്കുകയും ചെയ്തു.

പാർട്ടിയുടെ പങ്ക്

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

പ്രത്യേക പൊലീസ് സംഘം ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രമയടുടെ നിരാഹാരസമരം തുടരുന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. സമരത്തെ പിന്തുണച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിലുള്ള പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നൽകി. മന്ത്രിസഭ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത മണിക്കൂറിലായിരുന്നു ഈ നാടകീയ നടപടി.

കത്തിൽ പറയുന്നത് ഇപ്രകാരം: "രമയുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യുഷൻ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ നാളിതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. 

രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങൾക്കുള്ള ബന്ധം കൂടി പരിഗണിച്ചാൽ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ നിരാഹാര സമരത്തോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല." 

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനൻ ഉൾപ്പെടെ ടിപി കേസിലെ അഞ്ചു പ്രതികളെ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. 

കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കത്തെഴുതിയതു ഗുരുതരമായ തെറ്റാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അപലപിച്ചു. 

ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് 2014 ഫെബ്രുവരി 20നു സർക്കാർ വിജ്ഞാപനം ഇറക്കി. യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിച്ചെന്നും താൻ പാർട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി എസ്. വ്യക്തമാക്കി. സിബിഐ അന്വേഷണംകൊണ്ട് പാർട്ടിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു പിണറായി വിജയനും പ്രതികരിച്ചു.

ഈ സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നു പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാർട്ടി നേതാവ് കെ.സി രാമചന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കിയാണ് സിപിഐ(എം) പിടിച്ചുനിൽക്കാൻ നോക്കിയത്. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണമെന്ന് പാർട്ടി വിലയിരുത്തി.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു.


വല്ലാത്തൊരു മലക്കംമറിച്ചിൽ 

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഏറ്റവും വേദനാജനകമായ ഒരേട് പ്രതിപക്ഷ നേതാവിന്റെ മലക്കം മറിയലാണ്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ടി.പി വധക്കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ടിപി ചന്ദ്രശേഖരനേറ്റ 52 വെട്ടാണു വി.എസിന്റെ വാക്കുകൾ എന്നു കെ.കെ. രമ വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹം മൗനത്തിലാണ്ടു. കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം.

ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി?

കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം. ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി? സിപിഐ(എം) മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. 

ടിപി വധക്കേസിൽ പാർട്ടിയുടെ ബന്ധം പകൽപോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാർട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? കൊടുംകൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടു തിരുത്തുന്നില്ല? സിബിഐയുടെ കുറ്റപത്രത്തിൽ പേര് ഉള്ളവർ വരെ എങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി? അവരെങ്ങനെ പാർട്ടിയിൽ ഉന്നതല ഭാരവാഹികളായി? 

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ട് ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾക്കു പകരം ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കിയിട്ട് അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുവാൻ എങ്ങനെ കഴിയുന്നു? അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്നാണോ ബാക്കിയുള്ളവരേയും ശരിയാക്കുമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം? 


2016, മേയ് 2, തിങ്കളാഴ്‌ച

അരുംകൊലകളിലെ പ്രതികൾ സ്വൈരജീവിതം ഉറപ്പാക്കുമോ?


 പ്രതിപക്ഷത്തിരിക്കുമ്പോൾ  നടന്ന അരുംകൊലകളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന സി.പി.എം. എങ്ങനെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും എൽ.ഡി.എഫിന്റെ കല്യാശ്ശേരിയിലെ സ്ഥാനാർഥി ടി.വി.രാജേഷും പ്രതികളാണെന്ന് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിലെ അരിയിൽ ഷുക്കൂർ എന്ന യൂത്ത് ലീഗ് പ്രവർത്തകനെ സി.പി.എമ്മുകാർ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അറുകൊല സി.പി.എം. നടത്തിയത് പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന  കുറ്റത്തിനാണ്.

പോലീസിന്റെയും സി.ബി.ഐ.യുടെയും ഈ കണ്ടെത്തൽ ഏവരേയും ഞെട്ടിപ്പിക്കുന്നതാണെന്നും ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.സി.പി.എം. വിട്ട് ഒരു ബദൽ പാർട്ടി രൂപവത്‌കരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012-ൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ സംഭവം  ജനമനസുകളിൽ നിന്ന് മാഞ്ഞിട്ടില്ല. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലിൽ കിടക്കവേ ഏരിയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാർട്ടിയാണ് സി.പി.എം. സിപി.എമ്മിൽ നിന്ന്‌ പുറത്തുപോയ ഫസൽ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയിൽ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തിൽ കൊണ്ടിട്ട് വർഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികൾ ശ്രമിച്ചു എന്നാണ്  സിബി.ഐ. കുറ്റപത്രത്തിലുള്ളത്.

ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും തലശ്ശേരി നഗരസഭയുടെയും അധ്യക്ഷൻമാരാക്കി. കതിരൂർ മനോജിനെ മുഖത്തേക്ക് ബോബെറിഞ്ഞാണ് സി.പി.എം. അക്രമികൾ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന പി.ജയരാജൻ കണ്ണൂർ ജില്ലയിൽ കയറാനാകാതെ കഴിയുകയാണ്.

കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ ഇതുപോലെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിൽ ഹരിപ്പാട് ചേപ്പാട്ട്‌ സി.പി.എം. വിട്ട് കോൺഗ്രസിലേക്ക്‌ വന്ന സനൽകുമാറിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിയ കേസിലും സി.പി.എമ്മുകാരല്ലേ പ്രതികളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.


2016, മേയ് 1, ഞായറാഴ്‌ച

പ്രതിപക്ഷത്തിനുപോലും പരാതി ഇല്ലാത്ത ഭരണം


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പോലും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീഴ്ചയോ വാഗ്ദാനലംഘനമോ ഒരിടത്തും പറയാനില്ല. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. വ്യാജ ആരോപണങ്ങളല്ലാതെ തെളിവിന്റെ ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ കേരളസഭ-2016ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. 31 കേസ്സിലെ പ്രതിയാണ് താനെന്ന് വി.എസ് ആരോപിക്കുന്നു. എഫ്‌ഐആര്‍ പോലുമില്ലാതെ എങ്ങിനെയാണ് കേസാവുക. വി.എസിന്റെ പ്രായം മാനിച്ചാണ് തനിക്കെതിരെ ഒരുപാട് ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതികരിക്കാതിരുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മറ്റു പലരെയും ബാധിക്കുന്ന വിഷയമാണിത്. ആരോപണവും അഴിമതിയും രണ്ടും രണ്ടാണ്. ആശയപരവും വസ്തുതാപരവുമായ വിമര്‍ശനങ്ങള്‍ക്ക് പകരം ദുരാരോപണം ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചാല്‍ ശരിയെന്ന് ധരിച്ചുകൊള്ളുമെന്നാണ് അവര്‍ കരുതുന്നത്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും-മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. അദ്ദേഹം ഉന്നയിച്ച പാമോലിന്‍ കേസിനെ കുറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ നോക്കിയാല്‍ മതി. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു താന്‍. നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞത് താനാണ്. പാമോയിലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. 8.42 കോടി രൂപയുടെ ലാഭമാണുണ്ടായത്. എന്നാല്‍ രണ്ടു കോടി രൂപ കൂടി ലാഭമുണ്ടാകുമായിരുന്നു എന്നാണ് പരാതി. അന്ന് പാമൊലിന്‍ ഇറക്കുമതിക്ക് കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങള്‍ക്കെ അനുമതിയുണ്ടായിരുന്നുള്ളൂ. വിമര്‍ശകര്‍ പറയും പ്രകാരമാണെങ്കില്‍ തീരെ പാമൊലിന്‍ ഇറക്കുമതിതന്നെ നടക്കുമായിരുന്നില്ല. ഇതിന്റെ എല്ലാ വസ്തുതകളും ആര്‍ക്കുമുമ്പിലും ഹാജരാക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല മന്ത്രിമാരെയും പല പേരുകളിലാണ് വിളിച്ചിരുന്നത്. ഒരാളെ പോഴന്‍ എന്നാണ് വിളിച്ചിരുന്നത്. വി എസ് ഉപയോഗിക്കുന്ന അത്തരം വാക്കുകളുടെ അര്‍ത്ഥം തനിക്കറിയില്ല. അക്രമം നടത്താറില്ലെങ്കിലും കിട്ടിയതിനൊക്കെ പലിശസഹിതം തിരിച്ചുകൊടുക്കുമെന്നാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസംഗം. പലിശ സഹിതം തിരിച്ചുകൊടുക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രീതി. എന്നാല്‍ തങ്ങള്‍ പലിശ ഇളവു ചെയ്തുകൊടുക്കുന്നവരാണ്. പാവങ്ങള്‍ അപേക്ഷയുമായി വരുമ്പോള്‍ ഇനിയും പലിശ ഇളവു ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് വ്യവസായ എസ്റ്റേറ്റില്‍ വിജയ് മല്ല്യക്ക് ഭൂമി നല്‍കിയതില്‍ ഈ സര്‍ക്കാറിന് ഒരു പങ്കുമില്ല. 1971ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങോട്ട് ചോദിച്ചാണ് മല്ല്യക്ക് ഭൂമി നല്‍കിയത്. കേരളത്തില്‍ വ്യവസായം വരാന്‍ നടത്തിയ ആ നീക്കത്തില്‍ തെറ്റുപറയാനാവില്ല. പാട്ടത്തിന് നല്‍കിയ ഭൂമിക്ക് 1980ല്‍ താല്‍ക്കാലിക പട്ടയം നല്‍കി. പിന്നീട് പട്ടയം നല്‍കാനായി വില നിശ്ചയിച്ചപ്പോള്‍ സെന്റിന് 20000 രൂപയാണ് നിശ്ചയിച്ചത്. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി. 2013ല്‍ കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെ വിലയുടെ പലിശ കൂടി കണക്കാക്കി സെന്റിന് 70000 രൂപയാണ് നിശ്ചയിച്ചത്. നിയമ പ്രകാരം നിരവധി വര്‍ഷങ്ങളായി തുടര്‍ന്ന നടപടി ക്രമത്തില്‍ ജില്ലാ കലക്ടറും കോടതിയുമാണ് തീരുമാനങ്ങളെടുത്തത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ദാനം നടത്തി എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ചിലര്‍.
 
ന്യൂനപക്ഷ വോട്ട് ലാക്കാക്കിയാണ് പിണറായി വിജയന്‍ യുഡിഎഫ്-ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയാവും. ബിജെപിയുമായി ചരിത്രത്തില്‍ ഒരിക്കല്‍പോലും ഒന്നിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആര്‍എസ്എസും ബി ജെ പിയുമായി കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനാണ്. 1977ല്‍ പഴയ ജനസംഘക്കാരുമായി കൂട്ടുകൂടുകയും കെജി മാരാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തയാളാണ് പിണറായി വിജയന്‍. ആ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ബാന്ധവത്തിന് സിപിഎമ്മിനെ ജനം പാഠം പഠിപ്പിച്ചു. 111 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ എത്രയോ തവണ ജനസംഘത്തിനും പിന്നീട് ബി ജെ പിക്കുമൊപ്പം സി പി എം കൂട്ടുകൂടി. 1989ല്‍ ഡല്‍ഹിയില്‍ നടന്നിരുന്ന ചൊവ്വാഴ്ച മീറ്റിംഗുകളില്‍ എല്‍ കെ അദ്വാനിയും ഇ എം എസുമെല്ലാം ഒന്നിച്ചിരുന്നാണ് കരുക്കള്‍ നീക്കിയത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ ഒന്നാം യു പി എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയുമായി ചേര്‍ന്നവരാണ് സി പി എം. എന്നിട്ടാണ് പിണറായി വിജയന്‍ ബി ജെ പി ബന്ധം ആരോപിച്ച് പഠിപ്പിക്കാന്‍ വരുന്നത്.

അസഹിഷ്ണുതക്കെതിരെ യോജിക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നു ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ്. ആര്‍ ജെ ഡിയും ജെ ഡി യുവും കോണ്‍ഗ്രസ്സുമെല്ലാം ഗ്രാന്റ് അലയന്‍സ് ഉണ്ടാക്കി ബി ജെ പിയെ ചെറുത്തപ്പോള്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു അവിടെ സി പി എം ശ്രമം. അവര്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെങ്കിലും ബി ജെ പിക്ക് 11 സീറ്റുകള്‍ അധികം ലഭിക്കാന്‍ അതു കാരണമായി. ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള സമയത്തൊന്നും സി പി എമ്മിനെ എവിടെയും കണ്ടിട്ടില്ല.
കംപ്യൂട്ടറിനെതിരെ സമരം നയിച്ചവര്‍ തെറ്റായ നിലപാട് തിരുത്തുന്നത് സന്തോഷകരമാണ്. എന്നാല്‍ ഒരു സങ്കടം ബാക്കിയാണ്. കാല്‍ നൂറ്റാണ്ടിന്റെ എതിര്‍പ്പുമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ അവസരമാണ് നഷ്ടമായത്. ഐ.ടി രംഗത്ത് ഒന്നാമതെത്തേണ്ടിയിരുന്ന കേരളം അഞ്ചു വര്‍ഷം കൊണ്ട് ഏറെ മുന്നോട്ടുപോയി. 3000 കോടിയില്‍ നിന്ന് 15000 കോടിയായി കേരളത്തിന്റെ ഐടി കയറ്റുമതി വര്‍ധിപ്പിച്ചു. പക്ഷെ, ഒന്നാം സ്ഥാനത്തുള്ള കര്‍ണ്ണാടകയുടേത് 1.5 ലക്ഷം കോടിയാണ്. നമ്മുടേതിന്റെ പത്തിരട്ടി. 2020ല്‍ ഐ ടിയും അല്ലാതെയുമായി എല്ലാവര്‍ക്കും കേരളത്തില്‍ ജോലി ഉറപ്പാക്കും. മാവൂര്‍ റയോണ്‍സ് ഭൂമിയിലെ വ്യവസായവും കോംട്രസ്റ്റ് നവീകരണവുമെല്ലാം വൈകാതെ യാഥാര്‍ത്ഥ്യമാവും.
 
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മുങ്ങിനടക്കുകയാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ റദ്ദാക്കുന്നത് തൊണ്ടവേദന ആയതുകൊണ്ടായിരാക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.