UDF

2015, ജൂൺ 4, വ്യാഴാഴ്‌ച

ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകും


ആരെതിർത്താലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പദ്ധതി ഇനിയും വൈകിയാല്‍ അത് കേരളത്തിന് നഷ്ടപ്പെടുമെന്ന് ആ സാഹചര്യം ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതു നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ആ ആരോപണം വിഴുങ്ങി. അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാക്കളിലാരും തന്നെ അതേക്കുറിച്ച് മിണ്ടിയില്ല.
പകരം, പദ്ധതി സുതാര്യമായിരിക്കണമെന്ന പൊതുവായ ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടുവെച്ചത്. വിഴിഞ്ഞം പദ്ധതി സുതാര്യമായി മാത്രമേ നടപ്പാക്കൂവെന്ന മുന്‍നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നിട്ടും വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും സമവായത്തിന് അവസരം ഉണ്ടാക്കിയില്ല.

രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ് കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, തോമസ് ഐസക്, സുരേന്ദ്രന്‍പിള്ള, കെ. രാജന്‍ബാബു, സി.പി അരവിന്ദാക്ഷന്‍ തുടങ്ങിയരാണ് പങ്കെടുത്തത്. 
വിഴിഞ്ഞം പദ്ധതി സംബന്ധിച്ചുള്ള പ്രസന്റേഷനോടെയാണ് യോഗം ആരംഭിച്ചത്. വി.എസ് അച്യുതാനന്ദന്‍ എഴുതി തയാറാക്കിയ പ്രസംഗവുമായാണ് യോഗത്തിനെത്തിയത്. പതിവുപോലെ സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുകളായിരുന്നു വി.എസിന്റെ പ്രസംഗത്തിലധികവും. ഇതിനോട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിയോജിച്ചു. 

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ തയാറാക്കിയ വ്യവസ്ഥകളും ഇപ്പോഴത്തെ സര്‍ക്കാരിന്റെ വ്യവസ്ഥകളും തമ്മിലുള്ള അന്തരം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷത്തിന്റെ വായടഞ്ഞു. പദ്ധതി സംബന്ധിച്ചുള്ള ടെണ്ടര്‍ നടപടികളുടെ വിവരങ്ങള്‍ നല്‍കണമെന്നായി അടുത്ത ആവശ്യം. അതും മുഖ്യമന്ത്രി അംഗീകരിച്ചു. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാമെന്നും അതില്‍ ചില രേഖകള്‍ കരാറിന് ശേഷം നല്‍കാനേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പദ്ധതി ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷം പിന്നീട് ഉന്നയിച്ചത്. എന്നാല്‍  ഈ വാദങ്ങളുടെ പൊള്ളത്തരങ്ങളും മുഖ്യമന്ത്രി തുറന്നുകാട്ടി. പദ്ധതിക്കായി അദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദാനിക്ക് പദ്ധതി നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിന് നല്‍കുന്നത് ലൈസന്‍സ് മാത്രമാണ്. ഒരിഞ്ച് ഭൂമി പോലും അവര്‍ക്കു വിട്ടുകൊടുക്കുന്നില്ല. പദ്ധതി ഇനിയും ഒരു കാരണവശാലും വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ഉറച്ച തീരുമാനമെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി മുടക്കാമെന്ന് ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പദ്ധതി വൈകിപ്പിക്കാനുള്ള നീക്കത്തെയും സര്‍ക്കാര്‍ ചെറുക്കും. ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ വിഴിഞ്ഞം പദ്ധതിക്ക് ഇനിയൊരു അവസരം ലഭിക്കില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് എഴുതിതയാറാക്കി വായിച്ച പ്രസംഗത്തില്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. 

യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കി. മറ്റുചില വിവരങ്ങള്‍ കരാര്‍ ഒപ്പുവെച്ച ശേഷമേ നല്‍കാനാവൂ എന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് വാസ്തവ വിരുദ്ധമാണ്. 1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 91 മുതല്‍ 2001 വരെ ഒരു നടപടികളുമുണ്ടായില്ല. 

2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും എം.വി രാഘവന്‍ തുറമുഖ മന്ത്രിയുമായിരുന്ന കാലത്താണ് പദ്ധതിയുടെ പ്രാഥമിക നടപടികളിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ യോജിക്കുന്നു. പദ്ധതി സുതാര്യമായിരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സര്‍വകക്ഷിയോഗം ഫലപ്രദമായിരുന്നു. എന്നാല്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.

അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയതിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് ടെന്‍ഡര്‍ കൊടുക്കാനാവില്ലല്ലോ. പി.പി.പി മാതൃകയെ കുറ്റംപറയുന്നവര്‍ അവരുടെ കാലത്തും പി.പി.പി തന്നെയാണ് കരാറിലുണ്ടായിരുന്നതെന്ന് ഓര്‍ക്കണം. 
നേരത്തെ യു.പി.എ സര്‍ക്കാര്‍ പദ്ധതിക്ക് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിന് ചൈനീസ് കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ ചൈനീസ് കമ്പനി അവര്‍ക്കൊപ്പമില്ല. കേരളം നിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനമെന്ന് അദാനി ഗ്രൂപ്പിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ടെന്‍ഡര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.