UDF

2015, ജൂൺ 3, ബുധനാഴ്‌ച

കരുതൽ 2015: മുടങ്ങിയതും തടസ്സം വന്നതുമായ പഴയ പദ്ധതികള്‍ക്ക് പുതുനടപടി


കണ്ണൂര്‍: പുതിയ പദ്ധതികളല്ല, പലവിധകാരണം കൊണ്ട് മുടങ്ങിയതും തടസ്സം വന്നതുമായ പദ്ധതികളാണ് താന്‍ പ്രഖ്യാപിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ജനസമ്പര്‍ക്കവേദിയില്‍ 19 പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പുതുനടപടി പ്രഖ്യാപിച്ചത്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് വേഗത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന പ്രഖ്യാപനം ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ തിട്ടപ്പെടുത്തും. എല്ലാ ജില്ലകളിലും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പയ്യന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരും പരിഗണനയിലുണ്ടായിരുന്നതാണ്. പക്ഷേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. സര്‍ക്കാര്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേലെചൊവ്വ മുതല്‍ പുതിയതെരുവരെ ഫ്‌ളൈഓവര്‍ നിര്‍മാണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന് വിശദമായ പഠനറിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. 

വളപട്ടണം-മാഹി ബൈപാസ് നിര്‍മാണത്തിന് ഉടന്‍ നടപടിയുണ്ടാകും. ഇതില്‍ മുഴപ്പിലങ്ങാട്-നാലുതറ 12 കി.മീ. റോഡിന് സ്ഥലമെടുത്തതായും 300 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രാനുമതിക്കായി നല്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാലുതറ-അഴീക്കല്‍, മുഴപ്പിലങ്ങാട്-വളപട്ടണം എന്നീ റോഡുകളുടെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

തളിപ്പറമ്പ് താലൂക്ക് ആസ്​പത്രിയിലും തലശ്ശേരി ജനറല്‍ ആസ്​പത്രിയിലും ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങും. കാരുണ്യ ചികിത്സാപദ്ധതിയില്‍നിന്നുള്ള സഹായത്തോടെ സംസ്ഥാനത്തെ 27 താലൂക്ക് ആസ്​പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ അടുത്തവര്‍ഷം യൂണിറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കും. 

അഴീക്കല്‍ തുറമുറഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിശാല തുടങ്ങും. ഇതിനായി കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തുറമുഖത്ത് ആറുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിന് പ്രത്യേക പഠന സംഘം അടുത്തയാഴ്ച തുറമുഖം സന്ദര്‍ശിക്കുമെന്നും തുറമുഖത്തിനായി 19 കോടി രൂപയുടെ ക്രെയിനിന് ഓര്‍ഡര്‍ നല്കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞു..

കാട്ടാമ്പള്ളിയെ ടുറിസം കേന്ദ്രമായി വികസിപ്പിക്കും. മുഴപ്പിലങ്ങാട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-ആറളം-പാലക്കയംതട്ട്-പറശ്ശിനിക്കടവ്-കൊട്ടിയൂര്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. ഭൂരഹിത പദ്ധതിയില്‍ സ്ഥലം നല്‍കിയ വെള്ളോറ പ്രദേശത്ത് കുടിവെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി മലയോര ഹൈവെ പദ്ധതി പുനരാരംഭിക്കും. കണ്ണൂര്‍-ചെറുപുഴ-പയ്യാവൂര്‍ 58 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങും.

ബജറ്റില്‍ പ്രഖ്യാപിച്ച പൂരക്കളി അക്കാദമി പയ്യന്നൂര്‍ ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മലബാറിലെ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈവര്‍ഷംതന്നെ തുടങ്ങും. തലശ്ശേരിക്കടുത്ത് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ സ്ഥലം ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. നടാല്‍, താഴെചൊവ്വ റെയില്‍ മേല്‍പ്പാലത്തിന് അടിയന്തരനടപടി സ്വീകരിക്കും. ഇവിടെ പുതിയ ബൈപാസ് വന്നതോടെയാണ് മേല്‍പ്പാലത്തിന് മുന്തിയ പരിഗണന ലഭിക്കാതിരുന്നത്. എന്നാല്‍, ഏറെ ഓഫീസുകളും മറ്റുമുള്ളതിനാല്‍ ഇത് നിര്‍വഹിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യാമ്പലം ശ്മശാനം നവീകരണത്തിന് നഗരവികസന മന്ത്രാലയം ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. അവിടെ സ്ഥലം വിട്ടുനല്‍കാമെന്ന് പഞ്ചായത്തും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മാതൃകയിലാണ് പയ്യാമ്പലത്ത് മികച്ച രീതിയിലുള്ള ശ്മശാനം നിര്‍മിക്കുക.

ജില്ലാ ആസ്ഥാനത്ത് പല ഓഫീസുകളും പല സ്ഥലത്ത് പല കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പുതിയ മിനിസ്റ്റേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ആറളം ആദിവാസി കോളനിയുടെ വികസനത്തിന് വിശദമായ രൂപരേഖ തയ്യാറാക്കും നബാര്‍ഡിന്റെ സഹായത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക. 

ഇവകൂടാതെ പട്ടയവിതരണം സംബന്ധിച്ച രണ്ടു പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. 
ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്ത കാലം മുതലേ ഇവിടെയുള്ള 32 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക എന്നാവശ്യമുണ്ട്. ദീര്‍ഘകാലം ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണാനായിരുന്നില്ല. പഞ്ചായത്ത് റവന്യൂ വകുപ്പിന് നല്കിയ രണ്ടേക്കര്‍ ഭൂമി 12 കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ ഇന്നുതന്നെ കൊടുക്കും. ബാക്കി 20 കുടുംബങ്ങള്‍ക്ക് 2.67 ഏക്കര്‍ മിച്ചഭൂമിയും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ 40 വര്‍ഷത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ആറളം ഫാം ജീവനക്കാരുടെ വേതനവും കഴിഞ്ഞ ജനവരി ഒന്ന് കണക്കാക്കി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വടക്കേക്കളം മിച്ചഭൂമി പ്രദേശത്തെയും കൊട്ടിയൂര്‍ ആറളം നാലേക്കര്‍ മിച്ചഭൂമി പ്രദേശത്തെയും കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. വടക്കേക്കളത്ത് 1,234 ഏക്കറിലായി 634 അപേക്ഷയാണുള്ളത്. അവശേഷിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടിയൂര്‍, ആറളത്തെ മിച്ചഭൂമിയും നാലേക്കര്‍ പരിധിവെച്ച് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.