UDF

2015, ജൂൺ 16, ചൊവ്വാഴ്ച

സി.പി.എമ്മിന് ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷി


മുഖ്യമന്ത്രി ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍

വെട്ടിനിരത്തല്‍ നടത്തുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ജൈവക്കൃഷിയിലേക്ക് തിരിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അതിനവര്‍ക്ക് കഴിയില്ലെന്ന് കണ്ണൂര്‍ സംഭവം തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷിയാണെന്ന വെളിപ്പാടിലാണ് സി.പി.എം. അതിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

 ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പഞ്ചായത്തിലെ ഹൗസിങ്‌ബോര്‍ഡ്, പുറിത്തിപ്പാറ, കാനക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ അദ്ദേഹം വിശകലനം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. 

ശബരിയുടെ സ്വീകാര്യതയും ജി.കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കായി കരുതലിനും വേണ്ടി നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഹൗസിങ് കോളനി എന്ന ആശയം താന്‍ ആന്റണി മന്ത്രി സഭയില്‍ അംഗമായിരുന്ന കാലത്ത് കൊണ്ടു വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


ഓരോ സ്ഥലങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കുടുംബയോഗങ്ങളിലുണ്ടായിരുന്നു.