സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള നടപടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈബര്‍ ഡോം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ പ്രവണതകളും വ്യക്തമാക്കാന്‍ സെമിനാര്‍ സഹായകരമായതായി പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യനും ഐ.ജി. മനോജ് എബ്രഹാമും വിലയിരുത്തി. പോള്‍ സൈബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സംസാരിച്ചു.
കേരള പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം, ഐ.ജി. മനോജ് എബ്രഹാം, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സമീപം