UDF

2015, ജൂൺ 3, ബുധനാഴ്‌ച

കരുതൽ 2015: ജനഹിതമറിഞ്ഞു നിയമം പരിഷ്കരിക്കുന്നു


കണ്ണൂർ ∙ ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമായി നിന്ന ഒട്ടേറെ നിയമങ്ങൾ പരിഷ്കരിക്കാൻ ജനസമ്പർക്കപരിപാടി സഹായകരമായെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിലെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസമ്പർക്കത്തിന്റെ നാലാം ഘട്ടമായ കരുതൽ 2015 പൂർത്തിയാകുന്നതിനു മുൻപുതന്നെ ഒട്ടേറെ നിയമങ്ങൾ ഭേദഗതി വരുത്തി. ഹീമോഫീലിയ രോഗികൾക്കുള്ള ധനസഹായത്തിന്റെ പരിധി എടുത്തുകളഞ്ഞത് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്താത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

വിധവകളുടെ മക്കള്‍ക്കുള്ള സഹായം ഇനി അച്ഛനമ്മമാര്‍ മരിച്ച കുട്ടികള്‍ക്കും

കണ്ണൂര്‍∙ വിധവകളുടെ മക്കള്‍ക്കു നല്‍കിവരുന്ന 50,000 രൂപയുടെ വിവാഹധനസഹായം ഇനിമുതല്‍ മാതാപിതാക്കള്‍ മരിച്ചുപോയ കുട്ടികള്‍ക്കും ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി വേദിയിൽ അറിയിച്ചു. ‘ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവമാണ് തീരുമാനത്തിനു പിറകിൽ.

ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിൽ നിന്ന് ഇത്തരം ധാരാളം പരാതികൾ ലഭിച്ചു. ചട്ടം ഭേദഗതി ചെയ്ത് അച്ഛനമ്മമാര്‍ മരിച്ച കുട്ടികളെക്കൂടി സഹായ പദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം ഇത്തരത്തില്‍ 45 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രം ലഭിക്കുന്ന ആനുകൂല്യമല്ലെന്നും സമൂഹത്തിലെ അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക കുരുക്കുകളിൽ കുരുങ്ങി വൈകിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി വികസനരംഗത്തു ജില്ലയ്ക്കു കുതിപ്പേകുന്ന പുതിയ പദ്ധതികളും ജനസമ്പർക്ക പരിപാടിയായ കരുതൽ 2015ന്റെ വേദിയിൽ പ്രഖ്യാപിച്ചു.

പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്കും മേലെചൊവ്വ – പുതിയതെരു ഫ്ലൈഓവറും പ്രഖ്യാപിച്ച മുഖ്യമന്ത്രി പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഉടൻ ഏറ്റെടുക്കുമെന്നും അറിയിച്ചു.